Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആദ്യമായി എന്നെ ദൂരദർശനുവേണ്ടി ഇന്റർവ്യൂ ചെയ്തത് രവിയായിരുന്നു; ആൾക്കൂട്ടത്തിന്റെ തിരക്കിനിടെ വന്ന് ചോദ്യങ്ങൾ ചോദിച്ച രവിയെ എനിക്ക് നല്ല ഓർമയുണ്ട്; ഊഷ്മളമായ ഓർമകൾ ഒരുപാടുള്ള പ്രിയപ്പെട്ട സുഹൃത്തായിരുന്നു രവിയെന്ന് മമ്മൂട്ടി; സാഗരം സാക്ഷിയും , നീ വരുവോളവും ഞാൻ നൽകിയ രവിയുടെ കരിയറിലെ നല്ല വേഷങ്ങളെന്ന് സിബി മലയിലും; പ്രിയനടന്റെ വിയോഗത്തിൽ ഓർമകൾ പങ്കുവച്ച് താരലോകവും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം:അന്തരിച്ച നടൻ രവി വള്ളത്തോളിനെ അനുസ്മരിച്ച് നടൻ മമ്മൂട്ടി. ആദ്യമായി തന്നെ ദൂരദർശനുവേണ്ടി അഭിമുഖം ചെയ്തത് രവി വള്ളത്തോളായിരുന്നുവെന്ന് മമ്മൂട്ടി ഓർമ്മിക്കുന്നു. ഊഷ്മളമായ ഓർമകൾ ഒരുപാടുള്ള പ്രിയപ്പെട്ട സുഹൃത്തായിരുന്നു രവി.വിയോഗവാർത്ത വേദനയോടെയാണ് കേട്ടത്.മമ്മൂട്ടി കുറിക്കുന്നു. നിരവധി ചിത്രങ്ങളിൽ മമ്മൂട്ടിയും രവി വള്ളത്തോളും ഒന്നിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ മാസ് കഥാപാത്രങ്ങളിൽ ഒന്നിനെ സമ്മാനിച്ച കോട്ടയം കുഞ്ഞച്ചനിൽ നല്ലൊരു വേഷം രവി വള്ളത്തോൾ അവതരിപ്പിച്ചിരുന്നു.

മമ്മൂട്ടിയുടെ ഫേസ്‌ബുക്ക് കുറിപ്പ്:- 

രവി വള്ളത്തോളിന്റെ വിയോഗവാർത്ത വേദനയോടെയാണ് കേട്ടത്. ഊഷ്മളമായ ഓർമകൾ ഒരുപാടുള്ള പ്രിയപ്പെട്ട സുഹൃത്തായിരുന്നു രവി. ആദ്യമായി എന്നെ ദൂരദർശനുവേണ്ടി ഇന്റർവ്യൂ ചെയ്തത് രവിയായിരുന്നു. സംസ്ഥാന അവാർഡ് വാങ്ങി പുറത്തിറങ്ങിയപ്പോൾ അന്ന് ആൾക്കൂട്ടത്തിന്റെ തിരക്കിനിടെ വന്ന് ചോദ്യങ്ങൾ ചോദിച്ച രവിയെ എനിക്ക് നല്ല ഓർമയുണ്ട്.പിന്നെ ഒരുപാട് സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചു. അടൂർ സാറിന്റെ മതിലുകളിൽ അടക്കം ഒപ്പമുണ്ടായിരുന്നു. എപ്പോഴും വിളിക്കുകയും കാണാൻ വരികയും ഒക്കെ ചെയ്ത ആ നല്ല സുഹൃത്തിന്റെ വേർപാട് എന്നെ ഒരുപാട് വേദനിപ്പിക്കുന്നു. ആദരാഞ്ജലികൾ.

അതേ സമയം രമി വള്ളത്തോളിന്റെ വിയോഗ വാർത്തയിൽ ഓർമകൾ പങ്കുവച്ച് സംവിധായകൻ സിബി മലയിൽ  രംഗത്തെത്തി. അദ്ദേഹം സംവിധാനം ചെയ്ത സാഗരം സാക്ഷി, നീ വരുവോളം എന്നീ ചിത്രങ്ങളിൽ രവി വള്ളത്തോൾ വേഷമിട്ടിരുന്നു. രവി വള്ളത്തോളിന്റെ സിനിമാജീവിതത്തിലെ ഏറ്റവും മികച്ച വേഷങ്ങളായിരുന്നു ഈ രണ്ടു ചിത്രങ്ങളിലെയും. രവി വള്ളത്തോളിന്റെ വേർപാട് വിഷമമുണ്ടാക്കുന്നതാണെന്ന് സിബി മലയിൽ  പറഞ്ഞു.

''രവിയെ എനിക്ക് പണ്ടു മുതൽ തന്നെ അറിയാമായിരുന്നു. നാടകാചാര്യൻ ടി.എൻ. ഗോപിനാഥൻ നായരുടെ മകൻ എന്ന നിലയിലാണ് അദ്ദേഹത്തെ ആദ്യമായി പരിചയപ്പെട്ടത്. ടെലിവിഷൻ സീരിയലുകളിൽ സജീവമായിരുന്ന കാലത്താണ് സാഗരം സാക്ഷിയിലേക്ക് ഞാൻ അദ്ദേഹത്തെ അഭിനയിക്കാൻ വിളിക്കുന്നത്. രവിക്ക് വളരെ പ്രധാന്യമുള്ള വേഷമായിരുന്നു ആ ചിത്രത്തിൽ. എനിക്ക് തോന്നുന്നത് അദ്ദേഹത്തിന്റെ കരിയറിലെ മികച്ച വേഷം അതായിരുന്നു എന്നാണ്. അതിലെനിക്ക് സന്തോഷവും അഭിമാനവുമുണ്ട്. അദ്ദേഹം അത് നന്നായി ചെയ്യുകയും ചെയ്തു. അതിന്റെ തുടർച്ചയായിട്ടാണ് നീ വരുവോളം എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിക്കുന്നത്.

വ്യക്തിപരമായി പറയുകയാണെങ്കിൽ അദ്ദേഹം മാന്യനും സൗമ്യനും മിതഭാഷിയുമായിരുന്നു. വല്ലപ്പോഴുമൊക്കെ എന്നെ വിളിക്കാറുണ്ടായിരുന്നു. സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്ന് രവി പറയാറുണ്ടായിരുന്നു. കലാപാരമ്പര്യമുള്ള കുടുംബത്തിൽ നിന്നായതുകൊണ്ടായിരിക്കണം, ജന്മനാ ഒരുപാട് കഴിവുകളുള്ള വ്യക്തിയായിരുന്നു രവി. അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായി എനിക്ക് വളരെ സങ്കടമുണ്ടാക്കുന്നതാണ്.''-

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP