Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ വാങ്ങുമ്പോൾ ഹെൽത്ത് സർവീസ് ‍ഡയറക്ടറുടെ അനുമതി വാങ്ങിയിരുന്നില്ലെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം; വിവിധ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടുകൊണ്ടിരുന്നതിനാൽ പെട്ടെന്നു കിറ്റുകൾ ഇറക്കുമതി ചെയ്യാൻ തങ്ങൾ നിർബന്ധിതരായെന്ന് ഐസിഎംആർ; ഗുണനിലവാരമില്ലാത്ത കിറ്റുകൾ വാങ്ങിയതിനെച്ചൊല്ലി കേന്ദ്രത്തിൽ വിവാദം പുകയുന്നു

കോവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ വാങ്ങുമ്പോൾ ഹെൽത്ത് സർവീസ് ‍ഡയറക്ടറുടെ അനുമതി വാങ്ങിയിരുന്നില്ലെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം; വിവിധ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടുകൊണ്ടിരുന്നതിനാൽ പെട്ടെന്നു കിറ്റുകൾ ഇറക്കുമതി ചെയ്യാൻ തങ്ങൾ നിർബന്ധിതരായെന്ന് ഐസിഎംആർ; ഗുണനിലവാരമില്ലാത്ത കിറ്റുകൾ വാങ്ങിയതിനെച്ചൊല്ലി കേന്ദ്രത്തിൽ വിവാദം പുകയുന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂ‍ഡൽഹി: ​ഗുണനിലവാരമില്ലാത്ത കോവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ വാങ്ങിയതിനെച്ചൊല്ലി വിവാദം ശക്തമാകുന്നു. വിഷയത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഐസിഎംആറും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നിരിക്കുകയാണ്. കിറ്റുകൾക്ക് ചൈനീസ് കമ്പനി വില 245 രൂപയാണെന്നിരിക്കെ ഐസിഎംആർ വാങ്ങിയത് 600 രൂപയ്ക്കാണ്. കിറ്റുകൾ വാങ്ങുമ്പോൾ ഹെൽത്ത് സർവീസ് ‍ഡയറക്ടറുടെ അനുമതി വാങ്ങിയിരുന്നില്ലെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ചൈനയിൽ നിന്നെത്തിച്ച കിറ്റുകൾക്കു നിലവാരമില്ലെന്നും ഫലത്തിൽ കൃത്യതയില്ലെന്നും പല സംസ്ഥാനങ്ങളും കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധന്റെ അധ്യക്ഷതയിൽ നടന്ന മന്ത്രിതല യോഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെയാണ് വിവാദം രൂക്ഷമായത്. ഇതോടെ കോവിഡ് വ്യാപന സാധ്യത കൂടിയ സ്ഥലങ്ങളിലെ ദ്രുതപരിശോധന (റാപ്പിഡ് ആന്റിബോഡി ടെസ്റ്റ്) തൽക്കാലം ഉപേക്ഷിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഐസിഎംആർ നിർദ്ദേശം നൽകി. ദ്രുതപരിശോധന ഉടൻ വേണ്ടെന്ന് കേന്ദ്ര സർക്കാരും നിർദ്ദേശിച്ചു‍.

മാർച്ച് 27നാണ് ഐസിഎംആർ റിയൽ മെറ്റാപോളിക്സ് എന്ന ഇന്ത്യയിലെ കമ്പനിക്ക് വോൺഫോ എന്ന ചൈനീസ് കമ്പനിയിൽനിന്ന് 5 ലക്ഷം കിറ്റുകൾ വാങ്ങുന്നതിനുള്ള കരാ‍ർ നൽകിയത്. 30 കോടി രൂപയ്ക്കുള്ള ഓർഡ‍റായിരുന്നു ഇത്. ഒരു കിറ്റിന് 600 രൂപ എന്ന നിലയിലായിരുന്നു ഓർഡർ നൽകിയത്. തുടർന്ന് ഏപ്രിൽ 16നാണ് അഞ്ച‌ര ലക്ഷം കിറ്റുകൾ വിതരണം ചെയ്തത്. ഒരു കിറ്റിന് 250 രൂപ എന്ന നിലയ്ക്കാണു വാങ്ങിയതെന്ന് റിയൽ മെറ്റാപോളിക്സ് എന്ന ഇന്ത്യയിലെ കമ്പനി തന്നെ ഡൽഹി ഹൈക്കോടതിയിൽ വ്യക്തമാക്കുകയായിരുന്നു.
ചൈനീസ് കമ്പനിയിൽനിന്ന് ഷാൻ ബയോടെക് എന്ന വിതരണക്കാരനിലൂടെ തമിഴ്‌നാട് സർക്കാർ 500 കിറ്റുകൾ സമാന രീതിയിൽ വാങ്ങിയിരുന്നു. അവരും ഒരു കിറ്റിന് 600 രൂപയാണു നൽകിയത്.

അങ്ങനെ ആ കമ്പനിക്ക് ഇന്ത്യയിൽ വിതരണം നടത്താൻ അനുമതിയില്ല എന്നു കാണിച്ചു റിയൽ മെറ്റാപോളിക്സ് ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഷാൻ മെറ്റാപോളിക്സിന് ഇന്ത്യയിൽ വോൺഫോ എന്ന കമ്പനിയുടെ വിതരണം നടത്താൻ അനുമതിയില്ല എന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. അതിനിടെയാണു വില സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്. 60 ശതമാനത്തോളം ഉയർന്ന വില നൽകിയാണ് ഐസിഎംആർ കിറ്റുകൾ വാങ്ങിയിട്ടുള്ളത്.

വിഷയത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഐസിഎംആറും തമ്മിലുള്ള ഭിന്നതയും മറനീക്കി പുറത്തുവന്നു. ഗുണനിലവാരമില്ലാത്ത കിറ്റുകൾ വാങ്ങുന്നതിനു മുൻപ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസിന്റെ കീഴിയിൽ പ്രവർത്തിക്കുന്ന സാങ്കേതിക സമിതിയുടെ അനുമതി തേടിയിരുന്നില്ല. അവരുടെ അഭിപ്രായം പോലും ചോദിച്ചിട്ടില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ പറയുന്നത്.

എന്നാൽ വിഷയത്തിൽ ഐസിഎംആറിന്റെ വിശദീകരണവും ഒട്ടും തൃപ്തികരമല്ലെന്നാണു വ്യക്തമാകുന്നത്. വിവിധ സംസ്ഥാനങ്ങൾ കിറ്റുകൾ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ടു പെട്ടെന്നു കിറ്റുകൾ ഇറക്കുമതി ചെയ്യാൻ തങ്ങൾ നിർബന്ധിതരായെന്നാണ് ഐസിഎംആർ പറയുന്നത്. നിതി ആയോഗിലെ അംഗത്തിന്റെ കീഴിലുള്ള സംഘമാണ് ഇക്കാര്യത്തിൽ മേൽനോട്ടം വഹിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നാണു ഐസിഎംആർ പറയുന്നത്.

കിറ്റുകളുടെ ഗുണനിലവാരം ഉറപ്പാക്കിയശേഷം പരിശോധന പുനാരംഭിക്കാമെന്നാണു കേന്ദ്ര നിലപാട്. കോവിഡ് സ്ഥിരീകരണത്തിനുള്ള 15 ലക്ഷത്തോളം ആർടി പിസിആർ കിറ്റ് രാജ്യത്തുണ്ട്. അതിനാൽ ദ്രുതപരിശോധന ഒഴിവാക്കുന്നതു പ്രശ്നമാകില്ലെന്നാണു വിലയിരുത്തൽ. 15 മിനിറ്റിൽ ഫലം ലഭിക്കുമെന്നതു റാപ്പിഡ് ടെസ്റ്റിന്റെ നേട്ടമായി വിലയിരുത്തപ്പെട്ടു. കോവിഡ് സമൂഹവ്യാപന ഘട്ടത്തിലേക്കു കടക്കുന്നുവെന്ന സൂചനകൾക്കിടെയായിരുന്നു നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP