Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എം ടി രമേശ് സംസാരിക്കുന്നത് കാര്യങ്ങൾ മനസ്സിലാക്കാതെ; പ്രാഥമിക ഘട്ടത്തിൽ തന്നെ സിബിഐ അന്വേഷണ ആവശ്യം നിരാകരിക്കപ്പെട്ടാൽ കേസിനെ ഏതു വിധത്തിൽ ബാധിക്കുമെന്ന് മനസ്സിലാക്കണം; ചെന്നിത്തല ഹൈക്കോടതിയിൽ നൽകിയ റിട്ട് ഹർജിയിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും കെ സുരേന്ദ്രൻ; വിജിലൻസ് അന്വേഷണത്തിന് പ്രസക്തിയില്ല; അത് കള്ളന്റെ അടുത്ത് താക്കോൽ നൽകുന്നത് പോലെയെന്ന് എ എൻ രാധാകൃഷ്ണനും; അധ്യക്ഷ പദവി മോഹിച്ചു നഷ്ടമായവർ സുരേന്ദ്രനെതിരെ സ്പ്രിൻക്ലറുമായി ഏറ്റുമുട്ടുന്നു

എം ടി രമേശ് സംസാരിക്കുന്നത് കാര്യങ്ങൾ മനസ്സിലാക്കാതെ; പ്രാഥമിക ഘട്ടത്തിൽ തന്നെ സിബിഐ അന്വേഷണ ആവശ്യം നിരാകരിക്കപ്പെട്ടാൽ കേസിനെ ഏതു വിധത്തിൽ ബാധിക്കുമെന്ന് മനസ്സിലാക്കണം; ചെന്നിത്തല ഹൈക്കോടതിയിൽ നൽകിയ റിട്ട് ഹർജിയിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും കെ സുരേന്ദ്രൻ; വിജിലൻസ് അന്വേഷണത്തിന് പ്രസക്തിയില്ല; അത് കള്ളന്റെ അടുത്ത് താക്കോൽ നൽകുന്നത് പോലെയെന്ന് എ എൻ രാധാകൃഷ്ണനും; അധ്യക്ഷ പദവി മോഹിച്ചു നഷ്ടമായവർ സുരേന്ദ്രനെതിരെ സ്പ്രിൻക്ലറുമായി ഏറ്റുമുട്ടുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്പ്രിൻക്ലർ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെടാത്തതിന് പേർ കുറ്റപ്പെടുത്തലുമായി രംഗത്തെത്തിയ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശിനെതിരെ തുറന്നടിച്ചു കൊണ്ടു കെ സുരേന്ദ്രൻ രംഗത്ത്. എം ടി രമേശ് കാര്യങ്ങൾ മനസിലാക്കാതെയാണ് സംസാരിക്കുന്നതെന്ന് സുരേന്ദ്രൻ വ്യക്തമാക്കി. ആദ്യ ഘട്ടത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാൽ നിരാകരിക്കപ്പെട്ടേക്കാമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

പ്രാഥമിക ഘട്ടത്തിൽ തന്നെ സിബിഐ അന്വേഷണം തള്ളിയാൽ അതുണ്ടാക്കുന്ന പ്രത്യാഘാതം വലുതായിരിക്കുമെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. ഹൈക്കോടതിയിൽ താൻ ആവശ്യപ്പെട്ടിരിക്കുന്നത് കരാർ റദ്ദാക്കണമെന്നാണ്. വിവരങ്ങൾ ചോരാതിരിക്കാൻ സുരക്ഷിതത്വം ഉറപ്പുവരുത്തണം. അഴിമതിയുണ്ടെങ്കിൽ വിജിലൻസ് അന്വേഷിക്കുകയും വേണം. പ്രതിപക്ഷ നേതാവ് പോലും ഹൈക്കോടതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

അതേസമയം, കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണനും രംഗത്തെത്തി. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. വിജിലൻസ് അന്വേഷണത്തിന് പ്രസക്തിയില്ല. അത് കള്ളന്റെ അടുത്ത് താക്കോൽ നൽകുന്നത് പോലെയാണ്. പിണറായിയുടെ കീഴിലാണ് വിജിലൻസുള്ളത്. എ.കെ.ജി സന്റെർ പിണറായി വിജയന്റെ മകളുടെ കമ്പനിയുടെ ആസ്ഥാനമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര ബന്ധമുള്ള ഇടപാടിലെ കള്ളക്കളികൾ കണ്ടെത്താൻ സിബിഐ അന്വേഷണമല്ലാതെ മറ്റൊന്നും അഭികാമ്യമല്ലെന്നാണ് സംസ്ഥാന ജനറൽ സെക്രട്ടറി എം ടി. രമേശ് ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞത്. ഇതോടെ ബിജെപി സംസ്ഥാന കമ്മിറ്റിയുടെ നേതൃനിരയിലെ ഭിന്നത വീണ്ടും മറനീക്കി പുറത്തുവന്നിരിക്കുകയാണ്.

സ്പ്രിംക്ലർ ഇടപാടിൽ സിബിഐ അന്വേഷണമല്ലാതെ മറ്റെന്താണ് അഭികാമ്യം. രാജ്യാന്തര ബന്ധമുള്ള ഇടപാടിലെ കള്ളക്കളികൾ കണ്ടെത്താൻ ഇന്ന് നമ്മുടെ രാജ്യത്ത് സിബിഐക്കും എൻഐഎയ്ക്കും മാത്രമാണ് ശേഷിയുള്ളത്. അതിനാലാണ് ഈ ഇടപാടിനെപ്പറ്റി സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെടുന്നത്. ചികിത്സയ്ക്കായി പിണറായി വിജയൻ നടത്തിയ അമേരിക്കൻ യാത്രകൾ ഫലത്തിൽ സംസ്ഥാനത്തിന് മാറാരോഗം സമ്മാനിച്ചിരിക്കുകയാണ്. ഇതിനുള്ള ചികിത്സയാണ് ഇനി വേണ്ടത് എന്നുമായിരുന്നു എം ടി രമേശിന്റെ ഫെയിസ്ബുക്ക് പോസ്റ്റ്. സ്പ്രിൻക്ലറുമായി ബന്ധപ്പെട്ട് യു.ഡി.എഫ് ഒടുവിൽ സിപിഎമ്മുമായി ഒത്തുതീർപ്പിന് വഴങ്ങിയാലും കേസുമായി ബിജെപി മുന്നോട്ടുപോകുമെന്ന് മുൻ ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

തങ്ങൾ ഉറച്ച നിലപാടെടുത്ത് മുന്നോട്ട് പോകുന്നതിനിടെ, കെ. സുരേന്ദ്രൻ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടതിനെതിരെ കൃഷ്ണദാസ് പക്ഷത്തിന് കടുത്ത അതൃപ്തിയുണ്ട്. ഇക്കാര്യം അവർ കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോർട്ട്. കോവിഡ് പ്രതിരോധ നടപടികളുടെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സർക്കാറിനെയും പ്രകീർത്തിച്ച കെ. സുരേന്ദ്രൻ, യു.ഡി.എഫിനെ നിശതമായി വിമർശിച്ച് രംഗത്തുവന്നതും പാർട്ടിക്കുള്ളിൽ ചർച്ചവിഷയമായിരുന്നു. അതേസമയം ബിജെപി അധ്യക്ഷ പദവി മോഹിച്ചു നഷ്ടമായവരുടെ കലാപമെന്ന നിലയിൽ മാത്രമാണ് ഈ വിഷയത്തെ സുരേന്ദ്രനും കൂട്ടരും നോക്കിക്കാണുന്നുള്ളൂ. കോവിഡ് കാലത്ത് രാഷ്ട്രീയ വിവാദത്തേക്കാൾ ഉപരി ഭരിക്കുന്നവരുമായി സഹകരിക്കാനാണ് ബിജെപി അധ്യക്ഷൻ ജെ പി നദ്ദ അടക്കം സംസ്ഥാന നേതാക്കൾക്ക് നൽകിയതെന്ന കാര്യവും സുരേന്ദ്രൻ വിഭാഗം ചൂണ്ടിക്കാട്ടുന്നു.

മെഡിക്കൽ കോഴയുടെ ആരോപണമുള്ളതു കൊണ്ടാണ് രമേശിനെ തഴഞ്ഞ് സുരേന്ദ്രനെ അധ്യക്ഷനാക്കിയത്. പിന്നീട് ജനറൽ സെക്രറി സ്ഥാനത്ത് തുടരാൻ അനുവദിക്കുകയും ചെയ്തു. എന്നാൽ നിർണ്ണായക ഉത്തവരാദിത്തമൊന്നും നൽകിയതുമില്ല. എന്നാൽ ആർഎസ്എസ് പിന്തുണ സുരേന്ദ്രനുള്ളതിനാൽ എതിർപ്പുകൾ ഉന്നയിക്കാൻ രമേശിന് കഴിയുമായിരുന്നില്ല. ഇതിനിടെയാണ് സ്പ്രിഗ്ളർ വീണു കിട്ടുന്നതും. അതുകൊണ്ട് തന്നെ പിണറായി സർക്കാരിനെ രക്ഷിക്കാൻ സുരേന്ദ്രൻ ശ്രമിക്കുന്നുവെന്ന ചർച്ച സജീവമാക്കാനാണ് രമേശിന്റെ ശ്രമം.

രാജ്യാന്തര ബന്ധമുള്ള ഇടപാടിലെ കള്ളക്കളികൾ കണ്ടെത്താൻ ഇന്ന് നമ്മുടെ രാജ്യത്ത് സിബിഐക്കും എൻഐഎയ്ക്കും മാത്രമാണ് ശേഷിയുള്ളത്. അതിനാലാണ് ഈ ഇടപാടിനെപ്പറ്റി സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെടുന്നത്. ചികിത്സയ്ക്കായി പിണറായി വിജയൻ നടത്തിയ അമേരിക്കൻ യാത്രകൾ ഫലത്തിൽ സംസ്ഥാനത്തിന് മാറാരോഗം സമ്മാനിച്ചിരിക്കുകയാണ്-എം ടി രമേശ് ഫേസ്‌ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. പരിവാറിലെ ബിജെപി വിരുദ്ധരെ തനിക്കൊപ്പം ചേർക്കുകായണ് ഈ പോസ്റ്റിലൂടെ രമേശിന്റെ ശ്രമം. നേരത്തെ കൊറോണ പ്രതിരോധ നടപടികളിൽ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി മുഖ്യമന്ത്രിയേയും സർക്കാരിനേയും കെ. സുരേന്ദ്രൻ പിന്തുണച്ച് രംഗത്തുവരുകയുണ്ടായി. ഇതിനെതിരേയും പാർട്ടിക്കുള്ളിൽ ഭിന്നാഭിപ്രായം രൂപപ്പെട്ടിരുന്നു. ഇതിനെ പുതിയ തലത്തിലെത്തിക്കാനാണ് രമേശിന്റെ ശ്രമം. അതേസമയം കരാറിലെ അഴിമതിയെ കുറിച്ചാണ് അന്വേഷണം വേണ്ടതെന്നും അതുകൊണ്ടാണ് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടതെന്നുമാണ് കെ സുരേന്ദ്രൻ പക്ഷം വിശദീകരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP