Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വയനാട്ടിലെ കർഷക കുടുംബത്തിൽ ജനിച്ച ജോയി പൊന്നു വിളയിച്ചത് ഗൾഫിൽ; ക്രൂഡ് ഓയിൽ വ്യാപാരത്തിൽ കൈവെച്ചതോടെ അറിയപ്പെടുന്ന ബിസിനസുകാരനായി; സ്വന്തമായി കപ്പൽ വരെ വാങ്ങിയ വ്യാപാര വളർച്ചയോടെ നാട്ടുകാരുടെ 'കപ്പൽ ജോയി'യേട്ടനായി; പിറന്ന നാടിനെ മറക്കാതെ ജീവകാരുണ്യ രംഗത്തും സജീവ സാന്നിധ്യം; മാനന്തവാടിയിൽ പണിത 45,000 ചതുരശ്രയടിയുള്ള കൊട്ടാര ബംഗ്ലാവ് കേരളത്തിലെ തന്നെ ഏറ്റവും വലിയ വീടായി; അറയ്ക്കൽ ജോയിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ നാടും പ്രവാസ ലോകവും

വയനാട്ടിലെ കർഷക കുടുംബത്തിൽ ജനിച്ച ജോയി പൊന്നു വിളയിച്ചത് ഗൾഫിൽ; ക്രൂഡ് ഓയിൽ വ്യാപാരത്തിൽ കൈവെച്ചതോടെ അറിയപ്പെടുന്ന ബിസിനസുകാരനായി; സ്വന്തമായി കപ്പൽ വരെ വാങ്ങിയ വ്യാപാര വളർച്ചയോടെ നാട്ടുകാരുടെ 'കപ്പൽ ജോയി'യേട്ടനായി; പിറന്ന നാടിനെ മറക്കാതെ ജീവകാരുണ്യ രംഗത്തും സജീവ സാന്നിധ്യം; മാനന്തവാടിയിൽ പണിത 45,000 ചതുരശ്രയടിയുള്ള കൊട്ടാര ബംഗ്ലാവ് കേരളത്തിലെ തന്നെ ഏറ്റവും വലിയ വീടായി; അറയ്ക്കൽ ജോയിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ നാടും പ്രവാസ ലോകവും

മറുനാടൻ മലയാളി ബ്യൂറോ

മാനന്തവാടി: ദ്വീർഘകാലം പ്രവാസ ജീവിതം നയിച്ചെങ്കിലും പിറന്ന നാടിനെ മറക്കാതെ സ്‌നേഹിച്ച വ്യക്തിത്വമായിരുന്നു ദുബായിൽ ഇന്ന് ഹൃദയാഘാതം മൂലം മരിച്ച അറയ്ക്കൽ ജോയി(52) എന്ന പ്രവാസി വ്യവസായിയുടേത്. ഇന്ന് ഉച്ചയോടെ ഹൃദയാഘാതം മൂല്യമായിരുന്നു ജോയിയുടെ അന്ത്യം. വയനാട് കല്ലോടിയിൽ വഞ്ഞോട് എന്ന സ്ഥലത്തായിരുന്നു അദ്ദേഹത്തിന്റെ വീട്. മധ്യകേരളത്തിൽ നിന്നും വയനാട്ടിലേക്ക് കുടിയേറിയ സാധാരണ കർഷക കുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹം. അവിടെ നിന്നുമാണ് പിന്നീട് ഗൾഫിലേക്ക് ചേക്കേറുന്നതും അവിടെ അറിയപ്പെടുന്ന ബിസിനസുകാരനായി മാറിയതും.

എല്ലാ പ്രവാസികളെയും പോലെ ഗൾഫിൽ പിടിച്ചു നിൽക്കാൻ പാടുപെട്ട അദ്ദേഹം പിന്നീട് സ്വപ്രയത്ന്നം കൊണ്ട് ബിസിനസ് വളർച്ച സ്വന്തമാക്കുകയായിരുന്നു. ക്രൂഡ് ഓയിൽ ബിസിനസ് രംഗത്തേക്ക് കൈവെച്ച അദ്ദേഹം പിന്നീട് മറ്റു പല ബിസിനസ് മേഖലയിലും കൈവെച്ചു. മൂത്ത മകൻ അരുണിന്റെ പേരിൽ അരുൺ ഗ്രൂപ്പ് ഓഫ് കമ്പനിയുണ്ടാക്കി അതിന്റെ മാനേജിങ് ഡയറക്ടർ സ്ഥാനം വഹിക്കുകയായിരുന്നു. ജീവകാരുണ്യ പ്രവർത്തന രംഗത്തും സജീവ സാന്നിധ്യമായിരുന്ന ജോയി സാധാരണ പ്രവാസികൾക്കിടയിലും ഏറെ പ്രിയങ്കരനായിരുന്നു. നിരവധി മലയാളികൾ ഇദ്ദേഹത്തിന്റെ കമ്പനിയിൽ ജോലി നോക്കുന്നുണ്ട്.

ഗൾഫിലെ തന്റെ വളർച്ച സഹോദരങ്ങളിലേക്കും മറ്റു നാട്ടുകാരിലേക്കും എത്തിക്കാനും പരിശ്രമിച്ചിരുന്ന അറയ്ക്കൽ ജോയി. പ്രവാസ ലോകത്തെ മികച്ച പ്രവർത്തനം കൊണ്ട് കൈരളി ടിവിയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌ക്കാരം അടക്കം നേടിയിരുന്നു ഉദ്ദേഹം. അരുൺ അഗ്രോഫാസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ്, അരുൺ അഗ്രോവെറ്റ് പ്രൈവറ്റ് ലിമിറ്റഡ്, വയനാട് അഗ്രോ മൂവ്‌മെന്റ് ടീ കമ്പനി ലിമിറ്റഡ്, അരുൺ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ്, ഹെഡ്ജ് ഇക്വറ്റിസ് ലിമിറ്റഡ്, അരുൺ അഗ്രോ ഇൻഡ്‌സ്ട്രീസ് ലിമിറ്റഡ് തുടങ്ങി കമ്പനികളുടെ ഡയറക്ടർ പദവികളും ഇദ്ദേഹം വഹിച്ചിരുന്നു.

ക്രൂഡ് ഓയിൽ ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന ഇദ്ദേഹം കപ്പൽ സ്വന്തമായി ഉള്ള വ്യക്തി കൂടിയായിരുന്നു. അതുകൊണ്ട് തന്നെ നാട്ടിൽ കപ്പൽ ജോയിയേട്ടൻ എന്ന പേരിലും ഈ ബിസിനസ് വളർച്ച കൊണ്ട് അദ്ദേഹം അറിയപ്പെട്ടു. നാട്ടിൽ കാരുണ്യ പ്രവർത്തനങ്ങളുമായും അദ്ദേഹം സജീവമായിരുന്നു. അറയ്ക്കൽ കുടുംബത്തിന്റെ കൈതാങ്ങിൽ മംഗല്ല്യ സംഭാഗ്യമണിഞ്ഞ് ഏഴ് യുവതി -യുവാക്കൾ വിവാഹിതരായത് കഴിഞ്ഞ വർഷമായിരുന്നു. ജോയി അറയ്ക്കലും സഹോദരൻ ജോണിയും ഇവരുടെ സഹേദരികളും കുടുംബാംഗങ്ങളും ചേർന്നായിരുന്നു സമൂഹ വിവാഹം നടത്തിയത്. മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് സൗജന്യമായി ഡയാലിസിസ് യന്ത്രങ്ങൾ നൽകിയത് ഇദ്ദേഹത്തിന്റെ ജീവകാരുണ്യ രംഗത്തെ ചെറിയ സേവനങ്ങളിൽ ഒന്നുമാത്രമായിരുന്നു.

'കേരളത്തിലെ ഏറ്റവും വലിയ വീടി'ന്റെ ഉടമ

പ്രവാസ ലോകത്ത് വലിയ ബിസിനസുകാരനായപ്പോഴും ജോയിയുടെ ആഗ്രഹം സ്വന്തം നാടിനോടായിരുന്നു. ജനിച്ചു വളർന്ന നാട്ടിൽ സ്വന്തമായി വീടു പണിയാൽ തീരുമാനിച്ചപ്പോൾ അത് കേരളത്തിലെ തന്നെ ഏറ്റവും വലിയ ബംഗ്ലാവുകളിൽ ഒന്നായി മാറിയത്. അടുത്തിടെ സോഷ്യൽ മീഡിയയിൽ അടക്കം വലിയ തോതിൽ പ്രചരിച്ചത് അറയ്ക്കൽ ജോയിയുടെ വീടായിരുന്നു. കൊ്ട്ടാര സദൃശ്യമായി ഈ വീട് 45,00 ചതുരശ്ര അടിയിൽ നിർമ്മിച്ചതായിരുന്നു. കേരളത്തിലെ തന്നെ ഏറ്റവും വലിയ വീടെന്ന വിശേഷണമായിരുന്നു സോഷ്യൽ മീഡിയ അറയ്ക്കൽ പാലസ് എന്നു പേരിട്ട മാനന്തവാടിയിലെ ഈ വീടിന് നൽകിയത്.

കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജെ.ബി ഗ്രൂപ്പ് ഓഫ് ആർട്ടിടെക് എന്ന സ്ഥാപനമായിരുന്നു ജോയിയുടെ മനസ്സിന് ഇണങ്ങുന്ന വിധത്തിൽ ഈ കൊട്ടാരത്തിന് രൂപകൽപ്പന ചെയ്തത്. തന്റെ ഏറ്റവും വലിയ സ്വപ്‌നമാണ് ഈ തല ഉയർത്തി നിൽക്കുന്ന വീടെന്ന് ജോലി പറയുമായിരുന്നു. മാനന്തവാടിയിൽ 45000 ചതുരശ്രയടിയിൽ കൊളോണിയൽ ശൈലിയിലാണ് ഈ വലിയ വീടിന്റെ രൂപകൽപന. പുറമേ നിന്നുള്ള കാഴ്ചകളിൽ നിന്നു തന്നെ ഈ വീടിന്റെ രൂപഭംഗി വ്യക്തമാണ്. റോഡുനിരപ്പിൽ നിന്നും ഉയർന്നു നിൽക്കുന്ന വിശാലമായ നാലേക്കറിലാണ് വീടും ലാൻഡ്‌സ്‌കേപ്പും ഒരുക്കിയത്.

പ്രധാനവാതിൽ തുറന്നകത്തേക്ക് കയറുമ്പോൾ തന്നെ പേര് അനശ്വരമാക്കുന്ന കാഴ്ചയാണ് അറയ്ക്കൽ പാലസ് സമ്മാനിക്കുക. മൂന്നിരട്ടി ഉയരമുള്ള മേൽക്കൂരയിലാണ് അകത്തളങ്ങൾ ഒരുക്കിയത്. 26 മീറ്റർ നീളമുണ്ട് പ്രധാന ഹാളിന്. ഇതിനെ താങ്ങിനിർത്തുന്നത് ഇറക്കുമതി ചെയ്ത മാർബിൾ പൊതിഞ്ഞ നീളൻതൂണുകളും. മുന്തിയ ഇറ്റാലിയൻ മാർബിളിന്റെ പ്രൗഢിയാണ് നിലത്ത് വിരിയുന്നത്. താഴത്തെ നിലയിൽ മൂന്നും മുകളിലത്തെ നിലയിൽ അഞ്ചും കിടപ്പുമുറികളാണ് ഈ വീട്ടിൽ ഉണ്ടായിരുന്നു.

കോവിഡ് കാലത്ത് ഹൃദയാഘാതം മൂലം ജോയിയുടെ മരണം സംഭവിക്കുമ്പോൾ മാനന്തവാടിക്കാർക്കും അതൊരു തീരാ നഷ്ടമാണ്. വിമാനങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ നാട്ടിലേക്ക് ജോയിയുടെ മൃതദേഹം എത്തിക്കുന്നതും ഇപ്പോഴത്തെ നിലയിൽ അസാധ്യമായ കാര്യമാണ്. താൻ ഏറെ മോഹിച്ചു നിർമ്മിച്ച വീട്ടിൽ അധിക കാലം താമസിക്കാൻ കഴിയാതെയാണ് അറയ്ക്കൽ ജോയി വിടവാങ്ങുന്നത്. ഭാര്യ: സെലിൻ. മക്കൾ: അരുൺ, ആഷ്ലി. പിതാവ്: ഉലഹന്നാൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP