Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്പ്രിങ്‌ളർ കരാർ മന്ത്രിസഭ ചർച്ച ചെയ്യാതെ ഒപ്പിട്ടതിൽ ഇടഞ്ഞ സിപിഐയെ അനുനയിപ്പിക്കാൻ എംഎൻ.സ്മാരകത്തിലേക്ക് ഐടി സെക്രട്ടറി എം.ശിവശങ്കറിനെ പറഞ്ഞയച്ച് മുഖ്യമന്ത്രി; തൃപ്തനാവാതെ എ.കെ.ജി.സെന്ററിൽ എത്തി കോടിയേരിയെ കണ്ട് പ്രതിഷേധം അറിയിച്ച് കാനം; എല്ലാം മുന്നണി യോഗത്തിൽ തീർപ്പാക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി; ഇടപാടിലെ ദുരൂഹത അകറ്റാൻ എല്ലാ പാർട്ടി ഓഫീസുകളിലും ആളെ അയയ്ക്കുമോയെന്ന് മുല്ലപ്പള്ളിയുടെ പരിഹാസം

സ്പ്രിങ്‌ളർ കരാർ മന്ത്രിസഭ ചർച്ച ചെയ്യാതെ ഒപ്പിട്ടതിൽ ഇടഞ്ഞ സിപിഐയെ അനുനയിപ്പിക്കാൻ എംഎൻ.സ്മാരകത്തിലേക്ക് ഐടി സെക്രട്ടറി എം.ശിവശങ്കറിനെ പറഞ്ഞയച്ച് മുഖ്യമന്ത്രി; തൃപ്തനാവാതെ എ.കെ.ജി.സെന്ററിൽ എത്തി കോടിയേരിയെ കണ്ട് പ്രതിഷേധം അറിയിച്ച് കാനം; എല്ലാം മുന്നണി യോഗത്തിൽ തീർപ്പാക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി; ഇടപാടിലെ ദുരൂഹത അകറ്റാൻ എല്ലാ പാർട്ടി ഓഫീസുകളിലും ആളെ അയയ്ക്കുമോയെന്ന് മുല്ലപ്പള്ളിയുടെ പരിഹാസം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്പ്രിങ്‌ളർ കരാറിൽ സിപിഐയുടെ അതൃപ്തി നീക്കാൻ സിപിഎം ശ്രമിക്കുന്നതിനിടെ ഐടി സെക്രട്ടറി എംഎൻ.സ്മാരകത്തിലെത്തി വിശദീകരണം നൽകിയതിനെ വിമർശിച്ച് പ്രതിപക്ഷം രംഗത്തെത്തി. ഐടി സെക്രട്ടറി പാർട്ടി ഓഫിസിൽ കാനത്തെ കണ്ടത് വിചിത്രമായ നടപടിയാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. മുഖ്യമന്ത്രിയുടെ നടപടി ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്നതാണന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ദുരൂഹതയകറ്റാൻ എല്ലാ പാർട്ടി ഓഫീസിലും പ്രിൻസിപ്പൾ സെക്രട്ടറിയെ വിടുമോ എന്നാണ് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ചോദിച്ചത്.

അതേസമയം, ഏകെജി സെന്ററിലെത്തിയ കാനം രാജേന്ദ്രൻ സിപിഐയുടെ ഡേറ്റ നയത്തിന് വിരുദ്ധമായ കരാർ ഒപ്പിടാൻ പാടില്ലായിരുന്നുവെന്ന് കോടിയേരി ബാലകൃഷ്ണനെ നിലപാട് അറിയിച്ചു. ഐടി സെക്രട്ടറി എം.ശിവശങ്കർ സിപിഐ ഓഫീസിലെത്തി കാനത്തോട് കരാർ വിശദീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് അദ്ദേഹം സിപിഐ ഓഫീസിൽ എത്തി കാനത്തെ കണ്ടത്. മുന്നണിയോഗത്തിൽ ചർച്ചചെയ്യാമെന്നായിരുന്നു കോടിയേരിയുടെ മറുപടി.

സ്പ്രിക്‌ളർ വിവാദത്തിൽ നേരത്തെ അത്യപ്തി ജനയുഗത്തിലൂടെ പരസ്യപ്പെടുത്തിയ സിപിഐ ഇപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അതൃപ്തിയറിച്ചിരിക്കെയാണ്. ഇന്നലെ വൈകിട്ട് ഏകെജി സെന്റിലെത്തിയാണ് കാനം അമർഷം വ്യക്തമാക്കിയത്. എന്നാൽ, കരാറിൽ അവ്യക്തതയുണ്ടെന്നും, മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരാത്തത് ശരിയായില്ലെന്നും, കേന്ദ്ര സർക്കാർ അനുമതിയില്ലാതെ വിദേശ കമ്പനിയുമായി കരാർ ഒപ്പിട്ടത് തെറ്റെന്നും, നിയമവകുപ്പിന്റെ ഉപദേശം തേടാതെ കരാറിലേക്ക് പോയത് വീഴ്ചയെന്നു സിപിഐ വിലിയിരുത്തിയിട്ടുണ്ട്.

സ്പ്രിങ്‌ളറിൽ പരിശോധന നടത്താൻ സിപിഎം സെക്രട്ടറിയേറ്റും തീരുമാനിച്ച പശ്ചാത്തലത്തിൽ മുന്നണിയോഗം കൂടി ചേരുന്നതോടെ ഇരുപാർട്ടികളും തമ്മിലുള്ള തർക്കം ഒത്തുതീരാനാണ് സാധ്യത. അതേസമയം, സ്പ്രിങ്‌ളർ വിവാദത്തിൽ പ്രതിപക്ഷത്തിനെ കോടിയേരി ബാലകൃഷ്ണൻ ശക്തമായി വിമർശിച്ചു. ഡാറ്റാ ചോർച്ച തടയാനുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചാണ് സ്പ്രിങ്‌ളർ കരാറിൽ ഒപ്പിട്ടത്. സർക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ല.ലോകം മുഴുവൻ കേരളത്തെ ചർച്ച ചെയ്യുകയാണ്.സർക്കാരിനെ അപകീർത്തിപ്പെടുത്താനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും അട്ടിമറിക്കാൻ ശ്രമിക്കുന്നു. കൊവിഡ് കേരളത്തിൽ വരില്ലെന്നും സംഭാവന നൽകേണ്ടതില്ലെന്നും ചിലർ പ്രചരിപ്പിച്ചു. സി.പിഐയുമായി എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ ചർച്ച ചെയ്യാൻ തയ്യാറാണ് കോടിയേരി പറഞ്ഞു.

ഇതിനിടെ, ഐടി സെക്രട്ടറി പാർട്ടി ഓഫിസിൽ കാനത്തെ കണ്ടത് വിചിത്രമായ നടപടിയാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. മുഖ്യമന്ത്രിയുടെ നടപടി ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്നതാണന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്പ്രിങ്‌ളർ ഇടപാടിൽ ദുരൂഹതയകറ്റാൻ സിപിഐയുടെ മാത്രമല്ല കോൺഗ്രസ് ഉൾപ്പടെയുള്ള രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകളിലേക്ക് പ്രിൻസിപ്പൾ സെക്രട്ടികൂടിയായ ഐ.ടി.സെക്രട്ടറിയെ മുഖ്യമന്ത്രി പറഞ്ഞുവിടുമോയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ചോദിച്ചു.

സ്പ്രിങളർ ഇടപാടിലെ സുത്രധാരനായ മുഖ്യമന്ത്രി ഐ.ടി. സെക്രട്ടറിയെ കൊണ്ട് ചുട്ചോറുവാരിക്കുകയാണ്. അതിന്റെ ഭാഗമാണ് പാർട്ടി ഓഫീസുകളിലും മാധ്യമ ഓഫീസുകളിലും കയറി ഇറങ്ങി വിശദീകരിക്കാൻ ഐ.ടി.സെക്രട്ടറിയെ മുഖ്യമന്ത്രി നിയോഗിച്ചത്. വിശദീകരണവുമായി ഒരു ഉദ്യോഗസ്ഥൻ വിവിധ ഓഫീസുകളുടെ തിണ്ണ നിരങ്ങുന്നത് കേട്ടുകേൾവിയില്ലാത്തതാണ്. കൺഫേഡ് ഐ.എ.എസാണെങ്കിലും ഐ.എ.എസെന്ന മൂന്ന് അക്ഷരത്തിന് പൊതുസമൂഹം മാന്യതയും അന്തസും കൽപ്പിച്ചുണ്ടെന്നകാര്യം മുഖ്യമന്ത്രി മറക്കരുത്.ഉദ്ദ്യോഗസ്ഥരെ ബലിനൽകി രക്ഷപെടാമെന്ന് മുഖ്യമന്ത്രി കരുതിയാൽ അതു നടക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഇടതുമുന്നണിയിലും മന്ത്രിസഭയിലും കൂട്ടുത്തരവാദിത്തം നഷ്ടമായതിന് തെളിവാണ് സിപിഐ സെക്രട്ടറിയുടെ പരസ്യമായ അതൃപ്തി. ഇടതുമുന്നണിയിലെ പ്രമുഖ കക്ഷിയായ സിപിഐയെപ്പോലും വിശ്വാസിത്തിലെടുക്കാൻ മുഖ്യമന്ത്രിക്കായില്ല. സർവ്വാധിപതിയായ മുഖ്യമന്ത്രിയുടെ പ്രതാപത്തിന് മുന്നിൽ മൗനം അവലംബിക്കുന്ന പാർട്ടിയായി സിപിഎം മാറി. സിപിഎമ്മിൽ ഉൾപ്പാർട്ടി ജനാധിപത്യം നഷ്ടമായി. ഡാറ്റാ സംരക്ഷണത്തിലും അമേരിക്കൻ സാമ്രാജ്യത്വ വിരുദ്ധ സമീപനത്തിലും നാളിതുവരെയുള്ള സിപിഎമ്മിന്റെ നിലപാട് വെറും പൊള്ളയാണെന്ന് സ്പ്രിങ്കളർ ഇടപാടിലൂടെ വ്യക്തമായി.

കേന്ദ്ര-സംസ്ഥാന സർക്കാർ തലത്തിൽ വിവരശേഖരണത്തിന് നിരവധി ഐ.ടി ഏജൻസികളും ഒട്ടേറെ പ്രശസ്തമായ സ്ഥാപനങ്ങളും ഉണ്ടായിട്ടും സ്പ്രിങ്കളർ കമ്പനിക്ക് മാത്രമേ മാസ് ഡേറ്റ കൈകാര്യം ചെയ്യാൻ കഴിയൂയെന്ന സർക്കാരിന്റെ ഹൈക്കോടതയിലെ സത്യവാങ്മൂലം വിചിത്രമാണ്. ഹൈക്കോടതിലെ സർക്കാരിന്റെ വിശദീകരണം കൂടുതൽ സംശയങ്ങൾ വർധിപ്പിക്കുന്നതാണ്. അടിമുടി ക്രമക്കേട് നിറഞ്ഞതാണ് സ്പ്രിങ്കളർ ഇടപാട്. അതിനാലാണ് വ്യക്തമായ വിശദീകരണം നൽകാൻ മുഖ്യമന്ത്രി കഴിയാത്തത്.

സിബിഐ അന്വേഷണത്തിലൂടെ മാത്രമെ സത്യം പുറത്തുവരൂ. സിബിഐ അല്ലാതെ മറ്റൊരു അന്വേഷണവും കോൺഗ്രസിന് സ്വീകാര്യമല്ല. വിജിലൻസ് അന്വേഷണം കള്ളന്റെ കയ്യിൽ താക്കോൽ നൽകുന്നതിന് തുല്യമാണ്. ബിജെപിയിലെ ഒരു വിഭാഗവുമായി സിപിഎം ഉണ്ടാക്കിയ രഹസ്യധാരണ വിജിലൻസ് അന്വേഷണമെന്ന ഒരുവിഭാഗം ബിജെപി നേതാക്കളുടെ ആവശ്യത്തിലൂടെ ഒരിക്കൽക്കൂടി വെളിപ്പെട്ടുകഴിഞ്ഞെന്നും മുല്ലപ്പള്ളി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP