Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദേശാഭിമാനിയുടെ ന്യൂസ് എഡിറ്റാണെന്ന് പറഞ്ഞിട്ടും കേട്ടില്ല; മനോഹരൻ മോറായിയെ ഓഫീസിലേക്ക് പോകും വഴി പൊലീസ് തൂക്കിയെടുത്തു വണ്ടിയിലിട്ടു; ആഭ്യന്തര വകുപ്പിന് ചീത്തപ്പേരാകുമെന്ന് ഭയന്ന് പത്രപ്രവർത്തക യൂണിയൻ വക പ്രതിഷേധവുമില്ല ജാഥയുമില്ല; വൈകുന്നേരം പുറത്തിറക്കിയത് മർദ്ദിച്ച സിഐക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള അഴകൊഴമ്പൻ വാർത്താക്കുറിപ്പ്; മർദ്ദനവിവരം യൂണിയൻ നേതൃത്വത്തെ അറിയിക്കാൻ വൈകിയത് തന്റെ വീഴ്‌ച്ചയെന്ന് മോറായിയും

ദേശാഭിമാനിയുടെ ന്യൂസ് എഡിറ്റാണെന്ന് പറഞ്ഞിട്ടും കേട്ടില്ല; മനോഹരൻ മോറായിയെ ഓഫീസിലേക്ക് പോകും വഴി പൊലീസ് തൂക്കിയെടുത്തു വണ്ടിയിലിട്ടു; ആഭ്യന്തര വകുപ്പിന് ചീത്തപ്പേരാകുമെന്ന് ഭയന്ന് പത്രപ്രവർത്തക യൂണിയൻ വക പ്രതിഷേധവുമില്ല ജാഥയുമില്ല; വൈകുന്നേരം പുറത്തിറക്കിയത് മർദ്ദിച്ച സിഐക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള അഴകൊഴമ്പൻ വാർത്താക്കുറിപ്പ്; മർദ്ദനവിവരം യൂണിയൻ നേതൃത്വത്തെ അറിയിക്കാൻ വൈകിയത് തന്റെ വീഴ്‌ച്ചയെന്ന് മോറായിയും

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ കൈയാളുന്ന ആഭ്യന്തര വകുപ്പിന് നേരെ നിരവധി ആക്ഷേപങ്ങൾ ഉയർന്നെങ്കിലും പലരും നിശിദമായ വിമർശനം ഉന്നയിക്കാൻ മടിക്കുകയാണെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. ഇതിനിടെ ദേശാഭിമാനി ദിനപത്രത്തിന്റെ ന്യൂസ് എഡിറ്ററും കേരളാ പത്രപ്രവർത്തക യൂണിയൻ സംസ്ഥാന നേതാവുമായ മനോഹരൻ മോറായിയെ പൊലീസ് മർദ്ദിച്ചതും വിവാദത്തിലായി. ഓഫീസിലേക്കു പോകുംവഴി മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിനു സമീപത്തെ കടയിൽ സാധനംവാങ്ങാൻ കയറിയ മനോഹരനെ ചക്കരക്കൽ സിഐ. എ.വി. ദിനേശൻ മർദിച്ചതായാണു പരാതി.

ശനിയാഴ്ച രാവിലെ 11-നാണു സംഭവം. ലോക്ഡൗൺ സമയത്ത് കടയിൽ ആളുകൾ സാധനങ്ങൾ വാങ്ങിക്കൊണ്ടിരിക്കവേ പൊലീസ് ഭീഷണിപ്പെടുത്തി തന്നെയുൾപ്പെടെ മർദിച്ചതായി അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകനാണെന്നു പറഞ്ഞിട്ടും ജീപ്പിനടുത്തേക്ക് വലിച്ചിഴച്ചു. കേരള പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് മനോഹരൻ. അദ്ദേഹം മുഖ്യമന്ത്രിക്കാണു പരാതി നൽകിയത്. മാധ്യമപ്രവർത്തകനെ പൊലീസ് മർദിച്ച സംഭവത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റിയും കണ്ണൂർ ജില്ലാ കമ്മിറ്റിയും പ്രതിഷേധിച്ചു.

അതേസമയം ആഭ്യന്തര വകുപ്പിനെതിരായ വാർത്ത ആയതിനാ സംഭവം മൂടിവെക്കാനും ശ്രമം നടന്നിരുന്നു. മോറായി തന്നെ ഈ വിവരം പത്രപ്രവർത്തക യൂണിയനെ അറിയിക്കാതിരുന്നിട്ടുണ്ട്. അതേസമയം ഇതിന്റെ പേരിൽ സിപിഎം മേധാവിത്വമുള്ള പത്രപ്രവർത്തക യൂണിയനെതിരെയും ആക്ഷേപം ഉയരുന്നുണ്ട്. വാർത്താ കുറിപ്പ് ഇറക്കിയത് പോലും ആഭ്യന്തര വകുപ്പിനെ വിമർശിക്കാതെ ആണെന്നാണ് വിമർശനം.

ഇതേക്കുറിച്ച് മാധ്യമപ്രവർത്തകൻ റോയ് മാത്യു എഴുതിയത് ഇങ്ങനെ:

പൊലീസിന്റെ മനോവീര്യം തകർക്കരുത്.....

ദേശാഭിമാനിയുടെ കണ്ണൂർ യൂണിറ്റ് സീനിയർ എഡിറ്റർ മനോഹരൻ മോറായിയെ കണ്ണൂരിലെ സി. ഐ. ദിനേശൻ ഇന്നലെ രാവിലെ 11 മണിക്ക് എടുത്തിട്ട് പെരുമാറി. നേരത്തോട് നേരമായിട്ടും ആർക്കും ഒരു പ്രതിഷേധവുമില്ല - ജാഥയുമില്ല - പണിമുടക്കുമില്ല - അവാർഡ് തിരിച്ചു കൊടുക്കലുമില്ല. ഫാസിസത്തെ മുണ്ടു പൊക്കിക്കാണിച്ച് പേടിപ്പിക്കുന്നുമില്ല. ദോഷം പറയരുതല്ലോ - കസവ് കെട്ടിയ പേടിത്തൊണ്ടന്മാരുടെ സംഘടനയുടെ ഒരു മോങ്ങൽ സാഹിത്യം വന്നിട്ടുണ്ട്. അതും മുപ്പതാം മണിക്കൂറിൽ. ചത്തില്ലെന്ന് ഉറപ്പാക്കിയ ശേഷം .

മാനാഭിമാനമുള്ള ഒരുത്തൻ പോലും ഈ ഉണ്ണാക്ക സംഘടനയിൽ ഇല്ല. ഇപ്പോ ഒരുത്തനും ചങ്ങല പിടുത്തവുമില്ല - വെട്ടുക്കിളി അക്രമവുമില്ല. നിമിഷ കവികളുടെ മാധ്യമ സ്വാതന്ത്ര്യ ചിന്തകളുമില്ല. എല്ലാം തമ്പ്രാൻ സ്തുതികൾ മാത്രം! നമ്മുടെ സർക്കാർ ഭരിക്കുമ്പോൾ വരി ഉടച്ച സർക്കാർ വിലാസം ഊണിയനും, മനുഷ്യാവകാശ പ്രേമികളും വായിൽ പഴം തിരുകി ഒരേ ഇരിപ്പാണ്. മാധ്യമ സ്വാതന്ത്ര്യം അപകടത്തിൽ എന്നൊക്കെ ഓരി ഇടുന്ന ടീം സ് ഒക്കെ കണ്ടം വഴി ഓടിക്കൊണ്ടിരിക്കയാണ്.

പണ്ട് ആചാര്യൻ പറഞ്ഞ ' ഇന്ത്യ ഇന്ത്യയുടേതെന്നും അവർ (ചൈന) അവരുടേതെന്നും പറയുന്ന മാക് മോഹൻ രേഖ ' എന്ന അവിഞ്ഞ ന്യായീകരണത്തേക്കാൾ രസകരമായ ഒരു ന്യായീകരണം ഈ തല്ലു കൊള്ളി വിഷയത്തിൽ കേട്ടു . അതിങ്ങനെയാണ് :-'ഇതിൽ പറയുന്ന ക്രൂര മർദ്ദനം, തല്ലിച്ചതയ്ക്കൽ തുടങ്ങിയ അതിയോക്തി ഒഴിച്ചാൽ സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശരിയാണ്. കടയിൽ ഉണ്ടായിരുന്ന പലർക്കും മർദ്ദനമേറ്റിട്ടുണ്ട്. കുട്ടത്തിൽ എനിക്കും. അതു കൊണ്ടാണ് പൊലീസ് അതിക്രമം എന്ന സാമാന്യ വൽക്കരണത്തിനും കേസിനും മുതിരാതിരുന്നത്. മാധ്യമ പ്രവർത്തകർക്ക് മാത്രമല്ല ,ഒരു പൗരനും മർദ്ദനമേറ്റു കൂട എന്നതാണ് എന്റെ പരാതിയുടെ അടിസ്ഥാനം.

'ഭരിക്കുമ്പോൾ പൊലീസ് സ്വന്തം സഖാക്കളും പ്രതിപക്ഷത്താവുമ്പോൾ ഭരണകൂടത്തിന്റെ മർദ്ദനോപകരണവും - 1957 മുതൽ മനുഷ്യസ്‌നേഹികളുടെ പാർട്ടി പിന്തുടരുന്ന ലൈനാണിത്.ചന്ദനത്തോപ്പിൽ പൊലീസ് കശുവണ്ടി തൊഴിലാളികളെ വെടിവെച്ച് കൊന്നപ്പോഴും പാർട്ടിയും സർക്കാരും പറഞ്ഞത് പൊലീസിന്റെ മനോവീര്യം തകർക്കരുതെന്നാണ്. ആ പാർട്ടി ലൈൻ അങ്ങനെ തന്നെ പിന്തുടരാം. ആ പാത അടിമക്കൂട്ടങ്ങളുടെ സംഘടനയും അനുസരണയോടെ നടപ്പാക്കുന്നു. പ്രജാപതിയുടെ തീട്ടം തീനികൾ!

വിവാദങ്ങൾക്ക് മനോഹരൻ മോറായിയുടെ മറുപടി ഇങ്ങനെ:

എനിക്ക് ഒരു പൊലീസ് ഉദ്യോഗസ്ഥനിൽ നിന്നുണ്ടായ ദുരനുഭവം അതിശയോക്തിയോടെയാണ് ചിലർ കാണുന്നത്. അവർ പറയന്ന പോലെ
ക്രൂര മർദ്ദനം, തല്ലിച്ചതയ്ക്കൽ തുടങ്ങിയ അതിശയോക്തി ഒഴിവാക്കിയാൽ പോലും ഈ പൊലീസ് ഉദ്യോഗസ്ഥന്റെ കാടത്തം ജനാധിപത്യ വ്യവസ്ഥയിൽ അനുവദിക്കാവുന്നതല്ല.

കടയിൽ ഉണ്ടായിരുന്ന പലർക്കും ഈ ഉദ്യോഗസ്ഥനിൽ നിന്ന് സാരമായ മർദ്ദനമേറ്റിട്ടുണ്ട്. കുട്ടത്തിൽ എനിക്കും. ഈ ഘട്ടത്തിൽ ഇതൊരു പൊതുപ്രശ്‌നമാക്കി ഉയർത്താതിരുന്നത് കേരളാ പൊലീസിന്റെ സൽപേരിന് കളങ്കമുണ്ടാകരുതെന്ന സദുദ്ദേശത്തോടെയാണ്. അതു കൊണ്ടാണ് പൊലീസ് അതിക്രമം എന്ന സാമാന്യ വൽക്കരണത്തിനും കേസിനും മുതിരാതിരുന്നത്.

ഈ ദുരന്ത ഘട്ടത്തിൽ സർക്കാറിന്റെ നയത്തിന് വിരുദ്ധമായി ജനങ്ങളെ തല്ലുന്ന പൊലീസ് ഉദ്യോഗന്ഥനെതിരെ ഉചിതമായ നടപടി ആവശ്യപ്പെട്ടാണ് ഞാൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. മാധ്യമ പ്രവർത്തകർക്ക് മാത്രമല്ല ,ഒരു പൗരനും മർദ്ദനമേറ്റു കൂട എന്നതാണ് എന്റെ പരാതിയുടെ അടിസ്ഥാനം. ഇക്കാര്യത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ പ്രതികരിക്കാൻ വൈകി എന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്.

ഇക്കാര്യം ഞാൻ യൂണിയൻ നേതൃത്വത്തെ അറിയിക്കാതിരുന്നത് എന്റെ വീഴ്ചയാണ്. യൂണിയന്റെ ഭാഗത്ത് നിന്ന് ഈ വിഷയത്തിൽ ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിക്ക് പരാതി അയച്ചതിനു പുറമേ എന്റെ പാർട്ടിയുടേയും സ്ഥാപനത്തിന്റെയും ഉത്തരവാദപ്പെട്ടവരെ അറിയിച്ചിരുന്നു. നാടിന്റെ ദുരന്ത കാലത്ത് മറ്റ് വിഷയങ്ങൾ അപ്രധാനം എന്നതാണ് ഇക്കാര്യത്തിൽ എന്റെ നിലപാട്. ജന വിരുദ്ധനായ ഒരു ഉദ്യോഗസ്ഥനെ അധികാര കേന്ദ്രത്തിന് മുന്നിൽ തുറന്നു കാട്ടേണ്ടത് എന്റെ കടമയുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP