Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ലോക് ഡൗണിൽ ഒരുതുള്ളി മദ്യം കിട്ടിയിരുന്നെങ്കിൽ എന്ന് കൊതിച്ചിരിക്കുന്നവരെ ആകെ ഇളക്കി മറിച്ചുകൊണ്ട് ഫേസ്‌ബുക്കിൽ പരസ്യം; തിളങ്ങുന്ന മുന്തിയ ഇനം മദ്യക്കുപ്പികളുടെ ചിത്രങ്ങൾ; ഫോൺ നമ്പറിൽ വിളിച്ചപ്പോൾ എല്ലാ ബ്രാൻഡുമുണ്ടെന്നും ഹോം ഡെലിവറിയായി വീട്ടിലെത്തിക്കുമെന്നും വാഗ്ദാനം; അഡ്രസ് അയച്ചുകൊടുത്താൽ അരമണിക്കൂറിനകം കുപ്പി വീട്ടിൽ; ലോക് ഡൗണിൽ ശ്രീകാന്ത് സിങ് എഫ്ബി പേജിൽ സിഐഎസ്എഫ് ജവാൻ എന്ന പേരിൽ ഇടപാട്: മറുനാടൻ അന്വേഷണത്തിൽ കണ്ടെത്തിയത് ഇങ്ങനെ

ലോക് ഡൗണിൽ ഒരുതുള്ളി മദ്യം കിട്ടിയിരുന്നെങ്കിൽ എന്ന് കൊതിച്ചിരിക്കുന്നവരെ ആകെ ഇളക്കി മറിച്ചുകൊണ്ട് ഫേസ്‌ബുക്കിൽ പരസ്യം; തിളങ്ങുന്ന മുന്തിയ ഇനം മദ്യക്കുപ്പികളുടെ ചിത്രങ്ങൾ; ഫോൺ നമ്പറിൽ വിളിച്ചപ്പോൾ എല്ലാ ബ്രാൻഡുമുണ്ടെന്നും ഹോം ഡെലിവറിയായി വീട്ടിലെത്തിക്കുമെന്നും വാഗ്ദാനം; അഡ്രസ് അയച്ചുകൊടുത്താൽ അരമണിക്കൂറിനകം കുപ്പി വീട്ടിൽ; ലോക് ഡൗണിൽ ശ്രീകാന്ത് സിങ് എഫ്ബി പേജിൽ സിഐഎസ്എഫ് ജവാൻ എന്ന പേരിൽ ഇടപാട്: മറുനാടൻ അന്വേഷണത്തിൽ കണ്ടെത്തിയത് ഇങ്ങനെ

ആർ പീയൂഷ്

കൊച്ചി: ലോക്ക് ഡൗണിൽ മദ്യം ലഭിക്കാതെ വലയുന്ന മലയാളികളെ കബളിപ്പിച്ച് പണം തട്ടുന്ന ഓൺ ലൈൻ സംഘം സജീവം. ഓൺ ലൈൻ വഴി പണം അയക്കുന്നവർക്ക് മുന്തിയ ഇനം ബ്രാൻഡഡ് വിദേശ മദ്യം നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടുന്നത്. ഫെയ്സ് ബുക്കിൽ ആരെയും ആകർഷിക്കും വിധം മദ്യക്കുപ്പികളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ച് ആവശ്യക്കാർ ബന്ധപ്പെടാൻ നമ്പരും നൽകിയാണ് തട്ടിപ്പ് സംഘം രംഗത്തെത്തിയിരിക്കുന്നത്. ഈ സംഘത്തിന്റെ ഫോണിൽ മറുനാടൻ മലയാളി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിന്റെ പുതിയ വഴി മനസ്സിലായത്. സിഐ.എസ്.എഫ് ജവാൻ എന്ന പേരിലാണ് തട്ടിപ്പ് നടത്തുന്നത്.

ശ്രീകാന്ത് സിങ് എന്ന പേരിലുള്ള ഒരു ഫെയ്സ് ബുക്ക് പേജിലാണ് പരസ്യം പ്രത്യക്ഷപെട്ടത്. തോപ്പുംപടിക്ക് സമീപമുള്ള ഒരു കെട്ടിട നമ്പറാണ് വിലാസം നൽകിയിരിക്കുന്നത്. എല്ലാ ബ്രാൻഡുകളുടെയും മദ്യം ഉണ്ട് എന്നും ഹോംഡെലിവറിയായി വീട്ടിലെത്തിക്കുമെന്നുമാണ് അവകാശവാദം. ആവശ്യമുള്ളവർ 7664867231 എന്ന നമ്പറിൽ ബന്ധപ്പെടണം. ഈ പരസ്യം ശ്രദ്ധയിൽപെട്ടതോടെ ഞങ്ങൾ ഫോൺ നമ്പരിൽ ആവശ്യക്കാരൻ എന്ന വ്യാജേന ബന്ധപ്പെട്ടു. ഫോൺ എടുത്തത് ഒരു ഹിന്ദിക്കാരൻ. ട്രൂകോളറിൽ അസം എന്ന് കാണിച്ചിട്ടുണ്ട്. ഫേസ്‌ബുക്കിൽ കണ്ട പരസ്യത്തെ തുടർന്നാണ് വിളിച്ചത് എന്നും മദ്യം വേണമെന്നും ആവശ്യപ്പെട്ടു. ഏത് ബ്രാൻഡ് വേണമെന്ന് ഹിന്ദിക്കാരൻ ചോദിച്ചു. ഏതൊക്കെയുണ്ട് എന്ന് ചോദിച്ചപ്പോൾ ഒരു നീണ്ട നിര പറഞ്ഞു. വിസ്‌കി മതി എന്നു പറഞ്ഞു. വിസ്‌ക്കിക്ക് 1120 രൂപയാകും. കുറവ് ചെയ്യാൻ കഴിയുമോ എന്ന ചോദ്യത്തിൽ ഫ്രീ ഹോം ഡെലിവറിയാണ് അതിനാൽ കുറക്കാൻ പറ്റില്ല. എന്തെങ്കിലും കുറക്കണം എന്ന നിർബന്ധത്തിൽ 20 രൂപ കുറച്ചു.

കുപ്പി എങ്ങനെ കിട്ടുമെന്ന ചോദ്യത്തിന് അഡ്രസ് അയച്ചു തന്നാൽ അരമണിക്കൂറിനുള്ളിൽ സ്ഥലത്തെത്തിക്കും. പാലാരിവട്ടത്താണ് എത്തിക്കേണ്ടത്, അപ്പോൾ പൊലീസ് ചെക്കിങ് കടന്ന് എങ്ങനെ സമയത്ത് എത്തുമെന്ന ചോദിച്ചപ്പോൾ സിറ്റിയിൽ എല്ലായിടത്തും നമ്മുടെ ആളുകളുണ്ട് എന്നും അവർ സാധനം സ്ഥലത്തെത്തിക്കുമെന്നും പറഞ്ഞു. പക്ഷേ പണം മുൻകൂറായി ഓൺലൈനിൽ അടക്കണം. അക്കൗണ്ടിൽ ക്യാഷ് ഇല്ലെന്നും സാധനം എത്തിക്കുമ്പോൾ പണം തരാമെന്നും പറഞ്ഞു. പകുതി പണം തന്നാലെ കുപ്പി തരാൻ കഴിയൂ, ഇല്ലെങ്കിൽ നടക്കില്ല എന്നും ഹിന്ദിക്കാരൻ പറഞ്ഞു. ഞങ്ങൾ പണം തരുമ്പോൾ താങ്കളെ എങ്ങനെ വിശ്വസിക്കും എന്ന് ചോദിച്ചപ്പോൾ കിട്ടിയ മറുപടിയാണ് ഞെട്ടിക്കളഞ്ഞത്. എനിക്ക് സർക്കാർ അംഗീകാരമുണ്ടെന്നും ആർമിക്കാരനാണെന്നും പറഞ്ഞു. വിശ്വാസം വരുന്നില്ല എന്ന് ഞങ്ങൾ പറഞ്ഞപ്പോൾ തന്റെ ഐ.ഡികാർഡും ആധാർകാർഡും അയച്ചു തരാമെന്നും പറഞ്ഞു. അങ്ങനെ വാട്ട്സാപ്പ് നമ്പർ വഴി ശ്രീകാന്ത് എന്ന പേരിലുള്ള സിഐ.എസ്.എഫിന്റെ ഐഡികാർഡും ആധാർകാർഡും അയച്ചു തന്നു.

ഇതോടെ ഞങ്ങൾ വീണ്ടും ഇതേ നമ്പറിൽ ബന്ധപ്പെട്ടു. പണം വേഗം ട്രാൻസ്ഫർ ചെയ്തിട്ട് സ്‌ക്രീൻഷോട്ട് അയക്കാൻ നിർദ്ദേശിച്ചു. അതിനായി പേടിഎമ്മിന്റെ അക്കൗണ്ട് ടീറ്റെയിൽസും തന്നു. ഇത്രയും വിവരങ്ങൾ കിട്ടിയതോടെ ഞങ്ങൾ പിന്നെ ആനമ്പറിലേക്ക് ബന്ധപ്പെട്ടില്ല. എന്നാൽ പത്ത് മിനിട്ട് കഴിഞ്ഞതോടെ തിരികെ കോൾ എത്തി. പണം ഇട്ടോ എന്ന് ചോദിച്ചു കൊണ്ട്. എന്നാൽ കൂടുതൽ സംസാരിക്കാതെ ഞങ്ങൾ ഫോൺ കട്ട് ചെയ്തു. വീണ്ടും വിളിച്ചപ്പോൾ കോൾ എടുത്തില്ല. ഉടൻ മറ്റൊരു നമ്പറിൽ നിന്നും വിളി വന്നു. വേഗം പണം അയക്കുക സ്റ്റോക്ക് തീരാറായി എന്നും പറഞ്ഞു. മറ്റൊരു നമ്പറിൽ നിന്നും ഇവരെ ബന്ധപ്പെടാൻ നോക്കിയപ്പോൾ നമ്പർ ബിസിയായിരുന്നു. അരമണിക്കൂർ ശ്രമിച്ചിട്ടാണ് ഫോണിൽ കിട്ടിയത്. വില ചോദിച്ചിട്ട് പണം അത്രയും തരാൻ കഴിയില്ല എന്ന് പറഞ്ഞ് ഫോൺ വച്ചു. ഇക്കാര്യം ഞങ്ങൾ കൊച്ചിയിലെ എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. അവർ നമ്പർ ഡീറ്റെയിൽസ് സൈബർ സെല്ലിന്റെ സഹായത്തോടെ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു എന്നറിയിച്ചു.

അതേ സമയം മദ്യത്തിനായി എന്തു സാഹസവും ചെയ്യാൻ മടിക്കാത്ത ഒരു വിഭാഗം മലയാളികൾ ഇവരുടെ വലയിൽ വീണിട്ടുണ്ടാകാനാണ് സാധ്യത. വ്യാജ വാറ്റിന് 4000 രൂപ വരെ കൊടുത്ത് വാങ്ങി കുടിക്കുന്നവർ 1120 രൂപ മുടക്കാൻ ഒരു മടിയും കാണിക്കില്ല. പണം പോയവർ പരാതിപെട്ടാലും ഇവരെ കണ്ടെത്താൻ കഴിയുമെന്നുള്ള കാര്യം സംശയമാണ്. ഇത്തരക്കാർ ഉപയോഗിക്കുന്ന ഫോൺ നമ്പറുകളും അക്കൗണ്ട് നമ്പറുകളും വ്യാജമായിരിക്കും. ഇത്തരം പരസ്യങ്ങൾ കണ്ട് വഞ്ചിതരാവാതെ വിവരം എക്സൈസിനെയോ പൊലീസിനെയോ അറിയിക്കേണ്ടതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP