Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സാധാരണ സമയങ്ങളിൽ പോലും അസാധാരണ ധൂർത്തിന്റെ ആരോപണം നേരിടുന്ന രാഷ്ട്രീയ നേതാക്കളും; ജനം നൽകുന്ന നികുതിയിൽ നിന്ന് എഴുപതു ശതമാനവും സർക്കാർ ജീവനക്കാരെ തീറ്റി പോറ്റാൻ ചെലവഴിക്കുന്നു' എന്ന മന്ത്രിയും; കൊടിയുടെ നിറം നോക്കാതെ എതിർക്കപ്പെടേണ്ട തികച്ചും അപക്വമായ അനവസരത്തിലെ പ്രസ്താവന; ജീവനക്കാരെ താറടിച്ച് സാലറി ചലഞ്ച് വീണ്ടും: ഡോ എസ് ശിവപ്രസാദ് എഴുതുന്നു

സാധാരണ സമയങ്ങളിൽ പോലും അസാധാരണ ധൂർത്തിന്റെ ആരോപണം നേരിടുന്ന രാഷ്ട്രീയ നേതാക്കളും; ജനം നൽകുന്ന നികുതിയിൽ നിന്ന് എഴുപതു ശതമാനവും സർക്കാർ ജീവനക്കാരെ തീറ്റി പോറ്റാൻ ചെലവഴിക്കുന്നു' എന്ന മന്ത്രിയും; കൊടിയുടെ നിറം നോക്കാതെ എതിർക്കപ്പെടേണ്ട തികച്ചും അപക്വമായ അനവസരത്തിലെ പ്രസ്താവന; ജീവനക്കാരെ താറടിച്ച് സാലറി ചലഞ്ച് വീണ്ടും: ഡോ എസ് ശിവപ്രസാദ് എഴുതുന്നു

ഡോ എസ് ശിവപ്രസാദ്

കോവിഡ് പ്രതിരോധത്തിനുള്ള മന്ത്രിസഭാ നിർദ്ദേശങ്ങൾ ജീവൻ പണയം വച്ച് വിജയകരമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന സർക്കാർ ജീവനക്കാർക്കുള്ള സമ്മാനമാണ് ഇന്ത്യയിൽ മറ്റൊരു സർക്കാരും നടപ്പാക്കാത്ത രീതിയിലെ കേരള മോഡൽ സാലറി ചലഞ്ച്. ആളും അർഥവും കൊണ്ട് നാടിനെയും നാട്ടാരെയും രക്ഷിക്കേണ്ടതിന്റെ അനിവാര്യത വീണ്ടും ഒരിക്കൽ കൂടി ഏറ്റെടുത്ത സർക്കാർ ജീവനക്കാരെ സമൂഹ മധ്യത്തിൽ അപമാനിച്ച് വളഞ്ഞ വഴിയിൽ കൂടി വേണ്ടിയിരുന്നോ ഈ പണം പിടുങ്ങൽ എന്നാണ് ആരോപണം

സാധാരണ സമയങ്ങളിൽ പോലും അസാധാരണ ധൂർത്തിന്റെ ആരോപണം നേരിടുന്ന രാഷ്ട്രീയ നേതാക്കളിൽ പലരും മുമ്പും വാക്കുകൾ കൊണ്ട് സർക്കാർ ജീവനക്കാരെ അപമാനിച്ചിട്ടുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ' ജനം നൽകുന്ന നികുതിയിൽ നിന്ന് എഴുപതു ശതമാനവും സർക്കാർ ജീവനക്കാരെ തീറ്റി പോറ്റാൻ ചെലവഴിക്കുന്നു' എന്ന കേരളത്തിലെ ഒരു മന്ത്രിയുടെ പ്രസ്ഥാവന. കൊടിയുടെ നിറം നോക്കാതെ എതിർക്കപ്പെടേണ്ട തികച്ചും അപക്വമായ അനവസരത്തിലെ പ്രസ്താവന.

ശമ്പളം നൽകുന്നതിനെയല്ല, കുപ്രചരണം, സ്വഭാവഹത്യ, പരിഹാസം ഇവയിലൂടെ സമൂഹത്തെ വിഭജിച്ച് ശമ്പളം പിടിച്ചെടുക്കുന്നതിനു പിന്നിലെ കുബുദ്ധിയാണ് എതിർക്കപ്പെടേണ്ടത്. സാമ്പത്തിക ഭദ്രത കൈവരിക്കുന്നതോടെ പിടിച്ച തുക തിരികെ തരും എന്നു വാക്കാൽ പറയുകയും ഉത്തരവിൽ അത് ചൂണ്ടിക്കാട്ടാതിരിക്കുകയും ചെയ്തതാണ് ഇരട്ടത്താപ്പായി വ്യാഖ്യാനിക്കപ്പെട്ടത്. ഓരോ മാസത്തെയും മൊത്ത ശമ്പളത്തിൽ ആറു ദിവസത്തേത് എന്ന രീതിയിൽ അഞ്ചു മാസം പിടിക്കാനാണ് ഉത്തരവിൽ പറയുന്നത്. അതായത് ഒരു മാസത്തെ ശമ്പളം പിടിച്ചേ അടങ്ങൂ എന്ന് സാരം. ഇല്ലായ്മയുടെ പേരിൽ മാസ ശമ്പളം മുഴുവനായും വേണമോ എന്നു ചിലരെങ്കിലും ചോദിച്ചു പോയാൽ കടമയും കർത്തവ്യവും ഉത്തരവാദിത്തബോധവും ഇല്ലാത്തവരായി അവരെ ചിത്രീകരിച്ച് പൊതു സമൂഹത്തിനു മുന്നിൽ അപമാനിക്കുന്ന അവസ്ഥ അരുതാത്തതാണ്.

ഇൻസെന്റ്റീവോ ഇൻഷുറൻസ് സുരക്ഷയോ ലഭിക്കാതെ സ്വജീവൻ പണയം വച്ച് ദുരന്തമുഖത്തും തെരുവുകളിലും സേവനമനുഷ്ടിക്കുന്ന പൊലീസ്, എക്‌സൈസ്, ആരോഗ്യപ്രവർത്തകർ, സോക്ടർമാർ, മറ്റ് അവശ്യ സർവീസ് ജീവനക്കാർ എന്നിവരുൾപ്പെടെയുള്ളവരെ മനുഷ്യത്വത്തിന്റെ പേരിലെങ്കിലും സാലറി ചലഞ്ചിൽ നിന്ന് ഒഴിവാക്കേണ്ടതായിരുന്നു. മറ്റ് വിവിധ വകുപ്പ് ജീവനക്കാരും അതത് വകുപ്പുകളുടെ ജോലികളിൽ വീട്ടിലിരിക്കുമ്പോഴും വ്യാപൃതരാണ്.

നിയമ നിർമ്മാണ വിഭാഗത്തിന്റെ നിർദ്ദേശങ്ങൾ നടപ്പിൽ വരുത്തുന്നതിലേക്കായി കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പബ്‌ളിക് സർവീസ് കമ്മീഷൻ വഴി 'സെലക്ട് 'ചെയ്യപ്പെടുന്ന സ്ഥിര വിഭാഗമാണ് സർക്കാർ ജീവനക്കാർ. 'ഇലക്ട്' ചെയ്യപ്പെട്ടു വരുന്നവരെ ഓരോ അഞ്ചുവർഷവും ജനം കഴുത്തിൽ പിടിച്ച് പുറത്താക്കുന്ന നാട്ടിൽ മാറി വരുന്ന ഭരണ സംവിധാനങ്ങൾക്കു കീഴിൽ ജനസേവനം നടത്തുന്നവരാണിവർ. ജനാധിപത്യ സംവിധാനത്തിൽ സർക്കാർ എന്നാൽ ജനം എന്നു തന്നെയാണ് അർഥം. ജനത്തിന്റെ നിർവചനത്തിൽ ഉൾപ്പെടുന്നവരാണ് ജീവനക്കാരും. മറ്റുള്ളവർക്ക് ലഭിക്കേണ്ട തുക തിന്നു് മുടിക്കുന്നതിവരാണെന്ന അർഥത്തിലെ വാക്കുകൾ ഉത്തരവാദിത്തമുളവരിൽ നിന്ന് ഉണ്ടായിക്കൂടാ.

പ്യൂൺ മുതൽ ഐ.എ.എസ് തലം വരെയുള്ള സർക്കാർ ജീവനക്കാർ മാസശമ്പളം വാങ്ങിയപാടെ കൊണ്ട് ചെന്ന് കുഴി കുത്തി പറമ്പിൽ ശേഖരിച്ചു വയ്ക്കലല്ല ചെയ്യുന്നത്. ഉപ്പു തൊട്ടു കർപ്പൂരം വരെയുള്ള സാമഗ്രികൾ വാങ്ങുക വഴി കമ്പോളത്തിലും പൊതു സമൂഹത്തിലും ചെലവിടുകയാണ്. ശമ്പളം പിടിച്ചു വാങ്ങുന്നതോടെ കമ്പോളത്തിന്റെ ചാക്രികത നിശ്ചലമാകുകയും വിവിധ തൊഴിലുകൾ ചെയ്ത് ജീവിക്കുന്നവരുടെ അവസ്ഥ ദുസ്സഹമാകുകയും ചെയ്യും. ശമ്പളം തടയപ്പെട്ടാൽ സമൂഹത്തെ മുഴുവൻ ദോഷകരമായി ബാധിക്കുമെന്ന് ചുരുക്കം. ഇതൊക്കെ അറിയുമ്പോഴും പിടിപ്പുകേടുകൊണ്ട് ഊർദ്ധ്വശ്വാസം വലിക്കുന്ന ട്രഷറിക്ക് താത്കാലിക ജീവൻ നൽകാനുള്ള വളഞ്ഞ വഴി മാത്രമാണ് സാലറി ചലഞ്ച് .

സർക്കാർ ജീവനക്കാരെ ഒറ്റപ്പെടുത്തി സ്വഭാവഹത്യ നടത്തുന്ന പതിവ് 1978, 2001 വർഷങ്ങളിലെ ഐതിഹാസികമായ സമരങ്ങളിലും നടന്നിരുന്നു. ഭരണത്തിലിരുന്നത് കോൺഗ്രസ്സ് സർക്കാരായിരുന്നു എന്നു മാത്രം. അതിലും നീചമായ സ്വഭാവഹത്യയാണ് അധികാര ധാർഷ്ട്യത്തിന്റെ മറവിൽ കമ്യൂണിസ്റ്റുകളെന്ന് അവകാശപ്പെടുന്ന ചിലർ ഇപ്പോൾ നടത്തുന്നത്.

സമരം ചെയ്യുന്ന ദിവസങ്ങളിലെ ശമ്പളം നൽകാനാകില്ല എന്നറിയാമായിരുന്നിട്ടും 2001 ലെ 32 ദിവസത്തെ സമര നാളുകളിൽ നഷ്ടപ്പെടുന്ന തുക അധികാരത്തിലെത്തിയാൽ ആദ്യം തന്നെ തരും എന്ന പറഞ്ഞാണ് ആളെ കൂട്ടിയത്. ഏതാണ്ട് രണ്ടു ദശാബ്ദത്തോളം ആകുമ്പോഴും ഒരു ദിവസത്തെ ശമ്പളം പോലും നൽകിയിട്ടില്ല. ഈ മുന്നനുഭവമാണ് ജവനക്കാരിൽ അവിശ്വാസം ജനിപ്പിക്കുന്നത്. പ്രളയ ദുരിതാശ്വാസ നിധി അനിവാര്യമായിരുന്നു. അനുനയത്തിനു പകരം അന്നും അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച് പലതും ബോധ്യപ്പെടുത്താതെ സമാഹരിച്ച തുകയുടെ അടവ് തീർന്നിട്ട് മാസങ്ങളേ ആയുള്ളൂ. ഇനി അനിവാര്യമായ അടുത്ത ചലഞ്ച്. സ്വമനസ്സോടെ ചലഞ്ചിൽ പങ്കെടുക്കുന്നവർ പോലും സ്വഭാവഹത്യക്ക് ഇരയാകുന്നു. നാളിതുവരെ കുടിശ്ശികയുള്ള 12% ഡി.എ.പോലും നൽകാൻ കഴിഞ്ഞിട്ടില്ല. ഭരണ സുഖലോലുപതയ്ക്ക് കുറവൊട്ടില്ല താനും. രണ്ടാം സാലറി ചലഞ്ച് ആഗസ്റ്റിൽ അവസാനിക്കും. ഏതാനും മാസങ്ങൾക്കു ശേഷം 2021 ലെ അടുത്ത തെരഞ്ഞെടുപ്പ്. വർഷങ്ങൾ കൊണ്ട് പോലും നേടാനാകാത്ത സാമ്പത്തിക ഭദ്രത ആഗസ്റ്റിനു ശേഷമുള്ള ഏതാനും മാസങ്ങൾനുള്ളിൽ കൈവരിക്കുമ്പോൾ പിടിച്ച ശമ്പളം തിരികെ തരുമെന്ന് പ്രസ്ഥാവിക്കാതെ എങ്കിലും ഇരുന്നു കൂടെ എന്നാണ് ജീവനക്കാർ ചോദിക്കുന്നത്.

വിഭവ സമാഹരണത്തിന് ആക്കം കൂട്ടി റവന്യൂ വർദ്ധനവെന്ന ലക്ഷ്യത്തിൽ പരാജയപ്പെട്ടവർ ജനത്തെ കൂട്ടുപിടിച്ച് കാലിയായ ഖജനാവിന് ഉത്തരവാദികൾ സർക്കാർ ജീവനക്കാരാണ് എന്ന് വരുത്തി തീർക്കുന്നു. വിവാദങ്ങൾ സൃഷ്ടിച്ച് ധൂർത്തും ധനകാര്യ മാനേജ്‌മെന്റിലെ പിടിപ്പുകേടുമെന്ന ആത്യന്തികമായ പ്രശനത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കുകയും ചെയ്യുന്നു എന്ന ആരോപണവും ശക്തമാണ്.

കഴിഞ്ഞ പ്രളയത്തിന്റെ തനിയാവർത്തനം. എല്ലാം നഷ്ടപ്പെട്ട ഒട്ടേറെ പേർ അന്നും അഭിമാനത്തിന്റെ പേരിൽ ശമ്പളം സർക്കാരിനു നൽകി. നിറഞ്ഞ മനസ്സോടെ ആയിരുന്നു ചിലരെങ്കിലും ചലഞ്ചിൽ പങ്കെടുത്തതെന്ന് ചിന്തിച്ചെങ്കിൽ തെറ്റി. സർക്കാർ ജോലി ഉള്ളതിന്റെ പേരിൽ സംഘടനാ പിരിവുകളുൾപ്പെടെ ലോകത്തെ സർവമാന പിരിവുകളും പേറുന്നവരാണ് സർക്കാർ ജീവനക്കാർ. ജീവനക്കാരോട് ആലോചിക്കാതെ കഴിഞ്ഞ വർഷത്തെ ഫെസ്റ്റിവൽ അഡ്വാൻസ് പിടിച്ചെടുത്തപ്പോഴും ഓഖി ഫണ്ട് നൽകിയപ്പോഴും ഉണ്ടാകാത്ത പ്രതിഷേധം ഇപ്പോഴുണ്ടാകുന്നത് ജനമധ്യത്തിൽ അവരെ താറടിക്കാൻ ഒരു വിഭാഗം നേതാക്കൾ മുതിർന്നതു കൊണ്ടാണ്.

കടം എടുക്കുക, കേന്ദ്ര വിഹിതം ലദിച്ചില്ലെന്നു വിലപിക്കുക, മദ്യത്തിൽ നിന്നുള്ള വരുമാനത്തെ അമിതമായി അശ്രമിക്കുക, വൻകിട വ്യാപാരികളിൽ നിന്നുള്ള നികുതി പിരിവിലെ വീഴ്ച വരുത്തുക എന്നിങ്ങനെ ധനകാര്യ രംഗത്തെ പിടിപ്പുകേടുകൾക്കുള്ള തൽക്കാല പോംവഴിയാകരുത് സാലറി ചലഞ്ച്.

ദാനധർമ്മാദികൾക്ക് മൂല്യം കൽപ്പിക്കുന്ന ജനതയാണ് ഇവിടുള്ളത്. പക്ഷേ അത് സ്വമനസ്സാലെ വേണം ആകേണ്ടത്. രാജ്യം നേരിടുന്ന ഗുരുതരാവസ്ഥയിൽ ആളും അർഥവും നൽകി സഹായിച്ചേ തീരൂ. ദുർവ്യയമെന്ന സംശയത്തിന് ഇടനൽകിക്കൂടാ. അങ്ങനെ വരുമ്പോഴാണ് ജീവനക്കാർ അതിനു തയ്യാറാകാതെ വരുന്നത്. പ്രളയ കാലത്തെ സാലറി ചലഞ്ചിലൂടെ സമാഹരിച്ച തുക ദുർവ്യയം ചെയ്തു എന്ന ആരോപണം നിലനിൽക്കുമ്പോൾ സർക്കാർ ജീവനക്കാരുടെ സ്വഭാവഹത്യ നടത്തിയുള്ള സാലറി ചലഞ്ച് സിവിൽ സർവീസിന്റെ കാര്യക്ഷമതയെ ബാധിച്ചേക്കും.

തനിക്കു ചുറ്റും നടക്കുന്ന വിഷമകരമായ സംഭവങ്ങളിൽ വീമ്പു പറച്ചിലിലും മേനിപറച്ചിലിലൂടെയും മാത്രം സഹായം വിളമ്പുന്ന ജീവനാക്കാരുമുണ്ടാകും. ഇക്കൂട്ടരുടെ എണ്ണം കൂടുന്നതും കടുത്ത തീരുമാനങ്ങളിലേക്ക് സർക്കാർ പോകുന്നതിന് കാരണമായേക്കാം. ഇക്കാരണമൊന്നു കൊണ്ടു മാത്രം സർക്കാർ സംവിധാനത്തിന്റെ ഭാഗമായ ജീവനക്കാരെ മുഴുവനായി അപകീർത്തിപ്പെടുത്താനുള്ള ചിലരുടെ ശ്രമം ഒരിക്കലും നേർചിന്തയോടെയുള്ളതല്ല. എല്ലാ വിഭാഗം ജീവനക്കാരെയും ചേർത്തു നിർത്തി സമവായത്തിലൂടെയും സുതാര്യതയോടെയും ആയിരുന്നു ഇടപെടലെങ്കിൽ പരമാവധി തുക സമാഹരിക്കാൻ കഴിയുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP