Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എന്താണ് പ്ലാസ്മാ തെറാപ്പി? സാധ്യതകൾ ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ട് 'കൈകോർത്ത് ഷിക്കാഗോ മലയാളീസ്'

എന്താണ് പ്ലാസ്മാ തെറാപ്പി? സാധ്യതകൾ ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ട് 'കൈകോർത്ത് ഷിക്കാഗോ മലയാളീസ്'

അനിൽ മറ്റത്തികുന്നേൽ

ഷിക്കാഗോ: കോവിഡ് 19 ന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി ഷിക്കാഗോയിൽ പ്രവർത്തിച്ചുവരുന്ന കൈകോർത്ത് ഷിക്കാഗോ മലയാളികൾ എന്ന സന്നദ്ധ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോവിഡ് 19 ന്റെ ചികത്സാ സാധ്യതകളിൽ മുന്നിലുള്ള പ്ലാസ്മാ തെറാപ്പിയെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന ദൗത്യത്തിന് തുടക്കമായി. ഇതിനകം തന്നെ പ്ലാസമാ തെറാപ്പിയുടെ സഹകരിക്കുവാൻ താല്പര്യമുള്ള കോവിഡ് 19 ൽ നിന്നും മുക്തി നേടിയവരുടെ വിവരങ്ങൾ ശേഖരിച്ചുകൊണ്ട്, ഷിക്കാഗോ മലയാളികൾക്ക് കൈത്താങ്ങാകുവാൻ പ്രാപ്തമായ കൂട്ടായ്മയാണ് കൈകോർത്ത് ഷിക്കാഗോ മലയാളികൾ എന്ന സന്നദ്ധ കൂട്ടായ്മ എന്ന് അടിവരയിട്ട് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഈ വിഷയം സംബന്ധിച്ച് ആധികാരികമായ വിവരങ്ങൾ മലയാളി സമൂഹത്തിലേക്ക് എത്തിക്കുവാൻ വേണ്ടി നോർത്ത് അമേരിക്കയിലെ സു പ്രസിദ്ധ ഇന്ത്യൻ വംശജനായ ഡോക്ടർ ഡോ. നരേന്ദ്ര കുമാറിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. എന്താണ് പ്ളാമാ തെറാപ്പി, ആരാണ് യോഗ്യരായ പ്ലാസ്മാ ദാതാക്കൾ എന്നിങ്ങനെയുള്ള വിവരങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്കായി ഡോ നരേന്ദ്ര കുമാർ വഴിയായി പങ്കുവെയ്ക്കുകയാണ് കൈകോർത്ത് ഷിക്കാഗോ മലയാളികൾ. American Aossciation of Physicians of Indian Origin (AAPI), Aossciation of Kerala Medical Graduates (AKMG) എന്നിവയുടെ മുൻ പ്രസിഡണ്ട് കൂടിയാണ് വിവരങ്ങൾ ലഭ്യമാക്കിയിരിക്കുന്ന ഡോ നരേന്ദ്രകുമാർ.

എന്താണ് പ്ലാസ്മാ തെറാപ്പി?

രോഗം സുഖപ്പെട്ട വ്യക്തികളുടെ രക്തത്തിലെ പ്ലാസ്മ ഉപയോഗിച്ച് രോഗികളെ ചികിത്സിക്കുന്ന രീതിയാണ് കോൺവലസന്റ് പ്ലാസ്മ തെറാപ്പി എന്നറിയപ്പെടുന്നത്. ഗുരുതരാവസ്ഥയിലുള്ള രോഗികളിൽ പോലും ഈ ചികിത്സ ഫലം ചെയ്തിട്ടുണ്ടെന്നാണ് ചൈനയിൽ നിന്നും യുഎസിൽ നിന്നുമുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത്. ചൈനയിൽ രണ്ട് ടീമുകളായി തിരിഞ്ഞ് പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ഈ ചികിത്സയിൽ ഗുരുതരാവസ്ഥയിലായ 15ഓളം രോഗികൾ സുഖപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. ആദ്യഘട്ടത്തിൽ പ്ലാസ്മ നൽകിയ 10 രോഗികളിൽ വൈറസിന്റെ സാന്നിധ്യം പെട്ടെന്നു തന്നെ ഇല്ലാതായെന്നും മൂന്നു ദിവസത്തിനുള്ളിൽ പനിയും ശ്വാസതടസ്സവും അടക്കമുള്ള രോഗലക്ഷണങ്ങളിൽ വലിയ കുറവുണ്ടായെന്നുമാണ് കണ്ടെത്തിയത്. വാക്സിനുകളുടെ വരവിനും മുൻപേ പ്രചാരത്തിലുണ്ടായിരുന്ന ചികിത്സാരീതിയാണ് കോൺവലസന്റ് പ്ലാസ്മ തെറാപ്പി. 1918ലെ സ്പാനിഷ് ഫ്ലൂവിന്റെ കാലത്തും പ്ലാസ്മ ചികിത്സ ഉപയോഗിച്ചിരുന്നു. വൈറസ് ബാധയെ അതിജീവിച്ചവരുടെ ശരീരത്തിൽ വൈറസിനെതിരെ പ്രവർത്തിച്ച് ശരീരത്തെ സംരക്ഷിക്കാൻ ആവശ്യമായ ആന്റിബോഡികൾ രൂപപ്പെട്ടിട്ടുണ്ടാകും. രോഗം ഭേദമായിക്കഴിഞ്ഞാലും ഈ ആന്റിബോഡികൾ ശരീരത്തിൽ അവശേഷിക്കും. തുടർന്ന് കുറച്ചു കാലത്തേയ്ക്കോ ചില സാഹചര്യങ്ങളിൽ ജീവിതകാലം മുഴുവനോ ആ രോഗത്തിൽ നിന്ന് വരാതെ സംരക്ഷിക്കാൻ ആന്റിബോഡികൾ നമ്മെ സഹായിക്കുകയും ചെയ്യും. കൊവിഡ് 19 ഭേദമായ രോഗികളുടെ ശരീരത്തിൽ വൈറസിനെ നേരിടാൻ ആവശ്യമായ ആന്റിബോഡികൾ അടങ്ങിയിരിക്കും. ഇവരുടെ ആന്റിബോഡി സമ്പുഷ്ടമായ രക്തത്തിൽ നിന്ന് വേർതിരിച്ചെടുത്ത പ്ലാസ്മയാണ് രോഗികളിൽ കുത്തിവെക്കുക. ഇത്തരത്തിൽ രോഗിയുടെ ശരീരത്തിൽ എത്തുന്ന ആന്റിബോഡികൾ വൈറസിനെ തുരത്താൻ സഹായിക്കുമെന്നാണ് അനുമാനം.

കോവിഡ് 19 ന്റെ ചികത്സക്കായി പ്ലാസ്മാ ദാനം ചെയ്യുവാൻ യോഗ്യരായവർ ആരൊക്കെ?

താഴെ പറയുന്ന മാനദണ്ഡങ്ങൾക്ക് തുല്യരായവരും കോവിഡ് 19 ൽ നിന്ന് രോഗ വിമുക്തി നേടുന്നവരുമായിരിക്കും പ്ലാസ്മാ ദാനം ചെയ്യുവാൻ യോഗ്യരായവർ.

1) കോവിഡ് 19 ൽ നിന്നും രോഗ വിമുക്തി നേടിയവർ
2) കോവിഡ് 19 സ്ഥിരീകരിക്കപ്പെട്ടവരും 28 ദിവസങ്ങളായി രോഗ ലക്ഷണം കാണിക്കാത്തവരും.
3) 14 ദിവസങ്ങളായി രോഗ ലക്ഷണം കാണിക്കാതിരിക്കുകയും പരിശോധനയുടെ ആവർത്തനത്തിൽ നെഗറ്റിവ് ഫലം സ്ഥിരീകരിച്ചവർ
4) കോവിഡ് 19 ന്റെ ആന്റിബോഡി പരിശോധനയിൽ 1:80 ന്റെയും 1:160 ഇടയിൽ പരിശോധനാ ഫലം ഉള്ളവർ
ഗർഭിണികളായ സ്ത്രീകളെ കോവിഡ് 19 ന്റെ ചികത്സക്കായി പ്ലാസ്മാ ദാനം ചെയ്യുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ആരാണ് പ്ലാസ്മാ ദാതാക്കളെ നിർണ്ണയിക്കുവാനുള്ള പരിശോധനകൾ നടത്തുന്നത്?

നിലവിലെ സാഹചര്യത്തിൽ പ്ലാസമാ ദാനം ചെയ്യുവാനുള്ള യോഗ്യത നിര്ണയിക്കുന്നതിനുള്ള പരിശോധന നടത്തുവാനല്ല നിർദ്ദേശം പുറപ്പെടുവിക്കുവാൻ നിയുക്തരായിരിക്കുന്നത് രോഗികളുടെ പ്രൈമറി കെയർ ഡോക്ട്ടർമാരാണ്. രക്തദാന സംബന്ധമായ സേവനങ്ങൾ നൽകുന്ന റെഡ്ക്രോസ്, ലൈഫ് സോഴ്സ് തുടങ്ങിയപോലുള്ള സ്ഥാപനങ്ങൾക്ക് ഈ നിർണ്ണയം നടത്തുന്നതിന് അനുവാദം ലഭിച്ചിട്ടില്ല.

പ്ലാസ്മാ തെറാപ്പി കൊടുക്കുവാനുള്ള പരിമിതികൾ എന്തൊക്കെയാണ്?

രക്തദാനപ്രക്രിയയിൽ നിഷ്‌കർഷിച്ചിരിക്കുന്ന ഗ്രൂപ്പ് സംബന്ധമായ പരിമിതികൾ പ്ലാസ്മാ തെറാപ്പിയിലും നിലവിലുണ്ട്. അതായത് A ഗ്രൂപ്പുകാരുടെയും B ഗ്രൂപ്പുകാരുടെയും പ്ലാസ്മാ അതെ ഗ്രൂപ്പുകാർക്കോ അല്ലെങ്കിൽ AB ഗ്രൂപ്പുകാർക്കോ മാത്രമേ കൊടുക്കുവാൻ സാധിക്കൂ. O ഗ്രൂപ്പുകാരുടെ പ്ലാസ്മാ എല്ലാ ഗ്രൂപ്പുകാർക്കും കൊടുക്കുവാൻ സാധിക്കും എന്നാൽ AB ഗ്രൂപ്പുകാരുടെ പ്ലാസ്മാ അതേ ഗ്രൂപ്പുകാർക്ക് മാത്രമേ കൊടുക്കുവാൻ സാധിക്കൂ.

ഇതിനകം തന്നെ സോഷ്യൽ മീഡിയയിലൂടെ അനുയോജ്യമായ പ്ലാസ്മാ അന്വേഷങ്ങൾ നിരവധി ദിനം പ്രതി എത്തികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, സഹജീവികൾക്ക് ജീവൻ പകരുവാൻ രോഗവിമുക്തി നേടിയവർ മുന്നോട്ട് വരണം എന്ന് ഡോ നരേന്ദ്രകുമാർ അറിയിച്ചു. ഒരാളുടെ പ്ലാസ്മാ കൊണ്ട് മൂന്നു പേർക്ക് പ്ലാസ്മാ തെറാപ്പി നൽകുവാൻ സാധിക്കും എന്നും 2 മുതൽ മൂന്ന് ആഴ്ചകൾക്ക് ശേഷം വീണ്ടും ദാനം ചെയ്യാൻ ആരോഗ്യമുള്ള വ്യക്തികൾക്ക് സാധിക്കും എന്നതിനാലും, രോഗ വിമുക്തി നേടിയവർക്ക് കോവിഡ് 19 ന്റെ ചികിത്സയിൽ നിർണ്ണായകമായ പങ്കുവഹിക്കുവാൻ കഴിയും എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഏതാനും മണിക്കൂറുകൾ മുതൽ 36 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കാവുന്ന പരിശോധനകൾക്ക് ശേഷം ദാനം ചെയ്യുന്ന പ്ലാസ്മാ 12 മാസങ്ങൾ വരെ ഉപയോഗ്യ ശൂന്യമാകില്ല എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഡോണർ ലിസ്റ്റ് എന്ന ദൗത്യം ഏറ്റെടുത്തതുകൊണ്ട് പ്രവർത്തനങ്ങൾ ആരംഭിച്ച കൈകോർത്ത് ഷിക്കാഗോ മലയാളികൾ എന്ന സന്നദ്ധ കൂട്ടായ്മയുടെ പ്രവർത്തനങ്ങളെ ആദ്ദേഹം അഭിനന്ദിച്ചു. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കൈകോർത്ത് ഷിക്കാഗോ മലയാളികളുടെ ടോൾ ഫ്രീ നമ്പരിൽ (1-833-353-7252) ബന്ധപ്പെട്ടാൽ ലഭ്യമാകുന്നതാണ് എന്ന് കൈകോർത്ത് ഷിക്കാഗോ മലയാളിക്ക് വേണ്ടി ബെന്നി വാച്ചാച്ചിറ, ബിജി സി മാണി ജിതേഷ് ചുങ്കത്ത് എന്നിവർ അറിയിച്ചു. കൈകോർത്ത് ഷിക്കാഗോ മലയാളിയോട് സഹകരിക്കുന്ന എല്ലാ ആരോഗ്യമേഖലാ വിദഗ്ധരോടും മെഡിക്കൽ കമ്മറ്റി ചെയർ മറിയാമ്മ പിള്ള നന്ദി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP