Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ലോക്ഡൗൺ ആയത് മാർച്ച് 24 ന്; അതു വരെ പണി എടുത്തതിന്റെ ശമ്പളമില്ല; ചോദിച്ചിട്ടും അനക്കമില്ല; ലേബർ ഓഫീസറെയും യൂണിയൻ നേതാക്കളെയും കണ്ടിട്ടും പ്രതികരണമില്ല; അടൂർ കരിക്കിനേത്ത് സിൽക് ഗലേറിയയിൽ ശമ്പളം കിട്ടാതെ 130 തൊഴിലാളികൾ: മുതലാളി ജോസ് കരിക്കിനേത്തിന് വിടുപണി ചെയ്ത് സർക്കാർ വകുപ്പുകളും യൂണിയൻ നേതാക്കളും

ലോക്ഡൗൺ ആയത് മാർച്ച് 24 ന്; അതു വരെ പണി എടുത്തതിന്റെ ശമ്പളമില്ല; ചോദിച്ചിട്ടും അനക്കമില്ല; ലേബർ ഓഫീസറെയും യൂണിയൻ നേതാക്കളെയും കണ്ടിട്ടും പ്രതികരണമില്ല; അടൂർ കരിക്കിനേത്ത് സിൽക് ഗലേറിയയിൽ ശമ്പളം കിട്ടാതെ 130 തൊഴിലാളികൾ: മുതലാളി ജോസ് കരിക്കിനേത്തിന് വിടുപണി ചെയ്ത് സർക്കാർ വകുപ്പുകളും യൂണിയൻ നേതാക്കളും

ശ്രീലാൽ വാസുദേവൻ

അടൂർ: കരിക്കിനേത്തിന്റെ അടൂരിലെ രണ്ടു തുണിക്കടകളിലെ തൊഴിലാളികൾക്ക് അർഹതപ്പെട്ട വേതനം നൽകിയില്ലെന്ന് പരാതി. അടൂർ കരിക്കിനേത്ത് സിൽക്സ്, കരിക്കിനേത്ത് സിൽക് ഗലേറിയ എന്നിവിടങ്ങളിലെ തൊഴിലാളികൾക്കാണ് ശമ്പളം ലഭിക്കാത്തത്. ലോക്ഡൗണിനെ തുടർന്ന് വീട്ടിൽ പട്ടിണിയായ തൊഴിലാളികൾ ലേബർ ഓഫീസറോടും സിഐടിയു യൂണിയൻ നേതാക്കളോടും പരാതിപ്പെട്ടെങ്കിലും നടപടി ഒന്നുമില്ല.

കരിക്കിനേത്ത് സിൽക്സിൽ മുപ്പതും സിൽക് ഗലേറിയയിൽ നൂറും തൊഴിലാളികൾ ആണുള്ളത്. സെയിൽസിന് നിൽക്കുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കും 8000 മുതൽ 25,000 രൂപ വരെയാണ് പ്രതിമാസ ശമ്പളം. മാർച്ച് മാസത്തെ ശമ്പളമാണ് മുടങ്ങിയിരിക്കുന്നത്. ലോക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ഈസ്റ്ററിനോടും വിഷുവിനോടും അടുപ്പിച്ച് കരിക്കിനേത്ത് സിൽക് ഗലേറിയയിൽ കിളിവാതിലിലൂടെ തുണിക്കച്ചവടം നടന്നിരുന്നു.

ജില്ലാ പൊലീസ് മേധാവി കെജി സൈമണിന് ലഭിച്ച പരാതിയെ തുടർന്ന് ഷാഡോ പൊലീസ് എത്തി ഇത് പിടികൂടി. ഉടമ ജോസ് കരിക്കിനേത്ത് സഹിതം എട്ടു പേർക്കെതിരേ കേസ് എടുക്കുകയും ചെയ്തു. ഈ കേസിൽ നിന്ന് ജോസിനെ രക്ഷിക്കാൻ സിപിഎമ്മിലെയും പൊലീസിലെയും ചിലർ രംഗത്ത് വന്നിരുന്നു. നാഴികയ്ക്ക് നാൽപതു വട്ടം തൊഴിലാളി സ്നേഹം പ്രസംഗിക്കുന്ന തൊഴിലാളി യൂണിയനുകളും കരിക്കിനേത്തിലെ ശമ്പള വിഷയത്തിൽ ഇടപെടാൻ തയാറല്ല.

ജില്ലാ ലേബർ ഓഫീസറോട് അടക്കം പരാതി ഉന്നയിച്ചുവെന്നാണ് തൊഴിലാളികൾ പറയുന്നത്. ഇവർ ആരും തൊഴിലാളികളുടെ പ്രശ്നത്തിലേക്ക് ശ്രദ്ധ തിരിച്ചിട്ടില്ല. ലോക് ഡൗണിന്റെ പേരിൽ തൊഴിലാളികൾക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നിഷേധിക്കരുതെന്ന് നാഴികയ്ക്ക് നാൽപതു വട്ടം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പറയുന്നുണ്ട്. ആറു മണി പത്രസമ്മേളനത്തിൽ ഇക്കാര്യം മുഖ്യമന്ത്രി പല തവണ ആവർത്തിച്ചിട്ടുമുണ്ട്.

എന്നിട്ടും ജോസ് കരിക്കിനേത്ത് നിഷേധാത്മക നിലപാട് സ്വീകരിക്കുമ്പോൾ സർക്കാർ വകുപ്പുകൾ ഇടപെടാത്തതാണ് തൊഴിലാളികളുടെ വിഷമം. യൂണിയൻ തൊഴിലുടമയ്ക്കൊപ്പം നിൽക്കുന്നുവെന്നാണ് തൊഴിലാളികളുടെ പരാതി. അതു കൊണ്ട് തന്നെ തങ്ങൾക്ക് നീതി ലഭിക്കില്ലെന്നും ഇവർ പറയുന്നു.

ഒരിക്കൽ പോലും ജോസ് കരിക്കിനേത്തിനെതിരേ പ്രതികരിക്കാൻ യൂണിയൻ നേതാക്കൾ തയാറല്ല എന്നാണ് പറയുന്നത്. വിവിധ പാർട്ടി നേതാക്കന്മാരാണ് ഇതിന് തടസം നിൽക്കുന്നതെന്നും അറിയുന്നു. ലോക് ഡൗൺ നിബന്ധനകൾ നില നിൽക്കുന്നതിനാൽ സമരം ചെയ്യാനും തൊഴിലാളികൾക്ക് കഴിയില്ല. ഇതാണ് മുതലാളി മുതലാക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP