Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വഴിയരികിൽ നിർത്തിയിട്ട കാറിൽ ആകാശത്ത് നിന്ന് ഇരുമ്പ് പൈപ്പ് പറന്നുവന്നു വീണത് എങ്ങനെ? മറ്റൊരു പൈപ്പ് കഷ്ണം പറന്ന് വീണത് സമീപത്തെ വീട്ടുമുറ്റത്തേക്കും; പൊട്ടിത്തെറിയുടെ ശബ്ദത്തോടെ ഇരുമ്പു കഷ്ണങ്ങൾ വീണതോടെ തൃശൂർ വരന്തരപ്പിള്ളി പൗണ്ടിലെ താമസക്കാർ പരിഭ്രാന്തിയിൽ; ഒടുവിൽ പൊലീസ് അന്വേഷണത്തിൽ ഇരുമ്പുമഴയുടെ ചുരുൾ അഴിച്ചപ്പോൾ എല്ലാവർക്കും ആശ്വാസം

വഴിയരികിൽ നിർത്തിയിട്ട കാറിൽ ആകാശത്ത് നിന്ന് ഇരുമ്പ് പൈപ്പ് പറന്നുവന്നു വീണത് എങ്ങനെ? മറ്റൊരു പൈപ്പ് കഷ്ണം പറന്ന് വീണത് സമീപത്തെ വീട്ടുമുറ്റത്തേക്കും; പൊട്ടിത്തെറിയുടെ ശബ്ദത്തോടെ ഇരുമ്പു കഷ്ണങ്ങൾ വീണതോടെ തൃശൂർ വരന്തരപ്പിള്ളി പൗണ്ടിലെ താമസക്കാർ പരിഭ്രാന്തിയിൽ; ഒടുവിൽ പൊലീസ് അന്വേഷണത്തിൽ ഇരുമ്പുമഴയുടെ ചുരുൾ അഴിച്ചപ്പോൾ എല്ലാവർക്കും ആശ്വാസം

ആർ പീയൂഷ്

തൃശൂർ: ആകാശത്ത് നിന്നും ഇരുമ്പ് പൈപ്പ് വീണ സംഭവത്തിന്റെ ആശങ്കയൊഴിഞ്ഞു. പൈപ്പ് വീണ സ്ഥലത്ത് നിന്നും 50 മീറ്റർ മാറിയുള്ള ഒരു വീട്ടിൽ മാലിന്യങ്ങൾ കത്തിച്ചപ്പോൾ ഇരുമ്പ് പൈപ്പ് പൊട്ടിത്തെറിച്ചതാണ് സംഭവത്തിന് പിന്നിൽ. വരന്തരപ്പിള്ളി എസ്.എച്ച്.ഒ എസ്.ജയകൃഷ്ണന്റെയും എസ്‌ഐ ചിത്തരഞ്ജന്റെയും നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ വീട്ടിൽ തീ കത്തിച്ചപ്പോൾ ഉണ്ടായ സ്‌ഫോടനത്തെ തുടർന്നാണ് ഇരുമ്പ് പൈപ്പുകൾ തെറിച്ചു വീണത് എന്ന് കണ്ടെത്തിയത്. പൊട്ടിത്തെറിക്ക് പിന്നിലെ കാരണം കണ്ടെത്താൻ തൃശൂരിൽ നിന്നും ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇരുമ്പ് പൈപ്പിന്റെ ഇരുവശത്തും കോൺക്രീറ്റ് മിശ്രിതം മൂടിയിരുന്നതിനാൽ ചൂടേറ്റപ്പോൾ പൊട്ടിത്തെറിച്ചതാണ് എന്ന് പരിശോധനയിൽ കണ്ടെത്തി. തീ കത്തിച്ച സ്ഥലത്തോ പൈപ്പുകളിലോ യാതൊരു കെമിക്കലുകളുടെ സാന്നിധ്യവുമില്ലായിരുന്നു.

ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചത്. ഞായറാഴ്ച വീട്ടുടമസ്ഥൻ മാലിന്യങ്ങൾ കത്തിക്കുന്നതിനിടയിൽ വീട്ടിലുണ്ടായിരുന്ന കുറച്ചു പി.വി സി പൈപ്പുകളും തീയിലിട്ടു. ഇതിൽ അറിയാതെ നേരത്തെ ഷെഡ്ഡ് പൊളിച്ചപ്പോൾ ഉണ്ടായിരുന്ന ഇരുമ്പ് പൈപ്പും ഇതിൽ പെട്ടു. തീ കത്തിക്കൊണ്ടിരിക്കുമ്പോൾ ഉഗ്ര ശബ്ദം ഉണ്ടായതായി വീട്ടുടമസ്ഥൻ പറഞ്ഞു. സ്‌ഫോടനം നടക്കുമ്പോൾ വീട്ടിലുള്ളവരെല്ലാം വീടിനകത്തായിരുന്നു. സ്‌ഫോടന ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയെങ്കിലും ഒന്നും കാണാൻ കഴിഞ്ഞില്ല. തീയിൽ എന്തോ സാധനം പൊട്ടിതെരിച്ചതാകാം എന്ന് കരുതി ഇരിക്കുകയായിരുന്നു. എന്നാൽ ഇന്ന് രാവിലെ പൊലീസ് അന്വേഷണം നടത്തി എത്തിയപ്പോഴാണ് ഇരുമ്പ് പൈപ്പ് ഇത്രയും ദൂരം പോയി വീണു എന്നറിയുന്നത്. സ്‌ഫോടന സമയത്ത് ആരെങ്കിലും തീയുടെ അടുത്തുണ്ടായിരുന്നെങ്കിൽ വലിയ അപകടമുണ്ടാകാൻ സാധ്യതയുണ്ടായിരുന്നു എന്ന് സിഐ എസ്.ജയകൃഷ്ണൻ പറഞ്ഞു.

വരന്തരപ്പിള്ളി പൗണ്ടിൽ ഞായറാഴ്ച രാവിലെ പത്തുമണിയോടെയാണ് ഇരുമ്പ് പൈപ്പുകൾ ആകാശത്തുനിന്നും വീണത്. രണ്ടിടങ്ങിളിലായി ഒന്നര മീറ്റർ നീളത്തിൽ ഇരുഭാഗങ്ങളിലും കോൺക്രീറ്റ് മിശ്രിതം കൊണ്ട് മൂടിയ നിലയിലുള്ള രണ്ട് ഇരുമ്പ് പൈപ്പുകളാണ് ഭൂമിയിൽ വീണത്. വഴിയരികിൽ നിർത്തിയിട്ടിരുന്ന പയ്യപ്പിള്ളി മേജോന്റെ കാറിലാണ് ഒരെണ്ണം വീണത്. ഇരുമ്പ് പൈപ്പുകൾ വീണ് കാറിന് കേടുപാടുകൾ സംഭവിച്ചു.പൈപ്പ് വീഴുന്നത് കണ്ട് സമീപത്ത് നിന്നിരുന്ന ഓട്ടോ ഡ്രൈവർ സന്തോഷ് ഓടിമാറിയതു മൂലം പരിക്കേൽക്കാതെ രക്ഷപ്പെട്ടു അര കിലോമീറ്റർ മാറി മറ്റൊരു വീടിന്റെ മുറ്റത്തും സമാനമായ പൈപ്പുകൾ വീണു. അരോദ ഷൈജുവിന്റെ പറമ്പിലെ മാവിൽ തട്ടി വീടിന് മുകളിലൂടെയാണ് സമീപവാസിയായ കൊടുമ്പിലായി പറമ്പിൽ മിജോന്റെ വീട്ടുമുറ്റത്ത് ഇരുമ്പ് പൈപ്പുകൾ വീണത്.

വലിയ ശബ്ദത്തോടെയാണ് പൈപ്പ് വീണതെന്നാണ് വീട്ടുകാർ പറഞ്ഞത്. നിലത്ത് വീണ പൈപ്പിൽ കയറി പിടിച്ച മിജോന്റെ മകൻ ഡെറിക്കിന് പൊള്ളലേറ്റു. വരന്തരപ്പിള്ളി പൊലീസ് സ്ഥലത്തെത്തി രണ്ട് ഇരുമ്പ് പൈപ്പുകളും സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. പൈപ്പ് വീണത് എവിടെ നിന്നാണെന്നറിയാതെ സമീപവാസികളെല്ലാം ഭയപ്പാടിലായിരുന്നു. ലോക്ക് ഡൗൺ ആയതിനാൽ പൈപ്പ് തീയിട്ട വീട്ടുകാർ ഇക്കാര്യം അറിഞ്ഞിരുന്നില്ല. അതിനാൽ സംഭവത്തിൽ ഏറെ ദുരൂഹതയുയർന്നിരുന്നു. എന്നാൽ പൊലീസിന്റെ അന്വേഷണത്തിൽ ഒടുവിൽ പൈപ്പുകൾ വീണതെങ്ങനെയെന്ന് കണ്ടെത്തുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP