Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

തുഷാർ വെള്ളാപ്പള്ളി എവിടെയാണെന്ന് നേതാക്കളും അണികളും അറിയാറില്ല; വാളെടുത്ത് സുഭാഷ് വാസുവും സെൻകുമാറും; അണികളെ തട്ടിയെടുത്ത് ബിജെപിയും ചെറുപാർട്ടികളും; എസ്എൻഡിപി രജിസ്‌ട്രേഷൻ റദ്ദ് ചെയ്യപ്പെട്ടതോടെ പിണറായിയെയും മോദിയേയും തള്ളിപ്പറയാതെ വെള്ളാപ്പള്ളി; തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് അപ്പുറം പാർട്ടി നിലനിൽക്കുമോ? നെടുംതുണായിരുന്ന ടി.വി.ബാബുവിന്റെ വിയോഗത്തോടെ ബിഡിജെഎസ് പ്രതിസന്ധിയിൽ

തുഷാർ വെള്ളാപ്പള്ളി എവിടെയാണെന്ന് നേതാക്കളും അണികളും അറിയാറില്ല; വാളെടുത്ത് സുഭാഷ് വാസുവും സെൻകുമാറും; അണികളെ തട്ടിയെടുത്ത് ബിജെപിയും ചെറുപാർട്ടികളും; എസ്എൻഡിപി രജിസ്‌ട്രേഷൻ റദ്ദ് ചെയ്യപ്പെട്ടതോടെ പിണറായിയെയും മോദിയേയും തള്ളിപ്പറയാതെ വെള്ളാപ്പള്ളി; തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് അപ്പുറം പാർട്ടി നിലനിൽക്കുമോ? നെടുംതുണായിരുന്ന ടി.വി.ബാബുവിന്റെ വിയോഗത്തോടെ ബിഡിജെഎസ് പ്രതിസന്ധിയിൽ

എം മനോജ് കുമാർ

 തിരുവനന്തപുരം: സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ടി.വി.ബാബുവിന്റെ മരണത്തിൽ നിന്നും കരകയറാനാകാതെ ബിഡിജെഎസ്. പാർട്ടിയുടെ അഡ്രസുള്ള ഒരേ ഒരു നേതാവായ ടിവിയുടെ മരണത്തോടെ ഫലത്തിൽ ബിഡിജെഎസ് തകർന്നടിഞ്ഞിരിക്കുകയാണ്. നികത്താനാകാത്ത നഷ്ടമാണ് ഈ നേതാവിന്റെ വിയോഗം ബിഡിജെഎസിന് സമ്മാനിച്ചിരിക്കുന്നത്. ബിഡിജെഎസിന്റെ ഉള്ളിൽ നിന്നുകൊണ്ട് പാർട്ടിയുടെ നയനിലപാടുകൾ രൂപീകരിക്കുകയും മുന്നിൽ നിന്ന് നയിക്കുകയും ചെയ്തിരുന്ന ഈ സംസ്ഥാന ജനറൽ സെക്രട്ടറിയുടെ മരണം കാരണം വന്ന ശൂന്യത എങ്ങിനെ പരിഹരിക്കാനാകുമെന്ന് നേതൃത്വത്തിനു ഒരു പിടിയുമില്ല. കരുത്തരായ രണ്ടു ജനറൽ സെക്രട്ടറിമാർ മാത്രമാണ് ബിഡിജെഎസിന് ഉണ്ടായിരുന്നത്. അതിൽ ഒന്നു ടി.വി.ബാബുവും മറ്റൊന്ന് സുഭാഷ് വാസുവും. വെള്ളാപ്പള്ളിയുമായും തുഷാറുമായും ഇടഞ്ഞതോടെ സുഭാഷ് വാസു പടിക്ക് പുറത്താണ്.

സുഭാഷ് വാസു പുറത്തായതോടെ വെള്ളാപ്പള്ളിയുടെയും തുഷാറിന്റെയും വിശ്വസ്തനായി പാർട്ടി കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത് രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ അതിന്റെ സൂക്ഷ്മാർത്ഥത്തിൽ മനസിലാക്കിയിരുന്ന ടി.വി.ബാബുവാണ്. സുഭാഷ് വാസുവിനെ പടിക്ക് പുറത്താക്കിയപ്പോൾ പാർട്ടി പിടിക്കാനുള്ള നീക്കമാണ് സുഭാഷ് വാസുവും വിശ്വസ്തരും നടത്തിയത്. ഈ നീക്കത്തിനെ തടയിട്ടു സുഭാഷ് വാസുവിനു പാർട്ടിയുമായി ഒരു ബന്ധമില്ലെന്ന് പറഞ്ഞു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി നൽകുകയും ബദൽ നീക്കങ്ങൾ ഊർജിതമാക്കുകയും ചെയ്തത് ടി.വി.ബാബുവായിരുന്നു. ബിഡിജെഎസിന്റെ മുഴുവൻ നീക്കങ്ങളും പാർട്ടിയുടെ ഉള്ളിൽ നിന്ന് നിയന്ത്രിക്കുകയും അതേസമയം ബിജെപിയുമായുള്ള ബന്ധം ഉലയാതെ നോക്കുകയും ചെയ്തിരുന്നത് പാർട്ടിയുടെ കരുത്തനായ ഈ ജനറൽ സെക്രട്ടറിയായിരുന്നു. ടി.വി.ബാബു വിടവാങ്ങിയതോടെ ഇനി എന്ത് എന്ന ചോദ്യമാണ് പാർട്ടിയിൽ മുഴങ്ങുന്നത്.

തുഷാർ വെള്ളാപ്പള്ളി എവിടെയാണെന്ന് കൂടി പലപ്പോഴും നേതാക്കൾക്ക് അറിയാറില്ല. പാർട്ടി കാര്യം തുഷാർ പറയാറുമില്ല. ബാബുവിന്റെ വിയോഗത്തോടെ നേർക്ക് നേർ ഫൈറ്റാണ് തുഷാറും സുഭാഷ് വാസുവും തമ്മിൽ നടക്കുന്നത്. സുഭാഷ് വാസുവിനെ ഫലപ്രദമായി എതിർക്കാനും ഫൈറ്റിൽ നേരിട്ട് പങ്കാളിയാകാനുമൊന്നും തുഷാറിനു കഴിയില്ല. എല്ലാം ബാബുവായിരുന്നു. ബാബുവിന്റെ വിയോഗത്തോടെ നയിക്കാൻ നേതാക്കളില്ലാത്ത ഈ പാർട്ടി തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന് അപ്പുറം പോകുമോ എന്നാണ് പാർട്ടി കേന്ദ്രങ്ങൾ തന്നെ ഉയർത്തുന്ന ചോദ്യം.

വെള്ളാപ്പള്ളി നടേശന്റെ പുത്രൻ എന്നല്ലാതെ രാഷ്ട്രീയവുമായി തുഷാർ വെള്ളാപ്പള്ളിക്ക് വലിയ ബന്ധമില്ല. ടി.വി.ബാബു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനിൽ നൽകിയ പരാതിയിൽ ബാബുവിന്റെ മരണത്തോടെ ഇനി എന്ത് ചെയ്യണം എന്ന കാര്യത്തിൽ പോലും പാർട്ടിയിൽ നിന്ന് തീരുമാനം വന്നില്ല. ബിജെപിയുടെ പിന്തുണയാണ് തുഷാർ ആശാവഹമായി കരുതുന്നത്. ഫെബ്രുവരി മാസം വെള്ളാപ്പള്ളിയെയും തുഷാറിനേയും കണിച്ചുകുളങ്ങര വീട്ടിൽ പോയി കണ്ട കേന്ദ്രമന്ത്രി വി.മുരളീധരൻ ബിജെപിയുടെ പിന്തുണ ബിഡിജെഎസിനാണെന്ന് വ്യക്തമാക്കിയിരുന്നു. ബിഡിജെഎസിൽ നിന്നും പുറത്തായ സുഭാഷ് വാസുവും സെൻകുമാറും തമ്മിൽ യോജിച്ച് ബിഡിജെഎസിനെതിരെ നടത്തുന്ന നീക്കങ്ങളുടെ മുനയൊടിക്കാനാണ് ഈ അവസരം വെള്ളാപ്പള്ളിയും തുഷാറും ഉപയോഗിച്ചത്.

പാർട്ടി ബിഡിജെഎസിന് ഒപ്പമാണെന്നും .ടി.പി.സെൻകുമാറിന് എൻഡിഎയുമായി ഒരു ബന്ധവുമില്ലെന്നുമാണ് വ്യക്തമാക്കിയത്. ഇതോടെ ബിജെപിയെ ബിഡിജെഎസിന് പിന്നിൽ ഉറച്ചു നിർത്തുന്നതിൽ വെള്ളാപ്പള്ളി വിജയം കണ്ടു. പക്ഷെ വെള്ളാപ്പള്ളിയും തുഷാറും മനസിലാക്കാത്ത ടി.വി.ബാബു മാത്രം മനസിലാക്കിയിരുന്ന ഒരു കാര്യം ബിഡിജെഎസിൽ സംഭവിച്ചിരുന്നു. രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ അസ്തിത്വമോ നയനിലപാടുകളോ ഇല്ലാത്ത ബിഡിജെഎസിന്റെ ഏകദേശം മുക്കാൽ പങ്കു അണികളെയും എൻഡിഎ നയിക്കുന്ന ബിജെപി തട്ടിയെടുത്തിരുന്നു എന്ന വസ്തുത. പഴയ ബിഡിജെഎസുകാർ എല്ലാം നിലവിൽ ബിജെപിയാണ്. ബിജെപിയോട് അടുക്കാതെ മാറി നിന്ന ചില അണികൾ ചെറിയ രാഷ്ട്രീയ പാർട്ടികളുടെ ഭാഗമായും കഴിഞ്ഞു. ഇവരെയെല്ലാം ഒരു പരിധിവരെ പാർട്ടിയോട് അടുപ്പിച്ച് നിർത്തിയിരുന്നത് ടിവി ബാബു എന്ന ബുദ്ധികേന്ദ്രമായിരുന്നു.

എൽഡിഎഫും യുഡിഎഫും വർഷങ്ങളായി പിന്നോക്ക സമുദായങ്ങളെ ഈഴവരെ, ദളിതരെ മറ്റു പിന്നോക്ക സമുദായങ്ങളെ എല്ലാം വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. പാവപ്പെട്ട നമ്മുടെ നേതാക്കൾക്കും അണികൾക്കുമൊന്നും ഈ വസ്തുത മനസിലാകില്ല. ഇനിയെങ്കിലും ഈ രാഷ്ട്രീയ ദുരിതത്തിൽ നിന്ന് നമ്മൾ കരകയറണം. അതിനു ബിജെപി മാത്രമാണ് അനുയോജ്യം. കേരളത്തിൽ ബിജെപി ആർഎസ്എസ് പിന്തുണയോടെയാണ് നിലകൊള്ളൂന്നത്. ശക്തരായ നേതാക്കളില്ലാത്തതിനാൽ ഈ പാർട്ടിക്ക് കേരളത്തിൽ വേരോട്ടമുണ്ടാക്കാൻ സമയമെടുക്കും. ഒരു നേതാവുമില്ല. പക്ഷെ പാർട്ടി ശക്തമാണ്. നേതാക്കളെ നമുക്ക് തത്ക്കാലം മറക്കാം. ബിജെപിയുടെകൂടെ നിൽക്കാം. പതിറ്റാണ്ടുകൾ പിന്നോക്ക സമുദായങ്ങൾ എൽഡിഎഫ് യുഡിഎഫ് എന്ന് പറഞ്ഞു മാറി മാറി നിന്നില്ലേ? എന്ത് ഗുണം കിട്ടി. കേരളത്തിലെ ബിജെപി നേതാക്കൾ വലിയ കുഴപ്പമില്ലാത്തവരാണ്. നമുക്ക് അവരുടെ കൂടെ നിൽക്കാം.

പഴയ കാര്യങ്ങൾ പറഞ്ഞു, രാഷ്ട്രീയ സംഭവവികാസങ്ങൾ പറഞ്ഞു രസകരമായി ടി.വി.ബാബു ഇങ്ങനെ പറഞ്ഞു പോകുമ്പോൾ പാർട്ടിയിലെ ഒരുത്തനും അനങ്ങില്ല. ബാബുവിനെ തിരുത്താനും അതിനു മുകളിൽ പോകാൻ കഴിയുന്ന ആളുകളുമില്ല. ടിവി പറയുന്നത് പാർട്ടിയിൽ വേദവാക്യമായിരുന്നു. തുഷാറിനും ബുദ്ധി ഉപദേശിച്ച് നൽകുന്നതും പാർട്ടി കാര്യങ്ങൾ പഠിപ്പിക്കുനതും ബാബുവായിരുന്നു. ഇങ്ങനെ പാർട്ടിയെ നിലനിർത്തിയ ഇത്തരം ശക്തനായ നേതാവാണ് അകാലത്തിൽ വിടവാങ്ങിയിരിക്കുന്നത്. വല്ലാത്ത നേതൃശൂന്യത ബാബുവിന്റെ മരണത്തെ തുടർന്നു ബിഡിജെഎസിൽ രൂപപ്പെട്ടിരിക്കുകയാണ്. ബാബുവിന്റെ കടങ്ങൾ തങ്ങൾ ഏറ്റെടുക്കും എന്നാണ് തുഷാർ പ്രഖ്യാപിച്ചിരിക്കുന്നത്. അതേ സമയം ബാബു സഞ്ചരിച്ചിരുന്ന കാർ എസ്എൻഡിപി നേതൃത്വം തിരിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ ബാബുവിന്റെ കുടുംബത്തെ സഹായിക്കുന്ന കാര്യത്തിൽ പിന്നോട്ടില്ല എന്നാണ് തുഷാർ പറഞ്ഞിരിക്കുന്നത്.

ബാബു ഇപ്പോൾ ചിത്രത്തിലില്ലാത്ത അവസ്ഥയിൽ പാർട്ടിയിൽ ഇനി ആരെ നമ്പാനും ബിഡിജെഎസ് അണികൾ തയ്യാറല്ല. ബാബു മുൻപ് തന്നെ മനസിലാക്കിയപോലെ അണികൾ ബിജെപിയുടെ ഭാഗമായും മാറിയിട്ടുണ്ട്. മറ്റുള്ളവരെ വേറെ പാർട്ടിയിലേക്കും. ഇവരെ ഇനി ബിഡിജെഎസിലേക്ക് തിരികെ കൊണ്ടുവരാൻ ഇനി പാർട്ടിയിൽ നേതാക്കളില്ല. ഏതൊക്കെ നേതാക്കൾ, അവരുടെ പശ്ചാത്തലം ഒന്നും തുഷാറിന് അറിയില്ല. അറിയുന്ന മറ്റൊരു നേതാവ് സുഭാഷ് വാസുവാണ്. ബിഡിജെഎസ് സ്വന്തം കസ്റ്റഡിയിലാക്കാനാണ് സുഭാഷ് വാസുവിന്റെ ശ്രമം. സുഭാഷ് വാസുവിന്റെ ശ്രമങ്ങളെ പ്രതിരോധിക്കാനും ഇനി നേതാക്കളില്ല. ഈ ഘട്ടത്തിലാണ് ബിഡിജെഎസിൽ വെള്ളാപ്പള്ളിയുടെ റോൾ കടന്നുവരുന്നത്. എസ്എൻഡിപിയാണ് ബിഡിജെഎസിന്റെ ശക്തികേന്ദ്രം. ആർഎസ്എസും ബിജെപിയുമായി ബന്ധമില്ലെന്ന് ബിജെപി നേതാക്കൾ പറയുന്ന രീതിയിലാണ് എസ്എൻഡിപിയും ബിഡിജെഎസും ബന്ധമില്ലെന്ന് ബിഡിജെഎസ് നേതൃത്വം പറയുന്നത്.

ബിഡിജെഎസിനെ നയിക്കുന്നത് പിന്നണിയിൽ നിന്നിട്ട് വെള്ളാപ്പള്ളി നടേശൻ തന്നെയാണ്. ടി.വി.ബാബുവിന് സഞ്ചരിക്കാൻ നൽകിയിരുന്ന കാർ പോലും എസ്എൻഡിപിയുടെതാണ് എന്നാണു അറിയാൻ കഴിഞ്ഞത്. എസ്എൻഡിപിയുടെ രജിസ്‌ട്രേഷൻ കാലഹരണപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടു ഹൈക്കോടതിയിൽ കേസും നിലനിൽക്കുന്നുണ്ട്. നിലവിൽ എസ്എൻഡിപിയുടെ രജിസ്‌ട്രേഷൻ റദ്ദ് ചെയ്യപ്പെട്ട അവസ്ഥയിലാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം ആൾ എന്ന രീതിയിലാണ് വെള്ളാപ്പള്ളി പോകുന്നത് എങ്കിലും വെള്ളാപ്പള്ളിയെ മുഖ്യമന്ത്രിക്ക് പൂർണമായും വിശ്വാസമില്ല. തിരിച്ചും അങ്ങനെ തന്നെ. എസ്എൻഡിപിയുടെ രജിസ്‌ട്രേഷൻ സംബന്ധമായ പ്രശ്‌നങ്ങൾ കേരളത്തിലേക്ക് കേന്ദ്രം എഴുതി വിട്ടപ്പോൾ തത്ക്കാലം കേരളത്തിനു ഈ കാര്യം ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ്. നിയമം അനുവദിക്കുന്നില്ല എന്നതുകൊണ്ട് മുഖ്യമന്ത്രിയും കൈമലർത്തിയ അവസ്ഥയിലാണ്. കാരണം നിയമപരമായി കേരളത്തിനു ഒന്നും ചെയ്യാനില്ല. പക്ഷെ എസ്എൻഡിപിയുടെ ജീവാത്മാവും പരമാത്മാവുമായ വെള്ളാപ്പള്ളി നടേശന് എസ്എൻഡിപിയുടെ കാര്യത്തിൽ കയ്യും കെട്ടി നോക്കിയിരിക്കാൻ കഴിയില്ല. വി.മുരളീധരന്റെ ഗൃഹസന്ദർശനത്തിൽ വെള്ളാപ്പള്ളി ലക്ഷ്യമിട്ടത് കേന്ദ്രത്തിൽ നിന്നും എസ്എൻഡിപിയുടെ കാര്യത്തിൽ ഇളവുകളാണ്.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കും മുൻപ് രൂപീകരിച്ച പ്രസ്ഥാനം എന്ന നിലയിൽ രജിസ്‌ട്രേഷൻ റദ്ദ് ചെയ്യപ്പെട്ട സാഹചര്യത്തിൽ കേന്ദ്രം സഹായമാണ് വെള്ളാപ്പള്ളിയുടെ ഉന്നം. സുഭാഷ് വാസുവിനൊപ്പമല്ല തുഷാറിനു ഒപ്പം എന്ന് ഒരു പ്രസ്താവനയും മുരളീധരനെക്കൊണ്ട് ഇറക്കിപ്പിച്ചിട്ടുമുണ്ട്. ഇനിയുള്ള കാര്യം കേന്ദ്രത്തിൽ നിന്ന് എസ്എൻഡിപിയുടെ കാര്യത്തിലുള്ള സഹായമാണ്. അതിനായി ബിജെപി ഭരണത്തെ വെള്ളാപ്പള്ളി ഒന്ന് പൊക്കിപ്പറയുകയും ചെയ്തിട്ടുണ്ട്. ഈ കാര്യങ്ങൾ എല്ലാം പിണറായി വിജയന് അറിയാം. അതുകൊണ്ട് തന്നെ വെള്ളാപ്പള്ളിയുടെ നീക്കങ്ങളെ സിപിഎമ്മും മുഖ്യമന്ത്രിയുമൊക്കെ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

വെള്ളാപ്പള്ളി ബിജെപി പക്ഷത്തേക്ക് ചായുന്നുണ്ടോ എന്നാണ് മുഖ്യമന്ത്രിയുടെ നോട്ടം. അങ്ങിനെയെങ്കിൽ മൈക്രോ ഫിനാൻസ് കേസൊക്കെ സർക്കാർ ഒന്ന് പൊടിതട്ടിയെടുക്കും. സ്പ്രിൻക്ലർ പ്രശ്‌നത്തിൽ മുഖ്യമന്ത്രിയ്‌ക്കെതിരെ അതിരൂക്ഷമായ പ്രതികരണവുമായി വന്ന ലീഗിലെ കെ.എം.ഷാജിക്ക് പഴയ വിജിലൻസ് കേസ് ലൈവാക്കി കൊണ്ടുവന്നാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. ഇതേ പ്രശ്‌നം വെള്ളാപ്പള്ളിയുടെ മുന്നിലുമുണ്ട്. അപ്പുറത്ത് സുഭാഷ് വാസുവും സെൻകുമാറും. ഇപ്പുറത്ത് എസ്എൻഡിപി പ്രശ്‌നം. നിയമപരമായി വരുന്ന കേന്ദ്രം, കേരളം എന്ന തലവേദനകൾ വേറെയും. അതുകൊണ്ട് തന്നെ ബിഡിജെഎസിനെ ഈ പ്രതിസന്ധി ഘട്ടത്തിൽ മുന്നിൽ നിന്ന് നയിക്കാൻ വെള്ളാപ്പള്ളിക്ക് കഴിയില്ല. നയിക്കേണ്ടിയിരുന്ന രണ്ടുപേർ സുഭാഷ് വാസുവും ടി.വി.ബാബുവുമായിരുന്നു. ബാബു കളം ഒഴിഞ്ഞപ്പോൾ വെള്ളാപ്പള്ളിയെ ഉന്മൂലനം ചെയ്യും എന്ന പ്രതിജ്ഞയുമായാണ് സുഭാഷ് വാസു നടക്കുന്നത്. ഈ രണ്ടുപേരും എന്നെന്നേക്കുമായി വെള്ളാപ്പള്ളിക്ക് നഷ്ടമായിക്കഴിഞ്ഞിരിക്കുന്നു. ഈ ഘട്ടത്തിൽ ബിഡിജെഎസിനെ ഫലപ്രദമായി നയിക്കാൻ നേതാക്കളില്ല. അതുകൊണ്ട് തന്നെയാണ് തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിന് അപ്പുറം ബിഡിജെഎസ് പോകുമോ എന്ന് പാർട്ടി നേതാക്കൾ തന്നെ ചോദ്യമുന്നയിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP