Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മണ്ണിൽ പൊന്നു വിളയിക്കാൻ തെക്ക് നിന്ന് മാനന്തവാടിയിൽ എത്തിയ അച്ഛന്റെ മകൻ; കാപ്പിക്കുരുവുമായി കടൽ കടന്നെത്തി ദുബായിൽ വെട്ടിപ്പിടിച്ചത് സ്വന്തം സാമ്രാജ്യം; ഏഴേക്കറോളം സ്ഥലത്ത് 45,000 ചതുരശ്രമീറ്റർ വിസ്തൃതിയിൽ നിർമ്മിച്ച അറയ്ക്കൽ പാലസിലേക്ക് കോവിഡിനെ മറന്നും ഒഴുകിയെത്തുന്നത് കപ്പൽ ജോയിയുടെ കാരുണ്യം ഏറ്റവാങ്ങിയ നൂറു കണക്കിന് ആളുകൾ; മകനെ ഓർത്ത് പൊട്ടിക്കരഞ്ഞ് വള്ളിയൂർക്കാവിലെ പാലസിൽ ഉലഹന്നാൻ; അറയ്ക്കൽ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ തിരക്കിട്ട നടപടികൾ

മണ്ണിൽ പൊന്നു വിളയിക്കാൻ തെക്ക് നിന്ന് മാനന്തവാടിയിൽ എത്തിയ അച്ഛന്റെ മകൻ; കാപ്പിക്കുരുവുമായി കടൽ കടന്നെത്തി ദുബായിൽ വെട്ടിപ്പിടിച്ചത് സ്വന്തം സാമ്രാജ്യം; ഏഴേക്കറോളം സ്ഥലത്ത് 45,000 ചതുരശ്രമീറ്റർ വിസ്തൃതിയിൽ നിർമ്മിച്ച അറയ്ക്കൽ പാലസിലേക്ക് കോവിഡിനെ മറന്നും ഒഴുകിയെത്തുന്നത് കപ്പൽ ജോയിയുടെ കാരുണ്യം ഏറ്റവാങ്ങിയ നൂറു കണക്കിന് ആളുകൾ; മകനെ ഓർത്ത് പൊട്ടിക്കരഞ്ഞ് വള്ളിയൂർക്കാവിലെ പാലസിൽ ഉലഹന്നാൻ; അറയ്ക്കൽ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ തിരക്കിട്ട നടപടികൾ

മറുനാടൻ മലയാളി ബ്യൂറോ

മാനന്തവാടി: കടലില്ലാത്ത വയനാട്ടിൽ ജനിച്ച് ലോക പെട്രോളിയം വ്യവസായ സാമ്രാജ്യത്തിലെ പ്രധാനിയായി മാറിയ കപ്പൽ ജോയി. മാനന്തവാടി വള്ളിയൂർക്കാവ് റോഡിലെ അറയ്ക്കൽ പാലസ് ഇന്ന് വേദനയിലാണ്. ദുബായിൽ അന്തരിച്ച പ്രമുഖ വ്യവസായി അറയ്ക്കൽ ജോയിയുടെ മൃതദേഹം അടുത്ത ദിവസം തന്നെ നാട്ടിൽ എത്തിക്കും.

ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് സൂചന. വയനാട്ടിലെ വീട്ടിലേക്ക് ജോയിയുടെ മരണ വിവരം അറിഞ്ഞപ്പോൾ തുടങ്ങിയ സന്ദർശക പ്രവാഹത്തിന് ഇനിയും കുറവ് വന്നിട്ടില്ല. കോവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ പൊലീസ് സന്ദർശനം കർശനമായി നിയന്ത്രിക്കുന്നുണ്ട്. ജോയിയുടെ പിതാവ് ഉലഹന്നാനും അറയ്ക്കൽ പാലസിലുണ്ട്. കോവിഡ് പ്രതിസന്ധിയും ലോക് ഡൗണും നിലനിൽക്കുന്നതിനാൽ മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തിൽ ഏറെ പ്രതിസന്ധികൾ നിലവിലുണ്ട്. എന്നാലും അതിവേഗം നടപടികൾ പുരോഗമിക്കുകയാണ്.

കേരളത്തിലെ ഏറ്റവും വലിയ വീടുകളിൽ ഒന്നാണ് മാനന്തവാടിയിലെ അറയ്ക്കൽ പാലസ്. ഇവിടേക്ക് 2018 ഡിസംബർ 29നാണ് ജോയിയും സഹോദരൻ ജോണിയും കുടുംബസമേതം താമസം മാറ്റിയത്. 25,000 ചതുരശ്രയടിയിൽ മാനം മുട്ടെ ഉയർന്ന് നിൽക്കുന്ന അറയ്ക്കൽ പാലസ് കേരളത്തിലെ ഏറ്റവും വലിയ വീടാണ്. കഴിഞ്ഞ പ്രളയകാലത്ത് ദുരിത ബാധിതർക്കായി അറയ്ക്കൽ പാലസിന്റെ വാതിലുകൾ മലർക്കെ തുറന്നിട്ടിരുന്നു. ഇതും ചർച്ചയായിരുന്നു. മധ്യപൂർവേഷ്യയിലേക്ക് പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുപോകാനായി ചരക്കുകപ്പലുകൾ സ്വന്തമാക്കിയായിരുന്നു കപ്പൽ ജോയിയുടെ വളർച്ച. സംഘർഷഭരിതമായ മേഖലകളിലേക്ക് വലിയ വെല്ലുവിളിയേറ്റെടുത്തു ഈ എണ്ണക്കപ്പലുകൾ യുദ്ധസമയത്തും പാഞ്ഞു. അങ്ങനെ കപ്പൽ ജോയി സ്വന്തം സാമ്രാജ്യം കെട്ടി ഉയർത്തി.

അക്കൗണ്ടന്റായി യുഎഇയിൽ എത്തി ലോകത്തെ ഏറ്റവും മികച്ച റിഫൈനറികളിൽ ഒന്നിന്റെ ഉടമയായി മാറിയ അറയ്ക്കൽ ജോയിയെ കപ്പൽ മുതലാളിയായി മാറുമ്പോഴും നാടിനേയും വീടിനേയും ജോയി മറന്നിരുന്നില്ല. പെട്രോ കെമിക്കൽ രംഗത്തും വാർത്താവിനിമയ രംഗത്തും ഇരുപതോളം കമ്പനികളുടെ ഉടമയായിരുന്നു ജോയ് അറയ്ക്കൽ. ജിസിസി ഉൾപ്പെടെ 7 രാജ്യങ്ങളിൽ കമ്പനികൾ ഉണ്ടായിരുന്നു. ജഫ്‌സ്, ഹംറിയ, റാസൽഖൈമ എന്നിവിടങ്ങളിൽ വമ്പൻ കമ്പനികളും പദ്ധതികളും ഉണ്ടായിരുന്നു. യുഎഇയിലെ ഏറ്റവും വലിയ റിഫൈനറി പദ്ധതികളൊന്നിന്റെ നിർമ്മാണം പുരോഗമിക്കുമ്പോഴാണ് മരണം.

ടെലിഫോൺ സേവനദാതാക്കളായ ഇത്തിസലാത്തിന്റെ പല കരാറുകളും നടത്തുന്നത് അദ്ദേഹത്തിന്റെ സ്ഥാപനമായ ബിൽഡ് മാക്‌സായിരുന്നു. മരണ ദിവസം ഉച്ചയ്ക്ക് 12ന് അദ്ദേഹത്തിന്റെ ഇന്നോവ ഗ്രൂപ്പിന്റെ ആസ്ഥാനമായ ബിസിനസ് ബേയിലെ കമ്പനിയിൽ ഏതാനും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു. കാണാൻ കാത്തിരുന്ന തങ്ങൾക്ക് കേൾക്കേണ്ടി വന്നത് മരണ വാർത്തയാണെന്ന് ഓഫീസ് സെക്രട്ടറി റീബ പറഞ്ഞു. സൗമ്യമായി ജീവനക്കാരോടു പെരുമാറുന്ന, താഴേത്തട്ടിലുള്ള ജീവനക്കാരുടെ വീട്ടാവശ്യങ്ങൾ വരെ അറിഞ്ഞു ചെയ്തിരുന്ന മുതലാളിയായിരുന്നു അദ്ദേഹം. 1997ൽ ദുബായിൽ ലോജിസ്റ്റിക്‌സ് കമ്പനിയിൽ ജോലിക്ക് കയറി പ്രവാസ ജീവിതം ആരംഭിച്ച ജോയ് പെട്രോ കെമിക്കൽ മേഖലയിലേക്ക് മാറിയതോടെയാണ് വൻ വ്യവസായിയായി വളർന്നത്. യുകെയിൽ പഠിക്കുന്ന മകൻ അരുണിനൊപ്പം ഓഫിസിലേക്ക് പോകാനിറങ്ങിയ ജോയി ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

സദാസമയവും ബിസിനസിന്റെ തിരക്കിലാകുമ്പോഴും പാവങ്ങളുടെ കണ്ണീരൊപ്പാൻ അറയ്ക്കൽ ജോയ് സമയം കണ്ടെത്തിയിരുന്നു. വ്യവസായമേഖലയ്ക്ക് മാത്രമല്ല നാട്ടിലെ പാവങ്ങൾക്കും വലിയ നഷ്ടമാണ് ജോയിയുടെ വേർപാടിലൂടെ സംഭവിച്ചിരിക്കുന്നത്. തൊണ്ണൂറുകളിലാണ് വയനാട്ടിൽനിന്ന് ദുബായിലേക്ക് ജോലിയന്വേഷിച്ച് സന്ദർശകവിസയിൽ ജോയ് എത്തിയത്. കൈയിൽ കാപ്പിക്കുരുകളുമായാണ് ആദ്യമായി കടൽ കടന്നെത്തിയതെന്ന പ്രത്യേകതയും ആ യാത്രയ്ക്കുണ്ട്. അന്നേ മനസ്സിൽ സ്വന്തമായൊരു ബിസിനസ് എന്ന സ്വപ്നം അദ്ദേഹത്തിനുണ്ടായിരുന്നു. എം.കോം. ബിരുദധാരിയായ ജോയ് ട്രൈസ്റ്റാർ ട്രാൻസ്‌പോർട്ടിങ് എന്ന കമ്പനിയിൽ അക്കൗണ്ടന്റ് ആയാണ് ഗൾഫിലെ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. 2,000 ദിർഹമായിരുന്നു അന്നത്തെ ശമ്പളം. പിന്നീട് അതേ കമ്പനിയിൽ ഓപ്പറേഷൻ മാനേജരായി. തുടർന്ന് ആബലോൺ ട്രാൻസ്‌പോർട്ട് എന്ന കമ്പനിയിൽ സാമ്പത്തിക പങ്കാളിയായി ബിസിനസിലേക്ക് കാലെടുത്തുവെച്ചു.

2003 മുതൽ 2008 വരെ 'ആബാലോണിൽ' പ്രവർത്തിച്ചു. പിന്നീടാണ് സ്വന്തമായി ട്രോട്ടേഴ്സ് എന്ന എണ്ണക്കമ്പനിയുടെ തുടക്കം. ട്രോട്ടേഴ്സിൽനിന്ന് ഇന്നോവ റിഫൈനറി ഗ്രൂപ്പ് ഓഫ് കമ്പനി സ്ഥാപിച്ചു. അഞ്ഞൂറോളം ജീവനക്കാർ യു.എ.ഇ.യിൽ ജോയിയുടെ കീഴിൽ ജോലിചെയ്യുന്നുണ്ടായിരുന്നു. മാനന്തവാടിയിൽ പാവങ്ങളെ സഹായിക്കാനായി ഇസാഫ് ബാങ്കുമായി സഹകരിച്ച് നൂതനവ്യാപാരത്തിനും ജോയ് തുടക്കംകുറിച്ചിരുന്നു. പശു, ആട്, കോഴി വളർത്തലുമായി ബന്ധപ്പെട്ട മേഖലയാണത്.

തെക്കൻ ജില്ലയിൽനിന്ന് വർഷങ്ങൾക്ക് മുൻപ് മാനന്തവാടിയിലേക്ക് കുടിയേറിയതായിരുന്നു ജോയിയുടെ പിതാവ് ഉലഹന്നാൻ. മാനന്തവാടിയിൽ ഏഴേക്കറോളം സ്ഥലത്ത് 45,000 ചതുരശ്രമീറ്റർ വിസ്തൃതിയിൽ നിർമ്മിച്ച അറയ്ക്കൽ പാലസ് കേരളത്തിലെ ഏറ്റവുംവലിയ വീടുകളിൽ ഒന്നാണ്. വയനാട്ടിൽമാത്രം 400 ഏക്കറോളം ഭൂമിയുണ്ട്. കർണ്ണാടകയിലും ആയിരക്കണക്കിന് ഏക്കർ ഭൂമിയുടെ ഉടമയാണ്. കോഴിക്കോട് പെരുവണ്ണാമൂഴി പുളിന്താനത്ത് കുടുംബാംഗമായ സെലിൻ(സാലി) ആണ് ഭാര്യ. മക്കൾ: അരുൺ (ബി.ബി.എ.വിദ്യാർത്ഥി, യു.കെ.), ആഷ്ലിൻ (ദുബായ്)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP