Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചേട്ടാ ആകെ ബുദ്ധിമുട്ടിലാണ് കുറയേറെ ദിവസങ്ങളായി ജോലിയില്ലാതെ ഇരിക്കുകയാണെന്നാണ്... കുറച്ച് ദിവസത്തെ ജോലിയെങ്കിലും തരണം'; അവരുടെ അവസ്ഥ കണ്ടപ്പോൾ മനസിലായി അവർ ഭക്ഷണം പോലും കഴിച്ചിട്ടില്ലെന്ന്; ഞാൻ മൂന്ന് ദിവസത്തെ ജോലിയും നൽകി; ഭക്ഷണ സാധനങ്ങളും എത്തിച്ചു കൊടുത്തു; പുത്തൻവേലിക്കര സ്വദേശി തോമസ് ആന്റണി തുണയായത് നിരവധി പേർക്ക്; ലോക്ഡൗണിൽ ജോലി നഷ്ടപ്പെട്ട് ലണ്ടനിൽ കുടുങ്ങിയ മലയാളികൾക്ക് അതി ദയനീയ ജീവിതം

ചേട്ടാ ആകെ ബുദ്ധിമുട്ടിലാണ് കുറയേറെ ദിവസങ്ങളായി ജോലിയില്ലാതെ ഇരിക്കുകയാണെന്നാണ്... കുറച്ച് ദിവസത്തെ ജോലിയെങ്കിലും തരണം'; അവരുടെ അവസ്ഥ കണ്ടപ്പോൾ മനസിലായി അവർ ഭക്ഷണം പോലും കഴിച്ചിട്ടില്ലെന്ന്; ഞാൻ മൂന്ന് ദിവസത്തെ ജോലിയും നൽകി; ഭക്ഷണ സാധനങ്ങളും എത്തിച്ചു കൊടുത്തു; പുത്തൻവേലിക്കര സ്വദേശി തോമസ് ആന്റണി തുണയായത് നിരവധി പേർക്ക്; ലോക്ഡൗണിൽ ജോലി നഷ്ടപ്പെട്ട് ലണ്ടനിൽ കുടുങ്ങിയ മലയാളികൾക്ക് അതി ദയനീയ ജീവിതം

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ലോകം കൊറോണ മാഹാമാരിയുടെ പിടിയിലാകുമ്പോൾ തൊഴിൽ നഷ്ടമായി ലോകത്തിന്റെ പലഭാഗത്തുമുള്ള മലയാളികളും നാട്ടിലേക്ക് തിരിച്ചെത്താൻ പ്രയാസം അനുഭവിക്കുകയാണ്. പലർക്കും തൊഴിൽ നഷ്ടമായി ഓരോ ദേശങ്ങളിലായി കുടുങ്ങി കിടക്കുകയാണ്. ഇപ്പോഴിതാ ലണ്ടനിൽ നിന്ന് അത്തരം പ്രതിസന്ധിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണവുമായി യുവാവ് എത്തുകയാണ്. ലണ്ടനിലെ പ്രശസ്തമായ ഫിഷ് മാർക്കറ്റിലും വെംബ്ലിയിലും മീൻ കട നടത്തുന്ന പുത്തൻവേലിക്കര സ്വദേശി തോമസ് ആന്റണിയെ തേടി വളരെ അപ്രതീക്ഷിതമായാണ് രണ്ടു ചെറുപ്പക്കാരുടെ ഫോൺ വിളിയെത്തിയത്.

കോവിഡ് മൂലം ലോക്ക് ഡൗൺ ആയതോടെ അവരുടെ താൽക്കാലിക ജോലിയും വരുമാനവും നിലച്ചു. താൽക്കാലികമായി താമസിക്കുന്ന ഗുജറാത്തി കുടുംബത്തിൽ നിന്നും എപ്പോൾ വേണമെങ്കിലും പടിയിറക്കാം, വാടക നൽകിയിട്ടില്ല. ആരെയെങ്കിലും സഹായത്തിനു വിളിക്കാൻ ഫോൺ കാർഡിൽ കാര്യമായി പൈസയും അവശേഷിക്കുന്നില്ല. ഈ സാഹചര്യത്തിൽ മുന്നിൽ ഇരുട്ട് മാത്രമായ യുവാക്കൾ ഒരു പരിചയക്കാരൻ നൽകിയ നമ്പർ വച്ചാണ് തോമസിനെ വിളിക്കുന്നത്. ആവശ്യം കടയിൽ ജോലിയാണ്. ഇവർക്ക് സഹായം എത്തിച്ച ശേഷം ഇത്തരത്തിൽ ലണ്ടനിൽ കുടുങ്ങി കിടക്കുന്ന ചെറുപ്പക്കാർക്ക് സഹായം വാഗ്ദാനം നൽകി തോമസ് പങ്കുവച്ച വാക്കുകളാണ് വൈറലായി മാറുന്നത്.

തോമസ് ആന്റണിയുടെ വാക്കുകൾ ഇങ്ങനെ:-

' കഴിഞ്ഞ രണ്ട് ദിവസം മുൻപാണ് അതായത് ചൊവ്വാഴ്ചയോ ബുധനാഴ്ചയോ രണ്ട് പിള്ളേർ കൂടി വിളിച്ചത്. എന്തെങ്കിലും ജോലി ലഭിക്കുമോ എന്നായിരുന്നു ഇവരുടെ ആവശ്യം. എന്റെ നമ്പർ ആരോ കൊടുത്താണ് അവർ എന്നെ വിളിച്ചത്... എനിക്ക് ഇവിടെ ചെറിയൊരു കടയാണ് ഫിഷ് കട്ടിങ് ആയിട്ട്. ഇപ്പോൾ തിരക്കില്ല. കൊറോണയൊക്കെ ആയതിനാൽ തന്നെ കടയിൽ തിരക്ക് കുറവായിരുന്നു എന്നാണ് ഞാൻ മറുപടി നൽകിയത്. അവർ മറുപടി നൽകിയത് ചേട്ടാ ആകെ ബുദ്ധിമുട്ടിലാണ് കുറയേറെ ദിവസങ്ങളായി ജോലിയില്ലാതെ ഇരിക്കുകയാണെന്നാണ്. കുറച്ച് ദിവസത്തെ ജോലിയെങ്കിലും തരണം എന്നായിരുന്നു അവരുടെ ആവശ്യം.

അവരുടെ അവസ്ഥ കണ്ടപ്പോൾ രണ്ട് ദിവസത്തെ ജോലി കാടുക്കാം എന്ന് കരുതി, ഞാൻ അവരോട് പറഞ്ഞത് വെള്ളിയാഴ്ചയോ, ശനിയാഴ്ചയോ, ഞയറാഴ്ചയോ ജോലി തരാം രണ്ട് പേരും അഡ്ജസ്റ്റ് ചെയ്ത് മാറി മാറി വാ എന്ന് ഞാൻ പറയുകയും ചെയ്തു. ചെലവിനുള്ള അവരുടെ വഴിയാണ് നോക്കിയത്. അതിനായി കടയിലുള്ള ഒരാൾക്ക് ഓഫ് നൽകി കാത്തിരുന്നു. എന്നാൽ അവർ അന്ന് എത്തിയിരുന്നില്ല. പിന്നീട് ഞാൻ കൂടി സഹായിച്ചാണ് കട റൺ ചെയ്തത്. ഞാൻ വൈകുന്നേരം അവരെ വിളിച്ചു നല്ല ദേഷ്യം തോന്നിയിരുന്നു. അവർ മറുപടി നൽകിയത് ...ചേട്ടാ ഫോണിൽ ബാലൻസ് ഇല്ല.. ചേട്ടന് ഓരു മിസ്ഡ് കോൾ ചെയ്യാൻ പോലും നിവർത്തിയില്ലെന്ന്. അവരുടെ സാഹചര്യം വളരെ മോശമാണെന്നാണ് പിന്നീട് മനസിലായത്. അവർക്ക് ഭക്ഷണം കഴിക്കാൻ പോലും പറ്റുന്നില്ല.. ഇവരുടെ കയ്യിൽ പണമില്ല. ഏതോ ഗുജറാത്തികളുടെ വീട്ടിലാണ് ജോലി.പുറത്ത് പോയാൽ ഗുജറാത്തികൾ പറയും. പുറത്ത് പോകുകയല്ലേ നിങ്ങൾക്ക് എന്തെങ്കിലും വാങ്ങിക്കാനുണ്ടെങ്കിൽ പൈസ തന്നാൽ വാങ്ങിച്ച് തരാം എന്ന് പറയും.

ആദ്യത്തെ രണ്ട് മൂന്ന് ദിവസം കഞ്ഞിയും പയറുമെല്ലാം വച്ചു.. പിന്നീട് അരിയൊക്കെ തീർന്നതോടെ ആകെ ബുദ്ധിമുട്ടായി. അവർ വളരെ സങ്കടത്തോടെയാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. ഞാൻ അവരോട് പറഞ്ഞത് നിങ്ങൾക്ക് വേണ്ടത് അവിടെ എത്തിക്കാമെന്നാണ്. ഫുഡ് ഒന്നും കുക്ക് ചെയ്യാൻ പറ്റിയില്ലെങ്കിലും അവർക്ക് വേണ്ട അരിയും സാധനങ്ങളും എല്ലാം ഞാൻ അവർക്ക് എത്തിച്ചു. ഇവിടെ ഒരുപാട് പേർ വീടിന് വാടക കൊടുക്കാൻ പറ്റാഞ്ഞിട്ടും ഭക്ഷണം കഴിക്കാൻ പറ്റാഞ്ഞിട്ടും, റൂമിൽ ഉണ്ട് എന്ന് എനിക്ക് മനസിലായി.അവർക്ക് കൈസഹായം നൽകാൻ വേണ്ടിയാണ് ഞാൻ വീഡിയോ ചെയ്തത്്. ഞാൻ എന്റെ നമ്പർ കൂടി ചേർക്കുകയാണ്. 47931359624: ഈ നമ്പറിലേക്ക് വിളിച്ചാൽ മതി., നിങ്ങൾക്ക് ഭക്ഷണം ഉണ്ടാക്കാനുള്ള സാധനങ്ങൾ അഡ്രസ് തന്നാൽ ഞാൻ എത്തിക്കാം.

തോമസിന്റെ വാക്കുകൾ ആശ്രയമായത് അനേകർക്ക്

വീഡിയോ കണ്ടവർ കണ്ടവർ ഓരോ ഗ്രൂപ്പിൽ നിന്നും മറ്റൊരിടത്തേക്ക് ഷെയർ ചെയ്തതോടെ ഇന്നലെ രാവിലെ ഏഴുമണി വരെയും തോമസിന്റെ ഫോണിന് വിശ്രമം ഇല്ലായിരുന്നു. ആരോടൊക്കെ മറുപടി പറഞ്ഞുവെന്ന് അദ്ദേഹത്തിന് തന്നെ നിശ്ചയം ഇല്ലായിരുന്നു. വിളിച്ചിട്ടു കിട്ടാത്ത പലരും മെസേജുകൾ അയച്ചു നന്ദിയും കട്ട സപ്പോർട്ടും നൽകിയിരിക്കുകയാണ്. പലരും തോമസിനോട് അക്കൗണ്ട് നമ്പറാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

പണം അയച്ചു തരാം, പറ്റുന്നത് പോലെ മറ്റുള്ളവരെ സഹായിക്കൂ എന്നാണ് ഇത്തരക്കാർക്ക് പറയാൻ ഉള്ളത്. ലണ്ടൻ നഗര പ്രദേശത്തുള്ള ആയിരക്കണക്കിന് മലയാളികളാണ് പ്രധാനമായും തോമസിനെ ബന്ധപ്പെടാൻ ശ്രമിച്ചത്. പലർക്കും തോമസിനെ നേരിട്ടറിയുകയും ചെയ്യാം. എന്നാൽ ആരിൽ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കാൻ തോമസ് തയാറല്ല. പകരം പണം നൽകാം എന്ന് പറഞ്ഞവരോട് അത് ആവശ്യമായ ആളെ നേരിട്ട് അയക്കാം എന്നാണ് തോമസ് പറഞ്ഞിരിക്കുന്നത്. ഈസ്റ്റ്ഹാം, വെംബ്ലി, ഹാരോ തുടങ്ങിയ സ്ഥങ്ങളിലാണ് കൂടുതലായും അനധികൃത കുടിയേറ്റക്കാർ എന്ന ലേബൽ ഉള്ള മലയാളികൾ കഴിയുന്നത്.

കേംബ്രിഡ്ജിൽ കുടുങ്ങിയ എട്ടു പേരും ആവശ്യപ്പെടുന്നത് ജോലിയും സാമ്പത്തിക സഹായവുംതൃശൂർ സ്വദേശികൾ ഉൾപ്പെടെയുള്ള എട്ടംഗ സ്റ്റുഡന്റ് വിസക്കാർ ഇന്നലെ തോമസിനെ ബന്ധപ്പെട്ടത് ഏതെങ്കിലും വിധത്തിൽ ജോലിയും അതുവഴി പിടിച്ചു നിൽക്കാൻ കഴിയും വിധം അൽപം പണം തേടലുമാണ്. കൂട്ടത്തിൽ ഒരാൾക്ക് മാത്രമാണ് നാട്ടിൽ നിന്നും പണം വരുത്താൻ ഉള്ള ശേഷിയുള്ളൂ. മറ്റുള്ളവർക്ക് അതിനും വഴിയില്ല. കയ്യിൽ ഉള്ള പണം ഏതാനും ദിവസം കൂടി പിടിച്ചു നിൽക്കാൻ ഉണ്ട്. അതുകഴിഞ്ഞാൽ എന്ത് ചെയ്യും എന്ന് ഒരു പിടിയുമില്ല. ഇവരെ ആശ്വസിപ്പിച്ചു എപ്പോൾ വേണമെങ്കിലും വിളിച്ചോളൂ, അത്യാവശ്യം പണവും ഭക്ഷണവും എത്തിക്കാം എന്ന ആശ്വാസ വാക്ക് നൽകിയാണ് തോമസ് ഫോൺ വച്ചതു. താൽക്കാലിക ആശ്വാസം കിട്ടിയ സന്തോഷം യുവാക്കളും പങ്കിട്ടു.

കാർഡിഫിൽ ഗർഭിണിയായ യുവതിയും ഭർത്താവും ജോലിയില്ലാത്ത സങ്കടത്തിൽ

ഇക്കഴിഞ്ഞ ജനുവരിയിൽ യുകെയിൽ എത്തിയ യുവതി മറ്റൊരു സങ്കട കാഴ്ചയായി മാറുകയാണ്. സ്റ്റുഡന്റ് വിസയിലാണ് ഈ യുവതി എത്തിയിരിക്കുന്നത്. അടുത്തിടെയാണ് കല്യാണം കഴിഞ്ഞതും. യുകെയിൽ എത്തിയ ശേഷമാണു ഇവർ താൻ ഗർഭിണിയാണെന്ന് പോലും അറിയുന്നത്. ഇതോടെ ഭർത്താവിനെയും യുകെയിൽ എത്തിക്കാതെ വഴിയില്ലെന്നായി. ലോക്ഡൗൺ പ്രഖ്യാപിക്കും മുൻപ് അവസാന വിമാനത്തിലാണ് ഈ യുവാവ് യുകെയിൽ എത്തുന്നത്. ഇതോടെ ഇവരുടെ സങ്കടം മറ്റൊന്നായി. കയ്യിലെ പണം അതിവേഗം തീരുന്നു. രണ്ടു പേർ ജോലിയും വരുമാനവും ഇല്ലാതെ എങ്ങനെ ജീവിക്കും. ഒരു നഴ്സിങ് ഹോമിൽ എങ്കിലും ജോലി കിട്ടിയാൽ മതിയെന്നാണ് യുവാവിന് പറയാനുള്ളത്. പ്രദേശത്തു ഉള്ള മലയാളികൾ ആരുമായും കാര്യമായി പരിചയപ്പെടാനും പറ്റിയിട്ടില്ല. ആരെയെങ്കിലും ബന്ധപ്പെട്ടു സഹായം എത്തിക്കാൻ ശ്രമിക്കാം എന്നാശ്വസിപ്പിച്ചാണ് ഇവരെയും തോമസ് സമാധാനിപ്പിച്ചത്.

ഇത്തരത്തിൽ എത്ര കോളുകൾക്ക് സമാധാനം പറഞ്ഞു കഴിഞ്ഞുവെന്ന് തോമസിന് പോലും അറിയില്ല. ഏതായാലും ധാരാളം ആളുകൾ തോമസിനൊപ്പം കൈകോർക്കാൻ തയ്യാറാണെന്ന് വക്തമാക്കിയത് ഈ സങ്കടങ്ങൾക്കിടയിലെ ആശ്വാസം. ഇങ്ങനെ സഹായ വാഗ്ദാനം നൽകിയതിൽ വ്യക്തികളും സംഘടനകളുമുണ്ട്. നിലവിൽ ഇന്ത്യൻ എംബസി, ലോക് കേരള സഭ, ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ, യുക്മ തുടങ്ങിയ ഒട്ടേറെ പ്രസ്ഥാനങ്ങൾ ഹെൽപ് ലൈൻ നമ്പറുകളുമായി രംഗത്തുണ്ടെങ്കിലും തോമസിന്റെ ഫോണിൽ ഇന്നലെ എത്തിയ ഫോൺ കോളുകൾ മുൻപിൻ നോക്കാതെ ഒരാൾ മുന്നിൽ നില്ക്കാൻ ഉണ്ടെങ്കിൽ കൂടെ നിൽക്കാനും അനേകർ ഒപ്പം കൂടും എന്നതിന്റെ സൂചന കൂടിയാണ്.

ലണ്ടൻ ഫിഷ് മാർക്കറ്റിലും വെംബ്ലിയിലുമായി മൂന്നു മീൻ വിൽപ്പന കടകളാണ് തോമസിനുള്ളത്. സാമൂഹിക രംഗത്തോ ജീവകാര്യണ്യ പ്രസ്ഥാനങ്ങളിലോ ഒന്നും കാര്യമായി പ്രവർത്തിക്കാൻ സാധിച്ചിട്ടില്ലാത്ത തോമസ് ഒരു നിമിത്തം എന്നോണമാണ് കോവിഡ് ദുരിതത്തിൽ യുകെ മലയാളികൾക്കിടയിലേക്കു ഇറങ്ങുന്നത്. തോമസിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാകണം അര ഡസനോളം ബ്രിട്ടീഷ് മലയാളി വായനക്കാർ തങ്ങളുടെ വീടുകൾ ഒറ്റപ്പെട്ടു പോകുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി ഷെയർ ചെയ്യാം എന്ന വാഗ്ദാനവും അറിയിച്ചിട്ടുണ്ട്. ലണ്ടൻ, വാൽത്തംസ്റ്റോ, ലൂട്ടൻ എന്നിവിടങ്ങളിൽ നിന്നാണ് ഇത്തരം സഹായം വാഗ്ദാനം എത്തിയിരിക്കുന്നത്.

കഴിഞ്ഞ പതിനാറു വർഷമായി വെംബ്ലിയിൽ കുടുംബ സമേതം താമസിക്കുകയാണ് തോമസ്. മൂന്നു കൊല്ലം മുൻപ് വരെ ജോലി ചെയ്തിരുന്ന തോമസ് പിന്നീടാണ് ബിസിനസ് രംഗത്തേക്ക് ചുവടു മാറ്റുന്നത്. സെൻട്രൽ ലണ്ടനിലെ റോയൽ ഫ്രീ ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്‌സ് ആയ പ്രിയയാണ് ഭാര്യ. വിദ്യാർത്ഥികളായ പൃഥ്വിൻ, ജിത് വിൻ, മിഖ എന്നിവരാണ് മക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP