Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊടുമണ്ണിലെ കൊലയിൽ നിറയുന്നത് താലിബാൻ മോഡൽ; ഏറു കൊണ്ടു വീണ കുട്ടി മരിച്ചുവെന്ന് ഉറപ്പായിട്ടും കഴുത്തറുത്തത് എന്തിന്? കോടാലി കരുതിയതും ആസൂത്രണത്തിന് തെളിവ്; റോളർ സ്‌കേറ്റിങ് ഷൂവിലെ ഗൂഢാലോചനാ വാദവും അംഗീകരിക്കാതെ പൊലീസ്; കൊലപാതകത്തിന്റെ യഥാർഥ പിന്നാമ്പുറ കഥ തേടി തിരുവനന്തപുരം റേഞ്ച് ഡിഐജി നേരിട്ടെത്തി; കുട്ടിക്കുറ്റവാളികളെ ഗൗരവമായി കണ്ട് അന്വേഷണം മുന്നോട്ട്; കേന്ദ്ര ഏജൻസികളും പത്തനംതിട്ടയിൽ

കൊടുമണ്ണിലെ കൊലയിൽ നിറയുന്നത് താലിബാൻ മോഡൽ; ഏറു കൊണ്ടു വീണ കുട്ടി മരിച്ചുവെന്ന് ഉറപ്പായിട്ടും കഴുത്തറുത്തത് എന്തിന്? കോടാലി കരുതിയതും ആസൂത്രണത്തിന് തെളിവ്; റോളർ സ്‌കേറ്റിങ് ഷൂവിലെ ഗൂഢാലോചനാ വാദവും അംഗീകരിക്കാതെ പൊലീസ്; കൊലപാതകത്തിന്റെ യഥാർഥ പിന്നാമ്പുറ കഥ തേടി തിരുവനന്തപുരം റേഞ്ച് ഡിഐജി നേരിട്ടെത്തി; കുട്ടിക്കുറ്റവാളികളെ ഗൗരവമായി കണ്ട് അന്വേഷണം മുന്നോട്ട്; കേന്ദ്ര ഏജൻസികളും പത്തനംതിട്ടയിൽ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ലോക്ഡൗൺ കാലത്ത് നാടുനടുക്കിയ കൊടുമൺ കൊലപാതകം സംബന്ധിച്ച അന്വേഷണം പൊലീസ് ഗൗരവമായി എടുക്കുന്നു. തിരുവനന്തപുരം റേഞ്ച് ഡിഐജി കോറി സഞ്ജയ് കുമാർ ഗുരുഡിൻ അന്വേഷണത്തിന് നേരിട്ടെത്തി. രാവിലെ ഒമ്പതു മണിയോടെ പത്തനംതിട്ടയിൽ എത്തിയ അദ്ദേഹം ജില്ലാ പൊലീസ് മേധാവി കെജി സൈമൺ, ഡിവൈഎസ്‌പിമാരായ ആർ ജോസ്, ജവഹർ ജനാർഡ്, കൊടുമൺ എസ്എച്ച്ഒ ശ്രീകുമാർ എന്നിവരുമായി ചർച്ച നടത്തി.

പൊലീസ് ഈ കൊലപാതകം ഏറെ ഗൗരവത്തോടെയാണ് കാണുന്നത് എന്ന് അദ്ദേഹം അറിയിച്ചു. ഏറു കൊണ്ടു വീണ കുട്ടിയുടെ കഴുത്ത് അറുത്തതും അതിനുണ്ടായ യഥാർഥ മോട്ടീവും കണ്ടെത്തുകയായിരുന്നു സന്ദർശനത്തിന്റെ ലക്ഷ്യം. റോളർ സ്‌കേറ്റിങ് ഷൂവിന് കേടു വരുത്തിയതു കൊണ്ടാണ് പതിനാറുകാരനെ വകവരുത്തിയത് എന്നാണ് പ്രതികളുടെ മൊഴി. അത് പെട്ടെന്നുള്ള പ്രകോപന കാരണമായി പൊലീസ് കാണുന്നില്ല. കോടാലി അടക്കമുള്ള ഉപകരണങ്ങൾ പ്രതികൾ കരുതിയിരുന്നതിനാൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണോ എന്നുള്ള സംശയവും പൊലീസിനുണ്ട്.

ഡിഐജി ഇതു വരെയുള്ള അന്വേഷണം വിലയിരുത്തി. കൊലപാതകം നടന്ന സാഹചര്യം, സ്ഥലത്തുണ്ടായിരുന്നവരുടെ മൊഴികൾ, പ്രതികളുടെയും കൊല്ലപ്പെട്ടയാളുടെയും ജീവിത സാഹചര്യങ്ങൾ എന്നിവ പരിശോധിക്കാൻ നിർദ്ദേശം നൽകി. തുടർന്ന് സംഭവ സ്ഥലവും കൊടുമൺ പൊലീസ് സ്റ്റേഷനും ഡിഐജി സന്ദർശിച്ചു. സംഭവ സ്ഥലത്ത് ഉണ്ടായിരുന്നവരുടെയും ദൃക്സാക്ഷികളുടെയും മൊഴിയെടുത്തു. ഇത്രയും ക്രൂരമായ കൊലപാതകത്തിന് പ്രതികൾ ഇപ്പോൾ പറയുന്ന മോട്ടീവ് ഉണ്ടോ എന്നാണ് ഡിഐജി പ്രധാനമായും പരിശോധിച്ചത്.

മൃതദേഹം കുഴിച്ചു മൂടാൻ പ്രതികളെ പ്രേരിപ്പിച്ച സംഗതികൾ, അന്വേഷണം ശരിയായ ദിശയിലാണോ നടക്കുന്നത്, പൊലീസിന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നിവയും പരിശോധിക്കുന്നു. കേസ് ഡയറി ഫയലും, ഡിഐജി പരിശോധിച്ചു. സിനിമ കണ്ടതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കഴുത്ത് അറുത്തത് എന്നാണ് പ്രതികളുടെ മൊഴി. താലിബാൻ മാതൃകയിലുള്ള കൊലപാതകമായിട്ടാണ് നാട്ടുകാർ ഇതിനെ കാണുന്നത്. യുട്യൂബിൽ ഇത്തരം നിരവധി വീഡിയോകൾ ലഭ്യമാണ് താനും.

പ്രതികൾ കൊല്ലം ജുവനൈൽ ഹോമിലാണ് ഇപ്പോഴുള്ളത്. ഇവരെ കൂടുതലായി പൊലീസ് ചോദ്യം ചെയ്യും. ബാഹ്യസഹായം പ്രതികൾക്ക് ലഭിച്ചിട്ടുണ്ടോ എന്നുള്ളതാണ് ഇപ്പോഴുള്ള പ്രധാന സംശയം. ഡിഐജി സഞ്ജയ് കുമാർ ഗുരുഡിൻ 10 വർഷം മുൻപ് പത്തനംതിട്ട എസ്‌പിയായിരുന്നു. ഇക്കാരണം കൊണ്ടു തന്നെ ഈ പ്രദേശങ്ങളൊക്കെ സുപരിചിതമാണ് താനും. കൊലപാതകത്തിന്റെ രീതി കേന്ദ്രഏജൻസികളും ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. ഇതും പൊലീസ് അന്വേഷണം ശക്തമാക്കാൻ കാരണമായിട്ടുണ്ട്.

കൊടുമണിൽ കൂട്ടുകാരാൽ അരുംകൊല ചെയ്യപ്പെട്ട പതിനാറുകാരന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം ഞെട്ടിക്കുന്നതാണ്. തലയ്ക്ക് പിന്നിലേറ്റ ക്ഷതവും കഴുത്ത് അറുത്തതുമാണ് മരണകാരണമായി കണ്ടെത്തിയിട്ടുള്ളത്. തലയ്ക്ക് പിന്നിൽ ഏറ്റ ക്ഷതത്തെ തുടർന്ന് അബോധാവസ്ഥയിലായ കുട്ടി കഴുത്തറുത്തപ്പോഴാകാം മരിച്ചതെന്നും സൂചന പുറത്തു വന്നിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ ഇന്നലെ വൈകിട്ടാണ് പോസ്റ്റുമോർട്ടം പൂർത്തിയായത്. അടൂർ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഉച്ചയോടെയാണ് പോസ്റ്റുമോർട്ടത്തിന് അയച്ചത്. സുഹൃത്തുക്കൾ തമ്മിലുണ്ടായ വഴക്കിനിടെ കല്ലെടുത്ത് എറിഞ്ഞുവെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞിരുന്നത്. തലയ്ക്ക് പിന്നിൽ ക്ഷതമേറ്റ പതിനാറുകാരൻ കറങ്ങി താഴെ വീണു. ഏറെ നേരം വിളിച്ചിട്ടും എഴുന്നേറ്റില്ല.

ഇതിനിടെ പ്രതികൾ റബർ തോട്ടത്തിൽ താഴെയുള്ള കുളത്തിൽ പോയി കുളിച്ചു വന്നു. വിളിച്ചിട്ടും എണീൽക്കാതെ വന്നപ്പോൾ പതിനാറുകാരൻ മരിച്ചുവെന്ന് കരുതി. സമീപത്തെ കെട്ടിടത്തിൽ കിടന്ന കോടാലി എടുത്തുകൊണ്ട് വന്ന് കഴുത്ത് മുന്നിലും പിന്നിലും അറുത്തു. കല്ലു കൊണ്ടുള്ള ഏറിൽ കുട്ടി മരിച്ചിരുന്നില്ലെന്നും പിന്നീട് കഴുത്ത് അറുത്തപ്പോഴാകാം മരണം സംഭവിച്ചത് എന്നുമാണ് ഇപ്പോഴുള്ള നിഗമനം. പൂർണമായ പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി പൊലീസ് കാത്തിരിക്കുകയാണ്.

(കൊടുമൺ കേസിലെ പ്രതികൾ പ്രായപൂർത്തി ആകാത്തവരായതിനാൽ പേരോ, ചിത്രങ്ങളോ നൽകാൻ നിയമം അനുവദിക്കുന്നില്ല)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP