Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്രൂഡ് ഓയിൽ വിലത്തകർച്ച ഇന്ത്യയ്ക്ക് ഗുണകരമായി മാറും; ഊർജ മേഖലയിലെ കരുതൽ എന്ന നിലയിൽ രാജ്യത്തെ 3 തന്ത്രപ്രധാന സംഭരണികളിൽ 5 മില്യൻ മെട്രിക് ടൺ ക്രൂഡ് ഓയിൽ ശേഖരിക്കുന്നത് നേട്ടമാകും; ഏകദേശം 5000 കോടി രൂപ ഇതു വഴി ലാഭിക്കാമെന്ന് കണക്കുകൂട്ടി കേന്ദ്രസർക്കാർ; സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണയുടെ വില കുറഞ്ഞ സാഹചര്യം പ്രയോജനപ്പെടുത്തി സംഭരണികൾ നിറയ്ക്കുന്നത് ഊർജ്ജിതമാക്കുന്നു

ക്രൂഡ് ഓയിൽ വിലത്തകർച്ച ഇന്ത്യയ്ക്ക് ഗുണകരമായി മാറും; ഊർജ മേഖലയിലെ കരുതൽ എന്ന നിലയിൽ രാജ്യത്തെ 3 തന്ത്രപ്രധാന സംഭരണികളിൽ 5 മില്യൻ മെട്രിക് ടൺ ക്രൂഡ് ഓയിൽ ശേഖരിക്കുന്നത് നേട്ടമാകും; ഏകദേശം 5000 കോടി രൂപ ഇതു വഴി ലാഭിക്കാമെന്ന് കണക്കുകൂട്ടി കേന്ദ്രസർക്കാർ; സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണയുടെ വില കുറഞ്ഞ സാഹചര്യം പ്രയോജനപ്പെടുത്തി സംഭരണികൾ നിറയ്ക്കുന്നത് ഊർജ്ജിതമാക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ക്രൂഡ് ഓയിൽ വിലത്തകർച്ച് ഇന്ത്യക്ക് ഏറെ ഗുണകരമായ മാറുമെന്ന് പ്രതീക്ഷ, അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയിൽ ഉണ്ടായ ഇടിവ് മുതലെടുത്തു കാര്യങ്ങൾ മുന്നോട്ടു നീക്കാനാണ് കേന്ദ്രസർക്കാർ ഒരുങ്ങുന്നത്. ഊർജ്ജ മേഖളയിലെ കരുതൽ എന്ന നിലയിൽ രാജ്യത്തെ മൂന്ന് തന്ത്രപ്രധാന സംഭരണികളിൽ 5 മില്യൻ മെട്രിക് ടൺ ക്രൂഡ് ഓയിൽ ശേഖരിക്കുന്നത് ഇന്ത്യയ്ക്ക് വൻ നേട്ടമാകുമെന്നാണ് കരുതുന്നത്.

വിശാഖപട്ടണം, മംഗളൂരു, ഉഡുപ്പിക്ക് സമീപം പാഡൂർ എന്നിവിടങ്ങളിലെ സംഭരണികളിലാണ് എണ്ണ ശേഖരിക്കുന്നത്. നിലവിൽ രാജ്യത്തെ എണ്ണക്കമ്പനികളുടെ ശേഖരത്തിലുള്ള ക്രൂഡ് ഓയിലിനും പെട്രോളിയം ഉൽപന്നങ്ങൾക്കും പുറമേയാണിത്. ഏകദേശം 5000 കോടി രൂപ ഇതു വഴി ലാഭിക്കാമെന്നാണ് കേന്ദ്ര സർക്കാരിന്റെ കണക്കുകൂട്ടൽ. അടിയന്തര ഘട്ടത്തിൽ അസംസ്‌കൃത എണ്ണലഭ്യത നിലച്ചാൽ കരുതൽ ശേഖരത്തെ ആശ്രയിക്കുകയാണ് ലക്ഷ്യം. 2017-18 വർഷത്തെ ഉപഭോഗ കണക്കനുസരിച്ച് രാജ്യത്തെ റിഫൈനറികൾക്ക് ഏകദേശം 10 ദിവസത്തേക്ക് ആവശ്യമായ അസംസ്‌കൃത എണ്ണ ഈ സംഭരണികളിൽ നിന്നു നൽകാൻ കഴിയും. സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണയുടെ വില കുറഞ്ഞ സാഹചര്യം പ്രയോജനപ്പെടുത്തിയാണ് സംഭരണികൾ നിറയ്ക്കുന്നത്.

കോവിഡ് വ്യാപനത്തെ തുടർന്ന് ആഗോള തലത്തിൽ എണ്ണ വില 40 ശതമാനത്തോളം കുറയുകയും ലഭ്യത വർധിക്കുകയും ചെയ്തു. ഉൽപാദനം വർധിപ്പിക്കുമെന്നും വില കുറയ്ക്കുമെന്നുമായിരുന്നു ഒപെക് രാജ്യങ്ങളായ സൗദിയുടെയും യുഎഇയുടെയും നിലപാട്. ഇന്ധനവിലയിൽ കുറവുണ്ടായെങ്കിലും ഇത് ഇന്ത്യയിൽ പ്രതിഫലിക്കാൻ സാധ്യത കുറവാണ്. ഡബ്ല്യുടിഐ ക്രൂഡിന്റെ വില കുറഞ്ഞത് ഇന്ധനവില വീണ്ടും കുറയ്ക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ ശുദ്ധീകരിക്കുന്നതിന്റെ ചെലവ്, ഡീലർകമ്മീഷൻ എന്നിവ ചേർക്കുന്നതുകൊണ്ട് കാശുകൊടുക്കാതെ ഇന്ധനം നിറയ്ക്കാനാവില്ല. അതായത് പൂർണ്ണമായും ഫ്രീ പെട്രാൾ അമേരിക്കയിൽപോലും കിട്ടില്ല എന്ന് ചുരുക്കം.

ക്രൂഡ് ഓയിലിന്റെ വില ബാരലിലാണ് കണക്കാക്കുന്നത്. ഒരു ബാരൽ എന്നാൽ 159 ലിറ്റർ. ഒരു ബാരൽ എണ്ണയ്ക്ക് ഇന്നത്തെ വില ഏകദേശം 25 ഡോളർ. അതായത് ഇപ്പോഴത്തെ വിനിമയനിരക്ക് നോക്കിയാൽ 1918.20 രൂപ. അങ്ങനെയായാൽ ഒരു ലിറ്റർ അസംകൃത എണ്ണയ്ക്ക് 1918.20/159=12.06 രൂപ. ഒരു ബാരൽ ക്രൂഡ് ഓയിൽ ശുദ്ധീകരിച്ചാൽ അതിൽ നിന്നു ലഭിക്കുന്നതിൽ 47 ശതമാനം പെട്രോളും 23 ശതമാനം ഡീസലുമാണ്. ജെറ്റ് ഫ്യുവൽ, ടാർ, എൽപിജി തുടങ്ങിയവയാണ് ബാക്കി ലഭിക്കുന്നത്. ലോകത്തെ ഏറ്റവും കുറഞ്ഞ ശുദ്ധീകരണ ചെലവുള്ള രാജ്യമാണ് ഇന്ത്യ. രാജ്യാന്തര വിപണിയിൽ വില കുറഞ്ഞതിന്റെ മുറയ്ക്ക് കേന്ദ്ര സംസ്ഥാന സർക്കാറുകൾ കൂട്ടിയ നികുതി ഇരട്ടിയിൽ അധികമാണ്.

ഡൽഹിയിലെ പെട്രോൾ വില ഏകദേശം 69.59 രൂപയാണ്. അതിൽ ഒരു ലിറ്ററിന്റെ അടിസ്ഥാന വില 27.96 രൂപ, ട്രാൻസ്‌പോർട്ടേഷനും മറ്റു ചാർജുകളും 0.32 രൂപ. അതായത് ടാക്‌സും കമ്മീഷനുമില്ലാത്ത പെട്രോളിന്റെ വില 28.28 രൂപ. ഇതിന്റെ കൂടെ കേന്ദ്ര എക്‌സൈസ് ഡ്യൂട്ടി 22.98 രൂപയും സംസ്ഥാന സർക്കാർ ചുമത്തുന്ന 14.79 രൂപയും (ഇത് ഡൽഹി സർക്കാർ ചുമത്തുന്ന വാറ്റാണ്, വിവിധ സംസ്ഥാനങ്ങളുടെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും) ഡീലർ കമ്മീഷനായ 3.54 രൂപയും ചേർന്നാണ് 69.59 രൂപ ഈടാക്കുന്നത്.ഡൽഹിയിലെ ഡീസൽ വില ഏകദേശം 62.29 രൂപയാണ്. അതിൽ ഒരു ലിറ്ററിന്റെ അടിസ്ഥാന വില 31.49 രൂപയും ട്രാൻസ്‌പോർട്ടേഷനും മറ്റു ചാർജുമായി 0.29 രൂപയും ചേർന്നാൽ ഡീസലിന്റെ നികുതി ഇല്ലാത്ത വില 31.78 രൂപ. ഇതിനോടൊപ്പം കേന്ദ്ര എക്‌സൈസ് ഡ്യൂട്ടി 18.83 രൂപ, സംസ്ഥാന സർക്കാർ വാറ്റ് 9.19 രൂപ (ഇത് ഡൽഹി സർക്കാർ ചുമത്തുന്ന വാറ്റാണ്, വിവിധ സംസ്ഥാനങ്ങളുടെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും) ഡീലർ കമ്മീഷൻ 2.49 രൂപ എന്നിവ ചേർത്താണ് ഒരു ലിറ്റർ ഡീസൽ 62.29 രൂപയ്ക്ക് വിൽക്കുന്നത്. അതായത് ക്രൂഡ് ഓയിലിന്റെ വിലക്കൊപ്പം മറ്റ് പല ഘടകങ്ങളും ചേരുമ്പോഴാണ് അത് പെട്രോൾ ഡീസൽ വിലയാവുന്നത്. കൊക്കോക്കായക്ക് കിലോക്ക് വെറും 10 രൂപയുള്ളപ്പോഴും കാഡ്ബറീസിന് വില കൂടന്നതുപോലെ.

ഇപ്പോൾ തന്നെ അമേരിക്കൻ എണ്ണപ്പാടങ്ങളിൽ ഉത്പാദിപ്പിക്കപ്പെടുന്ന എണ്ണയുടെ വലിയൊരു ഭാഗം അമേരിക്കൻ ഗൾഫിലെ തുറമുഖങ്ങളിൽ നിർത്തിയിട്ടിരിക്കുന്ന ഭീമൻ ടാങ്കറുകളിലാണ് സൂക്ഷിക്കുന്നത്. 2009ലെ ആഗോള മാന്ദ്യത്തിന്റെ സമയത്താണ് ഇതുപോലെ കടലിൽ നിർത്തിയിട്ടിട്ടുള്ള ടാങ്കർ കപ്പലുകളിൽ വ്യാപകമായ തോതിൽ എണ്ണ ശേഖരിക്കേണ്ടി വന്നിട്ടുള്ളത്. ഇപ്പോൾ അതും നിറഞ്ഞു കവിയുകയാണ്. പിന്നെ എവിടെ സംഭരിക്കും. എണ്ണ വ്യവസായത്തിന്റെ ഏറ്റവും വലിയ കെണി ഏണ്ണക്കിണറുകൾ ഒരിക്കൽ തുടങ്ങിയാൽ നിങ്ങൾക്ക് എണ്ണ ഉൽപ്പാദനം താൽക്കാലികമായി നിർത്തിവെക്കാൻ കഴിയില്ല എന്നാണ്.

നെഗറ്റീവ് വില ഉണ്ടാകുന്നത് ഇങ്ങനെയാണ്?

ഡിമാൻഡിനേക്കാൾ കൂടിയ സപ്ലൈ വന്നപ്പോൾ എണ്ണ ഉത്പാദകരുടെ സംഭരണികൾ നിറഞ്ഞിരിക്കുന്നു. എന്നിട്ടും എണ്ണക്കിണറുകളിൽ നിന്ന് പമ്പ് ചെയ്തുകൊണ്ടിരിക്കുന്ന എണ്ണ ഒഴിവാക്കാനാണ് വാങ്ങുന്നവർക്ക് ഉത്പാദകർ അങ്ങോട്ട് കാശുനൽകുന്ന അവസ്ഥ. അതാണ് നെഗറ്റീവ് പ്രൈസിങ് എന്ന് പറയുന്നതിന്റെ അർത്ഥം. ഇന്നലെ ഫ്യൂച്ചേഴ്സ് വിപണിയിൽ കണ്ടത് അതാണ്.

എണ്ണക്കിണറുകൾ അനുനിമിഷം ഉത്പാദിപ്പിച്ചുകൊണ്ടേയിരിക്കുന്ന ക്രൂഡോയിൽ ഉത്പാദനശാലയിൽ നിന്ന് കൊണ്ടുപോകേണ്ടത് ഉത്പാദകകമ്പനിയുടെ ആവശ്യമാണ്. അതിനു തയ്യാറായി വരുന്നവർക്ക് അവരുടേതായ ചെലവുകളുണ്ട്. അതിൽ ഉത്പാദനശാലയിൽ നിന്ന് ശുദ്ധീകരണശാലയിലേക്കുള്ള ട്രാൻസ്‌പോർട്ടേഷൻ ചാർജുകളുണ്ട്. ചിലപ്പോൾ ശുദ്ധീകരണ ശാലയിൽ ഈ എണ്ണ മാസങ്ങളോളം ശേഖരിച്ചു വെക്കേണ്ടി വരും. അതിന്റെ ചെലവുകളുണ്ട്. ഇതൊക്കെ കാര്യമായ ചെലവുകളാണ്. ഇങ്ങനെ നെഗറ്റീവ് വിലയിൽ തങ്ങളുടെ എണ്ണ വിൽക്കാൻ ഒരു ഉത്പാദക കമ്പനിക്കും താത്പര്യമുണ്ടാവില്ല. അതുകൊണ്ടുതന്നെ, എണ്ണയുത്പാദനം നിലക്കുന്ന ഒരു പ്രതിസന്ധി ഘട്ടമാണ് ഇനി വരാനിരിക്കുന്നത്.

എണ്ണയുടെ അമിത ഉത്പാദനം ഏറ്റവും രൂക്ഷമായിട്ടുള്ളത് അമേരിക്കയിലാണ്. പ്രതിദിനം അമേരിക്ക ഉത്പാദിപ്പിക്കുന്നത് ഒരു കോടി ബാരൽ ക്രൂഡ് ഓയിൽ ആണ്. അമേരിക്കയുടെ ശേഖരണ ശാലകൾ എല്ലാം തന്നെ നിറഞ്ഞുകവിഞ്ഞിട്ടുണ്ട്. മറ്റുള്ള യൂറോപ്യൻ രാജ്യങ്ങളും ഗൾഫും ഒക്കെ പിടിച്ചു നിൽക്കുന്നത് അമേരിക്കയെക്കാൾ കുറഞ്ഞ ട്രാൻസ്‌പോർട്ടേഷൻ നിരക്കുകൾ ഉള്ളതിനാലും, അവിടങ്ങളിലെ തുറമുഖങ്ങളിലേക്ക് കൂടുതൽ എളുപ്പത്തിൽ എത്തിച്ചേരാനാകും എന്നതുകൊണ്ടുമാണ്. എന്നാലും, അവിടങ്ങളിലെ ബ്രെന്റ് ക്രൂഡിന്റെ വിലയും ജനുവരിയിലെ വിലയെ അപേക്ഷിച്ച് മൂന്നിലൊന്നായി കുറഞ്ഞിട്ടുണ്ട്. കഷ്ടിച്ച് ഇരുപത് ഡോളറിനു മുകളിലാണ് ഇപ്പോഴത്തെ വിലയുടെ നിൽപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP