Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ടീച്ചറമ്മാരും കുട്ടികളുമൊക്കെ എന്റെ അച്ഛന്റെ ഫാനായിരുന്നു; അവർക്കൊക്കെ എന്റച്ഛനെ വല്യഇഷ്ടമായിരുന്നു... നിന്റച്ഛൻ കോമഡിസ്റ്റാറിൽ സൂപ്പറായിരുന്നെടീ എന്നൊക്കെ കൂട്ടുകാർ പറയും; സ്‌കൂളിൽ ഗസ്റ്റായിട്ട് വിളിച്ചപ്പോ അച്ഛൻ വന്ന് കുറേ തമാശയൊക്കെ പറഞ്ഞു,ഇനിയതൊന്നുമുണ്ടാവില്ലല്ലോ..;അച്ഛനെ ഓർത്ത് വിതുമ്പി മക്കൾ; ഷാബുരാജ് വിടപറയുമ്പോൾ തനിച്ചായത് പറക്കമുറ്റാത്ത നാല് മക്കളും രോഗിയായ ഭാര്യയും

വിനോദ് വി നായർ

തിരുവനന്തപുരം: ടീച്ചറമ്മാരും കുട്ടികളുമൊക്കെ എന്റെ അച്ഛന്റെ ഫാനായിരുന്നു... അവർക്കൊക്കെ എന്റച്ഛനെ വല്യഇഷ്ടമായിരുന്നു... നിന്റച്ഛൻ കോമഡിസ്റ്റാറിൽ സൂപ്പറായിരുന്നെടീ എന്നൊക്കെ കൂട്ടുകാർ പറയും. സ്‌കൂളിൽ ഗസ്റ്റായിട്ട് വിളിച്ചപ്പോ അച്ഛൻ വന്ന് കുറേ തമാശയൊക്കെ പറഞ്ഞു, അപ്പൊ എല്ലാവരും വലിയകയ്യടിയൊക്കെയായിരുന്നു... ഇനിയതൊന്നുമുണ്ടാവില്ലല്ലോ... കഴിഞ്ഞ ദിവസം അന്തരിച്ച മിമിക്രി കലാകാരൻ ഷാബുരാജിന്റെ മകൾ അഞ്ചാം ക്ലാസുകാരി ജ്യോതിയുടെ ഈ വാക്കുകളിൽ നിരാശ പടർന്നിരുന്നു.

ജ്യേഷ്ടൻ ജീവനും കുഞ്ഞുജ്യോതിയുംഅനിയൻ ജിത്തുവും തങ്ങളെ പൊട്ടിച്ചിരിപ്പിക്കാൻ ഇനി അച്ഛൻവരില്ല എന്ന യാഥാർത്ഥ്യം മനസിലാക്കിയിട്ടുണ്ട്. അമ്മുമ്മയുടെ ഒക്കത്തിരിക്കുന്ന കുഞ്ഞനുജൻ വിഷ്ണു അച്ഛനെ കാണാൻവാശിപിടിക്കുമ്പോൾ അവനോട് എന്തുപറയണമെന്നറിയാതെ കുഴങ്ങുകയാണ് ജീവൻ. കൊടിയ ദുരിതങ്ങൾക്കിടയിലും നാലുമക്കളേയും കൊണ്ട് അത്രമേൽ സന്തോഷത്തോടെയാണ് ഷാബുവും ഭാര്യ ചന്ദ്രികയും പുതുശേരി മുക്കിലെ പണി തീരാത്തവീട്ടിൽ കഴിഞ്ഞിരുന്നത് .

സ്വന്തമായി ഒരു വീടുവേണമെന്ന ആഗ്രഹത്തിലായിരുന്ന ഷാബുവിന് കരവാരംപഞ്ചായത്ത് അധികൃതർ നാലുസെന്റ് ഭൂമി അനുവദിച്ചത് അനുഗ്രഹമായി. സ്റ്റേജ്പരിപാടികളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും ലഭിച്ചിരുന്ന ചെറിയസമ്പാദ്യം കൂട്ടിവച്ച് രണ്ടുവർഷം മുൻപാണ് ഷാബുരാജ് തന്റെ സ്വപ്നമായഗൃഹനിർമ്മാണം ആരംഭിച്ചത്. പണി പുരോഗമിക്കുന്നതിനിടെയാണ് ഷാബുരാജിന്റെ ഭാര്യ ചന്ദ്രിക ഹൃദ്രോഗ ബാധിതയായത്. ഇതോടെ വീടുപണിനിലച്ചു. മറ്റു മാർഗ്ഗമില്ലാത്തതിനാൽ ഇനിയും പണി പൂർത്തിയായിട്ടില്ലാത്ത അതേവീട്ടിലേയ്ക്ക് ഒരു വർഷം മുൻപാണ് കുടുംബം താമസം മാറ്റിയത്. കുന്നിൽ മുകളിൽ സ്ഥിതിചെയ്യുന്ന ഈ വീട്ടിൽ നിന്നും പുറത്തേയ്ക്ക് പോകാൻ പോലും താങ്ങായിനിന്ന 'അണ്ണൻ' ഇനി ഇല്ലെന്ന സങ്കടമാണ് ചന്ദ്രികയ്ക്ക്.

മറ്റുള്ളവരെ ചിരിപ്പിക്കാനായി വേഷം കെട്ടുമ്പോഴും തന്റെ രോഗത്തെക്കുറിച്ചാലോചിച്ച് അണ്ണൻ ഉള്ളിൽ കരയുകയായിരുന്നുവെന്ന് ചന്ദ്രികപറയുന്നു. വീട്ടിലെ ദുരിതത്തെക്കുറിച്ചു പറഞ്ഞ് സുഹൃത്തുക്കളെബുദ്ധിമുട്ടിക്കരുതെന്ന് ഷാബു എന്നും പറയുമായിരുന്നു. പക്ഷെ അണ്ണൻപോയതോടെ അത് എല്ലാവരും അറിഞ്ഞു. ദൈവം എന്നെയങ്ങ് എടുത്തിട്ട് ആപാവത്തിനെ വിട്ടിരുന്നെങ്കിൽ ഈ മക്കളെ പൊന്നുപോലെ നോക്കിയേനെ. നടക്കുമ്പോൾ വിറയലാണ്. പുറത്തേയ്ക്കിറങ്ങാൻ താങ്ങായി നിന്നത് അണ്ണനാണ്. ആ താങ്ങാണ് നഷ്ടപ്പെട്ടതെന്നും ചന്ദ്രിക പറയുന്നു.

കുന്നിന്മുകളിലെ വീട്ടിൽ നിന്നും താഴേക്ക് ഇറങ്ങാൻ വഴി ശരിയല്ലാത്തതിനാൽപ്ലാസ്റ്റിൽ ചാക്കിൽ മണ്ണ് നിറച്ച് വഴി ഉണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു ഷാബുരാജ്. ശനിയാഴ്‌ച്ച രാവിലെ മുതൽ താഴെയുള്ള പറമ്പിൽ നിന്നും ചാക്കിൽ മണ്ണ് നിറച്ച്ചുമന്ന് കുന്നിൽ മുകളിലുള്ള വീട്ടിലേയ്ക്ക് കൊണ്ട് വന്ന ശേഷം തളർച്ചഅനുഭവപ്പെട്ട ഷാബു ചന്ദ്രികയോട് വെള്ളം ആവശ്യപ്പെട്ടു. നെഞ്ചുവേദനയെടുക്കുന്നെന്നും ഗ്യാസിന്റേതാവും എന്ന് പറഞ്ഞതിനെത്തുടർന്ന്താഴെയുള്ള വീട്ടിൽ നിന്നും ഭാര്യാമാതാവ് ഗ്യാസിന്റെ ഗുളിക വാങ്ങിക്കൊടുത്തു.

ഗുളിക കഴിച്ചിട്ടും ശമനമില്ലാത്തതിനെതുടർന്ന് അയൽക്കാരനെ വിവരമറിയിച്ചു. തുടർന്ന് അദ്ദേഹമാണ് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന്പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും കൊവിഡ് 19 രോഗികൾഉള്ളതിനാൽ മറ്റെവിടേയ്‌ക്കെങ്കിലും പോകാനായിരുന്നു മെഡിക്കൽ കോളേജ്അധികൃതർ നിർദ്ദേശിച്ചത്. തുടർന്നാണ് മേവറത്തുള്ള സ്വകാര്യ ആശുപത്രിയിൽഎത്തിച്ചത്. തിങ്കളാഴ്‌ച്ച രാവിലെയാണ് ഷാബുരാജ് മരണത്തിന് കീഴടങ്ങിയത്.

ഷാബുരാജിന്റെ കുടുംബത്തെ സഹായിക്കാനായി മിമിക്രി കലാകാരന്മാരുടെസംഘടനയായ മാസ്‌ക് ധനസമാഹരണം നടത്തി വരുകയാണെന്ന്ഭാരവാഹികളിലൊരാളായ ബിനു വി ഗോപാൽ മറുനാടനോട് പറഞ്ഞു. ഷാബുരാജിന്റെ കുടുംബത്തിന് സഹായമഭ്യർത്ഥിച്ച് ചലച്ചിത്രതാരം നോബിരംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസം മറുനാടൻ പുറത്തുവിട്ട ഈവാർത്തയെത്തുടർന്ന് ഒട്ടനവധി സുമനസുകളാണ് ഈ നിർദ്ധന കുടുംബത്തെസഹായിക്കാൻ തയ്യാറായത്. ഇതിലൂടെ ലഭിക്കുന്ന മുഴുവൻ തുകയുംകുട്ടികളുടെ പേരിൽ ഫിക്‌സഡ് ഡെപ്പോസിറ്റ് ചെയ്യാനാണ് തീരുമാനം. വീടിന്റെ പണി പൂർത്തിയാക്കാനായി സ്റ്റേജ് ഷോ സംഘടിപ്പിച്ച് ധനസമാഹരണം നടത്താന്മാസ്‌ക് ഭാരവാഹികൾ തീരുമാനിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP