Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊവിഡ് പ്രതിരോധത്തിൽ കുടുങ്ങി ജനങ്ങൾ വലയാതിരിക്കാൻ സിവിൽ സപ്ലൈസ് വകുപ്പ് പ്രഖ്യാപിച്ചത് 87 ലക്ഷം പേർക്കായി സൗജന്യ കിറ്റ്; സമയബന്ധിതമായി ജനങ്ങളിലേക്കെത്തിക്കാൻ പായ്ക്കിം​ങ് ജോലികൾ ഏറ്റെടുത്ത് സിപിഐ പ്രവർത്തകരും; മുൻപ്രഖ്യാപനം പോലെ എല്ലാം നടന്നിട്ടും വില്ലനാകുന്നത് ഇപോസ് മെഷീൻ; പലയിടങ്ങളിലും കിറ്റ് വിതരണം തടസ്സപ്പെടുന്നതായി പരാതികൾ

കൊവിഡ് പ്രതിരോധത്തിൽ കുടുങ്ങി ജനങ്ങൾ വലയാതിരിക്കാൻ സിവിൽ സപ്ലൈസ് വകുപ്പ് പ്രഖ്യാപിച്ചത് 87 ലക്ഷം പേർക്കായി സൗജന്യ കിറ്റ്; സമയബന്ധിതമായി ജനങ്ങളിലേക്കെത്തിക്കാൻ പായ്ക്കിം​ങ് ജോലികൾ ഏറ്റെടുത്ത് സിപിഐ പ്രവർത്തകരും; മുൻപ്രഖ്യാപനം പോലെ എല്ലാം നടന്നിട്ടും വില്ലനാകുന്നത് ഇപോസ് മെഷീൻ; പലയിടങ്ങളിലും കിറ്റ് വിതരണം തടസ്സപ്പെടുന്നതായി പരാതികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സമയബന്ധിതമായി സൗജന്യ കിറ്റുകൾ റേഷൻ കടകളിൽ എത്തിച്ചിട്ടും കിറ്റ് വിതരണം തടസ്സപ്പെടുന്നത് ഇ പോസ് മെഷീനുകളിലെ സാങ്കേതിക തകരാറുകൾ മൂലം. കഴിഞ്ഞ ദിവസം മുതൽ സംസ്ഥാനത്തെ ബിപിഎൽ കാർഡ് ഉടമകൾക്കുള്ള സൗജന്യ കിറ്റ് വിതരണം ആരംഭിച്ചിരുന്നു. എഎവൈ കാർഡുടമകൾക്ക് നേരത്തേ തന്നെ കിറ്റ് നൽകിയിരുന്നു. 17 അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റാണ് സംസ്ഥാനത്ത് 87 ലക്ഷം പേർക്കായി സിവിൽ സപ്ളൈസ് വകുപ്പ് തയ്യാറാക്കിയിരിക്കുന്നത്. ആയിരം രൂപയുടെ അവശ്യ സാധനങ്ങളാണ് ഓരോ കിറ്റിലും ഉൾപ്പെടുത്തിയിട്ടുള്ളത്.

പാക്കിങ് കൂട്ടായ്മ പാർട്ടിക്കാർ വക 

സംസ്ഥാനത്തെ മുഴുവൻ മാവേലി സ്റ്റോറുകളും പീപ്പിൾ ബസാറുകളും പാക്കിങ് കേന്ദ്രങ്ങളായി പ്രവർത്തിച്ചത്. സിവിൽ സപ്ലെസ് വകുപ്പിന്റെ ജീവനക്കാർ മാത്രമായി പായ്ക് ചെയ്യാനിരുന്നാൽ‌ ഉടനെയൊന്നും തീരില്ലെന്ന് മനസ്സിലാക്കി സിവിൽ സപ്ലെസ് വകുപ്പ് മന്ത്രിയുടെ പാർട്ടിക്കാർ പായ്ക്കിം​ഗ് സ്വമേധയാ ഏറ്റെടുക്കുകയായിരുന്നു. സംസ്ഥാനത്തെ ഭൂരിഭാ​ഗം പാക്കിം​ഗ് കേന്ദ്രങ്ങളിലും സിപിഐ പ്രവർത്തകരാണ് ഈ ജോലികൾ പൂർത്തീകരിച്ചത്. ചിലയിടങ്ങളിൽ കുടുംബശ്രീ പ്രവർത്തകരും മറ്റ് സന്നദ്ധ പ്രവർത്തകരും ഇതിന്റെ ഭാ​ഗമായി. എന്നാൽ, 87 ലക്ഷം കിറ്റുകൾ തയ്യാറാക്കിയെങ്കിലും സാങ്കേതിക പിഴവുകൾ കിറ്റ് വിതരണത്തെ തടസ്സപ്പെടുത്തുകയാണ്.

വില്ലനാകുന്നത് ഇപോസ് മെഷീൻ

ഇ പോസ് മെഷീനുകളിൽ കാർഡ് നമ്പറുകൾ ക്രമീകരിക്കുന്നത് സംബന്ധിച്ച് നിലനിൽക്കുന്ന സാങ്കേതിക പ്രശ്‌നം മൂലം സംസ്ഥാനത്തെ റേഷൻ കടകളിലൂടെയുള്ള കിറ്റ് വിതരണം പലയിടങ്ങളിലും തടസ്സപ്പെടുന്നതായാണ് പരാതി. ആദ്യ ദിവസം പൂജ്യം നമ്പറിൽ അവസാനിക്കുന്ന കാർഡ് ഉടമകൾക്കായിരുന്നു കിറ്റ് വിതരണം നടക്കുകയെന്നാണ് അറിയിച്ചത്. ഇത് പ്രകാരം പത്തോ പതിനഞ്ചോ പേർക്ക് മാത്രമാണ് കഴിഞ്ഞ ദിവസം ഒരു കടയിൽ നിന്നും കിറ്റ് വിതരണം നടത്താനായത്. തുടർന്ന് റേഷൻ ഉടമകളുടെ പരാതിയെ തുടർന്ന് ഉച്ചയോടെ മെഷീനിലേക്ക് ഒന്നിൽ അവസാനിക്കുന്ന കാർഡ് നമ്പറുകളും കയറ്റി.

ഇതറിഞ്ഞ പലരും ഉച്ചയോടെയെത്തി സാധനങ്ങൾ വാങ്ങിയെങ്കിലും രണ്ടാം ദിവസമായ ഇന്ന് ഉച്ചയോടെ മാത്രമാണ് രണ്ടും മൂന്നും നമ്പറുകൾ മെഷീനിലേക്ക് കയറിയത്. ഇതോടെ ഇന്ന് രാവിലെ വന്ന് മടങ്ങിയ രണ്ടാം നമ്പറിൽ പെട്ട കാർഡ് ഉടമകൾക്ക് ഇന്ന് തന്നെ വീണ്ടും സാധനങ്ങൾ വാങ്ങാനായി എത്തേണ്ട അവസ്ഥയാണുള്ളത്. പലരും കടകളിലെത്തി പ്രശ്‌നമുണ്ടാക്കുന്നതായും മനഃപൂർവ്വം കിറ്റ് കൊടുക്കുന്നില്ലെന്ന തരത്തിൽ ആരോപണമുയർത്തി കടയുടമകളുമായി വഴക്കുണ്ടാക്കുന്നതായും റേഷൻ കട ഉടമകൾ പറയുന്നു.

ഏപ്രിൽ 27 ന് 0, 28 ന് 1, 29 ന് 2, 30 ന് 3, മെയ് 2 ന് 4, 3 ന് 5, 4 ന് 6, 5 ന് 7, 6 ന് 8, 7 ന് 9 ഇങ്ങനെയായിരുന്നു ആദ്യം നിശ്ചയിരുന്ന ഷെഡ്യൂൾ. ഇപ്പോൾ കിറ്റ് വിതരണം ചെയ്യുന്ന തീയ്യതിയും അവസാനിക്കുന്ന റേഷൻ കാർഡ് നമ്പറും താഴെ പറയുന്ന പ്രകാരം ഇപോസ് മെഷീനിൽ ക്രമീകരിച്ചിരിക്കുന്നു എന്നാണ് അറിയിച്ചിരിക്കുന്നത്. ഏപ്രിൽ 27 ന് 0-1, 28 ന് 2-3, 29 ന് 4-5, 30ന് 6- 7, മെയ് 02ന് 8-9 എന്നാൽ ഇത് ഔദ്യോഗികമായി കാർഡ് ഉടമകളെ അറിയിച്ചിട്ടില്ലെന്നും റേഷൻ കടയുടമകൾ ചൂണ്ടിക്കാട്ടുന്നു.

ബി.പി.എൽ കാർഡ് ഉടമകൾക്ക് 22 ാം തീയതി മുതൽ കിറ്റ് വിതരണം നടത്തുമെന്ന് അറിയിച്ചതിനാൽ 21 മുതൽക്ക് തന്നെ റേഷൻ കടകളിൽ സാധനങ്ങൾ എത്തിയിരുന്നു. എന്നാൽ ഇത് മാറ്റി 27 മുതൽക്കാക്കി. ഇതോടെ കിറ്റ് സമയബന്ധിതമായി വിതരണം ചെയ്യാനാവാതെ കെട്ടിക്കിടന്ന് നശിക്കുന്നതായും പരാതിയുണ്ട്. സോപ്പടക്കമുള്ളവ ഒരുമിച്ച് കിറ്റിൽ ഇട്ട് ഏറെ ദിവസങ്ങൾ സൂക്ഷിക്കുന്നതുകൊണ്ട് മറ്റ് സാധനങ്ങൾക്ക് മണം വരുന്നതായും മതിയായ സൂരക്ഷയില്ലാതെ സൂക്ഷിച്ച കിറ്റുകൾ പ്രാണിയടക്കമുള്ളവ കടിച്ച് നശിപ്പിക്കുന്നതായും കടയുകമകൾ പറയുന്നു.

കിറ്റുകൾ കെട്ടിക്കിടക്കുന്നത് മൂലം വരുന്ന മാസത്തെ അരിയടക്കമുള്ള സാധനങ്ങൾ ഇറക്കിവെക്കാൻ കഴിയാത്ത അവസ്ഥയാണെന്നും ഗോഡൗണിൽ നിന്ന് അരിയെടുക്കാൻ കടയുടമകൾക്ക് സമ്മർദ്ദമുണ്ടെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു. വയനാട് പോലുള്ള സ്ഥലങ്ങളിൽ ഏറെ മുന്നെ കിറ്റുകൾ എത്തിച്ചിട്ടുണ്ട്. നമ്പറുകൾ മെഷീനുകളിൽ ഒരുമിച്ച് കയറ്റി സന്നദ്ധ സംഘടനകൾ വഴിയടക്കം കിറ്റുകൾ ഉടൻ കൊടുത്ത് തീർക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് കടയുടമകൾ ആവശ്യപ്പെടുന്നത്.

സാധനം സപ്ലൈകോ വക

സപ്ലൈകോയുടെ മാവേലി സ്റ്റോർ, സൂപ്പർമാർക്കറ്റുകൾ, ഹൈപ്പർ മാർക്കറ്റുകൾ, പീപ്പിൾ ബസാർ എന്നീ സ്ഥാപനങ്ങളിൽ സ്റ്റോക്കുള്ള സാധനങ്ങൾ ഉപയോഗിച്ചാണ് ആദ്യഘട്ട കിറ്റുകൾ തയാറാക്കിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്കുനീക്കം നിലച്ചതോടെ ഉപ്പ്, ചെറുപയർ, കടല, കടുക്, ഉഴുന്ന് തുടങ്ങിയ സാധനങ്ങൾക്കു ചില സപ്ലൈകോ ഔട്ട‌്‌ലെറ്റുകളിൽ ക്ഷാമമ‍ുണ്ടായി. എങ്കിലും നീക്കിയിരിപ്പു കൂടുതലുള്ള സ്റ്റോറുകളിൽ നിന്നു സാധനങ്ങളെത്തിച്ചു. എന്നിട്ടും 1000 രൂപയുടെ കണക്കു തികയാതെ വന്നിടങ്ങളിൽ മറ്റേതെങ്കിലും സാധനങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് കിറ്റുകൾ തയ്യാറാക്കിയത്.

പോർട്ടബിലിറ്റി ഇല്ല

സൗജന്യ റേഷൻ വിതരണം ചെയ്തപ്പോൾ ഏതു റേഷൻ കടയിൽ നിന്നും വാങ്ങാൻ കാർഡുടമകൾക്കു സൗകര്യം (പോർട്ടബിലിറ്റി) ഏർപ്പെടുത്തിയിരുന്നെങ്കിലും കിറ്റിന്റെ കാര്യത്തിൽ നിയന്ത്രണമുണ്ട്. ഓരോ കാർഡുടമയും അവരുടെ സ്വന്തം റേഷൻ കടയിൽ നിന്നു വേണം കിറ്റ് കൈപ്പറ്റാൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP