Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അനുവാദമില്ലാതെ എസ് ടി ഡി വിളിച്ചാലും സിനിമ കണ്ടാലും വെടിവെച്ച് കൊല്ലും! മുടിവെട്ടുന്നതും വസ്ത്രം ധരിക്കുന്നതും സ്റ്റേറ്റ് പറയുന്ന പോലെ; ഇന്റർനെറ്റും ചാനലുകളും ഇല്ല; ക്രിസ്മസും ബക്രീദും... മതങ്ങളുമില്ല; ജനം പട്ടിണി കിടന്ന് മരിക്കുമ്പോഴും അത്യാഢംബരത്തിൽ ജീവിക്കുന്ന ഉത്തര കൊറിയൻ പ്രസിഡന്റ്; സർവാധിപതിക്കൊപ്പം അന്തി ഉറങ്ങുന്നത് മഹാഭാഗ്യമായി കാണുന്ന പെൺകുട്ടികൾ; മദ്യവും മദിരാക്ഷിയുമായി നാടുമുടിപ്പിച്ചിട്ടും മഹാനാക്കപ്പെടുന്ന ഒരു സൈക്കോ കമ്യൂണിസ്റ്റ് ഏകാധിപതിയുടെ കഥ

അനുവാദമില്ലാതെ എസ് ടി ഡി വിളിച്ചാലും സിനിമ കണ്ടാലും വെടിവെച്ച് കൊല്ലും! മുടിവെട്ടുന്നതും വസ്ത്രം ധരിക്കുന്നതും സ്റ്റേറ്റ് പറയുന്ന പോലെ; ഇന്റർനെറ്റും ചാനലുകളും ഇല്ല; ക്രിസ്മസും ബക്രീദും... മതങ്ങളുമില്ല; ജനം പട്ടിണി കിടന്ന് മരിക്കുമ്പോഴും അത്യാഢംബരത്തിൽ ജീവിക്കുന്ന ഉത്തര കൊറിയൻ പ്രസിഡന്റ്; സർവാധിപതിക്കൊപ്പം അന്തി ഉറങ്ങുന്നത് മഹാഭാഗ്യമായി കാണുന്ന പെൺകുട്ടികൾ; മദ്യവും മദിരാക്ഷിയുമായി നാടുമുടിപ്പിച്ചിട്ടും മഹാനാക്കപ്പെടുന്ന ഒരു സൈക്കോ കമ്യൂണിസ്റ്റ് ഏകാധിപതിയുടെ കഥ

എം മാധവദാസ്

ഷ്ടമുള്ള സിനിമകൾ കണ്ടു എന്ന കുറ്റത്തിന്റെ പേരിൽ ഫയറിങ്ങ് സ്‌ക്വാഡ് വെടിവെച്ചുകൊല്ലുന്ന രാജ്യം! സ്റ്റേറ്റ് പറയുന്ന രീതിയില്ലാതെ മുടിവെട്ടുകയോ, വസ്ത്രം ധരിക്കുകയോ ചെയ്താൽ പോലും ജയിലിൽ ആവുന്ന രാജ്യം. ഇന്റൻനെറ്റില്ല, ഫേസ്‌ബുക്കില്ല വാടസാപ്പില്ല. ചാനലുകൾ ഇല്ല. സർക്കാർ ടെലിവിഷനിലെ വാർത്തകൾ മാത്രം കേൾക്കണം. എവിടെയും ഭീതിയും ചാരക്കണ്ണകളും. സ്വതന്ത്രമായി ഒരു അഭിപ്രായം പറഞ്ഞാൽ അന്നുരാത്രി കതകിൽ രണ്ടു മുട്ടുകേൾക്കാം. പട്ടാള ഉദ്യോഗ്സഥർ കൊണ്ടുപോകുന്ന നിങ്ങളെ കുറിച്ച് പിന്നെ ഒരു വിവരവും ഉണ്ടാവില്ല.ക്രിസ്മസ് ഇല്ല ഈസ്റ്ററില്ല, ബക്രീദും റമദാൻനോമ്പും ഒന്നുമില്ല. ലോകം ക്രിസ്മസ് ആഘോഷിക്കുമ്പോൾ ഇവിടെ ആഘോഷിച്ചത് പ്രസിഡന്റിന്റെ മുത്തശ്ശിയുടെ ജന്മദിനമാണ്.

 

മതങ്ങളെ നിരോധിച്ചിട്ടില്ലെങ്കിലും അവക്കൊന്നു തലപൊക്കാനുള്ള യാതൊരു സ്പേസുമില്ല. ആരാധനാലയങ്ങൾ അപൂർവം. എന്ത് ഭക്ഷിക്കണം എന്ത് വിശ്വസിക്കണം എന്നതെല്ലാം സ്റ്റേറ്റ് ടെലവിഷനിലൂടെ സർക്കാർ പറഞ്ഞു തരും. രാജ്യത്തിനുവേണ്ടി മരിക്കയാണ് ഒരു പൗരന്റെ പ്രധാന കടമ. നാവടക്കുക, പണിയെടുക്കുക... ഒരേ ഒരു പൊതു അവധിയാണ് രാജ്യത്തുള്ളത്് . അതായത് പ്രസിഡന്റിന്റെ ജന്മദിനം. സാധാരണ ജനങ്ങൾക്ക് മോട്ടോർ വാഹനങ്ങൾ വാങ്ങാൻ അവകാശമില്ല. പട്ടാളക്കാരോ ഗവൺമെന്റ് ജോലിക്കാരോ ആയ ഉദ്യോഗസ്ഥർക്കുമാത്രമേ മോട്ടോർ വാഹനങ്ങൾ വാങ്ങാൻ അവകാശമുള്ളൂ. പക്ഷേ ഇവിടെ ജനാധിപത്യമുണ്ട്. മൽസരിക്കുന്നത് ഒരേ ഒരു പാർട്ടി മാത്രം. 99.99 ശതമാനം വോട്ടുനേടി എല്ലാതവണയും അവർ ജയിക്കകയും ചെയ്യും! ഓർക്കുക, എന്തൊരു ഭ്രാന്തൻ നാട്.

ഇനി ഇങ്ങയൊക്കെയാണെങ്കിലും സാമ്പത്തിക പുരോഗതിയും സമാധാനവും ഉണ്ടെങ്കിൽ ആശ്വസിക്കാമായിരുന്നു. വികസിത രാജ്യങ്ങളിൽ 80 കളിൽ ജീവിച്ചപോലെയാണ് ഇവിടുത്തെ ജന ജീവിതം. ടീവിയും ഫ്രഡ്ജും പോലും ലക്ഷ്വറിയാണ്. ഭക്ഷണ സാധനങ്ങൾക്കും ഇടക്കിടെ ക്ഷാമം വരും. അപ്പോൾ മണിക്കുറുകൾ വരി നിന്നാണ് അത്യവശ്യ സാധനങ്ങൾ വങ്ങേണ്ടത്. അത്യുഷ്ണവും അതിശൈത്യവും പകർച്ചവ്യാധിയും പട്ടിണയുമൊക്കെ കാലാകാലങ്ങളിൽ വന്ന് ആയിരങ്ങൾ മരിക്കുന്നതൊന്നും ഒരു പ്രശ്നവുമല്ല. അതെല്ലാം രാജ്യം കെട്ടിപ്പടുക്കാനുള്ള വെല്ലുവിളികൾ മാത്രം. ഒരു കൊക്കക്കോളാ കുപ്പിപോലും ആഡംബരമായ നാട്ടിൽ പക്ഷേ ക്ഷാമമില്ലാത്ത ഒന്നുണ്ട്. തോക്കുകളും ബോബുകളും അണ്വായുധങ്ങളും.

ഇസ്ലാമിക രാജ്യങ്ങളിൽപ്പോലും ഇല്ലാത്തത്ര രീതിയിൽ സ്വാതന്ത്ര്യത്തെ ഹനിച്ചുകൊണ്ട് ജന ജീവിതം ദുസ്സഹമാക്കുകയാണ് ഉത്തര കൊറിയയും അതിന്റെ പ്രസിഡന്റായ ഇപ്പോൾ ഹൃദയ ശസ്ത്രകിയ്‌ര കഴിഞ്ഞ് അത്യാസന്ന നിലയിൽ കഴിയുന്ന കിം ജോങ്ങ് ഉന്നും. എന്നിട്ടും അത്യാസന്ന നിലയിൽ കഴിയുന്ന, നരാധമൻ എന്ന് നിസ്സംശയം പറയാൻ കഴിയുന്ന ആ മനുഷ്യനുവേണ്ടി ഒരു രാജ്യം തേങ്ങുകയാണ്! അപ്പോഴാണ് കമ്യൂണിസ്റ്റ് ഇരുമ്പുമറിയിലെ പ്രൊപ്പഗൻഡാ മാനേജ്മെന്റിനെ കുറിച്ച് നാം ബോധവാന്മാരാവുക. അമേരിക്കയിൽനിന്നും പരമ്പാഗത വൈരികളായ ദക്ഷിണ കൊറിയയിൽനിന്നും രാജ്യത്തെ രക്ഷിക്കുന്ന വലിയ പോരാളിയായിട്ടാണ്, സ്വന്തം കുടംബാഗംങ്ങളെപ്പോലും ഹീനമായി കൊന്നെടുക്കിയ, പതിനായിരങ്ങളുടെ ചോരയിലൂടെ കടന്നുപോയ ഒരു കിറുക്കൻ നേതാവിനെ അവർ കാണുന്നത്.

എന്തിന് കൊറിയക്കാരെ കുറ്റം പറയുന്നു. പ്രബുദ്ധർ എന്ന് നാം വിളിക്കുന്ന കേരളത്തിലും കമ്യൂണിസ്റ്റ് നൊസ്റ്റാൾജിയുടെപേരിൽ ഈ ക്രൂരന് ആരാധകർ ഏറെയുണ്ട്. മനസ്സുകൊണ്ട് കിമ്മിനെ പ്രണയിക്കുന്നവരാണ് കേരളത്തിലെ മാർക്്സിസ്്റ്റ് അനുഭാവികളിൽ ഒരു വിഭാഗം എങ്കിലും. കഴിഞ്ഞ തവണ സിപിഎമ്മിന്റെ നെടുങ്കണ്ടം ഏരിയാ സമ്മേളനത്തോട് അനുബന്ധിച്ച് ഇറക്കിയ പോസ്റ്ററിൽ കിം ജോങ്് ഉന്നിന്റെ ഫോട്ടോവെച്ച് പ്രചാരണം നടത്തിയത് വലിയ വിവാദമായിരുന്നു. സൈബർലോകത്ത് ഉത്തരകൊറിയൻ ഏകാധിപതിയുടെ ആരോഗ്യ കാര്യത്തിൽ ഏറ്റവും അധികം ആശങ്കപ്പെടുന്നവർ ആരായിരിക്കും? അദ്ദേഹത്തിന്റെ പേരിലുള്ള ഫേസ്‌ബുക് പേജിൽ നോക്കിയാൽ അതിനുത്തരം ലഭിക്കും. അതു മറ്റാരുമല്ല മലയാളികൾ തന്നെ. കിമ്മിന്റെ ആരോഗ്യനില മോശമാണ് എന്ന വാർത്തകൾ വന്നതോടെ 'സുഖമാണോ' എന്ന് അന്വേഷിച്ചും തിരിച്ചുവരാൻ ആശംസിച്ചും രംഗത്തെത്തിയിരിക്കുകയാണ് മലയാളികൾ.

'പ്രിയപ്പെട്ട കിമ്മേട്ടാ, അണ്ണന്റെ ആരോഗ്യനിലയെ കുറിച്ച് ലോകമെമ്പാടും വാർത്ത പ്രചരിക്കുന്നു. ഇതിന് മറുപടിയുമായി ഉടൻ എത്തണം, താങ്കളില്ലാത്ത ലോകത്തെ കുറിച്ച് ചിന്തിക്കാനാവില്ല. അണ്ണാ, ഇപ്പോൾ എങ്ങനെയുണ്ട്' എന്നിങ്ങനെ പോകുന്നു കിം ജോങ് ഉന്നിന്റെ പേരിലുള്ള ഫേസ്‌ബുക് പേജിലെ മലയാളം കമന്റുകൾ. ഒരോ കമന്റിലും കിമ്മിനോടുള്ള സ്നേഹവും കരുതലും കാണാം. മരിച്ചെന്നു പ്രചരിപ്പിക്കുന്നവർക്കെതിരെ അദ്ദേഹത്തിന്റെ ശൈലിയിൽ തന്ന നടപടി സ്വീകരിക്കണമെന്ന ആവശ്യവും കമന്റുകളിൽ നിറയുന്നു.5 ലക്ഷത്തിലേറെപ്പേർ പിന്തുടരുന്ന അക്കൗണ്ട് ഉൾപ്പടെ ഏതാനും അക്കൗണ്ടുകൾ കിമ്മിന്റെ പേരിലുണ്ട്. എന്നാൽ ഇതൊന്നും കിമ്മിന്റെ അക്കൗണ്ടല്ല. പലതിലും കമന്റുകളുമായി മലയാളികൾ എത്തിയിട്ടുണ്ട്. 'വിധിയെ പോലും വിറപ്പിച്ച് അദ്ദേഹം തിരിച്ചു വരും' എന്നാണ് മലയാളികൾ പറയുന്നത്. ഇതിൽ പലതും ട്രോൾ ആണെന്ന് പറഞ്ഞ് തള്ളേണ്ടതില്ല. നിങ്ങൾക്ക് കിമ്മിന്റെ പേരിലുള്ള ശ്രദ്ധ തന്നെയാണ് ട്രോൾ ആയിപോലും ഫലിക്കുന്നത്.

ഉത്തരകൊറിയ ചരിത്രത്തിലൂടെ

ഏകദേശം 25 മില്യൺ ജനസംഖ്യയുള്ള ഒരു കൊച്ചു ഏഷ്യൻ രാജ്യമാണ് ഉത്തരകൊറിയ. ജനാധിപത്യം ലവലേശം നിലനിൽക്കുന്നില്ലെങ്കിലും രാജ്യത്തിന്റെ പേര് ''ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് കൊറിയ'' എന്നാണ്. ജപ്പാൻ ഉൾക്കടലിനും മഞ്ഞക്കടലിനുമിടയിൽ സ്ഥിതിചെയ്യുന്ന ഈ രാജ്യം പ്രധാനമായും അതിർത്തിപങ്കിടുന്നത് ചൈനയുമായും വളരെ ചെറിയൊരു ഇടനാഴിയിലൂയോടെ റഷ്യയുമായും പിന്നെ 'ബന്ധവൈരികളായ' ദക്ഷിണകൊറിയയുമായും ആണ്. ഇതിൽ ദക്ഷിണകൊറിയയുമായുള്ള അതിർത്തിയാണ് ലോകത്തിലെ ഏറ്റവും പട്ടാളസാന്ദ്രത കൂടിയ 'ഡിമിലിറ്ററൈസ്ഡ് സോൺ' എന്നറിയപ്പെടുന്ന ഭാഗം. കൂടുതലും പർവ്വതങ്ങളാലും താഴ്‌വരകളാലും നിറഞ്ഞപ്രദേശമാണ് ഉത്തരകൊറിയയുടേത്. കാലാവസ്ഥ പ്രധാനമായും മൺസൂണിനേയും സൈബീരിയയിൽനിന്നുള്ള ശീതക്കാറ്റിനേയും അപേക്ഷിച്ചിരിക്കുന്നു. മൺസൂൺകാലത്ത് കനത്ത മഴയും വേനൽക്കാലത്ത് അസഹിഷ്ണമായ ചൂടും സൈബീരിയയിൽ നിന്നുള്ള ശീതക്കാറ്റ്സമയത്ത് അതിശൈത്യവും അനുഭവപ്പെടുന്ന പ്രത്യേക ഭൂപ്രദേശമാണ് കൊറിയൻ ഉപദ്വീപിലേത്,പ്രധാനമായും ഉത്തരകൊറിയയിലേത്. അധിനിവേശം നടത്തിയ ജപ്പാൻകാരോട്, ഗറില്ലാ യുദ്ധമുറകളിലൂടെ പൊരുതി, കമ്യൂണിസ്റ്റ് നേതാവായ കിം ഇൽ സുങ്ങും കൂട്ടരും നേടിഎടുത്തതാണ് ഉത്തരകൊറിയയുടെ സ്വാതന്ത്ര്യം..

1948ൽ രൂപീകൃതമായ ഈ രാജ്യം രണ്ടുലോകമഹാശക്തികളുടെ കിടമത്സരത്തിന്റെ ഫലമായി ഇന്ന് പട്ടിണിയും ദാരിദ്രവും കൊണ്ട് നട്ടംതിരിയുന്ന ഒരു ജനതയെയും അപകടകാരികളായ ഏകാധിപതികളേയും സൃഷ്ടിക്കാൻ കാരണമായി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അന്നത്തെ വൻശക്തികളായിരുന്ന 'സോവിയറ്റ് യൂണിയനും' 'യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയും' തന്നിൽ നടന്ന വീതം വെപ്പാണ് ഇതിനെല്ലാം കാരണമായത്. കൊറിയൻ ഉപദ്വീപ് രണ്ടായി വിഭജിച്ച അവർ ഉത്തരകൊറിയയും ദക്ഷിണകൊറിയയും എന്ന രണ്ട് പുതിയരാഷ്ട്രങ്ങൾ നിലവിൽ വരുത്തുകയും ചെയ്തു. സോവിയറ്റ് യൂണിയൻ ഉത്തരകൊറിയയിൽ സ്റ്റാലിനിസ്റ്റ് ചിന്താഗതിയിലുള്ള കമ്മ്യൂണിസ്റ്റ് ഏകാധിപതിയെ നേതാവാക്കിയപ്പോൾ ദക്ഷിണകൊറിയയിൽ അമേരിക്ക കമ്മ്യൂണിസ്റ് വിരുദ്ധനായ നേതാവിനെ നേതാവാക്കുകയും ചെയ്തു. ഈ സൈദ്ധാന്തിക വ്യാത്യാസങ്ങളാണ് പിൽക്കലത്തു കൊറിയൻ യുദ്ധം ഉണ്ടാകാൻ കാരണമായതും ലക്ഷക്കണക്കിന് ആളുകൾ മരിക്കുകാനിടയാക്കുകയും ചെയ്തത്.

മൺസൂൺകാലത്ത് കനത്ത മഴയും വേനൽക്കാലത്ത് അസഹിഷ്ണമായ ചൂടും സൈബീരിയയിൽ നിന്നുള്ള ശീതക്കാറ്റ്സമയത്ത് അതിശൈത്യവും പലപ്പോഴും ഉത്തരകൊറിയയിലെ കർഷകരെ ദാരിദ്ര്യത്തിൽനിന്ന് ദാരിദ്ര്യത്തിലേക്ക് നയിച്ചു. 1990 കളിൽ അനുഭവപ്പെട്ട കൊടും വരൾച്ചയിലും കൊടുങ്കാറ്റിലും 20 ലക്ഷത്തോളം ജനങ്ങളാണ് മരിച്ചുമണ്ണടിഞ്ഞത്. എന്നാൽ ക്രോഡീകൃതമായ ഒരു കൃഷിരീതി നടപ്പാക്കപ്പെടാൻ ഏകാധിപതിയുടെ സർക്കാർ മുന്നോട്ട് വന്നില്ല. മരിക്കാതെ അവശ്ശേഷിച്ച പാവപ്പെട്ട ഉത്തരകൊറിയക്കാർ പട്ടിണിയും പരിവട്ടവുമായി അഭിപ്രായ സ്വാതന്ത്ര്യമില്ലാതെ സർവ്വംസഹരായി ജീവിച്ചു, ഇന്നും ജീവിക്കുന്നു. ഉത്തരകൊറിയ ഇന്നൊരു ദരിദ്രനാരായണന്മാരുടെ രാജ്യമാണ്. രാജ്യത്തെ ഉത്പാദനത്തിന്റേയും ജി.ഡി.പിയുടേയും മൂന്നിലൊന്ന് അഥവാ 33.3% 'പ്രതിരോധത്തിനായി' ചിലവഴിക്കുന്ന രാജ്യം. ഇന്ത്യ അടക്കമുള്ള വികസ്വരരാജ്യങ്ങളും യൂറോപ്പ്യൻ യൂണിയനടക്കമുള്ള വികസിതരാജ്യങ്ങളും അവരവരുടെ ജി.ഡി.പിയുടെ 2.5% മുതൽ 3% വരെ മാത്രമാണ് 'പ്രതിരോധത്തിനായി' ചിലവഴിക്കുന്നത് എന്നുകൂടിചേർത്ത് വായിക്കുമ്പോൾമാത്രമേ ഇതിന്റെ ഭീതിജനകമായ വസ്ഥുത മനസ്സിലാവുകയുള്ളൂ.

ഏഴുപതിറ്റാണ്ടോളം കാലം കാലം ഭരണം കയ്യാളിയ ജനപ്രിയ നേതാവ് കിം ജോങ് ഇല്ലിൻർ മരണത്തോടെ 2011 -ൽ അധികാരമേറ്റെടുത്ത കിം ജോങ് ഉൻ പക്ഷേ, തികഞ്ഞ സ്വേച്ഛാധിപത്യമാണ് നാട്ടിൽ സ്ഥാപിച്ചെടുത്തത്. അധികാരമേറുമ്പോൾ വെറും 26 വയസായിരുന്നു കിമ്മിന്. അമതിമായ അധികാരവും മദ്യവും മദിരാക്ഷിയും അയാളെ തികഞ്ഞ ഒരു ഭ്രാന്തന് സമാനമാക്കി മാറ്റിയിരിക്കയാണ്. എല്ലാവർക്കും അയാളെ പേടിയാണ്. എന്തിന് ട്രംപിനുപോലും. നാട്ടിൽ പട്ടിണിയും ദാരിദ്രവും ആവോളം ഉണ്ടെങ്കിലും ഹൈഡ്രജൻ ബോംബിന്റെയും ആണവായുധങ്ങളുടെയും കാര്യത്തിൽ ഉത്തരകൊറിയ മുൻപിലാണ്. ഒരു ആണവ ശക്തിയായതുകൊണ്ടാണ് അമേരിക്കപോലും ഉത്തരകൊറിയക്കെതിരെ നടപടി എടുക്കാത്തത്. കാരണം ഈ ഭ്രാന്തൻ കിം എപ്പോഴാണ് ഹൈഡ്രൻ ബോംബ് പുറത്തെടുക്കുക ്എന്ന് ആർക്കറിയാം.

പട്ടിണികൊണ്ട് അവർക്ക് ഉയരംപോലും കുറയുന്നു

ഇന്ന് ഉത്തരകൊറിയ ഒരു സ്റ്റാലിനിസ്റ്റ് കമ്മ്യൂണിസ്റ്റ് ചിന്താഗതിയുള്ള രാജ്യമായി പരിണമിച്ചിരിക്കുന്നു. 'കിം ജോങ് ഉൻ' എന്ന യുവ ഏകാധിപതിയുടെ കീഴിൽ രാജ്യം മുന്നോട്ട് പോകുന്നു. 'കിം ജോങ് ഉൻ' ഉത്തരകൊറിയയുടെ 'ചെയർമാൻ ഓഫ് നാഷണൽ ഡിഫൻസ് കമ്മീഷൻ' എന്ന സ്ഥാനം അലങ്കരിക്കുന്നു. ഏകാധിപതിയുടെകീഴിലെ നിയമസാമാജികരുടെ എണ്ണം 687 ആണ്. ഇതിന്റെ പേരാവട്ടെ 'സുപ്രീം പീപ്പിൾസ് അസംബ്ലി' എന്നുമാണ്. എല്ലാ സാമാജികരും 'കൊറിയൻ വർക്കേഴ്സ് പാർട്ടി' എന്ന ഒരേ പാർട്ടിയിലെ അംഗങ്ങളാണ്. അതായത് ഉത്തരകൊറിയയിൽ പ്രതിപക്ഷം എന്നൊരുപക്ഷമില്ല. ആകെയുള്ളത് 'കിം ജോങ് ഉൻ' പറയുന്നത് വെള്ളംതൊടാതെ വിഴുങ്ങുന്ന കുറേ പാവജനപ്രതിനിധികളും എന്തുക്രൂരതയും ചെയ്യാൻ മടിയില്ലാത്ത പട്ടാളജനറൽമാരുമാണ്. 17 വയസ്സുമുതൽ എല്ലാ പൗരന്മാർക്കും തിരഞ്ഞെടുപ്പിൽ തന്റെ സംവതിദാനഅവകാശം അഥവാ വോട്ട് ചെയ്യാൻ അധികാരമുണ്ട്. പക്ഷേ ഒരൊറ്റപാർട്ടിയുടെ പേരുമാത്രമേ ബാലറ്റ്പേപ്പറിലുള്ളൂ.'കൊറിയൻ വർക്കേഴ്സ് പാർട്ടി'യാണ് ആ എക പാർട്ടി, ഏകാധിപതിയുടെ സ്വന്തം പാർട്ടി.അതിൽ വോട്ട് ചെയ്ത് തന്റെ വിലയേറിയ വോട്ടവകാശം രേഖപ്പെടുത്താൻ 'ജനാധിപത്യ' ഉത്തരകൊറിയയിൽ എല്ലാവർക്കും അവകാശമുണ്ട്.നിയമവ്യവസ്ഥ പേരിനുമാത്രം. മറ്റുരാജ്യങ്ങളിലെപ്പോലെ വികസിതമായൊരു നീതിന്യായവ്യവസ്ഥ ഇവർക്കില്ല. പകരം 'ജുഡീഷ്യൽ ബ്രാഞ്ച്' എന്നൊരു പ്രഹസനം മാത്രമേ നിലവിലുള്ളൂ. അതിൽ അറുപഴഞ്ചൻ നിയമങ്ങളുള്ള സുപ്രീം കോടതിയും അപരിഷ്‌കൃതമായ ഹൈക്കോടതികളും പട്ടാളക്കോടതികളുമെല്ലാം നിലകൊള്ളുന്നു. 25 മില്ല്യൺ ജനസംഖ്യയുടെ 63% ജീവിക്കുന്നത് നഗരങ്ങളിലാണ്.

1980 കളോടെ ദക്ഷിണകൊറിയൻ സമ്പത് വ്യവസ്ഥ ഉത്തരകൊറിയയേക്കാൾ വളർച്ചനേടി മുന്നോട്ട് കുതിച്ചു. 1990 കളായപ്പോഴേക്കും പ്രകൃതിക്ഷോഭങ്ങളും കൊടുങ്കാറ്റും അപരിഷ്‌കൃതമായ കാർഷികരംഗവും ഉത്തരകൊറിയൻ സമ്പത് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചു. 10 ലക്ഷത്തോളം ജനങ്ങൾ പട്ടിണികൊണ്ടും പ്രകൃതിക്ഷോഭങ്ങളാലും മരിച്ചു. സമ്പത് വ്യവസ്ഥയുടെ തകർച്ച അതോടെ പൂർണ്ണമായി.1994-ൽ ഏകാധിപതി 'കിം ഇൽ സങ്ങ്' ഹൃദയാഘാതം വന്ന് മരിക്കുകയും മകൻ 'കിം ജോങ്ങ് ഇൽ' ഉത്തരകൊറിയൻ ഏകാധിപതിയായി സ്ഥാനമേൽക്കുകയും ചെയ്തു. അധികാരമേറ്റയുടൻ 'സൊങ്ങൻ ചോങ്ങ്'ചീ അധവാ 'പട്ടാളം ആദ്യം' എന്ന നയപ്രഖ്യാപനം നടത്തി. അതോടെ ഉത്തരകൊറിയ സമ്പൂർണ്ണമായും ഒരുപട്ടാളഭരണത്തിൻകീഴിലായി. മനുഷ്യാവകാശങ്ങൾ കാറ്റിൽപറത്തി ഏകാധിപതി രാജ്യം ഭരിച്ചു. 2011 ഡിസംബറിൽ 'കിം ഇൽ സങ്ങ്' മരിക്കുമ്പോഴേക്കും രാജ്യം പരമദരിദ്രരാജ്യമായിക്കഴിഞ്ഞിരുന്നു. ദക്ഷിണകൊറിയയുടേയും യുണൈറ്റഡ് നേഷൻസിന്റേയും ഭക്ഷണപ്പൊതികളെക്കാത്ത് മൂന്നിലൊന്ന് ഉത്തരകൊറിയൻ ജനത ഭിക്ഷാംദേഹികളായി തെരുവിലലഞ്ഞു. 'കിം ഇൽ സങ്ങ്'ന്റെമരണത്തെ തുടർന്ന് അധികാരത്തിലെത്തിയ27 വയസ്സുകാരനായ 'കിം ജോങ്ങ് ഉൻ' അപ്പൂപ്പൻ 'കിം ഇൽ സങ്ങ്'ന്റെ തനിപ്പകർപ്പായിരുന്നു. കാഴ്ചയിലും പ്രവൃത്തിയിലും തന്റെ അമ്മാവനെ വിമാനവേധതോക്ക്കൊണ്ട് വെടിവെച്ച് ചിന്നിചിതറിച്ച 'കിം ജോങ്ങ് ഉൻ' സർവ്വ രാഷ്ട്രീയ-പട്ടാള എതിരാളികളേയും കുടുംബമടക്കം കൂട്ടക്കൊലചെയ്തില്ലാതാക്കി.

രാജ്യത്തിന്റെ ഒരുഭാഗത്ത് പട്ടിണികൊണ്ടും പോഷകാഹാരമില്ലാതെയും ജനം വലയുമ്പോൾ മറ്റൊരുഭാഗത്ത് സുഖലോലുപതയിൽ ഉത്തരകൊറിയയുടെ ഏകാധിപതിയും അയാളുടെ കിങ്കരന്മാരും ലോകത്തെ മുഴുവൻ ഒരു ആണവയുദ്ധത്തിന്റെ ഭീതിയിൽ നിലനിർത്തുന്നു. ഉത്തരകൊറിയയിൽ ജനിക്കുന്ന മൂന്നിലൊന്ന് കുട്ടികൾക്ക് മാത്രമേ പോഷകാഹാരം ലഭ്യമാകുന്നുള്ളൂ. മറ്റുള്ളവരുടെ അവസ്ഥ ദയനീയമാണെന്ന് 'ആംനെസ്റ്റി ഇന്റർനാഷണലും റെഡ്ക്രോസും' സ്ഥിരമായി റിപ്പോർട്ട് ചെയ്യുന്നു. സ്വാതന്ത്രാനന്തരം ജനങ്ങൾ എത്രമാത്രം പട്ടിണി നേരിട്ടെന്നതിനെ ചൂണ്ടിക്കാട്ടുന്നതാണ് ആംനെസ്റ്റി ഇന്റർനാഷണന്റെ ഏറ്റവുംപുതിയ പഠനം. ഇതിൽ പറയുന്നത് ഇപ്പോൾ ജനിച്ചുവളരുന്ന ഉത്തരകൊറിയക്കാർ അയൽക്കാരായ ദക്ഷിണകൊറിയക്കാരേക്കാൾ ഒന്ന് മുതൽ രണ്ടിഞ്ചുവരെ ഉയരം കുറഞ്ഞവരാണെന്നാണ്.

ഉത്തരകൊറിയയിൽ ടെലിവിഷൻ ചാനലുകളെല്ലാം ഗവൺമെന്റാണ് ട്യൂൺ ചെയ്യുന്നത്. വാർത്തയടക്കമെല്ലാം ഗവൺമെന്റ് പറയുന്നതേ ജനങ്ങൾ കേൾക്കൂ. ഇന്റർനെറ്റ് എന്നതിനെപ്പറ്റി കേട്ടുകേഴ്‌വിപോലുമില്ല. ഗവൺമെന്റ് ജീവനക്കാർക്കായി 'ഡൊമസ്റ്റിക് നെറ്റ്‌വർക്കുകൾ' മാത്രം ലഭ്യം. ഉത്തരകൊറിയൻ ജനങ്ങൾക്ക് 3ജി സൗകര്യം ലഭ്യമല്ല. പക്ഷേ ഉത്തരകൊറിയ കാണാനെത്തുന്ന സഞ്ചാരികൾക്ക് 3ജി സൗകര്യം ലഭ്യമാണ്. ഇതിൽ നിന്നുതന്നെ എത്ര പിന്തിരിപ്പന്മാരാണ് ഉത്തരകൊറിയ അധികാരികളെന്ന് മനസ്സിലാക്കാം. ഉത്തരകൊറിയക്കാർക്ക് പുറം ലോകവുമായി വലിയബന്ധമൊന്നുമില്ല. അഥവാ ആരെങ്കിലും അതിന് ശ്രമിച്ചാൽ അയാൾ കൊടും ശിക്ഷ ഏറ്റുവാങ്ങേണ്ടിവരും. ജനങ്ങളുടെ ഇടയിൽ തന്നെ ചാരന്മാരെ നിയൊഗിച്ച് അവരുടെ നീക്കങ്ങൾ വിലയിരുത്തുന്ന പിന്തിരിപ്പൻ പട്ടാളആശയമാണ് അവിടെ നിലനില്ക്കുന്നത്. 25 മില്ല്യൻ ജനസംഖ്യയിലെ 6 മില്ല്യൺ ജനങ്ങൾ ജീവിക്കുന്നത് യുണൈറ്റഡ് നേഷന്റേയും ദക്ഷിണകൊറിയയുടേയും ഫുഡ് പ്രോഗ്രാമിലൂടെലഭിക്കുന്ന ഭക്ഷണത്തിലൂടെയാണ്. വൈദ്യുതി പകൽ സമയത്ത് ഏതാനും മണിക്കൂറുകൾ മാത്രം ലഭിക്കും. രാത്രി പരിപൂർണ്ണമായും കരണ്ടുകട്ടാണ്. കുട്ടികൾ പഠിക്കാൻ പോകുമ്പോൾ അവർക്കാവശ്യമായ കസേരയും ഡസ്‌ക്കുമായി വേണം പോകാൻ.. ഇതെല്ലാമാണെങ്കിലും പടിഞ്ഞാറൻരാജ്യങ്ങളെ കണ്ണെടുത്താൽ കണ്ടുകൂടെങ്കിലും ഉത്തരകൊറിയയിൽ ചൈനകഴിഞ്ഞാൽ ഏറ്റവുമധികം ധനം നിക്ഷേപിച്ചിരിക്കുന്നത് പടിഞ്ഞാറൻ രാജ്യങ്ങളാണെന്നത് മറ്റൊരു വിരോധാഭാസം.

ഇത്രയും ന്യൂനതകൾക്കിടയിലും ഉത്തരകൊറിയ തങ്ങളുടെ സൈനിക ബലത്തിൽ എന്നെന്നും മുൻപന്തിയിൽ നിന്നു. ജനത്തെ പട്ടിണിക്കിട്ടാണെങ്കിലും ഉത്തരകൊറിയൻ ഏകാധിപതികൾ ലോകത്തെ വെല്ലുവിളിക്കാനായി അണുബോംബും ഹൈഡ്രജൻ ബോംബുമടക്കമുണ്ടാക്കി ഇന്ന് ലോകത്തെ ഒരു ആണവയുദ്ധഭീതിയിൽ നിലനിർത്തുന്നു.

തടവുകാവുടെ മൃതദേഹങ്ങൾ വളമാക്കുന്നു

ലോകത്തിൽ ഒരു മനുഷ്യനും ചെയ്യാൻ കഴിയാത്ത സമാനതകൾ ഇല്ലാത്ത ക്രൂരതകളാണ് കമ്മിന്റെ പേരിൽ പുറത്തുവരാറുള്ളത്. അതിൽ ഏറ്റവും പ്രധാപ്പെട്ടത് സ്വന്തം അമ്മാവനെ വെട്ടി പട്ടിക്കിട്ട് കൊടുത്തതും, താൻ പങ്കെടുത്ത ചടങ്ങിൽ ഉറങ്ങിപ്പോയ സൈനിക മേധാവിയെ പിരാനകൾക്ക് എറിഞ്ഞുകൊടുത്തതുമാണ്. ഇതിൽ പട്ടിക്കും പിരാനക്കും എറഞ്ഞതൊക്കെ കഥയാണെന്ന് വെക്കാം.പക്ഷേ മരണം യാർഥാർഥ്യാണ്. രാജ്യത്ത്നിന്ന് രക്ഷപ്പെട്ടോടിയ സ്വന്തം അർധ സഹോദരനെ വനിതാ കില്ലർ സ്‌ക്വാഡുകളെവെച്ച് വിമാനത്താവളത്തിൽവച്ചാണ് ഇയാൾ കൊല്ലിച്ചത്. എറ്റവും ഒടുവിലായി ചൈനയിൽനിന്ന് എത്തിയ ഒരു കോവിഡ് ബാധിതനെ വെടിവെച്ച് കൊന്നതും വൻ വിവാദമായിരുന്നു.

ഇനി ഇതെല്ലാം പാശ്ചാത്യമാധ്യമങ്ങളുടെ പ്രാപ്പഗൻഡകൾ ആണെന്ന് വെക്കുക. പക്ഷേ ഉത്തരകൊറിയിയിൽനിന്ന് ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ട പലരും നേരിട്ട് പറഞ്ഞ കാര്യങ്ങൾ നോക്കുക. 11 സംഗീതജ്ഞരെ പരസ്യമായി വിമാനവേധ തോക്കു കൊണ്ടു വെടിവച്ചു കൊന്നതിനു താൻ സാക്ഷിയാണെന്നു ഹീ യോൺ ലിം എന്ന ഇരുപത്തിയാറുകാരിയാണു വെളിപ്പെടുത്തിയത്. 2015ൽ അമ്മയോടൊപ്പം ദക്ഷിണ കൊറിയയിലേക്കു രക്ഷപ്പെട്ടതാണ് ലിം. അശ്ലീല ചിത്രം നിർമ്മിച്ചുവെന്നാരോപിച്ചാണു ഗായകരെ കൊലപ്പെടുത്തിയത്.

'അവരെ കൈകെട്ടി, ശബ്ദമുണ്ടാക്കാതിരിക്കാൻ വാമൂടിക്കെട്ടി, കറുത്ത തുണി കൊണ്ടു മുഖം മൂടി, ചാട്ടകൊണ്ടടിച്ചാണു തോക്കിനു മുന്നിൽ കൊണ്ടുവന്നത്. ശിക്ഷ നടപ്പാക്കുന്നതു കാണാൻ 10,000 പേരെ വിളിച്ചുകൂട്ടിയിരുന്നു. അക്കൂട്ടത്തിലായിരുന്നു ഞാനും. ഒന്നിനു പുറകെ ഒന്നായി പീരങ്കികൾ വെടിയുതിർത്തു. 11 പേരുടെയും ശരീരം ഛിന്നഭിന്നമായി ചിതറിത്തെറിച്ചു. ശരീരഭാഗങ്ങൾക്കു മുകളിലൂടെ പട്ടാള ടാങ്കുകൾ കയറിയിറങ്ങി. 200 അടി അടുത്തുനിന്നു കാണേണ്ടി വന്ന ആ കാഴ്ച എന്നെ രോഗിയാക്കി' ലിം പറയുന്നു.സഹപാഠികളിലൊരാളെ കിം ലൈംഗിക അടിമയാക്കാൻ പിടിച്ചുകൊണ്ടു പോയപ്പോഴാണു രക്ഷപ്പെടാൻ തീരുമാനിച്ചത്. അമ്മയ്ക്കും സഹോദരനുമൊപ്പം ജീവൻ കയ്യിലെടുത്താണു രാജ്യത്തുനിന്നു കടന്നത് ലിം കൂട്ടിച്ചേർത്തു. വധശിക്ഷകൾ നടപ്പാക്കുമ്പോൾ കാണാൻ ആളുകളെ വിളിച്ചു ചേർക്കുന്നതും അതു കഴിഞ്ഞാൽ മൃഷ്ടാന്നഭോജനം കഴിക്കുന്നതും കിമ്മിന്റെ വിനോദമാണെന്നും ലിം പറയുന്നു.

തന്നെ അട്ടിമറിക്കാൻ പദ്ധതിയിട്ട ജനറലിനെ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ നരഭോജികളായ പിരാന മത്സ്യങ്ങൾക്ക് എറിഞ്ഞുകൊടുത്തതായി റിപ്പോർട്ട്. തലയും കൈകളും വെട്ടിയശേഷം ശരീരത്തിൽ കത്തികൊണ്ട് വരഞ്ഞ് മത്സ്യടാങ്കിൽ തള്ളുകയായിരുന്നുവെന്ന് ഇംഗ്ലീഷ് പത്രമായ 'ദി ഡെയ്‌ലി സ്റ്റാർ' റിപ്പോർട്ടുചെയ്തു.

ബ്രസീലിൽനിന്ന് കൊണ്ടുവന്ന നൂറുകണക്കിന് പിരാന മത്സ്യങ്ങളെ പ്രസിഡന്റിന്റെ കൊട്ടാരത്തിലെ അക്വേറിയത്തിൽ കിം വളർത്തുന്നുണ്ടെന്ന് റിപ്പോർട്ടിൽപറയുന്നു. കൊല്ലപ്പെട്ട ഉദ്യോഗസ്ഥനാരെന്നോ കൊലപ്പെടുത്തിയാണോ ജീവനോടെയാണോ മത്സ്യങ്ങൾക്ക് ഇട്ടുകൊടുത്തത് തുടങ്ങിയ വിവരങ്ങൾ ലഭ്യമല്ല.1977-ൽ പുറത്തിറങ്ങിയ ജെയിംസ് ബോണ്ട് ചിത്രത്തിലെ രംഗത്തെ അനുകരിച്ചാണ് കിമ്മിന്റെ ക്രൂരമായ ശിക്ഷയെന്ന് റിപ്പോർട്ടുണ്ട്. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള ഹനോയി ഉച്ചകോടി പരാജയപ്പെട്ടതിനുപിന്നാലെ അഞ്ച് ഉദ്യോഗസ്ഥരെ കിം വധിച്ചുവെന്ന റിപ്പോർട്ട് കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. 2011-ൽ കിം അധികാരമേറ്റശേഷം 16 മുതിർന്ന ഉദ്യോഗസ്ഥരെയാണ് വധിച്ചത്.

ഉത്തരകൊറിയൻ സർക്കാർ മനുഷ്യാവകാശലംഘനങ്ങൾക്ക് വളരേ പേരുകേട്ടവരായിരുന്നു. പണ്ട് 'ഹിറ്റ്ലർ' യഹൂദരെകൂട്ടക്കൊലചെയ്യാൻ നിർമ്മിച്ച 'കോൺസന്റ്രേഷൻ' ക്യാമ്പുകളുടെ അതേ പതിപ്പാണ് ഇന്നത്തെ ഉത്തരകൊറിയൻ 'പ്രിസൺ ക്യാമ്പുകളിൽ' ഉള്ളത്. രാഷ്ട്രീയ എതിരാളികളേയും സ്വാതന്ത്ര്യത്തിനായി വാദിക്കുന്നവരേയും ഏകാധിപതിക്കെതിരെ ശംദമുയർത്തുന്നവരേയും കുടുംബത്തോടെ ഈ ജയിലുകളിൽ തടവിലാക്കുന്നു. കൊടിയപീഡനങ്ങളും പട്ടിണിക്കിടലും മൈനുകളിലും ക്വാറികളിലും നിർബന്ധിതതൊഴിലും അടക്കം ചെയ്യിച്ച് തടവറയിൽ കുടുംബസമേതം മരണമടയേണ്ടിവരുന്ന ഭീകരസാമൂഹിക വ്യവസ്ഥയാണ് ഉത്തരകൊറിയൻ ജനങ്ങൾ നേരിടുന്നത്. ഈ കൊടിയ പീഡനങ്ങൾ ഭയന്ന് ഒരുകുഞ്ഞുപോലും ഉത്തരകൊറിയൻ ഏകാധിപതിക്കെതിരെ സംസാരിക്കില്ല. ഇന്നും 25 ലക്ഷത്തോളം തടവുകാർ ഉത്തരകൊറിയൻ ജയിലുകളിൽ തടവിലാക്കപ്പെട്ടിരിക്കുന്നതായും വേതനമില്ലാതെ ജോലിചെയ്യുന്നതായും 'യുണൈറ്റഡ് നേഷൻസ്' റിപ്പോർട്ട് ചെയ്തിരിക്കുന്നു. ജയലിൽ വനിതാ തടുവുകാരെ കൂട്ടബലാൽസംഗം ചെയ്യുന്ന രീതിയും ഇവിടെയുണ്ട്. മനുഷ്യവകാശ പ്രവർത്തകൾ അടക്കമുള്ള തടവുകാർ മരിച്ചാലും വളമായാണ് ഉപയോഗിക്കുക! ബോഡിപോലും വീട്ടുകാർക്ക് കൊടുക്കില്ല.

മദ്യവും മദിരാക്ഷിയും 37ാം വയസ്സിൽ രോഗിയാക്കി

കിം ജോങ് ഉന്നിന്റെ ഗുരുതരാവസ്ഥയിലാക്കിയത് അമിതമായ തീറ്റയും കുടിയും ലൈംഗികയും തന്നെയെന്ന് ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ പറയുന്നത്. സ്ത്രീലമ്പടൻ എന്ന നേരത്തെ തന്നെ ആരോപണം ഉയർന്ന കിം അടുത്തകാലത്തായി തന്റെ ലൈംഗിക ശേഷിയെക്കുറിച്ച് അൽപ്പം ആശങ്കാകുലനാണ്. പ്രഡിൻന്റിന് പെണ്ണ് കൂട്ടിക്കൊടുക്കുന്നത് മഹത്തായ രാജ്യസ്നേഹപരായ പ്രവർത്തനമാണെന്ന് പലരും കരുതിയിരുന്നതായി ദക്ഷിണ കൊറിയൻ മാധ്യമമായ ഡെയിലി എൻകെ മെയിൽ റിപ്പോർട്ട് ചെയ്തിരുന്നു! ്ഉത്തരകൊറിയിൽനിന്ന് രക്ഷപ്പെട്ട പലരും ഇക്കാര്യം സമ്മതിക്കുന്നുണ്ട്. പ്രസിഡന്റുമായി അന്തി ഉറങ്ങുന്നത് മഹാഭാഗ്യമായണത്രേ ഇവിടുത്തെ പെൺകുട്ടികൾ കരുതുന്നത്. തിനക്ക ഇഷ്ടമുള്ളവരെ തട്ടിക്കൊണ്ടുപോയി കിം പീഡിപ്പിച്ച സംഭവങ്ങളും നിരവധിയാണ്.

ഇതിനാലാണ് കിം പരമ്പരാഗത ചൈനീസ് വൈദ്യത്തിലുള്ള സ്‌നേക്ക് വൈൻ ഉപയോഗിക്കാൻ തുടങ്ങിയത് എന്നാണ് അറിയുന്നത്. ഇത് സ്ഥിരമായി സേവിച്ചാൽ അസാധാരണമാം വിധം ലൈംഗിക ശേഷി വർധിക്കുമെന്നൊരു വിശ്വാസമുണ്ട്. നെല്ലോ മറ്റു ധാന്യങ്ങളോ വാറ്റിയെടുത്ത പാനീയത്തിൽ വിഷസർപ്പങ്ങളെയിട്ടു തയാറാക്കുന്നതാണ് ഇത്. വിഷസർപ്പങ്ങൾക്കു പകരം ഇപ്പോൾ മൂർഖന്റെ വിഷം ചേർക്കുമെന്നാണ് പറയുന്നത്. ഈ വൈൻ കിം സ്ഥിരമായി ഉപയോഗിച്ചിരുന്നു.ഇതിനെല്ലാം പുറമേ കടുത്ത ആരോഗ്യപ്രശ്‌നങ്ങൾ അദ്ദേഹത്തെ വലച്ചിരുന്നു. ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകൾക്കു വീക്കം സംഭവിച്ചതിനാൽ ആരോഗ്യപ്രശ്‌നം നേരിട്ടിരുന്നു. കടുത്ത പുകവലിയും പൊണ്ണത്തടിയും ജീവിതശൈലിയുമാണ് കിമ്മിനെ കുഴപ്പിച്ചതെന്നു ഡെയ്ലി എൻകെ പറയുന്നു. 'കഴിഞ്ഞ ഓഗസ്റ്റ് മുതൽ അദ്ദേഹം ഹൃദയ രക്തക്കുഴലുകളുമായി ബന്ധപ്പെട്ട പ്രശ്‌നം നേരിടുന്നു. ഇടയ്ക്കിടെ പംക്തു പർവതം സന്ദർശിച്ചതിനു ശേഷമാണ് ആരോഗ്യം മോശമായത്' പേരു വെളിപ്പെടുത്ത ഒരാളെ ഉദ്ധരിച്ചു അവർ റിപ്പോർട്ട് ചെയ്തു.

കിമ്മിന്റെ ഭക്ഷണശീലങ്ങളെയും കൊതികളെയും പറ്റി നിറംപിടിപ്പിച്ച കഥകൾ ധാരാളമാണ്. അത്തരം ശീലങ്ങളാണ് കിമ്മിനു വിനയായതെന്നാണ് കരുതപ്പെടുന്നതും. മദ്യത്തോടും സിഗരറ്റിനോടുമുള്ള കിമ്മിന്റെ പ്രിയം പ്രസിദ്ധമാണ്. അമിതമായ അളവിൽ ചീസ് കഴിക്കുന്ന ശീലവുമുണ്ടായിരുന്നു. പലവട്ടം ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടും മുഖവിലയ്‌ക്കെടുക്കാൻ പോലും കിം തയാറായിരുന്നില്ല.എന്നും രാത്രി ഡിന്നറിനൊപ്പം ഒരു കോപ്പ ബെയർ ഫൂട്ട് വൈൻ കഴിക്കുമായിരുന്നു. ഏകദേശം 230 കോടി രൂപ ഒരു വർഷം മദ്യപാനത്തിനായി കിം ചെലവഴിച്ചിരുന്നതായാണ് കണക്കുകൾ. വിലയേറിയ വിദേശമദ്യം പല രാജ്യങ്ങളിൽ നിന്നും കിമ്മിനായി ഉത്തര കൊറിയ ഇറക്കുമതി ചെയ്തിരുന്നു. വിലകൂടിയ ഹെന്നസ്സി ഫ്രഞ്ച് കോണ്യാക്ക് എന്ന വിദേശമദ്യമായിരുന്നു ഈ കൂട്ടത്തിൽ കിമ്മിന് ഏറ്റവും പ്രിയപ്പെട്ടത്.

റഷ്യൻ വോഡ്കയോടും വല്ലാത്ത ഭ്രമമായിരുന്നു കിമ്മിനെന്നും പറയപ്പെടുന്നു. നെതർലൻഡ്‌സിലെ റോട്ടർഡാം തുറമുഖത്തുനിന്ന് 90,000 കുപ്പി റഷ്യൻ വോഡ്ക 2019 ൽ അധികൃതർ പിടികൂടിയിരുന്നു. കിമ്മിനായി പ്രത്യേകം തയാറാക്കിയ മദ്യമാണ് അതെന്നും പ്യോങ്യാങ്ങിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ചതാണെന്നും ഡച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഷാംപെയ്ൻ, ബ്രസിലീയൻ കാപ്പി തുടങ്ങിയവയും വൻതോതിൽ കിം ഉപയോഗിച്ചിരുന്നു. 715,000 പൗണ്ടാണ് ബ്രസിലീയൻ കാപ്പി വാങ്ങുന്നതിനു മാത്രമായി വർഷം തോറും കിം ചെലവഴിച്ചിരുന്നത്. പ്രോസസ് ചെയ്ത മീൻവിഭവങ്ങൾ, അമിത അളവിലുള്ള മാംസോത്പന്നങ്ങൾ, ഫാസ്റ്റ് ഫുഡ് തുടങ്ങി സോഡിയത്തിന്റെ അംശം ഏറെയുള്ള ഭക്ഷണക്രമമായിരുന്നു കിമ്മിന്റേതെന്ന് പറയപ്പെടുന്നു. ഇതെല്ലാമാണ് അദ്ദേഹത്തെ രോഗിയാക്കിയത്. അതിനിടെ ഡോക്ടർമാരും ആരോഗ്യ വിദഗ്ധരുമടങ്ങുന്ന ഒരു സംഘത്തെ ചൈന ഉത്തര കൊറിയയിലേക്ക് അയച്ചതായി സൂചന. ചൈനീസ് സർക്കാരുമായി അടുപ്പമുള്ള ചില കേന്ദ്രങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്, ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ വിദേശ കാര്യ സമിതിയിലെ ഒരു മുതിർന്ന അംഗം നയിക്കുന്ന സംഘം വ്യാഴാഴ്ച ഉത്തര കൊറിയയിലേക്കു പോയി. കിമ്മിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്താനാണ് യാത്രയെന്നാണ് വിവരം.

വൈദ്യശാസ്ത്ര സംവിധാനങ്ങളുടെയും ചികിൽസാ സൗകര്യങ്ങളുടെയും കാര്യത്തിൽ ഉത്തര കൊറിയ ഇപ്പോഴും വളരെ പിന്നിലാണെന്ന് രാജ്യാന്തര നിരീക്ഷകർ വെളിപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ഇവിടെ പടുത്തിയർത്തിയ പഞ്ചനക്ഷത്ര ആശുപത്രിയിലാണ് കിമ്മിന് ചികിൽസ നടന്നത്. ഇത് തലസ്ഥാനമായ പ്യോങ്യാങ് പ്രവിശ്യയിൽ നിന്ന് 150 കിലോമീറ്റർ അകലെ ഹയാങ്‌സാനിൽ കെട്ടിപ്പൊക്കിയ പഞ്ചനക്ഷത്ര സൗകര്യമുള്ള ആശുപത്രിയിലാണ് പ്രസിഡന്റിന്റെ ചികിൽസ നടന്നത്. കിം ജോങ് ഉന്നിന്റെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും മാത്രമാണ് ഇവിടെ ചികിത്സയുള്ളത്. 1994 ൽ പണികഴിപ്പിച്ച ആശുപത്രിയിൽ അത്യാധുനിക ചികിത്സ രീതികളാണ് ഒരുക്കിയിരിക്കുന്നത്. ഇവിടെ ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ ഭൂരിഭാഗവും ജപ്പാനിൽ നിന്നും ജർമ്മനിയിൽ നിന്നും ഇറക്കുമതി ചെയ്തതത്്. പൊതുജനം നട്ടംതിരിയുമ്പോഴാണ് ഈ ധൂർത്ത് എന്നോർക്കണം. ഉത്തര കൊറിയയിലെ ഭൂരിപക്ഷം ആശുപത്രിയിലും ശുദ്ധജലം പോലുമില്ല. കാലിയായ ബിയർബോട്ടിൽ കഴുകി എടുത്താണ് ഡ്രിപ്പിടാൻ ഉപയോഗിക്കുന്നത്. അവിടെയാണ് ഈ എകാധിപതിയുടെ സുഖവാസം എന്നോർക്കണം.

നിങ്ങൾ എങ്ങനെ മുടിവെട്ടണമെന്ന് കിം തീരുമാനിക്കും

ഗവൺമെന്റ് അംഗീകൃതമായ നിശ്ചിത ഹെയർ സ്റ്റൈലുകളിൽ നിന്ന് വ്യതിചലിച്ചു കൊണ്ടുള്ള മുടിവെട്ടുകൾ അച്ചടക്കമില്ലായ്മയായും സാമൂഹ്യവിരുദ്ധതയായും ഗവൺമെന്റ് കാണുന്നു. ഇങ്ങനെ മുടിവെട്ടുന്നവരെ നിരീക്ഷിക്കാനും, പിടികൂടി ശിക്ഷിക്കാനും അവിടെ പ്രത്യേകം സ്‌ക്വാഡുകൾ നിയമിതമാണ്. കടുത്ത ശിക്ഷകളാണ് അച്ചടക്കമില്ലായ്ക ക്ഷണിച്ചു വരുത്തുക. രാജ്യത്തെ ഏക പാർട്ടിയായ വർക്കേഴ്സ് പാർട്ടിയുടെ യുവജന വിഭാഗത്തെ തന്നെയാണ് സെൻട്രൽ കമ്മിറ്റി ഈ അച്ചടക്കപരിപാലനദൗത്യവും വിശ്വസിച്ചേൽപ്പിച്ചിട്ടുള്ളത്. സമൂഹത്തിനു മാതൃകയാക്കേണ്ട പെരുമാറ്റങ്ങളും ശീലങ്ങളും എന്തൊക്കെയാണ് എന്നത് സംബന്ധിച്ച ക്‌ളാസുകൾ പാർട്ടിയുടെ ബൗദ്ധികകേന്ദ്രത്തിൽ നിന്നുള്ള വിചക്ഷണർ മുടങ്ങാതെ കലാലയങ്ങളിലും, ഫാക്ടറികളിലും, സ്‌കൂളുകളിലും ഒക്കെ നൽകിവരുന്നുണ്ട്. അതിനു പുറമെയാണ് തെരുവുകൾ തോറും നിരീക്ഷകരെ നിയോഗിച്ച്, വേണ്ടത്ര 'നവോത്ഥാനം' സിദ്ധിച്ചിട്ടില്ലാത്ത, തലതെറിച്ച യുവാക്കളെ കണ്ടെത്തിയുള്ള ഈ 'നന്നാക്കൽ യജ്ഞങ്ങൾ'. യുവാക്കളായ പൗരന്മാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അച്ചടക്കമില്ലാത്ത പെരുമാറ്റങ്ങൾ ലോകത്തിനു മുന്നിൽ രാജ്യത്തിന്റെ പ്രതിച്ഛായക്കും അന്തസ്സിനും കളങ്കം ചേർത്തുമെന്നാണ് ഭരണകർത്താക്കൾ പറയുന്നത്.

തലമുടി വെട്ട്, അഥവാ ഹെയർ സ്റ്റൈലിങ്ങിന്റെ കാര്യത്തിൽ സെൻട്രൽ കമ്മിറ്റിക്ക് കടുത്ത നിലപാടുകളാണുള്ളത്. അത് അവർ അതീവ കർശനമായി നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, ഇവിടെ മറ്റുപ്രശ്നങ്ങൾ ഒന്നും തന്നെയില്ലെന്നും, കമ്മിറ്റി അംഗീകരിച്ച 15 വീതം ഹെയർ സ്റ്റൈലുകളിൽ ഏതെങ്കിലും ഒന്ന് തങ്ങൾക്കായി തെരഞ്ഞെടുക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം സ്ത്രീപുരുഷന്മാർക്ക് ഉണ്ടെന്നുമാണ് പാർട്ടി വക്താക്കൾ പറയുന്നത്. ഈ 15 സ്റ്റൈലുകളും പ്യോങ്യാങ്ങിലെ സകല സലൂണുകളിലും സചിത്രം വ്യക്തമായി പ്രചരിപ്പിച്ചിട്ടുണ്ട്. ഗവൺമെന്റ് അനുവദിച്ചിട്ടുള്ളതിൽ കൂടുതൽ നീളത്തിൽ മുടിവളർത്താനോ മുടി കളർ ചെയ്യാനോ ഉത്തര കൊറിയയിൽ അനുവാദമില്ല. ഓരോ സ്റ്റൈലും എത്ര സെന്റീമീറ്റർ നീളം, വീതി, മുടിയുടെ കട്ടി തുടങ്ങിയ പലതും കൃത്യമായി സർക്കാർ നിഷ്‌കര്ഷിച്ചിട്ടുണ്ട്. എന്നാൽ, വശങ്ങൾ പറ്റെ വടിച്ചിറക്കുന്ന കിം ജോങ് ഉന്നിന്റെ വിശേഷ ഹെയർ സ്റ്റൈൽ ഈ ലിസ്റ്റിൽ ഇല്ല. അത് അനുകരിക്കാൻ പൗരന്മാർക്ക് അനുവാദവുമില്ല. താടിമീശകൾ വളർത്തുന്നതും നിരോധിതമാണ്.

തലമുടിക്ക് മാത്രമല്ല നാട്ടിൽ നിയന്ത്രണമുള്ളത് ഇറക്കം കുറഞ്ഞ മിനി സ്‌കർട്ടുകളും 'സാമൂഹ്യവിരുദ്ധ'മായി തന്നെയാണ് ഗവൺമെന്റ് കാണുന്നത്. മുട്ടിന് മേലോട്ട് കയറാത്ത രീതിയിലുള്ള ട്രൗസറുകൾ ധരിക്കാൻ കൊറിയയിൽ സ്ത്രീകൾക്ക് അവകാശമുണ്ട്. ഹൈ ഹീൽഡ് ഷൂസുകൾ സ്ത്രീകൾക്ക് നിരോധിതമാണ്. സ്‌കിൻ ടൈറ്റ് ആയ ജീൻസുകളും മറ്റും നിരോധിതമാനവിടെ. പ്രകോപനപരമായ എഴുത്തുകളുള്ള ടീഷർട്ടുകൾക്കും വിലക്കുണ്ട്. വൈദേശികമാണ് എന്ന് തോന്നിക്കരുത് നിങ്ങളുടെ വസ്ത്രധാരണം എന്നതാണ് പ്രഥമനിർദ്ദേശം.

യുവാക്കളുടെ ഫാഷൻ നിയമലംഘനങ്ങളെ പിടികൂടാനായി, 'ഫാഷൻ പൊലീസ്' എന്നപേരിൽ പെട്രോൾ സംഘങ്ങൾ തെരുവുകളിൽ സജീവമാണ് വടക്കൻ കൊറിയയിൽ. ശിക്ഷയുടെ ആദ്യഘട്ടം പൊലീസ് വക ഉപദേശവും ഭീഷണിയുമാണ്. അടുത്തഘട്ടം മണിക്കൂറുകൾ നീളുന്ന 'സംസ്‌കാര' ക്‌ളാസ്സുകളും. അടുത്തതായി ഫൈനടിക്കൽ തൊട്ട് ആഴ്ചകൾ നീണ്ട ജയിൽ വാസം വരെയുള്ള ശിക്ഷകൾ ഇങ്ങനെയുള്ള അച്ചടക്ക ലംഘനങ്ങൾക്ക് കൈമാറി വരുന്നുണ്ട് ഗവൺമെന്റ്.

എസ് ടി ഡി വിളിച്ചതിന് പോലും വധശിക്ഷ

ഉത്തരകൊറിയിലും കൊടും പീഡ നങ്ങൾ പുറം ലോകം അറിഞ്ഞത് ആ രാജ്യത്തിനിന്ന് രക്ഷപ്പെട്ടെത്തിയ ഇയോന്മി പാർക്ക് എന്ന പെൺകുട്ടിയിലൂടെയാണ്. 2014 -ൽ ഡബ്ലിനിൽ നടന്ന വൺ യങ് വേൾഡ് സമ്മിറ്റിൽ സംസാരിക്കാൻ ഈ കുട്ടിയും ഉണ്ടായിരുന്നു. 'ഉത്തരകൊറിയ നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലുമാകാത്ത ഒരു രാജ്യമാണ്...' എന്നുതുടങ്ങിയ ഇയോന്മിയുടെ പ്രസംഗം കേട്ട് അന്ന് ലോകം സ്തംഭിച്ചിരുന്നുപോയി. പ്രസംഗത്തിനിടെ പലകുറി ഇയോന്മിയുടെ കവിളിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങിയത് ലോകം വേദനയോടെ കണ്ടു. അനുവാദമില്ലാതെ ഒരു ഐഎസ്ഡി കോൾ വിളിച്ചാൽ പൗരന്മാരെ വധശിക്ഷയ്ക്ക് വിധിക്കുന്ന, ഒരു ഹോളിവുഡ് സിനിമ കണ്ടതിന്റെ പേരിൽ ജനങ്ങളെ ഫയറിങ് സ്‌ക്വാഡിന് മുന്നിലേക്ക് അയക്കുന്ന തന്റെ നാടിനെപ്പറ്റി അവൾ അന്ന് ലോകത്തിനു മുന്നിൽ തുറന്നുപറഞ്ഞു. 'ഉച്ചത്തിൽ സംസാരിക്കരുത്, ആരോടും അടുത്തുചെന്ന് കാതിൽ അടക്കം പറയാൻ മാത്രമേ പാടുള്ളൂ' എന്ന് ഇയോന്മിയെ പഠിപ്പിച്ചത് അവളുടെ അമ്മയാണ്. 'തട്ടിൻപുറത്തെ പെരുച്ചാഴികൾക്കും, പറമ്പിലെ കിളികൾക്കും വരെ കാതുണ്ടെന്നും, അവർ സുപ്രീം ലീഡർക്ക് നാട്ടിലെ രഹസ്യങ്ങൾ ചോർത്തിക്കൊടുക്കുമെന്നുമാണ് ഞങ്ങളുടെ നാട്ടിൽ എല്ലാവരും വിശ്വസിക്കുന്നത്...' എന്നും അന്ന് ഇയോന്മി തന്റെ പ്രസംഗത്തിൽ ഓർത്തെടുത്തു.

ഉത്തരകൊറിയയിൽ നിന്ന് രക്ഷപ്പെട്ടോടി വന്ന ആദ്യ ദിവസം മുതൽ അവർ സഹിച്ച പീഡനങ്ങൾക്ക് കണക്കില്ലായിരുന്നു. ഇയോന്മിയെയും അമ്മയെയും അതിർത്തിക്കപ്പുറം കടക്കാൻ സഹായിക്കാം എന്നുപറഞ്ഞു പണം കൈപ്പറ്റി കൂടെക്കൊണ്ടു പോയ ചൈനീസ് ബ്രോക്കർ പാതിവഴി എത്തിയപ്പോൾ പതിമൂന്നു വയസ്സുമാത്രമുണ്ടായിരുന്ന പതിമൂന്നു തികയാത്ത ഇയോന്മിയെ ബലാത്സംഗം ചെയ്യാൻ തുനിഞ്ഞു. അന്ന് അവളെ രക്ഷിക്കാൻവേണ്ടി ആ ബ്രോക്കറുടെ ലൈംഗികപീഡനത്തിന് ഇരയാകാൻ സമ്മതം മൂളേണ്ടി വന്നു അവളുടെ അമ്മക്ക്. അതിന്റെയൊക്കെ നടുക്കുന്ന ഓർമ്മകൾ ഇയോന്മി പങ്കുവച്ചപ്പോൾ അതു കേട്ട് ലോകം നടുങ്ങി. ഇങ്ങനെ അനധികൃതമായി കടത്തപ്പെടുന്ന ഉത്തരകൊറിയൻ പെൺകുട്ടികളുടെ നിസ്സഹായത മുതലെടുത്ത് പല ചൈനീസ് മനുഷ്യക്കടത്ത ഏജന്റുമാരും അവരെ സ്ഥിരമായി ലൈംഗിക ചൂഷണം ചെയ്യുന്നുണ്ട്. പലരെയും തുച്ഛമായ തുകയ്ക്ക് വിൽക്കുന്നുണ്ട് ചൈനയിൽ പലർക്കും. ഈ യാഥാർഥ്യങ്ങളുടെ നേർവിവരണമാണ് അന്നാദ്യമായി ലോകം കേട്ടത്.

സ്വന്തം നാട്ടിൽ നിന്ന് സ്വാതന്ത്ര്യത്തിനുവേണ്ടി എല്ലാം ഇട്ടെറിഞ്ഞ് നാടുവിട്ടോടിയപ്പോൾ തനിക്കും അമ്മയ്ക്കും അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളുടെ സാക്ഷ്യങ്ങൾ പിന്നീട് ഇയോന്മി 'ജീവിക്കാൻ വേണ്ടി' (In Order to Live') എന്ന് പേരിട്ട തന്റെ ഓർമ്മക്കുറിപ്പുകളിൽ ഒന്നും മറച്ചുവെക്കാതെ തന്നെ വിവരിക്കുന്നുണ്ട്.

സ്വന്തം നാടിനായി ത്യാഗോജ്ജ്വലമായ ജീവിതങ്ങൾ നയിച്ച പല രാഷ്ട്രനേതാക്കളെയും ആ പുസ്തകങ്ങൾ ഞങ്ങൾക്ക് പരിചയപ്പെടുത്തിയിരുന്നു. കിം ജോങ് ഇൽ എന്ന ഞങ്ങളുടെ പ്രിയ നേതാവിന് അത്ഭുതസിദ്ധികൾ വരെ ഉണ്ടായിരുന്നു. 'ഋതുക്കളെ സ്വന്തം മനോബലം കൊണ്ട് നിലക്ക് നിർത്തിയിരുന്ന' ഒരപൂർവ ജന്മമായിരുന്നു സഖാവെന്ന് അദ്ദേഹത്തിന്റെ ഗവൺമെന്റ് അംഗീകൃത ജീവചരിത്രം ഞങ്ങളെ പഠിപ്പിച്ചു. സ്വന്തം അച്ഛന്റെ പേരിലുള്ള, കിം ഇൽ സങ് യൂണിവേഴ്സിറ്റിയിൽ ബിരുദപഠനം നടത്തിയ മൂന്നു വർഷം കൊണ്ട് സുപ്രീം ലീഡർ എഴുതിത്ത്ത്ത്ത്ത്ത്തീർത്തത് 1500 പുസ്തകങ്ങളാണത്രേ. കിം കുടുംബത്തിലെ അംഗങ്ങളെ ഞങ്ങൾ ദൈവത്തിന്റെ പ്രതിപുരുഷന്മാരായി കണ്ടു. അഥവാ, അങ്ങനെ കാണാൻ ഞങ്ങളെ ഡോക്യൂമെന്ററികളിലൂടെയും, സിനിമകളിലൂടെയും, ടിവി ഷോകളിലൂടെയും അവർ പരിശീലിപ്പിച്ചു. രാജ്യത്ത് പ്രസരണം ചെയ്തിരുന്ന ഒരേയൊരു ചാനലിൽ വരുന്ന ചുരുക്കം പരിപാടികളിൽ എല്ലാറ്റിലും ഒരേകാര്യം തന്നെ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ അവിടത്തെ ജനം വേറെ എന്ത് പഠിക്കാനാണ് ?

ടെലിവിഷൻ സ്‌ക്രീനുകളിൽ നേതാക്കളുടെ ചിത്രങ്ങൾ വരുമ്പോഴൊക്കെ പശ്ചാത്തലത്തിൽ രോമാഞ്ചമുണർത്തുന്ന വൈകാരികമായ സംഗീതത്തിന്റെയും അലയടിയുണ്ടാകും. അത് കേൾക്കുമ്പോൾ എന്റെയുള്ളിൽ വല്ലാത്തൊരു തിരയിളക്കമുണ്ടാകുമായിരുന്നു അന്നൊക്കെ. അച്ഛനെയും അപ്പൂപ്പനെയും ഒക്കെ ദൈവത്തെപ്പോലെ കണ്ടു തൊഴണമെന്നാണ് ഞങ്ങൾ ഉത്തരകൊറിയക്കാരെ കാരണവന്മാർ പറഞ്ഞു പഠിപ്പിച്ചിട്ടുള്ളത്. ഞങ്ങളുടെ സമൂഹമനസ്സാക്ഷിക്ക് കിം ഇൽ സങ് ഞങ്ങളുടെ മുത്തച്ഛനായിരുന്നു. കിം ജോങ് ഇൽ പിതൃതുല്യനും.

സ്‌കൂളിലെ പാഠപുസ്തകങ്ങളും ഞങ്ങളെ പഠിപ്പിച്ചത് രാജ്യത്തിന്റെ ശത്രുക്കളെ വെറുക്കണം എന്ന് തന്നെയാണ്. അവയിൽ നിറയെ ഞങ്ങൾ കണ്ടുവളർന്നത് നീലക്കണ്ണുകളും, നീളൻ മൂക്കുകളുമുള്ള, ഒരു ഹരത്തിനുവേണ്ടി നിരപരാധികളെ ചുട്ടുതള്ളുന്ന അമേരിക്കൻ പട്ടാളക്കാരെയാണ്. സ്‌കൂളുകളിൽ അമേരിക്കൻ പട്ടാളയൂണിഫോം ധരിപ്പിച്ച ഡമ്മികൾ ഉണ്ടാകുമായിരുന്നു. പിടി പിരിയഡിൽ ആ ഡമ്മികളെ ഞങ്ങൾ കുട്ടികൾ വരി നിന്ന് തല്ലുകയും കത്തികൊണ്ട് കുത്തുകയും ഒക്കെ ചെയ്യുമായിരുന്നു. അതായിരുന്നു, വിശ്രമവേളകളിലെ ഞങ്ങളുടെ വിനോദങ്ങളിൽ ഒന്ന്. സ്‌കൂളിലെ പാഠാവലികളിൽ പോലും നിറഞ്ഞു നിന്നിരുന്നത് അമേരിക്കയോടുള്ള വിദ്വേഷം തന്നെയായിരുന്നു. എന്തിന് ഗണിതശാസ്ത്രത്തിലെ വഴിക്കണക്ക് പോലും തുടങ്ങിയിരുന്നത്, ' നിങ്ങൾ ഒരു അമേരിക്കൻ തെമ്മാടിയെ കൊന്നു, നിങ്ങളുടെ കൂട്ടുകാരൻ രണ്ട് അമേരിക്കൻ തെമ്മാടികളെ കൊന്നു എങ്കിൽ നിങ്ങൾ രണ്ടും കൂടി എത്ര അമേരിക്കൻ തെമ്മാടികൾ കൊന്നിട്ടുണ്ട് എന്ന് കണ്ടെത്തുക.' എന്ന മട്ടിലായിരുന്നു.

പലതും വാങ്ങാനും, വിൽക്കാനും, പ്രവർത്തിക്കാനുമൊക്കെ ഞങ്ങൾക്ക് നാട്ടിൽ വിലക്കുണ്ടായിരുന്നു. പരസ്യമായ കഴുവേറ്റങ്ങൾ, വെടിവെച്ചു കൊല്ലൽ ഒക്കെ നാട്ടിൽ അച്ചടക്കമുണ്ടാക്കാൻ എന്ന പേരിൽ സ്ഥിരമായി നടന്നു പോന്നിരുന്നു. എന്റെ കുട്ടിക്കാലത്ത് ഒരു പശുവിനെ കൊന്നു കറിവെച്ചു തിന്നതിന്റെ പേരിൽ ഒരാളെ അറസ്റ്റു ചെയ്യുകയുണ്ടായി. അന്ന് പശുക്കൾ 'സർക്കാരിന്റെ മുതലാ'യിരുന്നു. അവ കൃഷിയിടങ്ങളിലും, വണ്ടികൾ വലിക്കാനും ഒക്കെ ഉപയോഗം വന്നിരുന്നതുകൊണ്ട് വളരെ അമൂല്യമായ കണക്കാക്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ പശുവിനെ കശാപ്പുചെയ്യുക എന്നത് അക്ഷന്തവ്യമായ അപരാധമായിരുന്നു അന്ന്. അന്ന് ആ കുറ്റം ചാർത്തി അറസ്റ്റു ചെയ്യപ്പെട്ടയാൾ കടുത്ത ക്ഷയരോഗി ആയിരുന്നു. ജോലി ചെയ്തു ജീവിക്കാൻ നിവൃത്തിയില്ലാതായപ്പോൾ, പട്ടിണി കിടന്നു മടുത്തപ്പോഴാണ് അയാൾ പശുവിനെ കശാപ്പുചെയ്തതും തിന്നതുമൊക്കെ. അതൊന്നും പക്ഷേ, ഗവൺമെന്റിന് അറിയേണ്ട കാര്യമില്ലായിരുന്നു. 'പശുവിനെ കശാപ്പു ചെയ്യരുത്' എന്നുപറഞ്ഞാൽ 'ചെയ്യരുത്'. അത്രതന്നെ. അയാൾക്ക് അതിനുള്ള പരമാവധി ശിക്ഷ തന്നെ കിട്ടി അന്ന്. പൊലീസുകാർ അയാളെ പച്ചക്കറിച്ചന്തയ്ക്ക് പിന്നിലെ ഒഴിഞ്ഞുകിടന്നിടത്തേക്ക് കൊണ്ടുപോയി. ഒരു മരക്കുറ്റിയിൽ കെട്ടിയിട്ടു. എന്നിട്ട്, മൂന്നു തോക്കുധാരികൾ യന്ത്രത്തോക്കിൽ നിന്ന് അയാളുടെ പരിക്ഷീണമായ ദേഹത്തേക്ക് വെടിയുണ്ടകൾ വർഷിച്ചു. നിലത്തേക്ക് അയാൾ കുഴഞ്ഞു വീഴും വരെ അയാളുടെ ദുർബല ദേഹത്തേക്ക് വെടിയുണ്ടകൾ നിർദാക്ഷിണ്യം തുളച്ചു കയറിക്കൊണ്ടിരുന്നു. അന്ന് ആ ഞെട്ടിക്കുന്ന ദൃശ്യം നേരിൽ കാണാനിടയായ എന്റെ അമ്മക്ക് ഒരു കാര്യം മനസ്സിലായി. ഈ നാട്ടിൽ ഒരു പശുവായിരിക്കുന്നതാണ് തമ്മിൽ ഭേദം. അതിനുള്ള വില പോലും ഇവിടെ മനുഷ്യർക്കില്ല.

ജീവിതം മാറ്റിമറിച്ച ടൈറ്റാനിക്ക് സിനിമ

ഇൻയോമി പാർക്ക് എഴുതുന്നത് ഇങ്ങയൊണ്. അച്ഛന്റെ മടിയിലിരുന്നുകൊണ്ട്, സർക്കാർ പുറത്തിറക്കിയിരുന്ന കുട്ടിക്കഥകളുടെ പുസ്തകം വായിച്ചു കേട്ടുവളർന്ന ഒരു കുട്ടിക്കാലമായിരുന്നു എന്റേത്. ആ പുസ്തകങ്ങളിൽ ഗവൺമെന്റ് അവരുടെ രാഷ്ട്രീയം കുത്തി നിറച്ചിരുന്നു. അതിലെ കഥകളിൽ ഉണ്ടായിരുന്നത് യക്ഷികളും, രാജകുമാരന്മാരും ഒന്നുമല്ലായിരുന്നു. മിക്കതിലും ദക്ഷിണ കൊറിയ എന്നൊരു ദരിദ്ര രാജ്യത്തെപ്പറ്റിയുള്ള കഥകളായിരുന്നു. ഞങ്ങളുടെ അയൽരാജ്യം. അവിടത്തെ ദാരിദ്ര്യത്തെപ്പറ്റിയുള്ള വർണ്ണനകൾ നിറഞ്ഞ ചിത്രപുസ്തകങ്ങൾ വായിച്ചാണ് ഞാൻ വളർന്നത്. കിടന്നുറങ്ങാൻ ഒരു വീടില്ലാത്ത, ഇട്ടുനടക്കാൻ ഒരു വള്ളിച്ചെരുപ്പുപോലുമില്ലാത്ത, അച്ഛനമ്മമാർ തിരിഞ്ഞു നോക്കാത്ത, ഒരു നേരത്ത ഭക്ഷണത്തിനായി തെരുവിൽ അലഞ്ഞു തിരിഞ്ഞ് വഴിയേ പോകുന്നവരോട് കൈനീട്ടി ഇരിക്കേണ്ടി വരുന്ന ഹതഭാഗ്യരായ കുഞ്ഞുങ്ങളുടെ നാട്, അതായിരുന്നു ചിത്രപുസ്തകങ്ങളിലൂടെ ഞാനറിഞ്ഞ ദക്ഷിണ കൊറിയ. എന്നാൽ, ഗവൺമെന്റ് ആ കഥാപുസ്തകങ്ങളിലേക്ക് അബോധപൂർവ്വമായെങ്കിലും കൃത്യമായി പകർത്തിവെച്ചിരുന്നത് എന്റെ സ്വന്തം നാടിന്റെ അവസ്ഥയായിരുന്നു എന്ന് അന്നെനിക്ക് ബോധ്യപ്പെട്ടിരുന്നില്ല. രാജ്യത്തിന്റെ ശത്രുക്കളെ ഉള്ളുതുറന്ന് വെറുക്കാൻ കുഞ്ഞുന്നാളിൽ തന്നെ പരിശീലനം സിദ്ധിച്ചിട്ടുള്ളവരാണ് ഞങ്ങൾ ഉത്തരകൊറിയക്കാർ.

ഒഴിവുദിവസങ്ങളെ ഞങ്ങൾ വെറുത്തിരുന്നു. ടിവി തുറന്നാൽ കാണാൻ അകെ ഉണ്ടാവുക ഗവൺമെന്റ് നിർമ്മിച്ച കുറെ അറുബോറൻ പ്രൊപ്പഗാണ്ടാ സിനിമകൾ മാത്രമാണ്. ആളുകൾ ഒളിച്ചു കടത്തിക്കൊണ്ടുവന്നിരുന്ന ഹോളിവുഡ് സിനിമകളുടെയും ടിവി ഷോകളുടേയുമൊക്കെ വീഡിയോ കാസറ്റിന് വലിയ ഡിമാൻഡായിരുന്നു അന്നൊക്കെ. പക്ഷേ, അങ്ങനെ കാസറ്റിട്ടു സിനിമകാണാൻ വലിയ അപകടം പിടിച്ച ഏർപ്പാടായിരുന്നു. ഏതുനിമിഷമാണ് പൊലീസിന്റെ റെയിഡുണ്ടാവുക എന്ന് പറയാൻ പറ്റില്ല. വീട്ടിനുള്ളിലേക്ക് കയറും മുമ്പ് അവർ കരണ്ടു കട്ട് ചെയ്യും. അതോടെ കാസറ്റ് വിസിപിയിലും വിസിആറിലുമൊക്കെ കുടുങ്ങും. അവർ അകത്തേക്ക് കേറുന്ന നേരം കൊണ്ട് കാസറ്റ് പുറത്തെടുത്ത് ഒളിപ്പിക്കാൻ നമുക്ക് ആവില്ല. ജനം അതിനും ഒരു പ്രതിവിധി കണ്ടെത്തിയിരുന്നു. ഒരേപോലുള്ള രണ്ട് കാസറ്റ് പ്ലെയറുകൾ മിക്കവാറും വീടുകളിൽ ഉണ്ടായിരുന്നു. സർക്കാരിന്റെ റെയിഡുണ്ടായാൽ ഉടനടി രണ്ടാമത്തെ കാസറ്റുള്ള പ്ലെയർ മുക്കി, കാസറ്റിടാത്ത പ്ലെയർ കണക്റ്റ് ചെയ്തു വെച്ച് അധികാരികളെ പറ്റിക്കും.

എന്റെ അമ്മാവന് അന്നൊരു വിസിആർ ഉണ്ടായിരുന്നു. ഞങ്ങൾ ഹോളിവുഡ് ചിത്രങ്ങൾ കാണാൻ വേണ്ടി ഇടയ്ക്കിടെ അവിടേക്ക് പോകുമായിരുന്നു. കർട്ടൻ താഴ്‌ത്തി, കാണുന്നതിനിടെ ബഹളം വെക്കരുത്, ഒരക്ഷരം മിണ്ടരുത് എന്നൊക്കെ ആദ്യമേ മുന്നറിയിപ്പ് തന്നിട്ടേ അമ്മായി കാസറ്റ് ഇടുകയുള്ളൂ. അങ്ങനെ കണ്ട സിൻഡ്രല്ല, സ്നോവൈറ്റ്, ജെയിംസ് ബോണ്ട് തുടങ്ങിയ പല ചിത്രങ്ങളും എനിക്ക് ഏറെ ഇഷ്ടമായിരുന്നു. പക്ഷേ, ഒരു അവധിക്കാലത്ത് അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നപ്പോൾ കാണാനിടയായ ഒരു ഹോളിവുഡ് ചിത്രം, ടൈറ്റാനിക് , ആണ് എന്നിൽ അടക്കാനാവാത്ത സ്വാതന്ത്ര്യമോഹം ഉണർത്തിയത്. അങ്ങനെയൊരു 'നാണംകെട്ട പ്രേമകഥ' ഞങ്ങളുടെ നാട്ടിൽ എന്തായാലും ആർക്കും സിനിമയാക്കാൻ പറ്റില്ലായിരുന്നു. സിനിമയിൽ കാണിക്കുന്ന സ്ത്രീപുരുഷന്മാർ എല്ലാവരും തന്നെ ഞങ്ങളുടെ നാട്ടിലെ മാനദണ്ഡങ്ങൾ പ്രകാരം ഒരു അച്ചടക്കവുമില്ലാത്തവർ. പ്രേമത്തിന്റെ പേരിൽ അവർ കാണിച്ചു കൂട്ടുന്നതാകട്ടെ വെറും അഴിഞ്ഞാട്ടങ്ങൾ മാത്രം. ഞങ്ങളുടെ നാട്ടിലെങ്ങാൻ അങ്ങനെ ഒരു സിനിമ വന്നിരുന്നെങ്കിൽ, ആദ്യം ഫയറിങ് സ്‌ക്വാഡിന്റെ മുന്നിലേക്ക് എത്തുക സിനിമയുടെ സംവിധായകനും, നിർമ്മാതാക്കളുമായിരിക്കും. പിന്നാലെ അതിൽ അഭിനയിച്ചവരും.

ആ സിനിമയിൽ കണ്ട മറ്റൊരു കാര്യം എന്നെ വല്ലാതെ സ്വാധീനിച്ചു. അതിലെ നായികാനായകന്മാർ 'പ്രണയത്തിനു വേണ്ടി' മരിക്കാൻ തയ്യാറാണ്. കുഞ്ഞുന്നാളുതൊട്ടേ ഞങ്ങളെ മരിക്കാൻ തയ്യാറാകണം എന്ന് പറഞ്ഞു പഠിപ്പിച്ചിട്ടുള്ളത് ഗവൺമെന്റിനും രാജ്യത്തിനും വേണ്ടി മാത്രമാണ്. അതിനു പകരം, മറ്റൊരാളോടുള്ള പ്രണയത്തിന്റെ പേരിൽ പ്രാണത്യാഗം ചെയ്യാനും മടിക്കാതിരിക്കുക. ഹോ..! അത് എന്നിൽ വല്ലാത്ത സ്വാധീനമാണുണ്ടാക്കിയത്. എന്നിൽ സ്വാതന്ത്ര്യമെന്ന സ്വപ്നത്തിന്റെ വിത്തുപാകിയത് 'ടൈറ്റാനിക്' ആണെന്ന് പറയാം.2007 മാർച്ചിൽ, ആ സ്വാതന്ത്ര്യദാഹത്തിന്റെ പരാകാഷ്ടയിലാണ് ഞങ്ങൾ നാടുവിട്ട് ചൈനയിലേക്ക് കുടിയേറാൻ തീരുമാനിച്ചത്. അതിനായി ചില ഏജന്റുമാർക്ക് പണവും നൽകി അമ്മ. യാലു നദി കടത്തി അക്കരെ കൊണ്ടുപോയി. തുടർന്ന് ഏറെ ക്ഷ്ടപ്പെട്ട് രക്ഷപ്പെട്ട കഥയാണ് അവർ കണ്ണീരോടെ വിവരിക്കുന്നത്.

എന്നിട്ടും എന്തുകൊണ്ട് ഉത്തര കൊറിയമുതൽ കേരളം വരെ കിമ്മിനായി തിളക്കുന്നു എന്നോർക്കണം. അവിടെയാണ് പ്രൊപ്പഗാൻഡ മനേ്ജമെന്റ് കിടക്കുന്നത്. അമേരിക്കെതിരെ പോരാടുന്ന വലിയ പേരാളിയായാണ് കിം എന്ന ധാരണ ഇവർക്ക് ബോധപുർവം സൃഷ്ടിക്കാനായി. ഏത് നരാധമനെയും വിപ്ലവകാരിയാക്കുന്ന ആ കുപ്രചാരണത്തിൽ വീണുപോവുകയാണ് പ്രബുദ്ധരെന്ന് കരുതുന്ന മലയാളിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP