Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് ഹോട്ട്‌സ്‌പോട്ടുകളും തീവ്രബാധിത പ്രദേശങ്ങളും ഒഴികെയുള്ള ഇടങ്ങളിലെ കടകൾ തുറക്കാം; ജൂവലറികൾ, ശീതീകരിച്ച വലിയ തുണിക്കടകൾ, ഷോപ്പിങ് മാളുകൾ തുടങ്ങിയവ തുറക്കാൻ അനുമതിയില്ല; തുണിക്കടകൾ തുറക്കാനുള്ള ശ്രമം പലയിടത്തും പൊലീസ് തടഞ്ഞു; വരി നിൽക്കേണ്ട സ്ഥലങ്ങളിൽ ഒന്നര മീറ്റർ അകലം പാലിച്ച് മഞ്ഞ വരകൾ വരയ്ക്കണം; കടകൾ തുറക്കുന്നത് അണുവിമുക്തമാക്കിയ ശേഷം മാത്രം; കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഇളവുകളിൽ പ്രകാരം ഇന്നലെ മുതൽ കടകൾ തുറന്നു തുടങ്ങി; സർവത്ര ആശയക്കുഴപ്പം

കോവിഡ് ഹോട്ട്‌സ്‌പോട്ടുകളും തീവ്രബാധിത പ്രദേശങ്ങളും ഒഴികെയുള്ള ഇടങ്ങളിലെ കടകൾ തുറക്കാം; ജൂവലറികൾ, ശീതീകരിച്ച വലിയ തുണിക്കടകൾ, ഷോപ്പിങ് മാളുകൾ തുടങ്ങിയവ തുറക്കാൻ അനുമതിയില്ല; തുണിക്കടകൾ തുറക്കാനുള്ള ശ്രമം പലയിടത്തും പൊലീസ് തടഞ്ഞു; വരി നിൽക്കേണ്ട സ്ഥലങ്ങളിൽ ഒന്നര മീറ്റർ അകലം പാലിച്ച് മഞ്ഞ വരകൾ വരയ്ക്കണം; കടകൾ തുറക്കുന്നത് അണുവിമുക്തമാക്കിയ ശേഷം മാത്രം; കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഇളവുകളിൽ പ്രകാരം ഇന്നലെ മുതൽ കടകൾ തുറന്നു തുടങ്ങി; സർവത്ര ആശയക്കുഴപ്പം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു കേന്ദ്ര സർക്കാർ ഉത്തരവിറക്കിയതിന് കേരളത്തിലും ഇളവുകൾ തുടങ്ങിയിട്ടുണ്ട്. മുൻസിപ്പാലിറ്റി പരിധിക്കുള്ളിലും പുറത്തും തെരഞ്ഞെടുത്ത കടകൾ തുറന്നുപ്രവർത്തിക്കുന്നതിനു സർക്കാർ അനുമതി നൽകിയിരുന്നു. ഇന്നലെ മുതൽ ഇത് പ്രകാരം കടകൾ തുറന്നു തുടങ്ങിയെങ്കിലും പലയിടത്തും അവ്യക്തതകൾ നിലനിൽക്കുകയാണ്. കേന്ദ്രം പ്രഖ്യാപിച്ച ഇളവുകൾ ഹോട്ടു സ്‌പോട്ടുകൾക്കും കോവിഡ് ബാധിത പ്രദേശങ്ങൾക്കും ബാധകമല്ല. ഇവിടങ്ങളിൽ കർശന നിയന്ത്രണം തുടരാനാണ് തീരുമാനം.

ഇന്നലെ കാര്യമായ ഇളവുകളൊന്നും ഉണ്ടായില്ല. ഉത്തരവിലെ അവ്യക്തതയായിരുന്നു പ്രധാന കാരണം. പലയിടത്തും ഒരുമാസമായി അടഞ്ഞുകിടന്ന കടകൾ വൃത്തിയാക്കുന്നതിനായിരുന്നു പ്രഥമപരിഗണന. റെഡ്‌സോണായ ജില്ലകളിലും ഹോട്‌സ്‌പോട്ടുകളിലും നിയമാനുസൃതമല്ലാത്ത കടകൾ തുറക്കാൻ അധികൃതർ അനുവദിച്ചില്ല. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളായിരുന്നു സംസ്ഥാനത്ത് പ്രധാനമായും തുറന്നത്. മുമ്പ് ഞായറാഴ്ച തുറക്കാൻ അനുമതി ലഭിച്ച മൊബൈൽ ഫോൺ, ഇലക്ട്രോണിക് കടകളുമായിരുന്നു ബാക്കി. ഗ്രാമപ്രദേശങ്ങളിലും ഇതായിരുന്നു അവസ്ഥ. ചില കടകൾ തുറന്നെങ്കിലും ഞായറാഴ്ച ആളില്ലാത്തതിനാൽ ഉച്ചയോടെ മിക്കതും അടച്ചു.

തിരുവനന്തപുരത്തെ പ്രധാന കമ്പോളമായ ചാലയിൽ പാത്രക്കടകൾ, ഫർണിച്ചർ, ഹോം അപ്ലയൻസ് തുടങ്ങിയ ചില കടകൾ തുറന്നു. നിർമ്മാണമേഖലയിലെ ഉത്പന്നങ്ങൾ വിൽക്കുന്ന കടകളും ചെറിയ കടകളും അപൂർവമായി തുറന്നു. ആളുകൾ കുറവായിരുന്നു. മത്സ്യം, മാംസം, പച്ചക്കറി, മറ്റ് ഭക്ഷണസാധനങ്ങൾ വിൽക്കുന്ന കടകളിൽ മിക്ക സ്ഥലത്തും തിരക്കനുഭവപ്പെട്ടു.

കൊല്ലത്ത് ശുചിയാക്കാൻവേണ്ടി മാത്രമാണ് ചില കടകൾ തുറന്നത്. വർക്ഷോപ്പുകളും തുറന്നു. കരുനാഗപ്പള്ളിയിൽ കടകൾ തുറന്നെങ്കിലും തിരക്ക് കുറവായിരുന്നു. പത്തനംതിട്ടയിൽ മൊബൈൽ ഫോൺ വിൽപ്പന കേന്ദ്രങ്ങളിലായിരുന്നു കൂടുതലും ആളെത്തിയത്. കോട്ടയം പട്ടണത്തിൽ കടകൾ അടഞ്ഞുകിടന്നു. ചെറിയ പട്ടണങ്ങളിൽ കൂടുതൽ സ്ഥാപനങ്ങൾ തുറന്നു. പല വസ്തുക്കളുടെയും സ്റ്റോക്കിൽ കാര്യമായ കുറവുണ്ട്. ആലപ്പുഴയിൽ വഴിവാണിഭം സജീവമായിരുന്നു. വിലക്കുലംഘിച്ച് തുറന്ന വലിയ കടകൾ പൊലീസ് അടപ്പിച്ചു. എ.സി., ഫ്രിഡ്ജ്, മൊബൈൽ കടകളിലായിരുന്നു തിരക്ക്. ഹോട്ടലുകൾ തുറന്നെങ്കിലും ആളുകളെത്തിയില്ല. തുണിക്കടകളും ചെരുപ്പുകടകളും പലതും ഉച്ചയോടെ അടച്ചു. മാവേലിക്കരയിൽ രാവിലെ തുറന്ന ചില തുണിക്കടകളും ഫാൻസിസ്റ്റോറുകളും ഉച്ചയോടെ പൊലീസ് അടപ്പിച്ചു. അമ്പലപ്പുഴ പ്രദേശത്ത് സ്വർണക്കടകൾ, സ്റ്റുഡിയോ എന്നിവ തുറന്നിരുന്നു.

എറണാകുളത്ത് കടകൾ വൃത്തിയാക്കലിനായിരുന്നു പ്രധാന്യം. ബ്രോഡ്വേയിലെ ഹാർഡ്വേർ, ഫാൻസി, ചെറുകിട ടെക്സ്‌റ്റൈൽസ് കടകളും തുറന്നു. ഹോട്സ്‌പോട്ടായ കതൃക്കടവ്, ചുള്ളിക്കൽ മേഖലകളിലെ കടകൾ പ്രവർത്തിച്ചില്ല. തൃശ്ശൂരിൽ മൊബൈൽഫോൺ കടകളാണ് തുറന്നത്. എ.സി. കൂളർ തുടങ്ങിയവയുടെ കടകളും തുറന്നു. ഉച്ചയ്ക്കുശേഷം വേനൽമഴയും കച്ചവടത്തെ ബാധിച്ചു. പല തുണിക്കടകളും ഞായറാഴ്ച ശുചീകരിച്ചു. പാലക്കാട് നഗരത്തിലും ഗ്രാമീണമേഖലകളിലും ഞായറാഴ്ച 40 ശതമാനം കടകൾ മാത്രമാണ് തുറന്നത്. ചെരുപ്പ്, ചെറുകിട ഫർണിച്ചർ കടകൾ, പാത്രക്കടകൾ, മിഠായിക്കടകൾ, വാച്ച് കടകൾ, ഡ്യൂട്ടിഫ്രീ ഉത്പന്നശാലകൾ തുടങ്ങിയവയും തുറന്ന് വൃത്തിയാക്കലാണ് പ്രധാനമായും നടന്നത്. മലപ്പുറത്ത് റംസാൻ നോമ്പുതുടങ്ങിയതോടെ വലിയ തിരക്കുണ്ടായിരുന്നില്ല. മലപ്പുറത്തുനിന്ന് ഒരു 108 ആംബുലൻസ് ഡൽഹിയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം ഞായറാഴ്ച ജീവനക്കാർ തടഞ്ഞു.

കോഴിക്കോട് റെഡ്‌സോൺ പ്രഖ്യാപിച്ചതിനാൽ മെയ്‌ മൂന്നുവരെ നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്ന് കളക്ടർ സാംബശിവറാവു പറഞ്ഞു. വർക്ഷോപ്പുകൾ മിക്കവയും തുറന്നു. വയനാട്ടിൽ ഞായറാഴ്ച പതിവിലും കൂടുതൽ കടകൾ തുറന്നു. ഇടത്തരം കച്ചവടസ്ഥാപനങ്ങളാണ് പുതുതായി തുറന്നത്. കടകൾ ശുചീകരിക്കുന്ന ജോലിയിലായിരുന്നു പലരും. വലിയ തുണിക്കടകളും മറ്റും തുറന്നില്ല. റെഡ്‌സോൺ മേഖലയായ കണ്ണൂരിൽ പലസ്ഥലത്തും രാവിലെ കടകൾ തുറന്നെങ്കിലും പൊലീസ് പൂട്ടിച്ചു. കണ്ണൂർ കോർപ്പറേഷന്റെ നേതൃത്വത്തിൽ ഞായറാഴ്ച ഉച്ചവരെ ഹോംഡെലിവറി സംവിധാനം നടന്നു. കാസർകോട്ട് ഇലക്ട്രോണിക് സ്പെയർപാർട്സ് കടകളും മൊബൈൽ റിപ്പയർ സെന്ററുകളും കംപ്യൂട്ടർ സാമഗ്രികൾ വിൽക്കുന്ന സ്ഥാപനങ്ങളും തുറന്നുപ്രവർത്തിച്ചു. ഹോട്സ്പോട്ട് അല്ലാത്ത പഞ്ചായത്തുകളിലും നീലേശ്വരം നഗരസഭയിലും ഓട്ടുപാത്രങ്ങൾ, ചൂല് വിൽപ്പന കടകൾ തുടങ്ങിയവയും തുറന്നു. ആളുകൾ നന്നേ കുറവായിരുന്നു. രാവിലെ 11 മണിമുതൽ വൈകീട്ട് അഞ്ചുമണിവരെയാണ് കാസർകോട് ജില്ലയിലെ കടകളുടെ പ്രവർത്തന സമയം.

വ്യാപാരികൾക്ക് അടിമുടി ആശക്കുഴപ്പം

കടകൾ തുറക്കുന്നത് സംബന്ധിച്ച അടിമുടി ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ജൂവലറികൾ, ശീതീകരിച്ച വലിയ തുണിക്കടകൾ, ഷോപ്പിങ് മാളുകൾ തുടങ്ങിയവ തുറക്കാൻ അനുമതിയില്ല. റെഡ് സോൺ ജില്ലകളിലും ഹോട്‌സ്‌പോട്ട് മേഖലകളിലും കട തുറക്കരുതെങ്കിലും റെഡ് സോണിൽ കലക്ടർമാർക്ക് തീരുമാനമെടുക്കാം. ഹോട്‌സ്‌പോട്ട്, റെഡ്‌സോൺ ഒഴികെയുള്ള മേഖലകളിലെ ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് അനുസരിച്ചുള്ള കടകൾ തുറക്കാമെന്നായിരുന്നു കേന്ദ്ര ഉത്തരവ്. കേരളത്തിൽ ഗ്രാമ, നഗര വ്യത്യാസമില്ലാതെ കടകൾ തുറക്കാമെന്നാണു മുഖ്യമന്ത്രി പറഞ്ഞതെങ്കിലും ഉത്തരവിറങ്ങിയപ്പോൾ 2 മേഖലകളിലും വ്യത്യസ്ത നിർദേശങ്ങളായിരുന്നു.

എല്ലായിടത്തും കഴിയുന്നത്ര അകലം (ചുരുങ്ങിയത് ഒരു മീറ്റർ) പാലിക്കുക. ഓഫിസുകളിൽ കസേരകൾ ഒന്നര രണ്ട് മീറ്റർ അകലം പാലിച്ച് ക്രമീകരിക്കണം.
ന്മ കഴിവതും ഒരിടത്തും തൊടരുത് പ്രത്യേകിച്ച് സ്വിച്ച്, വാതിൽ പിടി, ഗോവണിപ്പിടി തുടങ്ങി പലർ തൊടാൻ സാധ്യതയുള്ള വസ്തുക്കളിൽ. എവിടെ പ്രവേശിക്കുമ്പോഴും, കൂടാതെ ഇടയ്ക്കിടെയും സോപ്പുപയോഗിച്ച് കൈ കഴുകണം. എല്ലാ സ്ഥാപനങ്ങളുടെയും പ്രവേശന കവാടത്തിൽ കൈകഴുകാനുള്ള കിയോസ്‌കുകൾ സ്ഥാപിക്കണം. കൈ കഴുകാൻ കഴിയില്ലെങ്കിൽ 60 ശതമാനത്തിലധികം ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിക്കാം.വൃത്തിയുള്ള മാസ്‌ക് ധരിക്കണം. കൈ കഴുകിയ ശേഷമേ ധരിക്കാവൂ. ധരിച്ചശേഷം മാസ്‌കിൽ തൊടരുത്. വീട്ടിൽ തിരിച്ചെത്തുമ്പോൾ തുണി മാസ്‌ക് വള്ളിയിൽ പിടിച്ച് ഊരി അണുവിമുക്തമാക്കി, കഴുകി, വെയിലത്ത് ഉണക്കി, ഇസ്തിരിയിട്ട് വീണ്ടും ഉപയോഗിക്കാം. കളയുന്ന മാസ്‌കാണെങ്കിൽ അണുവിമുക്തമാക്കി (ബ്ലീച്ചിങ് ലായിനിയിൽ മുക്കി) ആഴത്തിൽ കുഴിച്ചിടണം. അലക്ഷ്യമായി വലിച്ചെറിയരുത്. തുടങ്ങിയ നിർദേശങ്ങളും നൽകിയിരിക്കുന്നു.

റെസിഡൻഷ്യൽ ഏരിയയിലുള്ള കടകൾക്കും ഗ്രാമപ്രദേശങ്ങളിലുള്ള മാർക്കറ്റ് കോംപ്ലക്സുകൾക്കും തുറന്നു പ്രവർത്തിക്കാൻ അനുമതിയുണ്ട്. അതേസമയം, മുനിസിപ്പൽ കോർപ്പറേഷനുകൾ, മുനിസിപ്പാലിറ്റികൾ എന്നിവിടങ്ങളിൽ സിംഗിൾ ബ്രാൻഡ്, മൾട്ടി ബ്രാൻഡ് മാളുകൾ തുറക്കാൻ അനുമതിയില്ല. എന്നാൽ ഒറ്റപ്പെട്ട കടകൾക്ക് അനുമതിയുണ്ട്. ഷോപ്പിങ് കോംപ്ലക്സുകൾ, മാളുകൾ, മദ്യശാലകൾ എന്നിവ അടഞ്ഞു കിടക്കും. തുറക്കുന്ന കടകളിൽ 50 ശതമാനം ജീവനക്കാരേ പാടുള്ളൂ. ഇവർ നിർബന്ധമായും മാസ്‌ക് ധരിക്കണം. സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.

ഇവ തുറക്കാം

ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം രജിസ്റ്റർ ചെയ്തതും നഗരസഭ, കോർപ്പറേഷൻ പരിധികൾക്കു പുറത്തുള്ളതുമായ കടകൾ. ഗ്രാമങ്ങളിൽ പാർപ്പിട സമുച്ചയങ്ങൾക്കൊപ്പവും കമ്പോളങ്ങളുടെ ഭാഗമായുമുള്ള കടകൾ ഇതിൽ ഉൾപ്പെടുന്നു. ഗ്രാമീണമേഖലകളിലും ഭാഗിക-ഗ്രാമീണ മേഖലകളിലുമുള്ള രജിസ്റ്റർ ചെയ്ത എല്ലാ കടകളും. നഗരങ്ങളിൽ ഒറ്റപ്പെട്ട കടകൾക്കും പാർപ്പിട മേഖലകളോട് ബന്ധപ്പെട്ട കടകൾക്കും മാത്രം പ്രവർത്തനാനുമതി. പാർപ്പിട മേഖലകളിലെ തുന്നൽ കടകൾ. നഗരപരിധിക്കു പുറത്തുള്ള അംഗീകൃത കമ്പോളങ്ങൾ. എന്നാൽ 50 ശതമാനത്തിൽ കൂടുതൽ തൊഴിലാളികൾ കമ്പോളങ്ങളിൽ ജോലിക്കെത്തരുത്. നഗരപ്രദേശങ്ങളിൽ റെസിഡൻഷ്യൽ ഏരിയയിലുള്ളതോ ഒറ്റപ്പെട്ടതോ ആയ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന, അവശ്യ വസ്തുക്കളല്ലാത്ത ഉൽപന്നങ്ങൾ വിൽക്കുന്ന കടകൾ

റെഡ്സോണിൽ തുടരുന്ന ജില്ലകളിൽ തന്നെ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച മേഖലയിൽകടുത്ത നിയന്ത്രണം തുടരും. അതേസമയം ഹോട്ട് സ്പോട് മേഖല അല്ലാത്ത ഇടങ്ങളിൽ ഇളവുകൾ ലഭിക്കം.

ഇളവുകൾ ലഭിക്കുക ഇങ്ങനെയാണ്:

1. ആയുഷ് ഉൾപ്പടെയുള്ള ആരോഗ്യ സേവന മേഖലകൾ

2. മഴക്കാലപൂർവ പ്രവർത്തനങ്ങൾ, വെള്ളപ്പൊക്കം തടയുന്നതിനും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനുമുള്ള തദ്ദേശ സ്ഥാപനങ്ങൾ സർക്കാർ ഏജൻസികൾ എന്നിവയുടെ പ്രവർത്തികൾക്ക്

3. കൃഷിയും അനുബന്ധ പ്രവർത്തനങ്ങൾക്കും

4. പരമ്പരാഗത മത്സ്യ തൊഴിലാളികൾക്ക് മത്സ്യബന്ധനം നടത്തുന്നതിനും ഹാർബറുകളിലോ ഫിഷ് ലാന്റിങ് സെന്ററുകളിലോ എത്തിച്ച് വിൽപന നടത്തുന്നതിനും. ആളുകൾ കൂടി നിൽക്കുന്നത് ഒഴിവാക്കി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ നിശ്ചയിക്കുന്ന തുകയ്ക്ക് വിൽപ്പന നടത്താം. സാമൂഹിക അകലം ഉറപ്പ് വരുത്താൻ ജില്ലാ പൊലീസ് മേധാവിയുടെ നിയന്ത്രണത്തിലാവും പ്രവർത്തനങ്ങൾ.

5. ഗ്രാമീണ മേഖലകളിൽ പ്ലാന്റേഷൻ ജോലികൾ പരമാവധി 33 ശതമാനം ജോലിക്കാരെ ഉപയോഗിച്ച് ചെയ്യുന്നതിന്.

6. മൃഗപരിപാലനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ

7. ഹോട്ട് സ്പോട് മേഖലയിൽ ഉൾപ്പെടാത്ത സഹകരണബാങ്കുകൾ ഉൾപ്പടെയുള്ള ബാങ്കുകൾ രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ പകുതി ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാം. എന്നാൽ ബാങ്കിങ് ഇതര സാമ്പത്തിക ഇടപാട് സ്ഥാപനങ്ങളും ഇൻഷുറൻസ് സ്ഥാപനങ്ങളും തുറക്കാൻ പാടില്ല. ഹോട് സ്പോട്ട് മേഖലകളിൽ ബാങ്കുകൾക്ക് പ്രവർത്തനാനുമതിയില്ല.

8. സോഷ്യൽ സെക്ടർ മേഖലകൾക്ക് ജില്ലയിൽ പൂർണമായും പ്രവർത്തിക്കാം

9. ജലസേചനം, ജല സംരക്ഷണം, വെള്ളപ്പൊക്കം തടയുന്നതിനുള്ള നടപടികൾ, മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ, കിണർ നിർമ്മാണം, വരൾച്ച തടയുന്നതിനുള്ള പ്രവർത്തനങ്ങൾ എന്നിവ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സാമൂഹിക അകലം പാലിച്ച് അഞ്ചിൽ കൂടാത്ത അവിദഗ്ധ തൊഴിലാളി ഒരു സംഘത്തിൽ എന്ന നിലയിൽ നടത്താം. എന്നാൽ 60 വയസിൽ കൂടുതലുള്ളവരെ ഈ ജോലികളിൽ പങ്കെടുപ്പിക്കരുത്.

10. മൊബൈൽ, ഇലക്ട്രോണിക് ഉപകരണ ഷോപ്പുകൾ ഞായറാഴ്ചകളിൽ രാവിലെ ഒമ്പത് മുതൽ അഞ്ച് വരെ

11. ഹോട്ട് സ്പോട് മേഖലയിലൊഴികെ ചരക്കു നീക്കത്തിനും കയറ്റിറക്ക് പ്രവർത്തികൾക്കുമായി തൊഴിലാളികളുടെ യാത്ര അനുവദിക്കും.

12. ശാരീരിക അകലം പാലിച്ച് ശനിയാഴ്ചകളിൽ ട്രക്ക് മറ്റ് വാഹനങ്ങളുടെ വർക്ക് ഷോപ്പുകൾ രാവിലെ ഏഴ് മുതൽ അഞ്ച് വരെ

13. അവശ്യസാധനങ്ങൾ, ഭക്ഷണം, പച്ചക്കറി, പാൽ, കോഴിക്കടകൾ എന്നിവ രാവിലെ ഏഴ് മുതൽ വൈകുന്നേരം അഞ്ച് വരെയായിരിക്കും. ഡോർ ഡെലിവറി സംവിധാനം രാത്രി എട്ടു വരെയും നടത്താം. ആവശ്യമെങ്കിൽ ഹോട്ട് സ്പോട്ട് മേഖലകളിൽ ഡോർ ഡെലിവറി സംവിധാനത്തിനും അനുമതിയുണ്ട്.

14. ഹോട് സ്പോടിലൊഴികെ ഹോട്ടലുകളിൽ നിന്നും ഭക്ഷണം പാർസലായി രാത്രി എട്ട് വരെയും ഹോം ഡെലിവറി രാത്രി 10 വരെയും നടത്താം. അംഗീകൃത സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡ് വിതരണത്തിന് പോകുന്നയാൾ കരുതണം.

15. തിങ്കളാഴ്ചകളിൽ ഇലക്ട്രിക്കൽ ഷോപ്പുകൾക്കും പഠന പുസ്തകങ്ങൾ വിൽക്കുന്ന കടകൾക്കും രാവിലെ ഏഴ് മുതൽ വൈകുന്നേരം അഞ്ച് വരെ പ്രവർത്തിക്കാം.

16. ബുധനാഴ്ചകളിൽ സിമന്റ് കടകൾക്ക് രാവിലെ ഏഴ് മുതൽ വൈകുന്നേരം അഞ്ച് വരെ പ്രവർത്തിക്കാം.

17. വ്യവസായ മേഖലകളിൽ സാമൂഹിക അകലമുൾപ്പടെ സുരക്ഷ നിർദേശങ്ങൾ പാലിച്ച് പ്രവർത്തിക്കാം

18. ആശുപത്രികളുടെ കെട്ടിട നിർമ്മാണം, മഴക്കാല പൂർവ നിർമ്മാണ പ്രവർത്തികൾ, ജലസേചനം, കെ.എസ്.ഇ.ബി എന്നിവയുമായി ബന്ധപ്പെട്ട നിർമ്മാണങ്ങൾ, അഴുക്കുചാലുകളുടെ നിർമ്മാണം, ഹാർബർ എഞ്ചിനീയിറിങ് ജോലികൾ, പാതി വഴിയിൽ മുടങ്ങിയ റോഡുകൾ, ജല വിതരണ സംവിധാനം, ശുചീകരണം എന്നിവ കൃത്യമായ നിബന്ധനകളോടെ നടത്താവുന്നതാണ്. അതിഥി തൊഴിലാളികൾ ഉൾപ്പടെ അത്യാവശ്യത്തിന് തൊഴിലാളികളെ ഉൾപ്പെടുത്തുകയും ജോലിസ്ഥലത്ത് തന്നെ അവരെ താമസിപ്പിക്കുകയും ചെയ്യേണ്ടതാണ്. യാതൊരു കാരണവശാലും ദിവസേനയുള്ള തൊഴിലാളികളുടെ യാത്രകൾ അനുവദിക്കില്ല.

19. ഹോട്ട് സ്പോട് മേഖലകളിലൂടെയുള്ള യാത്രകൾക്കുള്ള കർശന നിയന്ത്രണം തുടരും. ഹോട് സ്പോട്ട് അല്ലാത്ത മേഖലകളിൽ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലമോ ജില്ലാ കലക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവർ നൽകുന്ന പാസ് എന്നിവ നിർബന്ധമാണ്. സന്നദ്ധ സേവകർക്കും ഇത്തരത്തിൽ അംഗീകൃത പാസ് നിർബന്ധമാണ്.

20. സർക്കാർ-സ്വകാര്യ മേഖലയിലെ ജീവനക്കാർ, ബാങ്ക് ജീവനക്കാർ, മാധ്യമപ്രവർത്തകർ എന്നിവർക്ക് അവരുടെ അംഗീകൃത തിരിച്ചറിയൽ കാർഡ് മതിയാകും.

21. സംസ്ഥാനത്തിനകത്ത് യാത്ര ചെയ്യുന്നതിന് ഗർഭിണികൾ, ചികിത്സയുടെ ആവശ്യാർത്ഥം പോകുന്നവർ, അടുത്ത ബന്ധുവിന്റെ മരണവുമായോ മരണാസന്നരായവരെ കാണുന്നതിനായോ പോകുന്നവർ എന്നിവരെ അനുവദിക്കും.

22. ക്വാറികളിലും ക്രഷറുകളിലും ഖനനം അനുവദിക്കില്ല. എന്നാൽ നിലവിലുള്ള ഉത്പന്നങ്ങൾ നിർമ്മാണ ആവശ്യങ്ങൾക്കായി വിൽപ്പന നടത്താം. ഇത്തരം സ്ഥാപനങ്ങളിൽ സാമൂഹിക അകലം ഉറപ്പാക്കണം. തൊഴിലാളികളെ സൗകര്യപ്രദമായി താമസിപ്പിക്കണം. ദിവസേനയുള്ള അവരുടെ യാത്ര അനുവദിക്കുന്നതല്ല.

23. സിമന്റ് കട്ടകൾ, ഇന്റർ ലോക്ക് കട്ടകൾ, ഹോളോബ്രിക്‌സ്, ഇഷ്ടിക തുടങ്ങിയവയുടെ നിർമ്മാണം ചട്ടങ്ങൾ പാലിച്ച് ആരംഭിക്കാം. എന്നാൽ മെയ് മൂന്ന് വരം വിൽപ്പനയോ ഉത്പന്നങ്ങൾ വാഹനത്തിൽ എത്തിച്ചു നൽകുന്നതിനോ അനുമതിയില്ല. നിലവിലുള്ള അതിഥി തൊഴിലാളികളുടെ സേവനം നിർമ്മാണത്തിന് പ്രയോജനപ്പെടുത്താവുന്നതാണ്. സാമൂഹ്യ അകലവും വ്യക്തി ശുചിത്വവും ഉറപ്പാക്കണം.

24. ഹോട്ട് സ്‌പോടട്ട് മേഖലകളിലൊഴികെയുള്ള പ്രദേശങ്ങളിൽ ഏപ്രിൽ 28 ന് സുരക്ഷാ ക്രമീകരണങ്ങൾക്കായി ജൂവലറി ഷോപ്പുകൾ തുറക്കാം. ഉപഭോക്താക്കളെ ഒരു കാരണവശാലും ഇത്തരം സ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കാൻ പാടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP