Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒമാനിൽ റമദാൻ ആരംഭിക്കുന്നത് നാളെ; കൊവിഡ് 19 നിയന്ത്രണങ്ങളിൽ മാറ്റമുണ്ടാകില്ല; മിതമായ വിലയിൽ ഉൽപ്പന്നങ്ങൾ ലഭിക്കും

ഒമാനിൽ റമദാൻ ആരംഭിക്കുന്നത് നാളെ; കൊവിഡ് 19 നിയന്ത്രണങ്ങളിൽ മാറ്റമുണ്ടാകില്ല; മിതമായ വിലയിൽ ഉൽപ്പന്നങ്ങൾ ലഭിക്കും

സ്വന്തം ലേഖകൻ

മാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ റമദാൻ വ്രതാരംഭത്തിന് ഇന്ന് തുടക്കം. സൗദിയിൽ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് റമദാൻ ഒന്നായിരിക്കുമെന്ന് സൗദി സുപ്രീം കോർട്ടും യുഎഇ മാസപ്പിറവി നിരീക്ഷണ സമിതിയും പ്രഖ്യാപിച്ചത്. എന്നാൽ, ഒമാനിൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ശനിയാഴ്ചയായിരിക്കും വ്രതാരംഭമെന്നാണ് മതകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

ഒമാനിൽ ഏപ്രിൽ 25 മുതലാണ് റമദാൻ ആരംഭിക്കുകയെന്ന് ഒമാൻ മതകാര്യ മന്ത്രാലയം അറിയിച്ചത്. രാജ്യത്ത് ഇന്ന് മാസപ്പിറവി കാണുവാൻ സാധിക്കാത്തത് മൂലം റമദാൻ ഒന്ന് ശനിയാഴ്ച ആകുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. രാജ്യത്ത് ഏപ്രിൽ 23 വ്യാഴാഴ്ച ചന്ദ്രനെ കാണുവാൻ സാധ്യത കുറവാണെന്നും അതിനാൽ ഏപ്രിൽ 25നാവും ഒമാനിൽ റമദാൻ ആരംഭിക്കുന്നതെന്നും മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

പരിശുദ്ധ റമദാനെ വരവേൽക്കുന്നതിൽ കോവിഡ് ബാധയെ തുടർന്ന് നിയന്ത്രണങ്ങൾ ഉണ്ടാകുമെങ്കിലും അതിന്റെ ശുദ്ധിയോടും പവിത്രതയോടും തന്നെ നടക്കും. മാത്രമല്ല കൊവിഡ് പശ്ചാത്തലത്തിലെ സാമൂഹിക അവസ്ഥകൾ തിരിച്ചറിഞ്ഞ് മിതമായ വിലയിൽ പരമാവധി ഉൽപന്നങ്ങൾ ലഭ്യമാക്കും. അതേസമയം റമദാനെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളാണ് ഷാർജ മുവൈലയിലെ സഫാരി ഹൈപ്പർ മാർക്കറ്റ് നടത്തിയിരിക്കുന്നത്. റമദാൻ വേളയിൽ ആവശ്യമായ എല്ലാവിധ ഉൽപന്നങ്ങളും ഏറ്റവും മിതമായ വിലയിൽ ലഭ്യമാക്കുന്നതിന് പുറമെ ഉപഭോക്താക്കളുടെ സൗകര്യാർഥം പ്രവർത്തന സമയവും ഇവിടെ ദീർഘിപ്പിക്കുന്നുണ്ട്.

അതേസമയം സൗദി അറേബ്യയിൽ റെസ്റ്റോറന്റുകൾക്ക് റമദാനിൽ രാത്രിയിൽ പ്രവർത്തിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. ഉച്ചക്ക് ശേഷം മൂന്ന് മുതൽ പുലർച്ചെ മൂന്നുവരെ ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യാമെന്ന് സൗദി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഡെലിവറി ആപ്ലിക്കേഷൻ വഴി ഓർഡറെടുത്ത് ഭക്ഷണ വിതരണം നടത്താം. ഭക്ഷണശാലകളിൽ ആഹാരം വിളമ്പാനോ അവിടെയിരുന്ന് കഴിക്കാനോ പാടില്ല. രാജ്യത്തെ എല്ലാ മേഖലകളിലുമുള്ള റെസ്റ്റാറന്റുകൾക്കും ഇത് അനുവദനീയമാണ്.

എന്നാൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ പള്ളികളിൽ ജമാഅത്ത് നമസ്‌കാരങ്ങളും തറാവീഹും ഇല്ലാത്തതിന്റെ വേദനയോടെയാണ് നാം റമദാനെ വരവേൽക്കുന്നതെന്നാണ് ജനങ്ങൾക്ക് റമദാൻ ആശംസകൾ നേർന്നു കൊണ്ട് സൗദി ഭരണാധികാരി സൽമാൻ രാജാവ് പറഞ്ഞത്. ജനങ്ങൾ സൽക്കർമ്മങ്ങളിൽ മുഴുകണമെന്നും നോമ്പും നമസ്‌കാരവും അള്ളാഹു സ്വീകരിക്കട്ടെയെന്നും രാജാവ് പറഞ്ഞു.

കൂടാതെ ഈ ദുരിത കാലത്ത് മനുഷ്യ ജീവനുകൾ സംരക്ഷിക്കാൻ സമർപ്പണം ചെയ്ത് പ്രവർത്തിക്കുന്ന ആരോഗ്യ-സന്നദ്ധ പ്രവത്തകർക്ക് അദ്ദേഹം പ്രത്യേകം നന്ദിയും അറിയിച്ചു. ഈ കാലത്തെ റമസാൻ വ്യത്യസ്തമായിരിക്കും. മക്കയിലെയും മദീനയിലെയും ഇരു ഹറാമുകളിൽ ഒഴികെ സംഘടിത ആരാധന കർമങ്ങൾ ഇല്ല. വിശുദ്ധ പള്ളികളിൽ തന്നെ പുറത്ത് നിന്ന് വിശ്വാസികൾക്ക് പ്രവേശനവും അനുവദിക്കുന്നില്ല. അധികൃതരുടെ നിയന്ത്രണ നിർദ്ദേശങ്ങൾ പാലിച്ച് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്നതായിരിക്കണം റമസാൻ കാലവുമെന്ന് അധികൃതർ ഓർമിപ്പിച്ചു.

ലോക ജനതയെ ഗ്രസിച്ച മഹാമാരിയുടെ ദുരിത കാലത്തും ആത്മ വിചാരത്തിന്റെ നാളുകളാണ് റമസാൻ സമ്മാനിക്കുന്നത്. ഭക്ഷണവും പാനീയവും ഭോഗ തൃഷ്ണകളും വർജിക്കുക മാത്രമല്ല റമസാൻ. വിശപ്പറിഞ്ഞ് ദൈവത്തിലേക്ക് വിലയിക്കുകയും ജീവിതത്തെ ക്രമപ്പെടുത്തി വീണ്ടു വിചാരത്തിന്റെ നാളുകൾ കൂടിയാണത്. ലോകത്തെ 1.6 ബില്യൺ വിശ്വാസികളാണ് വ്രതമെടുക്കുന്നത്. സൗദിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ അവശ്യ സേവനങ്ങൾക്ക് നിബന്ധനകൾക്ക് വിധേയമായി പുറത്തിറങ്ങാനാകുമെന്നും അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP