Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലോക് ഡൗണിന്റെ മറവിൽ ചെങ്ങോടുമല ഖനനത്തിന് പാരിസ്ഥിതികാനുമതി നൽകാനുള്ള നീക്കമെന്ന് ആക്ഷേപം; കോവിഡ് കാലത്തും ജനങ്ങൾ ഒറ്റക്കെട്ടായി പ്രതിഷേധ സമരത്തിൽ; ഖനന നീക്കത്തിനെതിരെ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മന്ത്രിമാർ എന്നിവർക്ക് കത്തയച്ച് വി എം സുധീരൻ

ലോക് ഡൗണിന്റെ മറവിൽ ചെങ്ങോടുമല ഖനനത്തിന് പാരിസ്ഥിതികാനുമതി നൽകാനുള്ള നീക്കമെന്ന് ആക്ഷേപം; കോവിഡ് കാലത്തും ജനങ്ങൾ ഒറ്റക്കെട്ടായി പ്രതിഷേധ സമരത്തിൽ; ഖനന നീക്കത്തിനെതിരെ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മന്ത്രിമാർ എന്നിവർക്ക് കത്തയച്ച് വി എം സുധീരൻ

കെ വി നിരഞ്ജൻ

കോഴിക്കോട്: അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള കോഴിക്കോട് കോട്ടൂർ പഞ്ചായത്തിലെ ചെങ്ങോടുമലയിൽ ഖനനം നടത്താനുള്ള ഡെൽറ്റാ കമ്പനിയുടെ നീക്കത്തിനെതിരെ കുറേക്കാലമായി ശക്തമായ പ്രതിഷേധ സമരത്തിലാണ് നാട്ടുകാർ. എന്നാൽ ലോക് ഡൗണിന്റെ മറവിൽ ചെങ്ങോടുമല ഖനനത്തിന് പാരിസ്ഥിതികാനുമതി നൽകാനുള്ള നീക്കം നടക്കുന്നുവെന്നാണ് ആക്ഷേപം. ഈ നീക്കത്തിനെതിരെ വി എം സുധീരൻ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ടി പി രാമകൃഷ്ണൻ, എ. കെ. ശശീന്ദ്രൻ എന്നിവർക്ക് കത്തയച്ചു.

മാരക വിപത്തായ കോവിഡിനെ പ്രതിരോധിക്കുന്നതിന് സർക്കാരും ജനങ്ങളും ഏകമനസ്സോടെ പ്രവർത്തിക്കുന്നതിന്റെ മഹത്വവും മേന്മയും ഇല്ലാതാക്കുന്ന ജനദ്രോഹ പ്രവർത്തനങ്ങളാണ് ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണയോടെ കോട്ടൂർ പഞ്ചായത്തിലെ ചെങ്ങോടുമലയിൽ നടക്കുന്നതെന്നദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഡെൽറ്റാ റോക്സ് പ്രോഡക്റ്റ് കമ്പനി ചെങ്ങോടുമലയിൽ ഖനനത്തിനായി നടത്തിവരുന്ന ശ്രമങ്ങൾക്കെതിരെ കക്ഷിരാഷ്ട്രീയത്തിനതീതമായി ജനങ്ങൾ ഒറ്റക്കെട്ടായിട്ടുള്ള പ്രതിഷേധസമരത്തിലാണ്. ഖനനം നടന്നാൽ അത് ഗുരുതരമായ പാരിസ്ഥിതിക ആഘാതങ്ങൾക്ക് ഇടവരുത്തുമെന്ന് പഞ്ചായത്ത് സെക്രട്ടറി മുതൽ ജില്ലാ കളക്ടർവരെ റിപ്പോർട്ട്ചെയ്തിട്ടുള്ളതാണ്. ജില്ലാകളക്ടർ നിയോഗിച്ച വിദഗ്ധ സമിതിയും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഠനവും ഖനനം നടന്നാലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ കൃത്യമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

എന്നാൽ കമ്പനി വീണ്ടും പാരിസ്ഥിതികാനുമതി സംഘടിപ്പിക്കാനുള്ള നീക്കമാണ് നടത്തുന്നത്. കമ്പനി തട്ടിക്കൂട്ടിതയ്യാറാക്കിയ പാരിസ്ഥിതികാഘാത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഖനനാനുമതി നൽകാനുള്ള നീക്കങ്ങൾ നടക്കുന്നതായിട്ടാണ് അറിയാൻ കഴിയുന്നതെന്നും സുധീരൻ കത്തിൽ വ്യക്തമാക്കുന്നു. സംസ്ഥാന ചീഫ് സെക്രട്ടറിയുടെ പിന്തുണയും ജനദ്രോഹപരമായ ഈ നടപടിക്കെല്ലാമുണ്ടെന്ന് നേരത്തേ മുതൽ ആക്ഷേപം വന്നിട്ടുള്ളതാണ്.

കോവിഡിനെ ചെറുക്കുന്നതിൽ എല്ലാവരുടെയും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന ഈ അവസരം മുതലെടുത്തുകൊണ്ട് നടത്തുന്ന ഇത്തരം തെറ്റായ നടപടികൾക്ക് തടയിടാൻ മുഖ്യമന്ത്രി ഇടപെടണമെന്നും സുധീരൻ പറയുന്നു. ചീഫ് സെക്രട്ടറി ടോം ജോസഫ്, പരിസ്ഥിതി വകുപ്പ് പ്രിൻസിപ്പൽ ഉഷാ ടൈറ്റസ് എന്നിവർക്കും കത്തിന്റെ കോപ്പി അയച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP