Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കഴിഞ്ഞ നൂറ്റാണ്ടിൽ ലോകത്തെ വിറപ്പിച്ച ഏകാധിപതികളെ പോലെ കിം ജോങ് ഉന്നിനും പ്രിയം ട്രെയിൻ യാത്രകൾ; മദ്യവും മദിരാക്ഷിയും സുലഭമായ കിം ജോങ്ങ് യൂനിന്റെ സ്വകാര്യ ട്രെയിൻ വാർത്തകളിൽ നിറഞ്ഞത് നിരവധി തവണ; ഇപ്പോൾ അമേരിക്കൻ ചാര ഉപഗ്രഹങ്ങൾ കിം ജോങ് ഉന്നിന്റെ മരണം ഉറപ്പ് വരുത്താൻ നിരീക്ഷിക്കുന്നതും ഈ ട്രെയിനിനെ തന്നെ

കഴിഞ്ഞ നൂറ്റാണ്ടിൽ ലോകത്തെ വിറപ്പിച്ച ഏകാധിപതികളെ പോലെ കിം ജോങ് ഉന്നിനും പ്രിയം ട്രെയിൻ യാത്രകൾ; മദ്യവും മദിരാക്ഷിയും സുലഭമായ കിം ജോങ്ങ് യൂനിന്റെ സ്വകാര്യ ട്രെയിൻ വാർത്തകളിൽ നിറഞ്ഞത് നിരവധി തവണ; ഇപ്പോൾ അമേരിക്കൻ ചാര ഉപഗ്രഹങ്ങൾ കിം ജോങ് ഉന്നിന്റെ മരണം ഉറപ്പ് വരുത്താൻ നിരീക്ഷിക്കുന്നതും ഈ ട്രെയിനിനെ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൂ കൂ തീവണ്ടി എന്ന് പാടുന്ന നിഷ്‌കളങ്കമായ കുട്ടിക്കാല കൗതുകങ്ങളിൽ ഒന്നാണ്, അങ്ങ് ദൂരെ തേരട്ടപോലെ പാഞ്ഞുപോകുന്ന തീവണ്ടികൾ. കുട്ടികൾക്ക് മാത്രമല്ല, മുതിർന്നവർക്കും ഈ കാഴ്‌ച്ച ഇപ്പോഴും ആസ്വാദ്യകരമാണ്. നിഷ്‌കളങ്ക മനസ്സുകളെ മാത്രമല്ല ട്രെയിൻ ആകർഷിച്ചിട്ടുള്ളത് എന്ന് മനസ്സിലാക്കണമെങ്കിൽ ലോകം ഭയത്തോടെ വീക്ഷിച്ചിട്ടുള്ള ഏകാധിപതികളുടെ ചരിത്രം പഠിക്കണം. അവർക്കും പ്രിയപ്പെട്ടതായിരുന്നു ട്രെയിൻ എന്ന ഗതാഗത സംവിധാനം.

രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്ലർ ജർമ്മനിയിൽ അങ്ങോളമിങ്ങോളം സഞ്ചരിക്കാൻ താത്പര്യപ്പെട്ടിരുന്നത് അതീവ സുരക്ഷാ സംവിധാനമൊരുക്കിയിട്ടുള്ള തന്റെ സ്വകാര്യ ട്രെയിനിലായിരുന്നു. ഫ്യുറൊസൊന്ദർസഗ് അമേരിക്ക എന്നായിരുന്നു ഇതിന്റെ ആദ്യത്തെ പേര്. പിന്നീട് 1943 ൽ ഇത് ഫ്യുറൊസൊന്ദർസഗ് ബ്രാൻഡൻബർഗ് എന്നാക്കി മാറ്റി. ഹിറ്റലറുടെ സുഹൃത്ത് കൂടിയായിരുന്ന ഇറ്റാലിയൻ ഏകാധിപതി, മുസ്സോളനിക്കും ഒരു സ്വകാര്യട്രെയിൻ ഉണ്ടായിരുന്നു. സോവിയറ്റ് യൂണിയനിലെ കമ്മ്യുണിസ്റ്റ് ഏകാധിപതിയായിരുന്ന സ്റ്റാലിനും ട്രെയിൻ പ്രിയപ്പെട്ടതായിരുന്നു. 1941 മുതൽ അദ്ദേഹം ഉപയോഗിച്ചിരുന്ന സ്വകാര്യ ട്രെയിൻ ഇപ്പോൾ അദ്ദേഹത്തിന്റെ ജന്മദേശമായ യൂറിയിലെ ജോസഫ് സ്റ്റാലിൻ മ്യുസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്,.

ഉത്തരകൊറിയയിലെ ആദ്യത്തെ കമ്മ്യുണിസ്റ്റ് ഭരണാധികാരിയായ കിം ഇൻ സുങ്ങും ഈ പതിവ് ഉപേക്ഷിച്ചില്ല. 1974 ൽ ആയിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ യാത്ര. ചൈനയിലൂടെ അന്നത്തെ സോവിയറ്റ് യൂണിയനിൽ എത്തിയ അദ്ദേഹം പിന്നീട്, പോളണ്ട്, കിഴക്കൻ ജർമ്മനി, ചെക്കോസ്ലോവാക്യ, ഹംഗറി, യൂഗ്ലോസോവ്യ, ബൾഗേറിയ, റൊമാനിയ തുടങ്ങിയ രാജ്യങ്ങളിലേക്കെല്ലാം തന്റെ സ്വകാര്യ ട്രെയിനിലായിരുന്നു യാത്ര ചെയ്തത്.

കിം ഇൽ സുങ്ങിന്റെ മരണശേഷം അധികാരത്തിലെത്തിയ ആദ്ദേഹത്തിന്റെ പുത്രൻ കിം ജോങ്ങ് ഇലും ട്രെയിനിനോടുള്ള കമ്പം വിട്ടുകളഞ്ഞില്ല. 22 കോച്ചുകളുള്ള സ്വകാര്യ ട്രെയിനിലായിരുന്നു അദ്ദേഹം 2001 ൽ റഷ്യ സന്ദർശിച്ചത്. സ്വാദിഷ്ഠമായ കൊഞ്ച് കറിയും, പാരിസിൽ നിന്നുള്ള വൈനും ഒപ്പം അതിസുന്ദരിമാരുടെ സാമീപ്യവും ആസ്വദിച്ചുകൊണ്ടായിരുന്നു ദരിദ്ര രാഷ്ട്രത്തിലെ കമ്മ്യുണിസ്റ്റ് നേതാവിന്റെ ട്രെയിൻ യാത്രകൾ.

അദ്ദേഹത്തെ തുടർന്ന് അധികാരത്തിലെത്തിയ പുത്രൻ കിം ജോങ്ങ് ഉന്നും ആ പതിവ് തെറ്റിച്ചില്ല. തന്റെ അച്ഛനേയും മുത്തച്ഛനേയും വെല്ലുന്ന രീതിയിലായിരുന്നു കിം ജൊങ്ങ് ഉനിന്റെ ട്രെയിൻ യാത്രകൾ. ലോകം വെറുത്ത സ്റ്റാലിനിസ്റ്റ് കമ്മ്യുണിസത്തിന്റെ അവസാന പ്രതിരൂപമായ ഈ ഏകാധിപതിക്ക് ഉണ്ടായിരുന്നത് കടുത്ത പച്ച നിറത്തിലുള്ള ഇരുപതിലധികം കോച്ചുകൾ ഉള്ള, രണ്ട് എഞ്ചിനുകൾ വലിക്കുന്ന ഒരു സ്വകാര്യ ട്രെയിൻ ആയിരുന്നു. കോൺഫറൻസ് റൂം, സാറ്റലൈറ്റ് ടി വി ഉൾപ്പടെ ആധുനിക സൗകര്യങ്ങൾ ഉള്ള ഓഫീസ്, സ്വാദിഷ്ടമായ വിഭവങ്ങൾ തയ്യാറാക്കുന്ന അടുക്കള എന്നിവയെല്ലാം ആ ട്രെയിനിനകത്ത് ഉണ്ട്.

അതീവ സുരക്ഷയുള്ള ഈ ട്രെയിനിൽ കിമ്മിന്റെ സ്വകാര്യ മെഴ്സിഡസും ഏതുസമയത്തും ഉണ്ടാകും. സ്റ്റാലിനും കിം ജോങ്ങ് ഇലും വ്യോമയാത്രകളെ ഭയന്നിരുന്നതുകൊണ്ടാണ് ട്രെയിൻ ഉപയോഗിച്ചിരുന്നതെങ്കിൽ, കിം ജോങ്ങ് യുന്നിന് വ്യോമ യാത്രയും ഇഷ്ടമായിരുന്നു. റഷ്യൻ നിർമ്മിത ഇല്യുഷിൻ 62 എയർ ലൈനറാണ് അദ്ദേഹത്തിന്റെ സ്വകാര്യ പ്ലെയിൻ.

കണ്ടക്ടർമാർ എന്നറിയപ്പെടുന്ന സുന്ദരികളായ ആഥിതേയകളുടെ നിരയാണ് കിമ്മിന്റെ ട്രെയിനിന്റെ പ്രത്യേകത. ഉയരമുള്ള സുന്ദരിമാരെയാണ് ഇതിനായി പ്രത്യേകം തിരഞ്ഞെടുത്തിരുന്നത്. മാത്രമല്ല ഇവർ കന്യകമാർ ആണെന്ന്, പ്രത്യേകം നിയമിച്ച ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുകയും വേണമായിരുന്നു. ഇത്തരത്തിൽ, തെരഞ്ഞെടുത്തുകഴിഞ്ഞാൽ ഉടൻ അവരുടെ വീടുകളിലേക്ക് സർക്കരിന്റെ സന്ദേശമെത്തും, നിങ്ങളുടെ മകൾ രാഷ്ട്രനായകനെ സേവിക്കാനുള്ള ദൗത്യം സ്വീകരിച്ചു എന്നറിയിച്ചുകൊണ്ട്. 1400 പൗണ്ടാണ് ഇവരുടെ ശമ്പളം. കൊറിയയിൽ ഇത് വളരെ വലിയൊരു തുകയാണ്.

ചൈനാ സന്ദർശനത്തിനെത്തിയതോടെയാണ് കിമ്മിന്റെ ട്രെയിൻ ലോക ശ്രദ്ധ ആകർഷിച്ചത്. പിന്നീട് വിയറ്റ്നാം തലസ്ഥാനമായ ഹാനോയിയിൽ അമേരിക്കൻ പ്രസിഡണ്ടായ ട്രംപുമായി കൂടിക്കാഴ്‌ച്ച്ചക്ക് കിംഎത്തിയതും ഇതേ ട്രെയിനിലായിരുന്നു. ഏപ്രിൽ 15 ന് തന്റെ മുത്തച്ഛന്റെ ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ അദ്ദേഹം എത്താതിരുന്നതോടെ കിം മരിച്ചു എന്ന കിംവദന്തി പരക്കാൻ തുടങ്ങി. കടുത്ത പുകവലിക്കാരനും അമിതവണ്ണമുള്ള വ്യക്തിയുമായിരുന്ന കിം ഒരു ഹൃദയശസ്ത്രക്രിയയെ തുടർന്ന് മരിച്ചു എന്നാണ് വാർത്ത.

ഏപ്രിൽ 11 നായിരുന്നു കിം അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. ഈ വാർത്ത പരക്കാൻ തുടങ്ങിയപ്പോൾ തന്നെ അമേരിക്കൻ ചാര ഉപഗ്രഹങ്ങളുടെ കണ്ണുകൾ കിമ്മിന്റെ സ്വകാര്യ ട്രെയിനിന്റെ നീക്കത്തിൽ തന്നെയായിരുന്നു. സാമാന്യം വലുതും, സാവധാനത്തിൽ നീങ്ങുന്നതുമായതിനാൽ ബഹിരാകാശത്തുനിന്നും ഇതിന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ ബുദ്ധിമുട്ടില്ല. കിമ്മിന്റെ മരണത്തിന്റെ സത്യാവസ്ഥ കണ്ടെത്താൻ ദക്ഷിണകൊറിയയുടെ ചാരന്മാരും ഈ ട്രെയിനിന്റെ നീക്കങ്ങൾ സസൂക്ഷം നിരീക്ഷിച്ചു വരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP