Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അസാധാരണ സാഹചര്യത്തിൽ അസാധാരണ കരാർ ഒപ്പിട്ടത് അന്വേഷിക്കാൻ പിണറായി സർക്കാർ നിയോഗിച്ച രണ്ടുപേരും സ്വകാര്യ കമ്പനി ഉദ്യോഗസ്ഥർ; സമിതി അദ്ധ്യക്ഷൻ മാധവൻ നമ്പ്യാർ എട്ട് സ്വകാര്യ കമ്പനികളുടെ സ്വതന്ത്ര ഡയറക്ടർ; കൂടാതെ ഐ.ടി വകുപ്പിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ ഐ.ഐ.ഐ.ടി.എം.കെയുടെ മേധാവിയും; ടാറ്റാ കൺസൾട്ടൻസി ഉദ്യോഗസ്ഥനായ രാജീവ് സദാനന്ദൻ മുൻകാല രഹസ്യ ആരോഗ്യസർവേകളിലെ വിവാദപുരുഷനും; സ്പ്രിങ്‌ളർ കരാർ അന്വേഷിക്കുന്നത് തട്ടിക്കൂട്ട് സമിതിയോ?

അസാധാരണ സാഹചര്യത്തിൽ അസാധാരണ കരാർ ഒപ്പിട്ടത് അന്വേഷിക്കാൻ പിണറായി സർക്കാർ നിയോഗിച്ച രണ്ടുപേരും സ്വകാര്യ കമ്പനി ഉദ്യോഗസ്ഥർ; സമിതി അദ്ധ്യക്ഷൻ മാധവൻ നമ്പ്യാർ എട്ട് സ്വകാര്യ കമ്പനികളുടെ സ്വതന്ത്ര ഡയറക്ടർ; കൂടാതെ ഐ.ടി വകുപ്പിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ ഐ.ഐ.ഐ.ടി.എം.കെയുടെ മേധാവിയും; ടാറ്റാ കൺസൾട്ടൻസി ഉദ്യോഗസ്ഥനായ രാജീവ് സദാനന്ദൻ മുൻകാല രഹസ്യ ആരോഗ്യസർവേകളിലെ വിവാദപുരുഷനും; സ്പ്രിങ്‌ളർ കരാർ അന്വേഷിക്കുന്നത് തട്ടിക്കൂട്ട് സമിതിയോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്പ്രിങ്‌ളർ കരാർ വിവാദം അന്വേഷിക്കാൻ സർക്കാർ രണ്ടംഗ സമിതിയെ രൂപീകരിച്ചിരിക്കുകയാണ്. സിവിൽ എവിയേഷൻ മുൻ സെക്രട്ടറിമാധവൻ നമ്പ്യാർ അധ്യക്ഷനായ സമിതിയാണ് വിവാദം പരിശോധിക്കുന്നത്.. മുൻ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദനും സമിതിയിലംഗമാണ്. ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

കരാറിൽ വീഴ്ചയുണ്ടായോയെന്നുൾപ്പെടെയുള്ള കാര്യങ്ങളാണ് സമിതി അന്വേഷിക്കുക. കരാറിൽ നടപടി ക്രമങ്ങൾ പാലിച്ചോ, അസാധാരണ സാഹചര്യത്തിൽ കരാർ ന്യായീകരിക്കാനാകുമോ, ഭാവിയിൽ ഇത്തരത്തിലുള്ള സന്ദർഭത്തിൽ എന്തൊക്കെ ചെയ്യണം തുടങ്ങിയ കാര്യങ്ങളാണ് സമിതിയുടെ മുന്നിലുള്ളത്.

തട്ടിക്കൂട്ട് സമിതിയെന്ന് ആരോപണം

ഏതായാലും സമിതിയുടെ ഘടനയെ കുറിച്ചും, സമിതി അംഗങ്ങളുടെ നിഷ്പക്ഷതയെ കുറിച്ചും ആരോപണങ്ങൾ ഉയർന്നുകഴിഞ്ഞു. സമിതിയിലെ രണ്ടുപേരും സ്വകാര്യ കമ്പനിയുടെ ഉദ്യോഗസ്ഥരാണെന്നും തട്ടിക്കൂട്ട് സമിതിയാണെന്നുമാണ് മുഖ്യ ആക്ഷേപം. സമിതി അദ്ധ്യക്ഷനായ സിവിൽ ഏവിയേഷൻ മുൻ സെക്രട്ടറി മാധവൻ നമ്പ്യാർ എട്ട് സ്വകാര്യ സ്ഥാപനങ്ങളുടെ സ്വതന്ത്ര ഡയറക്ടറാണ്. ടാറ്റാ കൺസൾട്ടൻസി സർവീസസ് ഉപദേഷ്ടാവ്, ലാഴ്‌സൻ ആൻജ് ടൂബ്രോ, റീഡിഫ് കമ്യൂണിക്കേഷൻ ലിമിറ്റഡ്, ഹോട്ടൽ ലീലാ വെഞ്ച്വർ ലിമിറ്റഡ്, പൂഞ്ച് ലോയ്ഡ് ലിമിറ്റഡ്,
ദി കാത്തലിക് സിറിയൻ ബാങ്ക് ലിമിറ്റഡ്, ലോയൽ ടെക്‌സ്‌റ്റൈൽസ് മിൽസ് ലിമിറ്റഡ്, എയർ വർക്‌സ് ഇന്ത്യ എഞ്ചിനീയറിങ് പ്രൈവറ്റ് ലിമിറ്റഡ്, എന്നീ കമ്പനികളുടെ സ്വതന്ത്ര ഡയറക്ടറുമാണ് മാധവൻ നമ്പ്യാർ. തമിഴ്‌നാട് കേഡറിലെ മുൻ ഐഎഎസ് ഉദ്യോഗസ്ഥനാണ് മാധവൻ നമ്പ്യാർ.

ഐ.ടി വകുപ്പിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ ഐ.ഐ.ഐ.ടി.എം.കെയുടെ മേധാവിയാണ് മാധവൻ നമ്പ്യാർ. കരാറിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ആരോപണവിധേയനായ ഐടി സെക്രട്ടറി എം ശിവശങ്കരൻ ഉൾപ്പെട്ട വിഷയം അന്വേഷിക്കുന്നത് ഐ.ടി വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിലെ മേധാവിയായതും ചോദ്യങ്ങൾ ഉയർത്തുന്നു, ഐ.ഐ.ഐ.ടി.എം.കെയിലെ ഡയറക്ടർ ബോർഡ് അംഗം കൂടിയാണ് എം ശിവശങ്കരൻ.

ആരോഗ്യ സെക്രട്ടറിയായി വിരമിച്ച ശേഷം ഉടനടി ടാറ്റ കൺസൾട്ടൻസിയുടെ ആരോഗ്യ വിഭാഗത്തിൽ ചേർന്ന ഉദ്യോഗസ്ഥനാണ് രാജീവ് സദാനന്ദൻ. ടാറ്റയ്ക്ക് കീഴിൽ ആരോഗ്യരംഗത്തെ വിവരങ്ങൾ വിശകലനം ചെയ്ത് ഗവേഷണം നടത്തുന്ന എച്ച്.എസ്.ടി.പി എന്ന സ്ഥാപനത്തിന്റെ സിഇഒ ആണ്. നേരത്തെയും ആരോഗ്യ വകുപ്പ് സർവേയുടെ പേരിൽ രാജീവ് സദാനന്ദൻ വിവാദങ്ങളിൽ പെട്ടിരുന്നു. യുഡിഎഫിൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തും എൽഡിഎഫിൽ പിണറായി സർക്കാരിന്റെ കാലത്തും ആരോഗ്യ സെക്രട്ടറിയായിരുന്നു രാജീവ് സദാനന്ദൻ.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കേരളത്തിലെ ആരോഗ്യ മേഖലയെ കുറിച്ച് രഹസ്യസർവേ നടത്താൻ രാജീവ് സദാനന്ദൻ കനേഡിയൻ സ്ഥാപനമായ പോപ്പുലേഷൻ ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി കരാർ ഒപ്പിട്ടത് വിവാദമായിരുന്നു. മാധ്യമപ്രവർത്തകനായ റോയ് മാത്യു എഴുതിയ ഫേസ്‌ബുക്ക് കുറിപ്പിൽ രാജീവ് സദാനന്ദന്റെ ഇടപെടലുകളെ ഇങ്ങനെ വിശദീകരിക്കുന്നു:

യു.ഡി.എഫ് കാലത്തും എൽ.ഡി.എഫ് ഭരണകാലത്തും പലപേരുകളിൽ ആരോഗ്യ സർവേ നടത്തിയത് ആരോഗ്യ വകുപ്പു സെക്രട്ടറിയായിരുന്ന രാജീവ് സദാനന്ദൻെ്റ നേതൃത്വത്തിൽ തന്നെയാണ്. രണ്ട് ഭരണകാലത്തും നടത്തിയ സർവെകൾ വൻ വിവാദമായിരുന്നു.വിദേശ ബന്ധവും കോടികളുടെ അഴിമതിയാരോപണവും ഉന്നയിക്കപ്പെട്ടതോടെ കഴിഞ്ഞ യു.ഡി.എഫ്. സർക്കാർ അവസാനിപ്പിച്ച ആരോഗ്യ സർവേ പേരു മാറ്റി ഷൈലജ ടീച്ചറിന്റെ കാലത്തും നടത്തി. സർവ്വെകളുടെ ചുമതല രാജീവ് സദാനന്ദനായിരുന്നു. സർവ്വെ നടത്തി മലയാളികളുടെ ആരോഗ്യം നിലനിർത്തണമെന്ന് നിതാന്ത ജാഗ്രതയുള്ള ഐഎഎസുകാരനാണ്. ജീവൻ ടോൺ കഴിക്കു, ആരോഗ്യം നിലനിർത്തു എന്ന പോലെ.

യുഡിഎഫ് കാലത്ത് കനേഡിയൻ സ്ഥാപനമായ പോപ്പുലേഷൻ ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനു (PHRI ) വേണ്ടിയായിരുന്നു ആരോഗ്യ സർവ്വെ.
ഈ സർവെ വഴി കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ വിറ്റു കാശാക്കുന്നു എന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് വി എസ്. അച്ചുതാനന്ദൻ നിയമ സഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചതിനെത്തുടർന്ന് സർക്കാർ സർവെ നിർത്തിവെച്ചു. ആരോഗ്യ വകുപ്പ് 2012 ഡിസംബർ 19 ന് പുറത്തിറക്കിയ 4161 /2012/H FW (D) എന്ന ഉത്തരവു പ്രകാരമായിരുന്നു സർവെ നടത്തിയത്. ബുദ്ധിമാനായ രാജീവ് സദാനന്ദൻ പിണറായി അധികാരത്തിൽ വന്ന ഉടനെ പഴയ സർവ്വെ പൊടി തട്ടിയെടുത്ത് വീണ്ടും തുടങ്ങി.

കേരളത്തിലെ 14 ജില്ലകളിൽനിന്നുമായി പത്തുലക്ഷത്തോളം പേരുടെ ആരോഗ്യ വിവരങ്ങളാണ് കിരൺ എന്ന സർവേയിലൂടെ ആരോഗ്യ വകുപ്പ് ശേഖരിക്കുന്നത്. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ അച്യുതമേനോൻ സെന്റർ ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയുടെ നേതൃത്വത്തിലാണു സർവേ. ശേഖരിക്കുന്ന വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ അറിയിപ്പ്. 2013-ൽ പി.എച്ച്.ആർ.ഐ യുമായി സഹകരിച്ച സർവേയാണ് ഇടതുപക്ഷത്തിന്റെ എതിർപ്പിനെത്തുടർന്നു സർക്കാർ റദ്ദാക്കിയതെന്ന കാര്യം മറക്കരുത്. ഷൈലജ ടീച്ചറിന്റെ കാലത്ത് തുടങ്ങിയ കിരൺ - കേരള ഇൻഫർമേഷൻ ഓൺ റെസിഡൻസ് - ആരോഗ്യം നെറ്റ് വർക്ക് എന്ന പദ്ധതി പ്രകാരം 10 ലക്ഷത്തിലധികം പേരുടെ ആരോഗ്യ വിവരങ്ങളാണ് ശേഖരിച്ചത്.

അച്യുതമേനോൻ സെന്ററിലെ പ്രഫ. വി. രാമൻകുട്ടിയാണു പഠനത്തിന്റെ മുഖ്യ ഇൻവെസ്റ്റിഗേറ്ററെന്നും ശേഖരിക്കുന്ന വിവരങ്ങൾ പ്രോജക്ട് ഇൻവെസ്റ്റിഗേറ്റർ, കോ- ഓർഡിനേറ്റർ, നഴ്‌സുമാർ എന്നിവർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും മാത്രമേ നൽകൂ എന്നുമാണ് ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക അറിയിപ്പിലുള്ളത്. ഇതിലെ വിവരങ്ങളെക്കുറിച്ചും ഒരു പാട് സന്ദേഹങ്ങൾ പല കോണിൽ നിന്നും ഉയരുന്നുണ്ട്.

പി .എച്ച്.ആർ.ഐയ്ക്ക് കേരളത്തിലെ ആരോഗ്യ വിവരങ്ങൾ നൽകുകയാണെന്ന വാർത്ത 2013 ൽ 'മംഗളം' റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണു സംഭവം വിവാദമായത്. സി. എസ് സിദ്ധാർത്ഥൻ എന്ന യുവ റിപ്പോർട്ടറാണ് നിരന്തരം ഈ സർവ്വെ ക ളെക്കുറിച്ച് വാർത്തകൾ റിപ്പോർട്ട് ചെയ്തത്. എന്തുകൊണ്ടോ മറ്റ് മാധ്യമങ്ങളൊന്നും തന്നെ ഈ വിഷയം ഏറ്റെടുത്തില്ല. അന്ന് എൽ.ഡി.എഫ്. വിഷയം ഏറ്റെടുത്തതോടെ ഇക്കാര്യം നിയമസഭയിൽ ചർച്ചയായി. സർവേ അവസാനിപ്പിക്കുകയാണെന്ന് അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയും ആരോഗ്യമന്ത്രിയായിരുന്ന വി എസ്. ശിവകുമാറും പ്രഖ്യാപിച്ചു.കേരള ഹെൽത്ത് ഒബ്‌സർവേറ്ററി ബേസ് ലൈൻ സ്റ്റഡി (കെ.എച്ച്.ഒ.ബി.എസ്) എന്ന സർവേയാണ് അന്ന് അവസാനിപ്പിച്ചത്. മൂന്നു വർഷം കഴിഞ്ഞ് എപ്പിഡെമിയോളജിക്കൽ സർവെയ്‌ലൻസ് എന്ന പേരിൽ ആരോഗ്യവകുപ്പ് അടുത്ത പഠനത്തിനു തുടക്കമിട്ടപ്പോഴും പിന്നിൽ വിവാദമായ വിദേശ കമ്പിനിയുടെ സാന്നിധ്യമുണ്ടായിരുന്നു. അതും വിവാദമായപ്പോഴാണ് കഴിഞ്ഞ വർഷം കിരൺ ആരംഭിച്ചത്. ഇ-ഹെൽത്ത് പദ്ധതിക്കായി സംസ്ഥാനമാകെ നടത്തുന്ന വിവരശേഖരണത്തിനു സമാന്തരമായാണ് ഈ സർവേ. ഇ-ഹെൽത്തിനു വേണ്ടി സജ്ജമാക്കിയ സൗകര്യങ്ങൾ ഇതിനായി ദുരുപയോഗം ചെയ്യുന്നെന്ന ആക്ഷേപവും ഇപ്പോൾ ശക്തമാണ്.

അസാധാരണമായ സാഹചര്യത്തിൽ നമ്മെ ക്കുറിച്ച് കരുതലുള്ള സർക്കാർ നടത്തുന്ന അസാധാരണ സർവെകളെക്കുറിച്ച് നമ്മൾ അഭിമാനിക്കണം - ചില ശവം തീനികൾ ഇതിനെ ക്കുറ്റപ്പെടുത്തും. എന്റെ ആരോഗ്യ വിവരങ്ങൾ വിദേശ കമ്പിനി കൊണ്ടു പോയാൽ എനിക്കൊരു ചുക്കും വരാനില്ലെന്ന് പറയുന്ന സഖാക്കളോടൊപ്പം നിന്ന് ഞാനും വിളിക്കുന്നു - നിങ്ങക്കെന്നാ കോൺഗ്രസേ.

നമ്മുടെ ആരോഗ്യത്തെക്കുറിച്ച് സർവീസിൽ ഇരുന്ന കാലത്തും , വിരമിച്ച പ്പോഴും സർവ്വെ നടത്തി അതിലെ വിവരങ്ങളിലൂടെ നമ്മെ കരുതുന്ന നീതിമാനായ രാജിവ് സദാനന്ദൻ സാർ സ്പ്രിങ്ലർ ഇടപാടിനെക്കുറിച്ച് അന്വേഷിച്ച് സർക്കാരിനെയും നമ്മളേയും രക്ഷിക്കട്ടെ .

ബഹുരാഷ്ട്ര കമ്പനികളുടെ മരുന്ന് പരീക്ഷണത്തിന് ഇതേ കനേഡിയൻ ഏജൻസിയെ രാജീവ് സദാനന്ദൻ നിയോഗിച്ചതായി 2017 ൽ വാർത്തകൾ വന്നിരുന്നു. കേരളത്തിലെ ആരോഗ്യ വിവരങ്ങൾ ചോർത്തി കമ്പനികൾക്ക് അവരുടെ പുതിയ മരുന്ന്ുകൾ പരീക്ഷിക്കാൻ അവസരമൊരുക്കുന്നുവെന്നായിരുന്നു വിവാദത്തിന്റെ കാതൽ.

ഏതായാലും, സ്പിങ്ളർ കരാർ പരിശോധിക്കാൻ രണ്ട് റിട്ടയേർഡ് ഉദ്യോഗസ്ഥരെ നിയോഗിച്ചത് ഇടപാടിനെ വെള്ളപൂശാൻ വേണ്ടി മാത്രമാണെന്നും ഇത് അംഗീകരിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്.ഈ അന്വേഷണം ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിന് വേണ്ടിയുള്ളത് മാത്രമാണ്. എല്ലാ നടപടിക്രമങ്ങളും കാറ്റിൽ പറത്തി ഉണ്ടാക്കിയ ഈ അന്താരാഷ്ട്ര കരാർ പരിശോധിക്കാൻ ഈ സമിതിക്ക് പ്രാപ്തിയില്ല. ഈ സമിതിയിലെ രണ്ടു പേരും സ്വകാര്യ കമ്പനിയുടെ ഉദ്യോഗസ്ഥരാണ്. ഇവർക്ക് ബന്ധപ്പെട്ട രേഖകൾ വിളിച്ചു വരുത്തി പരിശോധിക്കാനോ ഉദ്യോഗസ്ഥരെയും ഐ.ടി വകുപ്പിന്റെ മന്ത്രിയായ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യാനോ കഴിയില്ല. തട്ടിക്കൂട്ട് കരാർ അന്വേഷിക്കുന്നതിന് തട്ടിക്കൂട്ട് സമിതിയെയാണ് നിയോഗിച്ചിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP