Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മരിച്ചുവെന്നടക്കം ആഭ്യൂഹങ്ങൾ പരക്കുന്നതിനിടെ രാജ്യത്തെ തൊഴിലാളികൾക്ക് അഭിവാദ്യമർപ്പിച്ച് ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ സന്ദേശം; വാൻസാൻ കാൽമ ടൂറിസ്റ്റ് മേഖല പടുത്തുയർത്തിയ തൊഴിലാളികളെ അഭിവാദ്യം ചെയ്ത സന്ദേശം പുറത്ത് വിട്ട് ഉത്തര കൊറിയൻ മാധ്യമങ്ങൾ; കിം ജീവനോടെയുണ്ടെന്ന് ദക്ഷിണ കൊറിയയും; ചൈനയിൽ നിന്ന് വിദഗ്ധ ആരോഗ്യസംഘം പരിശോധിക്കാൻ എത്തിയിട്ടും വിവരങ്ങൾ പുറത്തുവിടുന്നില്ല

മറുനാടൻ ഡെസ്‌ക്‌

സിയോൾ: ഉത്തര കൊറിയൻ കമ്യൂണിസ്റ്റ് ഏകാധിപതി കിം ജോങ് ഉന്നിന്റെ ആരോഗ്യനിലയെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടയിൽ തൊഴിലാളികൾക്ക് അഭിവാദ്യം നൽകി  അദ്ദേഹത്തിന്റെ  സന്ദേശം. വോസാനിൽ വിനോദ സഞ്ചാര മേഖല പടുത്തുയർത്തിയ തൊഴിലാളികളെ അഭിവാദ്യം ചെയ്തുകൊണ്ടുള്ള കിമ്മിന്റെ സന്ദേശം ഉത്തര കൊറിയൻ മാധ്യമങ്ങൾ പുറത്തുവിട്ടു.

''വാൻസാൻ കാൽമ ടൂറിസ്റ്റ് മേഖല പടുത്തുയർത്താൻ സ്വയം സമർപ്പിച്ചു ജോലി ചെയ്ത തൊഴിലാളികൾക്ക് പരമോന്നത നേതാവ് കിം ജോങ് ഉൻ അഭിവാദ്യം അർപ്പിച്ചു. '' വടക്കൻ കൊറിയയിലെ പ്രധാന പത്രമായ റോഡോങ് സിന്മുനെ ഉദ്ധരിച്ചുകൊണ്ട് യോൻഹാപ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കൊറിയൻ സെൻട്രൽ ബ്രോഡ്കാസ്റ്റിങ് സ്റ്റേഷനും ഇതേ റിപ്പോർ്ട്ട് സംപ്രേഷണം ചെയ്തിട്ടുണ്ട്.

ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ജീവിച്ചിരിപ്പുണ്ടെന്ന് ദക്ഷിണ കൊറിയയും വ്യക്തമാക്കുന്നു. ഉത്തരകൊറിയയുടെ സുപ്രധാന വാർഷികത്തിൽ കിം പങ്കെടുക്കാത്തതിനെ തുടർന്ന് പ്രചരിച്ച അഭ്യൂഹങ്ങളെ ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ ഉന്നത സുരക്ഷാ ഉപദേഷ്ടാവ് തള്ളി. ഞങ്ങളുടെ സർക്കാരിന്റെ നിലപാട് ഉറച്ചതാണെന്നും കിം ജീവനോടെയുണ്ടെന്നും മൂൺ ചെങ് ഇൻ സിഎൻഎന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഏപ്രിൽ 15ന് മുത്തച്ഛന്റെ ജന്മവാർഷിക ദിനാഘോഷത്തിൽ നിന്ന് കിം വിട്ടുനിന്നിരുന്നു. ഇതാദ്യമായാണ് കിം ജോങ് ഉൻ മുത്തച്ഛന്റെ ജന്മവാർഷിക ആഘോഷങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത്. ഇതോടെയാണ് കിം അസുഖ ബാധിതനാണെന്ന സംശയം മാധ്യമങ്ങൾക്കിടയിൽ ചർച്ചയായത്.

ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷ്ം കിമ്മിന്റെ സ്ഥിതി ഗുരുതരമായെന്നും മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നും അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കിമ്മിന്റെ സ്ഥിതി സംബന്ധിച്ച വാർത്തകൾ സ്ഥിരീകരിക്കാൻ കഴിയില്ലെന്നും ഉത്തര കൊറിയയിൽനിന്ന് പ്രത്യേകിച്ച് നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും നേരത്തെ ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ ഓഫീസും വ്യക്തമാക്കിയിരുന്നു. അതേസമയം ആരോഗ്യസ്ഥിതി വിലയിരുത്താൻ ചൈന മെഡിക്കൽ വിദഗ്ധരടങ്ങുന്ന സംഘത്തെ 
അയച്ചിരുന്നു. കിമ്മിന്റെ ആരോഗ്യത്തെക്കുറിച്ച് പരസ്പരവിരുദ്ധമായ റിപ്പോർട്ടുകൾ പ്രചരിക്കുന്നതിനിടയിലാണ് ചൈനീസ് സംഘം ഉത്തരകൊറിയയിലെത്തിയത്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ അന്താരാഷ്ട്ര ലെയ്‌സൺ വിഭാഗത്തിലെ മുതിർന്ന അംഗത്തിന്റെ നേതൃത്വത്തിൽ വിദഗ്ധസംഘം വ്യാഴാഴ്ചയാണ് ബെയ്ജിങ്ങിൽനിന്ന് ഉത്തരകൊറിയയിലേക്ക് പോയത്. എന്നാൽ, ഇത് കിമ്മിന്റെ ചികിത്സമാത്രം ഉദ്ദേശിച്ചാണോ എന്നത് വ്യക്തമല്ല. അയൽ രാജ്യമായ ഉത്തരകൊറിയയുമായുള്ള ചൈനയുടെ ബന്ധം കൈകാര്യംചെയ്യുന്നത് അന്താരാഷ്ട്ര ലെയ്‌സൺ വിഭാഗമാണ്.

കിമ്മിന്റെ ആരോഗ്യനില ഗുരുതരമാണെന്ന യു.എസ്. രഹസ്യാന്വേഷകരുടെ റിപ്പോർട്ട് ദക്ഷിണകൊറിയയും ചൈനയും തള്ളിയിരുന്നു. ചൈനീസ് സംഘത്തിന്റെ ഉത്തരകൊറിയൻയാത്രയെക്കുറിച്ച് ലെയ്‌സൺ വിഭാഗമോ ചൈനീസ് വിദേശകാര്യമന്ത്രാലയമോ പ്രതികരിച്ചിട്ടില്ല. ഏപ്രിൽ 12-ന് ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായ കിം സുഖംപ്രാപിച്ചുവരുന്നതായി ദക്ഷിണകൊറിയൻ വാർത്താ വെബ്‌സൈറ്റായ എൻ.കെ. ഡെയ്ലി റിപ്പോർട്ടുചെയ്തിരുന്നു. ഉത്തരകൊറിയയിൽ ആശങ്കാജനകമായ സംഭവങ്ങളൊന്നും റിപ്പോർട്ടുചെയ്തിട്ടില്ലെന്ന് ദക്ഷിണകൊറിയയും ഔദ്യോഗികമായി പ്രതികരിച്ചു. കിം ഗുരുതരാവസ്ഥയിലാണെന്ന റിപ്പോർട്ടുകൾ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഗൗരവത്തിലെടുത്തിട്ടില്ല.

ഏപ്രിൽ 11-നായിരുന്നു കിം അവസാനമായി പൊതുവേദിയിലെത്തിയത്. 15-ന് മുത്തച്ഛന്റെ ജന്മവാർഷികാഘോഷത്തിലും പങ്കെടുത്തില്ല. ഉത്തരകൊറിയയെ സംബന്ധിച്ചിടത്തോളം സുപ്രധാനദിനമാണത്. ഇതേത്തുടർന്നാണ് അദ്ദേഹത്തിന്റെ ആരോഗ്യത്തെച്ചൊല്ലി അഭ്യൂഹങ്ങൾ പരന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP