Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു രക്ഷകനെ  കിട്ടിയിട്ടു വേണം ഒന്നാരാധിക്കാൻ എന്ന മാനസികാവസ്ഥയിൽ ഇരിക്കുന്നവർക്കെല്ലാം രക്ഷകനെ കിട്ടി; ഹിറ്റ്ലർ, സ്റ്റാലിൻ, മാവോ, ഇന്ദിര എന്നിവരുടെ ചരിത്രം കൂടി ചേർത്തു വായിച്ചാൽ രക്ഷകവേഷവും ആരാധനാ മനോഭാവവും വരുവാനിരിക്കുന്ന  ഏതോ ദുരന്തത്തിന്റെ മുന്നോടിയായി മാത്രമെ കണക്കാക്കാനാകൂ; 140 കോടിയുടെ തള്ളലിന്റെ മുന്നിൽ മൂന്നരക്കോടിക്ക് പിടിച്ചു നിൽക്കാനാകുമോ? കൊവിഡിന്റെ പേരിൽ നടക്കുന്ന തറവാടിത്തപ്രഘോഷണത്തെ പറ്റി സജീവൻ അന്തിക്കാട് എഴുതുന്നു

ഒരു രക്ഷകനെ  കിട്ടിയിട്ടു വേണം ഒന്നാരാധിക്കാൻ എന്ന മാനസികാവസ്ഥയിൽ ഇരിക്കുന്നവർക്കെല്ലാം രക്ഷകനെ കിട്ടി; ഹിറ്റ്ലർ, സ്റ്റാലിൻ, മാവോ, ഇന്ദിര എന്നിവരുടെ ചരിത്രം കൂടി ചേർത്തു വായിച്ചാൽ രക്ഷകവേഷവും ആരാധനാ മനോഭാവവും വരുവാനിരിക്കുന്ന  ഏതോ ദുരന്തത്തിന്റെ മുന്നോടിയായി മാത്രമെ കണക്കാക്കാനാകൂ; 140 കോടിയുടെ തള്ളലിന്റെ മുന്നിൽ മൂന്നരക്കോടിക്ക് പിടിച്ചു നിൽക്കാനാകുമോ? കൊവിഡിന്റെ പേരിൽ നടക്കുന്ന തറവാടിത്തപ്രഘോഷണത്തെ പറ്റി സജീവൻ അന്തിക്കാട് എഴുതുന്നു

സജീവൻ അന്തിക്കാട്

ഡിങ്കൻ എന്ന ഗോത്രം ജീവിച്ചു വരുന്നത് തെക്കേ സുഡാനിലാണ്. നിലവിൽ അമ്പതുലക്ഷം പേരുണ്ടത്രെ ആ  ഗോത്രത്തിൽ. ഡിങ്കർ എന്നാണ് അവരെ വിളിക്കുന്നത്. ഡിങ്ക എന്നാൽ എന്താണ് അർത്ഥമെന്ന് ചോദിച്ചാൽ ഒരു യുക്തിവാദി ട്രോളൻ പറയുക 'മാനവരാശിയുടെ ഏക ദൈവം' എന്നായിരിക്കും. "ഒരു കാര്യവുമില്ലാതെ ഒരു പേരും ഇട്ട്  നടക്കുന്ന കൂട്ടർ "എന്നായിരിക്കാം അവരെപ്പറ്റി ആഫ്രിക്കക്കാർ പറയുന്നുണ്ടാകുക.

പക്ഷെ ഡിങ്കർ ഡിങ്കരെ പറ്റി എന്താണ് പറയുന്നത്?

ഡിങ്ക എന്നാൽ യഥാർത്ഥ ജനങ്ങൾ എന്നാണത്രെ അവർ പറയുന്ന അർത്ഥം. സ്വന്തം പേര്  വിമൽ കുമാർ എന്ന് പറയാൻ ഏവർക്കും അധികാരമുണ്ട് എന്ന് നമുക്കറിയാം; എന്നാൽ ഇവർ കുറെ പടി കൂടി കയറി മറ്റൊന്നുകൂടി പറയുന്നു "ഡിങ്കർ അല്ലാത്തവർ ജനങ്ങൾ അല്ല " യഥാർത്ഥ ജനങ്ങൾ അവർ മാത്രമാണ്.

ഡിങ്കർക്ക് ഇതിനാൽ ശത്രുക്കളുണ്ട്. ശത്രുക്കളുടെ ഗോത്രത്തിന്റെ പേര് നൂയെർ എന്നാണ്. ന്യൂയെർ എന്ന വാക്കിന്റെയും അർത്ഥം "യഥാർത്ഥ ജനങ്ങൾ " എന്നാണ്. അവരും പറയുന്നത് തങ്ങൾ മാത്രമാണ് യഥാർത്ഥ ജനങ്ങൾ എന്നാണ്. നമുക്ക് ആഫ്രിക്കയൊന്ന് വിട്ടു പിടിക്കാം.  സൈബീരിയക്കും അപ്പുറത്ത് അലാസ്ക്കയിൽ എത്താം. അവിടെ യുപികുകൾ എന്ന ഒരു ഗോത്രം താമസിക്കുന്നുണ്ട്. യുപിക് ഭാഷയിൽ യുപിക് എന്ന വാക്കിന്റെ അർത്ഥം കേൾക്കണോ?
യഥാർത്ഥ ജനങ്ങൾ.

ഇനി നമ്മുടെ നാട്ടിലെക്ക് വരാം. കേരളത്തിലെ ഗ്രാമങ്ങളിൽ കിണർ ഇല്ലാത്ത വീട് കുറയും. അത് ഒരു അഭിമാനമാണ് നാട്ടുകാർക്ക് . അറുപതു വയസ്സായ ഒരു സംസാര പ്രിയനായ ഒരു ചേട്ടനോട്  നിങ്ങൾ അദ്ദേഹത്തിന്റെ കിണറിനെ പറ്റി ചോദിച്ചു നോക്കൂ.

"എത്ര കടുത്ത വേനക്കും നാലു തൊട്ടി വെള്ളം ബാക്കിയുണ്ടാകും. ഒന്നരേടെ മോട്ടർ വെച്ചടിച്ചാലും വറ്റില്ല." ഒരു മാതിരി എല്ലാ ചേട്ടന്മാരും ഇതു തന്നെ നമ്മോട് പറയും. അവരുടെ ഭാഷയിൽ മറ്റു കിണറുകളൊക്കെ വറ്റുന്ന കിണറുകൾ മാത്രമാണ്. ഈ മനോഗതിയെ  തറവാടിത്ത പ്രഘോഷണം എന്നും പറയാറുണ്ട്. കവി ഇടശ്ശേരി ഈ മനോഭാവത്തെ പദ്യത്തിൽ ഇങ്ങിനെ കുറിച്ചു.

"ഇത്തറവാടിത്ത ഘോഷണത്തെപ്പോലെ , വൃത്തികെട്ട മറ്റൊന്നുമില്ലൂഴിയിൽ " മനുഷ്യർ പരഗതിയില്ലാതെ പട്ടിണിയും പരിവട്ടവുമായി ജീവിച്ചിരുന്ന കാലത്തും തറവാടിത്തഘോഷണത്തിന് ഒരു കുറവും വരുത്തിയില്ല. ഇങ്ങിനെ പൊക്കിയടിച്ചാൽ വിശപ്പ് ഫീൽ ചെയ്യില്ലത്രെ.

ഡോ. എം.ജി.എസ് നാരായണൻ പഴയ കാല മലബാറുകാരുടെ കാര്യം ആത്മകഥയിൽഇങ്ങിനെ സൂചിപ്പിക്കുന്നു. "അധികവും പഴയ കാല പ്രതാപവും സാമൂതിരിയുടെ കാര്യസ്ഥതയും പറഞ്ഞ് തെണ്ടി നടന്ന് മുണ്ടു മുറുക്കിയുടുത്ത് നടക്കുന്നവരാണ്." മുണ്ടു മുറുക്കിയുടുക്കുക എന്നാൽ കൊടും പട്ടിണിയാണെന്നർത്ഥം. പട്ടിണി പോയി. ഉദ്യോഗമുണ്ട് ,സ്ഥാനമാനങ്ങളുണ്ട്. സ്വന്തം കാലിൽ നിൽക്കാനുള്ള ത്രാണിയുമുണ്ട്. പക്ഷെ തറവാടിത്ത ഘോഷണം ചെയ്യുമ്പോഴുള്ള ഒരു സുഖം മനുഷ്യർക്ക് മറ്റെവിടുന്നും കിട്ടില്ല.

കൊറോണയും അവകാശവാദങ്ങളും.

ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളും കോവിഡിനെ തുരത്താനായി പരമാവധി പരിശ്രമിക്കുന്നുണ്ട്. കേരളത്തിൽ ആദ്യ കൊറോണ രോഗി പ്രത്യക്ഷപ്പെടുന്നതിന് ' മുമ്പ് തന്നെ -ജനുവരി 26 ന് -ഒരു വാർ റൂം തുറന്ന് പ്രവർത്തനമാരംഭിച്ച ചെത്തീസ്ഗഢ്  പ്രത്യേകം പ്രശംസ അർഹിക്കുന്നു.  ഏറ്റവും ഫലപ്രദമായി കൊറോണയെ തടഞ്ഞു നിർത്തിയിരുന്ന അവർ തബ്ലീഗിനു മുന്നിൽ അടിയറവ് പറഞ്ഞെങ്കിലും 28 പേരിൽ രോഗ വ്യാപനത്തെ തടഞ്ഞു നിർത്തി. വ്യാവസായിക നഗരമായ ഭിലായ് ഉൾപ്പെടുന്ന ദുർഗ്ഗ് ജില്ലയും നക്സൽ സ്വാധീനം നിലനിൽക്കുന്ന രാജ്നാഥ് ഗവും ഒരൊറ്റ കേസുകൾ പോലും റിപ്പോർട്ട് ചെയ്യപ്പെടാത്ത ജില്ലകളായി കേന്ദ്ര സർക്കാർ പ്രാഖ്യാപിച്ചിരുന്നു

ഭിലായ് എന്ന സ്റ്റീൽ നഗരം ആയിരക്കണക്കിന് മലയാളികളുടെ വാസസ്ഥാനമാണ് ഇന്നും. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഒരുമിച്ചു പാർക്കുന്ന ഇടം കൂടിയായിട്ടും കൊറോണ മുക്തമാക്കിയെടുത്തതിൽ സർക്കാർ തലബോധവൽക്കരണത്തിന്റെ പങ്ക് ചെറുതല്ല.
ഗോവ ശരിക്കും കൊറോണ ഫ്രീ ആയിക്കഴിഞ്ഞു.ഇപ്പോൾ എഴുരോഗികൾ മാത്രം !' മരണം പൂജ്യം .  യാത്രികരുടെ പറുദ്ദീസയായ അവിടം കൊറോണ മുക്തമാക്കി മാറ്റാൻ ചില്ലറ പരിശ്രമം ഒന്നും പോരാ.

തമിഴ്‌നാട്ടിൽ കൊറോണ പെരുകി കൊണ്ടിരിക്കുമ്പോൾ ഒപ്പം ചേർന്നു കിടക്കുന്ന പുതുച്ചേരി രോഗത്തെ ഫലപ്രദമായി തടഞ്ഞു നിർത്തി. വെറും ഏഴ് രോഗികൾ. മരണം ഇല്ല. ദരിദ്ര സംസ്ഥാനമായ ബീഹാർ കൊറോണ പ്രതിരോധത്തിൽ വലിയൊരു മാതൃകയാണ് ഇപ്പോൾ കാഴ്ചവെച്ചു കൊണ്ടിരിക്കുന്നത്. അവിടത്തെ പി ആർ വർക്കുകാർ ഒരു പക്ഷെ ബീഹാർ മോഡൽ എന്നു വിളിക്കുന്നുണ്ടാകണം . 228 രോഗികൾ വെറും രണ്ട് മരണം . ഹരിയാനയിലേക്ക് വരാം.അവിടെ   272 രോഗികൾ  3 മരണം. ഒഡീഷയുടേത് പ്രശംസനീയമായ പെർഫോമൻസ് ; വെറും  94 രോഗികളും ഒരു മരണവും. ഹിമാചൽ പ്രദേശിൽ  രോഗികൾ 40 മരണം 1 , ഉത്തർഖണ്ഡിൽ രോഗികൾ  48 ഉള്ളൂ  മരണം പൂജ്യം.

മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കും വിധം  അതിർത്തി പൂട്ടിയിട്ട കർണ്ണാടകയുടെ നടപടി   രോഗ വ്യാപനം തടയുന്നതിനുള്ള കഠിനശ്രമമായിട്ടായിരിക്കും അവിടത്തുകാർ കരുതുന്നത്.

ടെസ്റ്റുകൾ നടത്തിയ സംസ്ഥാനങ്ങളുടെ നിരക്കിലും കേരളം പിന്നിലാണെന്നാണ് പുതിയ റിപ്പോർട്ടുകൾ കാണിക്കുന്നത്. പത്തുലക്ഷത്തിന് എത്ര പേർ എന്ന കണക്കിൽ നോക്കുമ്പോൾ ഡൽഹി 1567 ഉം തമിഴ്‌നാട് 857 ഉം രാജസ്ഥാൻ 848 ഉം മഹാരാഷ്ട്ര 714 ഉം ഗുജറാത്ത് 652 ഉം ആണെങ്കിൽ കേരളം അതിനു പിന്നിൽ 593 മാത്രമാണ്.
(26-4-ലെ പത്രറിപ്പോർട്ട്  പ്രകാരം)
(ചത്തീസ്ഗഢ് കൊറോണ കൈകാര്യം ചെയ്ത രീതിയുടെ സർക്കാർ വെർഷൻ അറിയുന്നതിനായി ഈ ലിങ്കിൽ പോകുക.
https://www.thehindu.com/news/national/starting-early-gave-chhattisgarh-a-head-start-in-tackling-covid-19-outbreak-says-state-health-minister/article31279538.ece

ഇന്ത്യയുടെ കൊറോണ നിർമ്മാർജ്ജന ശ്രമങ്ങളുടെ ഏകദേശ രൂപം ലഭിക്കുന്നതിനായി ഈ ലിങ്ക് നോക്കുക.
https://en.wikipedia.org/wiki/2020_coronavirus_pandemic_in_India)

ഞങ്ങൾ ഭയങ്കര സംഭവമാണ്.

മഹാരാഷ്ട്രയും തബ്ലീഗ് സമ്മേളനം മൂലം തീവ്രമായ രീതിയിൽ വ്യാപനമുണ്ടായ ഡൽഹി , തമിഴ്‌നാട്, തെലുങ്കാന, രാജസ്ഥാൻ, ഗുജറാത്ത്  എന്നിവടങ്ങളും ഒഴിച്ചു നിർത്തിയാൽ ബാക്കി ഓരോ സംസ്ഥാനങ്ങളും അവകാശപ്പെടുന്നത് "തങ്ങളാണ് മുന്നിൽ " എന്നാണ്.
എല്ലായിടത്തും തറവാടിത്ത പ്രഘോഷണങ്ങൾ ഉണ്ട്. പക്ഷെ തലയിൽ ചാണകമല്ലാതെ വേറെന്തോ ഉള്ളവരെന്നു മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ചിരുന്ന ചില ഡോക്ടർമാരും അദ്ധ്യാപകരും എഴുത്തുകാരും പത്രക്കാരും തറവാടിത്ത ഘോഷണ പണിക്ക് വ്യാപകമായി ഇറങ്ങിയിട്ടുള്ളത് കേരളത്തിൽ മാത്രമാണ്. സർക്കാറിന്റെ സാദിരിക്കോയമാരും ദർബാർ ദാസന്മാരും പി ആർ വർക്കുമായി  ഫേസ് ബുക്കിലും വാട്ട്സ് അപ്പിലും ഇപ്പോഴും  അലഞ്ഞു തിരിഞ്ഞു നടക്കുകയാണ് .

റിയാലിറ്റി ഷോ

കൊറോണക്കേസുകളുടെ റിപ്പോർട്ട് അവതരിപ്പിക്കൽ ഒരു റിയാലിറ്റി ഷോ ആക്കി കേരളത്തിലെ സർക്കാരും  മാധ്യമങ്ങളും മാറ്റിയെന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. പുതിയ സീരിയലുകളും പുതിയ പരിപാടികളും ഇല്ലാതായപ്പോൾ വ്യൂവേഴ്സിനെ നിലനിർത്താനായി മാധ്യമങ്ങളും സർക്കാരും കൂടി രൂപകൽപ്പന ചെയ്ത പരിപാടിയത്രെ ഇത്. ഇതിനായി  കൊറോണ സംബന്ധിച്ച വാർത്തകളെല്ലാം മുൻകൂട്ടി  റിപ്പോർട്ട് ചെയ്യുന്നത് മാധ്യമങ്ങൾ വിഴുങ്ങി. 

എല്ലാം വൈകുന്നേരം 6 മണിക്കാണ്  ചൈനീസ് മാതൃകയിൽ  മുഖ്യമന്ത്രിക്ക് വെളിപ്പെത്തുക. കൊറോണ ഭീതിയിൽ പേടിച്ച് വിറച്ച് വീട്ടിൽ കഴിയുന്ന ജനം രോഗവിവരം അറിയാനായി ടി.വിക്കു മുമ്പിൽ കാത്തിരിക്കുമ്പോൾ വാർത്തകളെല്ലാം  കടലാസിൽ എഴുതി മുഖ്യമന്ത്രി പതിയെ വായിച്ചു.  കേരളം മാത്രമെ കൊറോണയെഫലപ്രദമായി തടയുന്നുള്ളൂ എന്ന് മാധ്യമങ്ങൾ പിറ്റേ ദിനം പത്രങ്ങളിൽ എഴുതി നിറക്കുകയും ചെയ്തു.
ദുരിതകാലത്തെ ഒരു പരസ്പര സഹായ സഹകരണ സംഘ പ്രവർത്തനമായി ഇതിനെ കാണാം.

ആദ്യം പത്രസമ്മേളനം നടത്തിയിരുന്നത് ആരോഗ്യ മന്ത്രിയായിരുന്നു. അതോടെ അവർക്ക് ഒരു രക്ഷക പരിവേഷം വന്നു. കൊറോണയെ പിടിച്ചു നിർത്താൻ പാടുപെടുന്ന ടീച്ചറമ്മയെ മുഖ്യമന്ത്രിയാക്കണം എന്ന് പലരും ആവശ്യപ്പെട്ടു. അപകടം മണത്ത മുഖ്യമന്ത്രി അതോടെ പത്ര സമ്മേളനം ഏറ്റെടുത്തു. അതോടെ രക്ഷകൻ അദ്ദേഹമായി. ആരാധനാലയങ്ങൾ മൊത്തം അടച്ചിട്ടിരിക്കുന്നതിനാൽ ഏതെങ്കിലും ഒരു രക്ഷകനെ  കിട്ടിയിട്ടു വേണം ഒന്നാരാധിക്കാൻ എന്ന മാനസികാവസ്ഥയിൽ ഇരിക്കുന്നവർക്കെല്ലാം രക്ഷകനെ കിട്ടി. രമേശ് ചെന്നിത്തലയെ കൊറോണ റിപ്പോർട്ടവതരിപ്പിക്കാൻ സർക്കാർ നിയോഗിച്ചിരുന്നുവെങ്കിൽ ചിലപ്പോൾ അദ്ദേഹം ആകുമായിരുന്നു ഹീറോ !

ഇത് 1986 ലെ രാമായണം സീരിയൽ ഉണ്ടാക്കിയ ഇമ്പാക്ടിനു തുല്യമായി കാണാം. മറ്റ് ചാനലുകൾ ഒന്നുമില്ലാത്ത അക്കാലത്ത് എല്ലാവരും രാമായണം സീരിയൽ കാണാനിരുന്നു. ആഴ്ചകൾ കടന്നു പോകെ ടെലിവിഷനിൽ പ്രത്യക്ഷപ്പെടുന്ന ശ്രീരാമൻ യഥാർത്ഥമാണെന്നു ജനങ്ങൾക്ക് തോന്നുകയും ആളുകൾ ടെലിവിഷനു മുന്നിൽ വിളക്കു കത്തിച്ചു വെക്കുകയും രാമൻ പ്രത്യക്ഷപ്പെടുമ്പോൾ പുഷ്പാർച്ചന നടത്തുകയും ചെയ്തു.
അന്നാളുകളിൽ ഇന്ത്യയിൽ  മൊത്തമായി വർദ്ധിച്ചു വന്ന . ശ്രീരാമഭക്തി പിന്നീട്  ബാബറി മസ്ജിദിന്റെ തകർച്ചയിലേക്ക് നയിച്ചു.  ഒട്ടനവധി മനുഷ്യജീവനുകൾ പൊലിഞ്ഞു. കുറെ പേർക്ക് കിടപ്പാടങ്ങൾ നഷ്ടപ്പെട്ടു. ഹിറ്റ്ലർ, സ്റ്റാലിൻ, മാവോ, ഇന്ദിര എന്നിവരുടെ ചരിത്രം കൂടി ഇതോടൊപ്പം ചേർത്തു വായിച്ചാൽ രക്ഷകവേഷവും ആരാധനാ മനോഭാവവും വരുവാനിരിക്കുന്ന  ഏതോ ദുരന്തത്തിന്റെ മുന്നോടിയായി മാത്രമെ കണക്കാക്കാനാകൂ എന്ന് നമുക്കു നിസ്സംശയം പറയാനാകും.

ചില  അപസ്വരങ്ങൾ

1) ഒരു നവജാത ശിശു കൊറോണ ബാധിച്ച് മരിച്ചത് വിവാദമായിട്ടുണ്ട്. കൊറോണ പോസറ്റീവ് ആയ വിവരം ഡോക്ടറെ അറിയിക്കാൻ മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം വരെ കാത്തു നിന്നത്രെ. ഉദ്ദേശം 21 മണിക്കൂർ. പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീർ എ .എൽ .എ യാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

2) കമ്യൂണിസ്റ്റ് പാർട്ടികൾക്ക് എല്ലാ കൂട്ടായ്മകളിലും അംഗങ്ങൾ ഉണ്ടായിരിക്കും. ആ അംഗങ്ങൾക്ക് ആ കൂട്ടായ്മയോടല്ല കൂറ് ;മറിച്ച് പാർട്ടിയോടായിരിക്കും. ആ അംഗങ്ങളെ വെച്ച് പാർട്ടി ആ കൂട്ടായ്മയെ നിയന്ത്രിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും. ഇപ്പറഞ്ഞ സെറ്റപ്പിനെയാണ് പാർട്ടി ഫ്രാക്ഷൻ എന്ന് പറയുന്നത്.

ഇപ്രകാരം എല്ലാ മാധ്യമങ്ങളിലും സി പി എമ്മിന് പാർട്ടി'ഫ്രാക്ഷൻ ഉണ്ട്. ഇങ്ങിനെ നിയന്ത്രിക്കാൻ ശ്രമിച്ചു  കിട്ടാത്തവരെയാണ്  മാധ്യമ സിണ്ടിക്കേറ്റ് എന്ന് മുഖ്യമന്ത്രി പറയുന്നത്. പ്രതിദിനം നടത്തുന്ന പത്ര സമ്മേളനത്തിൽ കാക്കയുടെയും പൂച്ചയുടെയും കാര്യങ്ങൾ വരെ സൂചിപ്പിച്ചിരുന്ന മുഖ്യമന്ത്രിക്ക് സ്പ്രിങ്ങ്ളർ  കമ്പനിയുമായുണ്ടാക്കിയ  കരാറിനെ പറ്റി പറയാൻ രണ്ടു മിനിട്ട് കിട്ടിയിരുന്നില്ല. ആ കുറവ് പരിഹരിച്ചത് പ്രതിപക്ഷ നേതാവായിരുന്നു. മുഖ്യമന്ത്രിയിൽ നിന്ന് കേൾക്കേണ്ട കാര്യം പ്രതിപക്ഷ നേതാവ് പറഞ്ഞറിയാൻ ഇട വന്നതും പിന്നീട് കോടതി ഇടപെട്ട് ജനങ്ങളുടെ സ്വകാര്യതയും സമ്മതവും പരമപ്രധാനമാണെന്ന് ഉത്തരവിട്ടതും "പൊക്കിക്കൊണ്ടു വന്ന പിരമിഡിന്റെ " അടിത്തറയിൽ വിള്ളലുകൾ വീഴാൻ ഇടയാക്കി.

തറവാടിത്ത ഘോഷണം : ഇനി കേന്ദ്രം വക.

തറവാടിത്ത ഘോഷണത്തിന്റെ  ഒരു ഭീകര വെർഷൻ കൂടി വരാനുണ്ട്. അത് കേന്ദ്ര സർക്കാരിന്റെ ഭക്തർ വകയാണ്. ഡൽഹി ദർബാർ ദാസമാർ നിറഞ്ഞാടാനാണ് സാധ്യത. മരണക്കണക്കു വെച്ചും മൊത്തം രോഗികളെ വെച്ചും ആയിരിക്കും ആ താരതമ്യം.
ഇന്ത്യയുടെ  മുന്നിലൊന്ന് ജനസംഖ്യയില്ലാത്ത (33.82 കോടി)  അമേരിക്കയുമായുള്ള താരതമ്യം. . വെറും നാലു കോടി 69 ലക്ഷം  ജനസംഖ്യയുള്ള സ്പെയിനുമായുള്ള താരതമ്യം.      വെറും 6 കോടി 60 ലക്ഷം ജനസംഖ്യയുള്ള യു.കെ യുമായുള്ള താരതമ്യം. എല്ലാം  ഡൽഹി ദർബാർ ദാസന്മാർക്ക് വമ്പൻ തള്ളലിനുള്ള അവസരം തന്നെയാണ്.

രോഗ പ്രതിരോധത്തിന്റെ  ഇന്ത്യൻ മോഡൽ വാഴ്‌ത്തുക്കൾ  ഇതിനകം തന്നെ തുടങ്ങേണ്ടതായിരുന്നു. പക്ഷെ  കൊറോണ ഭീതി നിലനിന്നിരുന്ന മാർച്ച് പകുതിയിൽ   ഡൽഹിയിലെ നിസാമുദീനിൽ  തബ്ലീഗ്കാർക്ക് സമ്മേളനം നടത്താൻ  കേന്ദ്ര സർക്കാർ വഴിവിട്ട് സഹായം നൽകിയത്  കൊട്ടാര ദാസമാർക്കും മോദി ഭക്തർക്കും ശരിക്കും തിരിച്ചടിയായി മാറി. പല സംസ്ഥാനങ്ങളിലും രോഗം കത്തിപ്പടർന്നു. എങ്കിലും  ജൂൺ മാസത്തോടെ രോഗത്തെ   നിയന്ത്രണ വിധേയമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ചുമരെഴുത്തുകാർ. അതിൽ വിജയം വരിക്കുന്നതോടെ ഭാരതത്തറവാടിന്റെ അയ്യായിരം വർഷത്തെ തറവാടിത്ത പെരുമഴയായിരിക്കും ഇന്ത്യയിൽ ചെയ്യാൻ പോകുന്നത്.

ചൈനാ ഭക്തന്മാരും ഏകകക്ഷി സ്വേച്ഛാധിപത്യ വാദികളും  തുടർ ഭരണത്തിനു വേണ്ടി കേരളത്തിൽ  കെട്ടിപ്പൊക്കി കൊണ്ടുവന്ന തള്ളലുകളുടെ ബാബേൽ ഗോപുരം ആ തറവാടിത്ത ഘോഷണ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോകാവുന്നതെ ഉള്ളൂ.140 കോടിയുടെ തള്ളലിന്റെ മുന്നിൽ മൂന്നരക്കോടിക്ക് പിടിച്ചു നിൽക്കാനാകുമോ? കാത്തിരുന്നു കാണാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP