Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ചൈനീസ് കിറ്റുകൾക്ക് ഗുണനിലവാരമില്ലെങ്കിൽ തദ്ദേശീയ കോവിഡ് നിർണയ കിറ്റുകൾക്ക് ഐ.സി.എം.ആർ അനുമതി നൽകണം; ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി വികസിപ്പിച്ച ആർ.ടി-ലാംപ് ടെസ്റ്റ് ഉപയോഗിക്കാം; രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ ആന്റിബോഡി റാപ്പിഡ് ടെസ്റ്റ് കിറ്റും ഉപയോഗിക്കണമെന്ന് ശശി തരൂർ എംപി

ചൈനീസ് കിറ്റുകൾക്ക് ഗുണനിലവാരമില്ലെങ്കിൽ തദ്ദേശീയ കോവിഡ് നിർണയ കിറ്റുകൾക്ക് ഐ.സി.എം.ആർ അനുമതി നൽകണം; ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി വികസിപ്പിച്ച ആർ.ടി-ലാംപ് ടെസ്റ്റ് ഉപയോഗിക്കാം; രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ ആന്റിബോഡി റാപ്പിഡ് ടെസ്റ്റ് കിറ്റും ഉപയോഗിക്കണമെന്ന് ശശി തരൂർ എംപി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് പരിശോധനയ്ക്കായി ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത് കിറ്റുകൾക്ക് ഗുണനിലവാരമില്ലെന്ന ആരോപണം ശക്തമായ സാഹചര്യത്തിൽ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കിറ്റുകൾ പരിശോധനയ്ക്കായി ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ശശി തരൂർ എംപി. ചെലവേറിയതും സമയമെടുക്കുന്നതുമായ ആർ.ടി-പി.സി.ആർ ടെസ്റ്റിന് പകരം ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയുടെ ചെലവ് കുറഞ്ഞതും വേഗത്തിലുമുള്ള ആർ.ടി-ലാംപ് ടെസ്റ്റ് ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ ആന്റിബോഡി റാപ്പിഡ് ടെസ്റ്റ് കിറ്റ് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ) അംഗീകാരത്തിന് സമർപ്പിച്ചിരിക്കുകയാണ്. എന്തു കൊണ്ടാണ് കേന്ദ്രസർക്കാർ അംഗീകാരം നൽകാൻ വൈകുന്നതെന്നും ശശി തരൂർ ചോദിച്ചു. (ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത ആന്റിബോഡി റാപ്പിഡ് ടെസ്റ്റ് കിറ്റ് ഉപയോഗിച്ചുള്ള പരിശോധനയിലാണ് പിഴവ് കണ്ടെത്തിയത്.)

അടിയന്തര ഘട്ടത്തിൽ ആഴ്ചകളോ മാസങ്ങളോ നീട്ടാതെ മണിക്കൂറുകൾക്കുള്ളിലോ ദിവസങ്ങൾക്കുള്ളിലോ ഐ.സി.എം.ആർ നടപടി സ്വീകരിക്കണം. മാർച്ച് 30ന് ഒരു കോടി രൂപ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് ഫണ്ട് അനുവദിച്ചതാണ്. അവരുടെ കിറ്റുകൾ തയാറാണ്. പരീക്ഷണവും പൂർത്തിയാക്കി. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിലേത് പുരോഗമിക്കുന്നു. തീരുമാനമെടുക്കുന്നതിൽ ഐ.സി.എം.ആറിന് വേഗതയില്ലെന്നും ശശി തരൂർ കുറ്റപ്പെടുത്തി. ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഉപയോഗിക്കുന്നത് ഹരിയാന, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, പഞ്ചാബ് സർക്കാരുകൾ നിരോധിച്ചിരുന്നു.

ആർ ടി ലാംപ് പരിശോധനയിൽ ഫലം അതിവേഗം

ശ്രീചിത്ര വികസിപ്പിച്ചെടുത്തത് ആർടി ലാംപ് സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ അടിസ്ഥാന ടെസ്റ്റ് കിറ്റാണ്. ഈ കിറ്റ് ഉപയോഗിച്ച് 10 മിനിറ്റിനുള്ളിൽ ജീൻ കണ്ടെത്താനാകും. സാമ്പിൾ ശേഖരണം മുതൽ ഫലം വരുന്നത് വരെയുള്ള സമയം രണ്ട് മണിക്കൂറിൽ താഴെയാണ്. ഒരു മെഷീനിൽ ഒരു ബാച്ചിൽ 30 സാമ്പിളുകൾ പരിശോധിക്കാൻ കഴിയും. 1000 രൂപയാണ് ഒരു പരിശോധനക്ക് വേണ്ടിവരുന്ന ചെലവ്. റിവേഴ്സ് ട്രാൻസ്‌ക്രിപ്റ്റേഴ്സ് ലൂപ്- മീഡിയേറ്റഡ് ആംപ്ലിഫിക്കേഷൻ ഓഫ് വൈറൽ ന്യൂക്ലിക് ആസിഡ് (RT-LAMP) സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ടെസ്റ്റ് കിറ്റ് സാർസ് കോവ്-2 വൈറസിലെ എൻ ജീനിനെ (N Gene) കണ്ടെത്തുന്നു. അതുകൊണ്ട് തന്നെ കിറ്റിന് കൃത്യത ഉറപ്പാക്കാൻ കഴിയും. ആർടി-ലാംപ് സാങ്കേതികവിദ്യയുടെ സഹായത്തോടെ സാർസ് കോവ്-2-ലെ എൻ ജീനിനെ കണ്ടെത്തുന്ന ലോകത്തിലെ ആദ്യ ടെസ്റ്റ് കിറ്റുകളിൽ ഒന്നെന്ന സവിശേഷതയും ഇതിനുണ്ട്.

സാർസ് കോവ്-2-ലെ എൻ ജീനിനെ കൃത്യമായി തിരച്ചറിയാൻ കഴിയുന്ന ടെസ്റ്റ് കിറ്റിന് എൻ ജീനിന്റെ രണ്ട് മേഖലകൾ കണ്ടെത്താനാകും. വൈറസിലെ ജീനിന്റെ ഒരു മേഖലയ്ക്ക് ജനിതകവ്യതിയാനം ഉണ്ടായാലും ഫലം തെറ്റാതിരിക്കാൻ ഇത് സഹായിക്കുന്നു. ചിത്ര ജീൻലാംപിന്റെ കൃത്യത പരിശോധിക്കുന്നതിന് ഐസിഎംആർ ആലപ്പുഴയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തി. അവിടെ നടന്ന പരിശോധനയിൽ ഇതിന് 100 ശതമാനം കൃത്യതയുണ്ടെന്ന് തെളിഞ്ഞു. ഇക്കാര്യം ഐസിഎംആറിനെ അറിയിച്ചിട്ടുണ്ട്.

ഇന്ത്യയിൽ കൊവിഡ്-19 പരിശോധനയ്ക്കായി പുതിയ കിറ്റിന് ഐസിഎംആറിന്റെ അനുമതി കിട്ടുകയും ഉത്പാദനത്തിന് സിഡിഎസ്സിഒ ലൈസൻസ് ലഭ്യമാവുകയുമാണ് അടുത്ത ഘട്ടം.രോഗബാധയുണ്ടോയെന്ന് അറിയുന്നതിനുള്ള പ്രാഥമിക പരിശോധന ഒഴിവാക്കി, കുറഞ്ഞ ചെലവിൽ, ഒരു പരിശോധനയിലൂടെ വൈറസ് ബാധ സ്ഥിരീകരിക്കാൻ ചിത്ര ജീൻലാംപ്-എൻ പരിശോധനയിലൂടെ കഴിയും. ജില്ലാ ആശുപത്രികളിലെ ലാബുകളിൽ പോലും വളരെ എളുപ്പത്തിൽ ടെസ്റ്റിങ് സൗകര്യം സജ്ജീകരിക്കാൻ കഴിയും. ഫ്ളൂറസെൻസിൽ വരുന്ന മാറ്റം വിലയിരുത്തി മെഷീനിൽ നിന്ന് തന്നെ ഫലം അറിയാം. LAMP പരിശോധനയ്ക്കുള്ള ഉപകരണത്തിന്റെ ചെലവും (2.5 ലക്ഷം രൂപ) എൻ ജീനിന്റെ രണ്ട് മേഖലയ്ക്കുള്ള ടെസ്റ്റ് കിറ്റിന്റെ വിലയും (RNA വേർതിരിക്കൽ ഉൾപ്പെടെ) അടക്കം ഒരു ടെസ്റ്റിന്റെ ചെലവ് ആയിരം രൂപയിൽ താഴെയാണ്.

അതേസമയം RT PCR മെഷീനിന് 15-40 ലക്ഷം രൂപയാണ് വില. PCR കിറ്റിന് 1900-2500 രൂപ വില വരും.ജീൻലാംപ്-എൻ ടെസ്റ്റ് കിറ്റ്, ഉപകരണം എന്നിവയ്ക്കൊപ്പം RNA എക്സ്ട്രാക്ഷൻ കിറ്റും ശ്രീചിത്ര വികസിപ്പിച്ചെടുത്തിട്ടുണ്ട്. ചിത്ര ജീൻലാംപ്-എൻ വികസിപ്പിച്ചെടുത്തിരിക്കുന്നതിന് വേണ്ട സാമ്പത്തിക സഹായം പൂർണ്ണമായും നൽകിയത് കേന്ദ്ര ശാസ്ത്ര- സാങ്കേതിക വകുപ്പാണ്. വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്പാദനത്തിനായി സാങ്കേതികവിദ്യ എറണാകുളത്തെ അഗാപ്പെ ഡയഗ്‌നോസ്റ്റിക്സ് ലിമിറ്റഡിന് കൈമാറി. ദേശീയ--അന്തർദേശീയ തലങ്ങളിൽ പ്രവർത്തനങ്ങളുള്ള മുൻനിര കമ്പനിയാണ് അഗാപ്പെ. ജീവികളിൽ നടത്തുന്ന പരിശോധനകളിൽ (in vitro) ഇൻസ്റ്റിറ്റ്യൂട്ടിന്റെ ദീർഘകാല പങ്കാളി കൂടിയാണ് ഈ കമ്പനി.

ഇൻസ്റ്റിറ്റ്യൂട്ടിലെ ബയോമെഡിക്കൽ ടെക്നോളജി വിഭാഗത്തിലെ മുതിർന്ന ശാസ്ത്രജ്ഞനും അപ്ലൈഡ് ബയോളജി വിഭാഗത്തിന് കീഴിലെ മോളിക്യുളാർ മെഡിസിൻ വിഭാഗത്തിലെ സയന്റിസ്റ്റ്-ഇൻ-ചാർജ്ജുമായ ഡോ. അനൂപ് തെക്കുവീട്ടിലിന്റെ നേതൃത്വത്തിലുള്ള സംഘം മൂന്ന് ആഴ്ച കൊണ്ടാണ് കിറ്റ് വികസിപ്പിച്ചെടുത്തത്. ഡോ. അനൂപിന്റെ നേതൃത്വത്തിലുള്ള ഇതേ സംഘം 2018-19-ൽ കഫപരിശോധനയിൽ കൂടി ക്ഷയരോഗം തിരിച്ചറിയുന്നതിനുള്ള ടെസ്റ്റ് കിറ്റും ഉപകരണവും കണ്ടെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP