Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലയാളികളെ വിഷം തീറ്റിക്കാനുള്ള വിഷമീനുകൾ കേരളത്തിലേക്ക് ഒഴുകുന്നു; ആന്ധ്രയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും എത്തുന്നത് ടൺ കണക്കിന് മത്സ്യം ഇപ്പോഴും എത്തുന്നു; കരുനാഗപ്പള്ളിയിൽ ഫുഡ്‌സേഫ്റ്റിയും ആരോഗ്യവിഭാഗവും ചേർന്ന് പിടികൂടി നശിപ്പിച്ചത് ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുന്ന അഞ്ചു ടൺ മത്തി; ചീഞ്ഞ മത്സ്യം വിൽപ്പനയ്ക്ക് എത്തിച്ചത് കരുനാഗപ്പള്ളിയിലെ കമ്മീഷൻ ഏജന്റ്; പിടികൂടിയ മത്സ്യം കുഴിച്ചു മൂടി

മലയാളികളെ വിഷം തീറ്റിക്കാനുള്ള വിഷമീനുകൾ കേരളത്തിലേക്ക് ഒഴുകുന്നു; ആന്ധ്രയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും എത്തുന്നത് ടൺ കണക്കിന് മത്സ്യം ഇപ്പോഴും എത്തുന്നു; കരുനാഗപ്പള്ളിയിൽ ഫുഡ്‌സേഫ്റ്റിയും ആരോഗ്യവിഭാഗവും ചേർന്ന് പിടികൂടി നശിപ്പിച്ചത് ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുന്ന അഞ്ചു ടൺ മത്തി; ചീഞ്ഞ മത്സ്യം വിൽപ്പനയ്ക്ക് എത്തിച്ചത് കരുനാഗപ്പള്ളിയിലെ കമ്മീഷൻ ഏജന്റ്; പിടികൂടിയ മത്സ്യം കുഴിച്ചു മൂടി

ആർ പീയൂഷ്

കരുനാഗപ്പള്ളി: മലയാളികളെ വിഷം നിറഞ്ഞതും ചീഞ്ഞളിഞ്ഞതുമായ മീൻ തീറ്റിക്കാനായി കേരളത്തിലെ ഏജന്റുമാർ പെടാപ്പാട് പെടുകയാണ്. തമിഴ്‌നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ നിന്നും എത്തിയ ടൺ കണക്കിന് മത്സ്യങ്ങളാണ് ഫുഡ്സേഫ്റ്റി, ആരോഗ്യവിഭാഗം എന്നിവർ ചേർന്ന് പിടികൂടി നശിപ്പിച്ചത്. നടപടി ശക്തമാക്കിയെങ്കിലും അതിർത്തികടന്ന് വ്യാപകമായി വീണ്ടും ഉപയോഗ ശൂന്യമായ മത്സ്യം എത്തിക്കൊണ്ടിരിക്കുകയാണ്. അത്തരത്തിൽ ഒരു കേസു കൂടി കരുനാഗപ്പള്ളിയിൽ രജിസ്റ്റർ ചെയ്തു.

ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുന്ന അഞ്ചു ടൺ മത്തിയാണ് ഉദ്യോഗസ്ഥർ പിടികൂടി നശിപ്പിച്ചത്. ആന്ധ്രാപ്രദേശിൽ നിന്നും എത്തിയ വാഹനത്തിൽ നിന്നുമാണ് മത്സ്യം പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയിൽ ഓച്ചിറയിൽ വച്ച് പൊലീസ് കൈകാട്ടിയിട്ടും നിർത്താതെ പാഞ്ഞ വാഹനം കരുനാഗപ്പള്ളിയിൽ വച്ച് ഓച്ചിറ സിഐയും സംഘവും ചെയ്സ് ചെയ്ത് പിടിക്കുകയായിരുന്നു. വാഹനം പരിശോധിച്ചപ്പോൾ അസഹനീയമായ ദുർഗന്ധം പുറത്ത് വന്നു. തുടർന്ന് പൊലീസ് ഫുഡ് സേഫ്റ്റി വിഭാഗത്തെയും നഗരസഭാ ആരോഗ്യ വിഭാഗത്തെയും വിളിച്ചു വരുത്തി. വാഹനത്തിലുള്ളത് ഉപയോഗ ശൂന്യമായ മത്സ്യമാണെന്ന് കണ്ടെത്തി. തുടർന്ന് ഡ്രൈവറേയും വാഹനത്തെയും കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെ വാഹനത്തിൽ നിന്നും മത്സ്യം പുറത്തെടുത്ത് കുഴിച്ചു മൂടി. മത്തിയോടൊപ്പം മറ്റ് വിവധ തരത്തിലുള്ള മത്സ്യവുമുണ്ടായിരുന്നു. ഡ്രൈവറെ ചോദ്യം ചെയതപ്പോൾ കരുനാഗപ്പള്ളിയിലുള്ള കമ്മീഷൻ കടയിലേക്ക് കൊണ്ടു വന്നതാണെന്ന് മൊഴി നൽകി. ഏതു കമ്മീഷൻ കടയാമെന്ന് ഡ്രൈവർ പറഞ്ഞിട്ടില്ല. ആരോഗ്യ വിഭാഗം ഡ്രൈവറുടെ പക്കൽ നിന്നും പിഴ ഈടാക്കി. ഫുഡ്സേഫ്റ്റി ഇൻസ്പെക്ടർ ഷീനാ നായർ, ജൂനിയർ സൂപ്രണ്ട് ഷിബു, കരുനാഗപ്പള്ളി നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ വൈ. മുഹമ്മദ് ഫൈസൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഗിരീഷ്‌കുമാർ, അഷ്റഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ സ്വീകരിച്ചത്.

കഴിഞ്ഞ പത്തിന് നടന്ന പരിശോധനയിലും കരുനാഗപ്പള്ളിയിൽ നിന്നും അഞ്ച് ടണ്ണോളം തൂക്കം വരുന്ന ചീഞ്ഞ മത്സ്യം പിടികൂടിയിരുന്നു. ഫുഡ് സേഫ്റ്റി എൻഫോഴ്‌സ്‌മെന്റും നഗരസഭാ ആരോഗ്യ വിഭാഗവും പൊലീസും സംയുക്തമായി കമ്മീഷൻ കടകളിലും മറ്റും പരിശോധന നടത്തി വരുന്നതിനിടെ വവ്വാക്കാവിന് സമീപം നിർത്തിയിട്ടിരുന്ന മീൻ കൊണ്ടു പോകുന്ന കണ്ടെയ്‌നർ ലോറി പരിശോധിച്ചപ്പോഴാണ് പഴകിയ മത്സ്യം പിടികൂടിയത്. മങ്കട എന്ന പേരിലറിയപ്പെടുന്ന മത്സ്യം ഐസുരുകിയ വെള്ളത്തിൽ ചീഞ്ഞ് നാറുന്ന നിലയിലായിരുന്നു. ഡ്രൈവർ മംഗലാപുരം സ്വദേശിയായ ഫാറൂക്കിനെ ചോദ്യം ചെയ്തപ്പോൾ വവ്വാക്കാവിലുള്ള കമ്മീഷൻ കടയിലേക്ക് കൊണ്ടു വന്നതാണെന്നാണ് മനസ്സിലായത്. ഏത് കമ്മീഷൻ കടയിലേക്കാണ് കൊണ്ടു വന്നത് എന്ന് അറിയില്ലെന്നും വവ്വാക്കാവിലെത്തുമ്പോൾ ആളുകൾ വരുമെന്നുമാണ് അറിയിച്ചതെന്നും ഇയാൾ പറഞ്ഞു.തുടർന്ന് പിടിച്ചെടുത്ത മീനുകൾ നഗരസഭയുടെ മാലിന്യ നിർമ്മാജന പ്ലാന്റിനരികെ കുഴി എടുത്ത് മറവ് ചെയ്തു.

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മത്സ്യബന്ധനത്തിന് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതോടെ കടൽമത്സ്യങ്ങളുടെ വരവ് കുറഞ്ഞു. ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്ന പകുതിയിലധികം മത്സ്യവും അയൽ സംസ്ഥാനത്ത് നിന്ന് വരുന്നവയാണ്. കണ്ടെയ്നർ വഴി റോഡ്മാർഗമാണ് അഴുകിയ മത്സ്യങ്ങൾ സംസ്ഥാനത്തെ ഹാർബറുകളിലും കമ്മീഷൻ കടകളിലും എത്തുന്നത്. അഴുകിയ മത്സ്യങ്ങൾ ഐസിട്ട് ഫ്രീസ് ചെയ്യും. എന്നിട്ടാണ് വിൽപ്പനയ്ക്കായി കൊണ്ടു പോകുന്നത്. ഐസിൽ കിടക്കുന്ന മീനിനെ ഒറ്റനോട്ടത്തിൽ കണ്ടാൽ നല്ല മീനാണെന്ന് തോന്നും. എന്നാൽ വാങ്ങി വീട്ടിലെത്തി വൃത്തിയാക്കുമ്പോഴാവും മീൻ ചീഞ്ഞതാണെന്ന് മനസ്സിലാവുന്നത്. ചില വ്യാപാരികൾ അവിടെ വച്ച് തന്നെ വൃത്തിയാക്കി നൽകാറുണ്ട്. ഇത്തരം മത്സ്യങ്ങൾ വാങ്ങുന്നവർ പാകം ചെയ്ത് കഴിക്കുകയാണ് പതിവ്. മാരകമായ രാസ വസ്തുക്കളും മറ്റും ചേർത്ത ഇത്തരം മത്സ്യം കഴിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.

ഒരു ബക്കറ്റ് വെള്ളത്തിൽ, ഒരു ചെറിയ ഗ്ലാസ്സ് ഫോർമലിൻ ചേർത്ത് നേർപ്പിച്ചെടുത്താൽ അതിൽ 250 കി.ഗ്രാം മീൻ നാലു ദിവസം സംസ്‌കരിച്ചു സൂക്ഷിക്കാമെന്നതാണു സത്യം. െഎസ് ഇടുമ്പോൾ കൂടുതൽ സ്ഥലം വേണ്ടിവരുമെന്നു മാത്രമല്ല, ചെലവും കൂടുതലാണ്. ഫോർമലിൻ ഒരു തവണ ഉപയോഗിച്ചാൽ മീനിൽ നിന്ന് അതു പൂർണമായി നീക്കാനാകില്ല എന്നതാണു സത്യം. പിന്നീട് മീൻ എത്ര നന്നായി വെള്ളത്തിൽ കുതിർത്തുവച്ചാലും കഴുകിയാലും പചകം ചെയ്താലും ഫോർമലിന്റെ വിഷലിപ്തമായ സാന്നിധ്യം മാറുന്നില്ല എന്നു വ്യക്തം. എങ്കിലും ചെറിയ കരുതലുകളെടുക്കാം.

ഫ്രഷ് ആണെന്നുറപ്പുള്ള ഇടങ്ങളിൽ നിന്നു മീൻ വാങ്ങുക. ചെതുമ്പലുകൾ പൂർണമായി നീക്കുക. തൊലിനീക്കേണ്ട മീനുകളുടെ തൊലി നീക്കുക. മൂന്നു പ്രവശ്യമെങ്കിലും കഴുകുക. കടലമാവു പുരട്ടി കഴുകുന്നതും നല്ല രീതിയാണ്. അതു പോലെ വാങ്ങുമ്പോൾ മീനിന്റെ ഗന്ധം ശ്രദ്ധിക്കുക. അമോണിയ, ഫോർമലിൻ ഇവയുടെ രൂക്ഷഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കിൽ ആ മീൻ ഒഴിവാക്കാം.

നല്ല മീനാണോ എന്നറിയാൻ ചില വഴികളുണ്ട്. കാഴ്ച, ഗന്ധം, സ്പർശം എന്നിവയിലൂടെയാണ് മീനിന്റെ ശുദ്ധി തിരിച്ചറിയുന്നത്. ഫ്രഷായ മീനിന് വൃത്താകൃതിയുള്ളതും തിളങ്ങുന്നതും തെൽമുള്ളതുമായ കണ്ണുകളായിരിക്കും. തിളക്കമില്ലാതെ, കുഴിഞ്ഞിരിക്കുന്നതും ഇളം നീലനിറമുള്ളതുമായ കണ്ണുകൾ കണ്ടാൽ ഉറപ്പിക്കുക. മീൻ പഴകിത്തുടങ്ങിയിരിക്കുന്നു. ചെകിളപ്പൂവു നോക്കണം. നല്ല രക്തവർണമാണെങ്കിൽ മീൻ പഴകിയിട്ടില്ല എന്നതിന്റെ സൂചനയാണ്. ആന്തരികാവയവങ്ങൾ നീക്കം ചെയ്യുമ്പോൾ നട്ടെല്ലിന്റെ ഭാഗത്തു നിന്നു വരുന്ന രക്തം നല്ല നിറത്തോടെയുള്ളതാണെങ്കിൽ മീൻ ഫ്രഷാണ്. മാംസത്തിൽ വിരൽ കൊണ്ടമർത്തിയാൽ ദൃഢത ഉണ്ടെങ്കിൽ നല്ല മീനാണ്. മീൻ ചീത്തയാണെങ്കിൽ വിരലമർത്തുമ്പോൾ മാസം താണു പോകും. മീനിന് വല്ലാത്തൊരു നാറ്റം ഉണ്ടെങ്കിൽ ഫ്രഷ് അല്ല എന്നു കരുതണം. ചീഞ്ഞു തുടങ്ങിയ മീനിന് കനത്തതും അമോണിയയുടേതിനു സമാനവുമായ ഗന്ധമുണ്ടാകും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP