Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിശാലവും വിജനവുമായ റോഡ് കാണുമ്പോൾ ചീറിപ്പായാൻ മോഹം; വളവുകളിലും കവലകളിലും സി​ഗ്നലുകളിലും ഒക്കെ മരണപ്പാച്ചിൽ; അത്യാവശ്യക്കാർ മാത്രം റോഡിൽ ഇറങ്ങിയിട്ടും റോഡപകടങ്ങൾക്ക് കുറവൊന്നുമില്ലാതെ കേരളം; മരണപ്പാച്ചിലിൽ 21 ദിവസം കൊണ്ട് പൊലിഞ്ഞത് 26 ജീവനുകൾ

വിശാലവും വിജനവുമായ റോഡ് കാണുമ്പോൾ ചീറിപ്പായാൻ മോഹം; വളവുകളിലും കവലകളിലും സി​ഗ്നലുകളിലും ഒക്കെ മരണപ്പാച്ചിൽ; അത്യാവശ്യക്കാർ മാത്രം റോഡിൽ ഇറങ്ങിയിട്ടും റോഡപകടങ്ങൾക്ക് കുറവൊന്നുമില്ലാതെ കേരളം; മരണപ്പാച്ചിലിൽ 21 ദിവസം കൊണ്ട് പൊലിഞ്ഞത് 26 ജീവനുകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊവിഡ്19ന്റെ വ്യാപനം തടയാൻ രാജ്യമാകെ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇപ്പോൾ എവിടെയാണോ നിങ്ങൾ അവിടെ തുടരണം എന്ന നിർദ്ദേശത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചത്. എന്നാൽ കാര്യങ്ങൾ അത്ര ​ഗൗരവത്തോടെയല്ല കേരളത്തിലെ ജനങ്ങൾ എടുത്തിരിക്കുന്നത് എന്നത് സംസ്ഥാനത്തെ റോഡപകടങ്ങളുടെയും അപകട മരണങ്ങളുടെയും കണക്കുകളിൽ നിന്ന് വ്യക്തമാകും. ലോക്ഡൗൺ പ്രഖ്യാപിച്ച് 21 ദിവസത്തിനിടെ സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ 26 പേരാണ് മരിച്ചു.

മാർച്ച് 25 മുതൽ ഏപ്രിൽ 14 വരെ 173 അപകടങ്ങളുണ്ടായി. ഇതിൽ 184 പേർക്ക് പരിക്കേറ്റു. വിജനമായ നിരത്തുകളിലെ അതിവേഗവും അലക്ഷ്യമായ ഡ്രൈവിങ്ങുമാണ് ഭൂരിപക്ഷം അപകടങ്ങൾക്കും കാരണം. വൺവേ, സിഗ്നൽ ലൈറ്റുകൾ തുടങ്ങിയ ഗതാഗതക്രമീകരണങ്ങൾ ഭാഗികമായി പിൻവലിച്ചതും അപകടങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ഈ ദിവസങ്ങളിലെല്ലാം നിരത്തിൽ കർശന പരിശോധനയുണ്ടായിരുന്നു. പൊതുവാഹനങ്ങൾ പൂർണമായും നിരോധിച്ചിരുന്നു. പൊലീസ് പാസോടെ നിരത്തിലെത്തിയ സ്വകാര്യവാഹനങ്ങളും ചരക്കുവാഹനങ്ങളുമാണ് ഉണ്ടായിരുന്നത്. തീവ്രതകൂടിയ അപകടങ്ങളാണ് കൂടുതലും. മരണനിരക്ക് ഉയരാൻ കാരണമിതാണ്.

ലോക് ഡൗൺ പ്രഖ്യാപിക്കപ്പെട്ടതോടെ ബസുകളും ലോറികളും ഉൾപ്പെടെയുള്ള വാ​ഹനങ്ങൾ സർവീസ് നിർത്തിയിരിക്കുകയാണ്. ചരക്ക് വാഹനങ്ങളും ആംബുലൻസുകളും അവശ്യ സർവീസ് ജീവനക്കാർക്ക് വേണ്ടിയുള്ള വാഹനങ്ങൾക്കും മാത്രമാണ് സർവീസ് നടത്താൻ അനുമതിയുള്ളത്. ഇത് കൂടാതെ അത്യാവശ്യ കാര്യങ്ങൾക്കായി സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങുന്നതിനെയും പൊലീസ് വിലക്കാറില്ല. സ്വയം തയ്യാറാക്കി കയ്യിൽ സൂക്ഷിക്കുന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ വാഹനങ്ങളെയും നിരത്തിലിറങ്ങാൻ അനുവാ​ദം നൽകും. ഈ ആനുകൂല്യം ഉപയോ​ഗിച്ച് റോഡിൽ വാഹനവുമായി എത്തുന്നവരും, പൊലീസിന്റെ കണ്ണുവെട്ടിച്ച് കറങ്ങാനിറങ്ങുന്നവരും അമിത​വേ​ഗം തീർക്കുന്നതാണ് പലപ്പോഴും അപകടം വിളിച്ച് വരുത്തുന്നത്.

സാധാരണ റോഡുകളിൽ കാണുന്ന തിരക്ക് ലോക് ഡൗൺ കാലത്ത് ഇല്ലാത്തത് വാഹനങ്ങൾ അമിതവേ​ഗതയിൽ പായിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നു. തങ്ങളല്ലാതെ മറ്റ് നാഹനങ്ങൾ നിരത്തിലെത്തില്ലെന്ന ധാരണയിൽ അലക്ഷ്യമായി വാഹനം ഓടിക്കുന്നതോടെ അപകടം വിളിച്ച് വരുത്തുന്നു. വളവുകളിലും സി​ഗ്നൽ പോയിന്റുകളിലും പോലും വേ​ഗത കുറയ്ക്കാനോ ശ്രദ്ധാലുക്കളാകാനോ ഇപ്പോൾ പലരും മെനക്കെടുന്നില്ല. ഇത് വലിയ അപകടങ്ങളിലേക്കാണ് വഴിയൊരുക്കുന്നത് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

മുൻവർഷങ്ങളിലെ അപകടനിരക്കുമായി താരതമ്യപ്പെടുത്തുമ്പോൾ ലോക്ഡൗണിൽ 92.6 ശതമാനം വാഹനാപകടങ്ങളിൽ കുറവുണ്ടായി. എന്നാൽ, ലോക്ഡൗണിലെ വാഹനഗതാഗതവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതൊരു കുറവായി പരിഗണിക്കാനാകില്ലെന്ന് അധികൃതർ പറയുന്നു. അപകടങ്ങളെക്കുറിച്ച് സംസ്ഥാന റോഡ് സേഫ്റ്റി അഥോറിറ്റി വിശദമായ പഠനം നടത്തും. ഇതിനായി പൊലീസിൽനിന്ന് കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അഥോറിറ്റി എക്സിക്യുട്ടീവ് ഡയറക്ടർ ടി. ഇളങ്കോവൻ പറഞ്ഞു.

വാഹനാപകട മരണനിരക്ക് മുന്മാസങ്ങളിൽ

2019 നവംബർ 330

2019 ഡിസംബർ 360

2020 ജനുവരി 387

ലോക് ഡൗൺ കാലത്തും വാഹനം ഓടിക്കുമ്പോൾ ജാ​ഗ്രത വേണം

വിജനമായ നിരത്തിൽ തങ്ങളല്ലാതെ മറ്റാരും വാഹനവുമായി ഇറങ്ങിയിട്ടില്ല എന്ന മുൻധാരണയിൽ വാഹനം ചീറിപ്പായിക്കുന്നതാണ് ഭൂരിപക്ഷം അപകടങ്ങളുടെയും കാരണം. വാഹനം ഓടിക്കുമ്പോൾ നിങ്ങളുടെ ശ്രദ്ധ വ്യതിചലിപ്പിക്കുന്ന ഒന്നും തന്നെ ഉപയോഗിക്കരുത്. അതായത് ഫോൺ, ടാബുകൾ മുതലായവ നിങ്ങളുടെ ശ്രദ്ധ തിരിക്കുന്നത് വഴി വലിയ അപകടങ്ങൾ ഉണ്ടാക്കിയേക്കാം. വാഹനം ഓടിക്കുമ്പോൾ മറ്റൊന്നിലും ഏർപ്പെടാതെ റോഡിലെ സിഗ്നൽ ബോർഡ്സ് ശ്രദ്ധിച്ച് മുന്നോട്ട് പോകുക. ഫോൺ കോളുകൾ വന്നാൽ വാഹനം ഒതുക്കി നിർത്തി മാത്രം സംസാരിക്കുക. മറ്റുള്ള കാര്യങ്ങളിൽ ഏർപ്പെടേണ്ട സന്ദർഭമല്ല ഇത്‌ എന്ന് മനസിലാക്കിയാൽ തന്നെ റോഡപകടങ്ങളിൽ ഗണ്യമായ മാറ്റം ഉണ്ടാകും. വാഹനം നിങ്ങൾക്ക് മുടി ചീകാനും ഷേവ് ചെയ്യാനും ഉള്ള ഇടം അല്ല.

വാഹനം ഓടിക്കുമ്പോൾ സെൽ ഫോൺ ഉപയോഗിക്കുന്നത് എന്ത് കാരണം കൊണ്ടാണെങ്കിലും വലിയൊരു ട്രാഫിക് നിയമ ലംഘനം ആണ്. ഇത് ഒരു തരത്തിലും നമുക്ക് ഗുണം ചെയ്യില്ല എന്ന് മാത്രമല്ല വലിയ അപകടങ്ങൾ ക്ഷണിച്ച് വരുത്തിയേക്കാം. ഹാൻഡ് ഫ്രീ മോദിലുള്ള ഫോൺ അല്ലെങ്കിൽ ഡയൽ ചെയ്യാനും മറ്റും ഫോൺ നോക്കേണ്ടി വരുന്നത് ഡ്രൈവിങ്ങിലെ ശ്രദ്ധ തിരിക്കാൻ ഇടയാക്കുന്നു. ഫോൺ ഹാൻഡ്‌ ഫ്രീ മോദിൽ ആണെങ്കിൽ പോലും പരിസരം മറന്നുള്ള സംസാരം ദുന്തങ്ങൾ സൃഷ്ടിക്കാം. വാഹനം ഓടിക്കുമ്പോൾ പാട്ട് കേൾക്കുന്നത് പലരുടെയും ശീലമാണ്. പാട്ടു കേൾക്കുന്നതിന് കുഴപ്പമില്ലെങ്കിലും പാട്ട് മാറ്റുന്നതിനും മറ്റുമായി പ്ലെയറിലേക്ക് ശ്രദ്ധ ​പോകുന്നത് അ‌പകടകാരണമാകാം​. നമ്മുടെ കണ്ണുകൾ റോഡിൽ നിന്നും മാറുന്ന നിമിഷം വൻ ദുരന്തങ്ങൾ ഉണ്ടായേക്കാം. ഡ്രൈവ് ചെയുമ്പോൾ അതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക.

സീറ്റ് ബെൽറ്റ്, സുരക്ഷ ബെൽറ്റ്

വാഹനത്തിൽ കയറിയാൽ ഉടൻ സേഫ്റ്റി ബെൽറ്റ് ധരിക്കുക. ഡ്രൈവർ ആയാലും സഹയാത്രികരായാലും അതിൽ ഉപേക്ഷ കാണിക്കരുത്. അപകടം ഉണ്ടായാൽ തെറിച്ച് വീഴാതിരിക്കാനും അതുമൂലം ഉണ്ടാകാൻ ഇടയുള്ള ഗുരുതരമായ പരുക്കുകൾ ഒരു പരിധി വരെ സീറ്റ് ബെൽറ്റ് കൊണ്ട് ഒഴിവാക്കാവുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP