Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മിനി സ്‌ക്രീനിലെ മമ്മൂട്ടി! ദൂരദർശൻ സീരിയലുകളുടെ പ്രതാപകാലത്ത് കത്തിനിന്ന നടൻ; അഭിനയിച്ചത് നൂറോളം സീരിയിലുകളിൽ; അമ്പതോളം സിനിമകളിൽ അഭിനയിച്ചെങ്കിലും എല്ലാം കൊച്ചുവേഷങ്ങൾ; 'കോട്ടയം കുഞ്ഞച്ചനിലെ' കാമുകനും 'കമ്മീഷണറിലെ' അച്ചാമ്മ വർഗീസിന്റെ ഭർത്താവും ശ്രദ്ധിക്കപ്പെട്ടു; 'രേവതിക്കൊരു പാവക്കുട്ടിയുടെ' കഥാകൃത്ത്; ഇരുപത്തഞ്ചോളം ചെറുകഥകളും എഴുതി; ഗാനരചയിതാവെന്ന നിലയിലും കീർത്തി; അന്തരിച്ച രവിവള്ളത്തോൾ മലയാള കുടുംബ പ്രേക്ഷകരുടെ പ്രിയനടൻ

മിനി സ്‌ക്രീനിലെ മമ്മൂട്ടി! ദൂരദർശൻ സീരിയലുകളുടെ പ്രതാപകാലത്ത് കത്തിനിന്ന നടൻ; അഭിനയിച്ചത് നൂറോളം സീരിയിലുകളിൽ; അമ്പതോളം സിനിമകളിൽ അഭിനയിച്ചെങ്കിലും എല്ലാം കൊച്ചുവേഷങ്ങൾ; 'കോട്ടയം കുഞ്ഞച്ചനിലെ' കാമുകനും 'കമ്മീഷണറിലെ' അച്ചാമ്മ വർഗീസിന്റെ ഭർത്താവും ശ്രദ്ധിക്കപ്പെട്ടു; 'രേവതിക്കൊരു പാവക്കുട്ടിയുടെ' കഥാകൃത്ത്; ഇരുപത്തഞ്ചോളം ചെറുകഥകളും എഴുതി; ഗാനരചയിതാവെന്ന നിലയിലും കീർത്തി; അന്തരിച്ച രവിവള്ളത്തോൾ മലയാള കുടുംബ പ്രേക്ഷകരുടെ പ്രിയനടൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മിനി സ്‌ക്രീനിലെ മമ്മൂട്ടി! ദൂരദർശൻ സീരിയലുകളുടെ പ്രതാപകാലത്ത് രവി വള്ളത്തോളിനെ ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന ഒരു ലേഖനത്തിൽ വിശേഷിപ്പിച്ചത് അങ്ങനെയായിരുന്നു. ശ്രീഗുരുവായൂരപ്പൻ, വസുന്ധര മെഡിക്കൽസ്, ജ്വാലയായ്, മണൽസാഗരം, പാരിജാതം, അമേരിക്കൻ ഡ്രീംസ് തുടങ്ങിയ മെഗാ സീരിയലുകളിലും രവി ശ്രദ്ധേയനായി. വയലാർ മാധവൻ കുട്ടിയും മധുമോഹനും അടങ്ങുന്ന അന്നത്തെ മെഗസ്സീരിയിൽ സംവിധായകരുടെ സ്്ഥിരം നടൻ ആയിരുന്നു രവി. നൂറോളം സീരിയലുകളിലാണ് അദ്ദേഹം വേഷം മിട്ടത്. അതിൽ നാലപ്പതിലേറെ മെഗാ പരമ്പരകൾ ആയിരുന്നെന്ന് ഓർക്കണം. അതുകൊണ്ടുതന്നെ കേരളത്തിലെ കുടുംബപ്രേക്ഷകർക്ക് സുപരിചതമായ മുഖമാണ് ഇന്ന് വിടപറഞ്ഞത്.

സീരിയിലിൽ കിട്ടിയ നല്ല വേഷങ്ങളും ഒന്നും അദ്ദേഹത്തിന് ചലച്ചിത്രത്തിൽ കിട്ടിയില്ല. അമ്പതോളം ചിത്രങ്ങളിൽ വേഷമിട്ടുവെങ്കിലും എല്ലാം കൊച്ചുകൊച്ചു റോളുകൾ ആയിരുന്നു. മമ്മൂട്ടിയുടെ കോട്ടയം കുഞ്ഞച്ചനിലെ കാമുകൻ, കമ്മീഷണറിൽ ഓർമ്മയുണ്ടോ ഈ മുഖം എന്ന് ചോദിച്ച് സുരേഷ് ഗോപി അലറുന്ന അച്ചാമ്മ വർഗീസിന്റെ ഭർത്താവായ കേന്ദ്രമന്ത്രി തുടങ്ങിയ ഏതാനും വേഷങ്ങൾ മാത്രമാണ് ഓർമ്മയിൽ നിൽക്കുന്നത്. സർഗം, ഗാഡ്ഫാദർ, വിഷ്ണുലോകം, മതിലുകൾ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളും ഓർമ്മിക്കത്തക്കതാണ്.സിബിമലയിലിന്റെ സാഗരം സാക്ഷി, നീ വരുവോളും എന്നീ ചിത്രങ്ങളിലും മികച്ച വേഷമായിരുന്നു രവിയുടേത്.

മിക്ക ചിത്രങ്ങളിലും സ്വാതികനായ ഒരു വേഷമായിരുന്നു അദ്ദേഹത്തെ കാത്തിരുന്നത്. അടുർ ഗോപാലകൃഷ്ണന്റെ സിനിമകളിലെയും സാന്നിധ്യമായിരുന്നു രവി വള്ളത്തോൾ. അടൂരിന്റെ ഏഴുസിനിമകളിലാണ് ഇദ്ദേഹം വേഷമിട്ടത്. ടി.വി. ചന്ദ്രൻ, എംപി. സുകുമാരൻ നായർ തുടങ്ങിയവരുടെ ശ്രദ്ധിക്കപ്പെട്ട പല സിനിമകളിലും അഭിനയിച്ചു. 1976-ൽ മധുരം തിരുമധുരം എന്ന ചിത്രത്തിന് വേണ്ടി 'താഴ്‌വരയിൽ മഞ്ഞുപെയ്തു' എന്ന ഗാനം എഴുതി രവി വള്ളത്തോളിന്റെ സിനിമാ ബന്ധം തുടങ്ങിയത്. 1986-ൽ ഇറങ്ങിയ രേവതിക്കൊരു പാവക്കുട്ടി എന്ന സിനിമയുടെ കഥ രവിവള്ളത്തോളിന്റേതായിരുന്നു.

1986-ൽ ദൂരദർശൻ സംപ്രേഷണം ചെയ്ത 'വൈതരണി' എന്ന സീരിയലിലൂടെയാണ് രവിവള്ളത്തോൾ അഭിനേതാവാകുന്നത്. മാർ ഇവായിനിയോസ് കോളജിൽനിന്ന് ഡിഗ്രിയും കാര്യവട്ടം കേരള യൂണിവേഴ്സിറ്റിയിൽനിന്ന് പിജിയും നേടിയ ഇദ്ദേഹം വിദേശത്തും ദൂരദർശന്റെ വാർത്താ വിഭാഗത്തിലും ജോലി നോക്കവെയാണു 'വൈതരണി' എന്ന തന്റെ സീരിയലിൽ അഭിനയിക്കാൻ പി. ഭാസ്‌കരൻ ക്ഷണിക്കുന്നത്.

രവിയുടെ അച്ഛൻ ടി.എൻ. ഗോപിനാഥൻ നായരുടെയായിരുന്നു സീരിയലിന്റെ തിരക്കഥ.ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത് 1987-ൽ ഇറങ്ങിയ സ്വാതിതിരുനാൾ ആണ് രവി വള്ളത്തോളിന്റെ ആദ്യ സിനിമ.എഴുത്തുകാരൻ കൂടിയായ രവിവള്ളത്തോൾ ഇരുപത്തിഅഞ്ചോളം ചെറുകഥകളും എഴുതിയിട്ടുണ്ട്. അസുഖബാധിതനായതിനാൽ ഏറെക്കാലമായി അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു. മഹാകവി വള്ളത്തോൾ നാരായണ മേനോന്റെ മരുമകനാണ്. മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചിട്ടുണ്ട്.

കാവാലത്തിന്റെ തടക്കം നിരവധി നാടകങ്ങളിലും വേഷമിട്ട നടനായിരുന്നു അദ്ദേഹം.
മാന്യനും സൗമ്യനും മിതഭാഷിയുമായിരുന്നു രവി വള്ളത്തോൾ. ഒരിടത്തും ഇടിച്ചുകയറാൻ താൽപ്പര്യമില്ലാത്തയാൾ. അതും ഒരു പരിധിവരെ അദ്ദേഹത്തിന്റെ അവസരങ്ങൾ ഇല്ലാതാക്കാൻ ഇടയാക്കിയെന്ന് സുഹൃത്തുക്കൾ പറയുന്നു. അവസരങ്ങൾ ചോദിച്ചോ ശുപാർശയുമായോ ഒരിക്കലും ആരുടെമുന്നിലും അദ്ദേഹം പോയിരുന്നില്ല.
സിനിമയിൽ നല്ല വേഷങ്ങൾ കിട്ടുന്നില്ല എന്ന പരാതിയും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ഇക്കാര്യം ഒരു അഭിമുഖത്തിൽ ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. 'എന്നേക്കാൾ മികച്ച നടന്മാർ ഒരുപാടുണ്ട്. കിട്ടിയ വേഷങ്ങൾ ഞാൻ നോക്കാറില്ല.അടുർ സാറിന്റെ അടക്കം ചിത്രങ്ങളിൽ അഭിനയിക്കാനായത് വലിയ ഭാഗ്യം തന്നെയാണ്. എന്റെ കഥാപാത്രത്തെയല്ല ആ സിനിമയെയാണ് നിങ്ങൾ വിലയിരുത്തേണ്ടത്'- രവി വള്ളത്തോൾ പറഞ്ഞു.

നാടകാചാര്യൻ ടി. എൻ.ഗോപിനാഥൻ നായരുടെയും സൗദാമിനിയുടെയും മകനാണ്. ഭാര്യ: ഗീതലക്ഷ്മി. രവിവള്ളത്തോളും ഭാര്യയും ചേർന്ന് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് വേണ്ടി 'തണൽ' എന്ന പേരിൽ ഒരു ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്നുണ്ട്. അങ്ങനെ സമൂഹിക സാംസ്കാരിക രംഗങ്ങളിലെ ഒരു നിറസാന്നിധ്യം കൂടിയാണ് ഇന്നലെ അസ്തമിക്കുന്നത്. മൃതദേഹം വഴുതക്കാട് ത്രയംബകയിൽ.

 ഊഷ്മളമായ ഓർമ്മകൾ ഒരുപാടുള്ള സുഹൃത്ത്- മമ്മൂട്ടി

ആദ്യമായി തന്നെ ദൂരദർശനുവേണ്ടി അഭിമുഖം ചെയ്തത് രവി വള്ളത്തോളായിരുന്നുവെന്ന് നടൻ മമ്മൂട്ടി. ഊഷ്മളമായ ഓർമകൾ ഒരുപാടുള്ള പ്രിയപ്പെട്ട സുഹൃത്തായിരുന്നു രവി. വിയോഗവാർത്ത വേദനയോടെയാണ് കേട്ടതെന്നും മമ്മൂട്ടി ഫേസ്‌ബുക്കിൽ കുറിച്ചു.

 മമ്മൂട്ടിയുടെ ഫേസ്‌ബുക്ക് കുറിപ്പ്

 രവി വള്ളത്തോളിന്റെ വിയോഗവാർത്ത വേദനയോടെയാണ് കേട്ടത്. ഊഷ്മളമായ ഓർമകൾ ഒരുപാടുള്ള പ്രിയപ്പെട്ട സുഹൃത്തായിരുന്നു രവി. ആദ്യമായി എന്നെ ദൂരദർശനുവേണ്ടി ഇന്റർവ്യൂ ചെയ്തത് രവിയായിരുന്നു. സംസ്ഥാന അവാർഡ് വാങ്ങി പുറത്തിറങ്ങിയപ്പോൾ അന്ന് ആൾക്കൂട്ടത്തിന്റെ തിരക്കിനിടെ വന്ന് ചോദ്യങ്ങൾ ചോദിച്ച രവിയെ എനിക്ക് നല്ല ഓർമയുണ്ട്.പിന്നെ ഒരുപാട് സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചു. അടൂർ സാറിന്റെ മതിലുകളിൽ അടക്കം ഒപ്പമുണ്ടായിരുന്നു. എപ്പോഴും വിളിക്കുകയും കാണാൻ വരികയും ഒക്കെ ചെയ്ത ആ നല്ല സുഹൃത്തിന്റെ വേർപാട് എന്നെ ഒരുപാട് വേദനിപ്പിക്കുന്നു. ആദരാഞ്ജലികൾ.

അനുഗൃഹീത കലാകാരൻ- മുഖ്യമന്ത്രി

രവി വള്ളത്തോളിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. അനുഗൃഹീത കലാകാരനായിരുന്നു രവി വള്ളത്തോൾ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭാവാത്മകമായ ആവിഷ്‌കാരങ്ങളോടെ കഥാപാത്രങ്ങളെ മനസ്സിൽ പതിപ്പിക്കുന്നതിന് അസാധാരണമായ പാടവം അദ്ദേഹത്തിനുണ്ടായിരുന്നു. നാടക കലയ്ക്കും ചലച്ചിത്ര-സീരിയൽ കലകൾക്കും ഒരു പോലെ നഷ്ടമാണ് രവി വള്ളത്തോളിന്റെ നിര്യാണമെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

മികച്ച എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനും- ചെന്നിത്തല

രവി വള്ളത്തോളിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. നിരവധി സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത അദ്ദേഹം മികച്ച എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായിരുന്നു. പിതാവായ ടി.എൻ. ഗോപിനാഥൻ നായരെ പോലെ തന്നെ വലിയ സംഭാവനകളാണ് അദ്ദേഹം സാംസ്‌കാരിക രംഗത്ത് നൽകിയതെന്നും ചെന്നിത്തല തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP