Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പിണറായിയുടെ ധാർഷ്ട്യവും ധിക്കാരവും മീഡിയ സിൻഡിക്കേറ്റിനു വഴിതെളിച്ചു; വിഭാഗീയത തിളച്ചു മറിയുമ്പോൾ വലിയ വിഭാഗം മാധ്യമ പിന്തുണ ലഭിച്ചത് വി എസ് പക്ഷത്തിന്; വിഎസിന് സീറ്റ് നിഷേധം വന്നപ്പോൾ ആളിക്കത്തിയത് ഈ മാധ്യമ സിൻഡിക്കേറ്റ് തന്നെ; മാതൃഭൂമിയും ഇന്ത്യാവിഷനുമൊക്കെ സിൻഡിക്കേറ്റ് പോലെ പിന്തുണച്ചു; വീരേന്ദ്രകുമാറിനോടുള്ള വിരോധം കൊണ്ട് സീറ്റ് നിഷേധിക്കപ്പെട്ടതും ഇതിന്റെ ബാക്കിപത്രം; പിണറായി പറയുന്ന മാധ്യമ സിൻഡിക്കേറ്റ് വസ്തുത തന്നെ; മാധ്യമ സിൻഡിക്കേറ്റിന്റെ ചരിത്രം പറഞ്ഞ് അഡ്വ. ജയശങ്കർ

പിണറായിയുടെ ധാർഷ്ട്യവും ധിക്കാരവും മീഡിയ സിൻഡിക്കേറ്റിനു വഴിതെളിച്ചു; വിഭാഗീയത തിളച്ചു മറിയുമ്പോൾ വലിയ വിഭാഗം മാധ്യമ പിന്തുണ ലഭിച്ചത് വി എസ് പക്ഷത്തിന്; വിഎസിന് സീറ്റ് നിഷേധം വന്നപ്പോൾ ആളിക്കത്തിയത് ഈ മാധ്യമ സിൻഡിക്കേറ്റ് തന്നെ; മാതൃഭൂമിയും ഇന്ത്യാവിഷനുമൊക്കെ സിൻഡിക്കേറ്റ് പോലെ പിന്തുണച്ചു; വീരേന്ദ്രകുമാറിനോടുള്ള വിരോധം കൊണ്ട് സീറ്റ് നിഷേധിക്കപ്പെട്ടതും ഇതിന്റെ ബാക്കിപത്രം; പിണറായി പറയുന്ന മാധ്യമ സിൻഡിക്കേറ്റ് വസ്തുത തന്നെ; മാധ്യമ സിൻഡിക്കേറ്റിന്റെ ചരിത്രം പറഞ്ഞ് അഡ്വ. ജയശങ്കർ

എം മനോജ് കുമാർ

തിരുവനന്തപുരം: സ്പ്രിൻക്ലർ ഡാറ്റാ വിവാദം കത്തുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ഓർമ്മിപ്പിച്ചത് പഴയ മാധ്യമ സിൻഡിക്കേറ്റ് ആരോപണങ്ങളെ. സിപിഎമ്മിലെ കത്തുന്ന വിഭാഗീയതയുടെ കാലം സ്പ്രിൻക്ലർ ഡാറ്റാ വിവാദം കത്തുമ്പോൾ മുഖ്യമന്ത്രി ഒന്ന് കൂടി രാഷ്ട്രീയ അന്തരീക്ഷത്തിലേക്ക് കൊണ്ടുവന്നു. മാധ്യമ സിൻഡിക്കേറ്റിനു ഒപ്പം നിൽക്കുന്നവർ ചില കാര്യങ്ങൾ സ്പ്രിൻക്ലർ വിവാദത്തിൽ മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നില്ലേ എന്നുള്ള സംശയങ്ങൾ മുഖ്യമന്ത്രി നൽകിയ സൂചനകളിൽ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. സ്പ്രിൻക്ലർ വിവാദത്തിൽ മാധ്യമങ്ങൾക്ക് നേരെ സിപിഎമ്മും മുഖ്യമന്ത്രിയും തിരിയുമ്പോൾ മാധ്യമ സിൻഡിക്കേറ്റ് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചത് വേറുതെയല്ല. കൊറോണ കാലത്ത് മുഖ്യമന്ത്രിക്കും സിപിഎമ്മിനും തലവേദനയായി മാറുകയാണ് സ്പ്രിൻക്ലർ ഡാറ്റാ വിവാദം. മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്‌സലോജിക്ക് ഐടി കമ്പനിക്ക് സ്പ്രിൻക്ലർ ബന്ധം ആരോപിക്കപ്പെടുമ്പോൾ തന്നെയാണ് എക്‌സാലോജിക്കിന്റെ വെബ്‌സൈറ്റ് പൊടുന്നനെ അപ്രത്യക്ഷമാകുന്നത്. ഇത് പ്രതിപക്ഷ ആരോപണങ്ങളുടെ ശക്തി വർദ്ധിപ്പിച്ചു.

കൊറോണയുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി നടത്തിയിരുന്ന ദൈനം ദിന വാർത്താസമ്മേളനം പൊടുന്നനെ അവസാനിപ്പിച്ചതും എരി തീയിൽ എണ്ണ ഒഴിക്കുന്ന ഫലവുമുണ്ടാക്കി. ഈ ഘട്ടത്തിൽ തന്നെയാണ് പഴയ മാധ്യമ സിൻഡിക്കേറ്റ് ആരോപണം മുഖ്യമന്ത്രി എടുത്തിട്ടത്. മാധ്യമ സിൻഡിക്കേറ്റ് ആരോപണ സമയത്ത് സിപിഎമ്മിന് കണ്ണിലെ കരടായിരുന്നു രാഷ്ട്രീയ നിരീക്ഷകനായ സിപിഐയുടെ അഡ്വക്കേറ്റ് ജയശങ്കർ. സിപിഎമ്മിലെ വി എസ്-പിണറായി പോരിൽ വിഎസിന്റെ ഭാഗത്ത് അടിയുറച്ച് നിന്ന് മാധ്യമപ്പോരുകൾ നയിച്ചതിൽ ജയശങ്കറിന് വലിയ പങ്കുണ്ട്. അന്നത്തെ സിപിഎമ്മിന്റെ, പിണറായിയുടെ വലിയ ആരോപണമായിരുന്ന മാധ്യമ സിൻഡിക്കേറ്റ് സത്യം തന്നെയോ? ഇപ്പോൾ രാഷ്ട്രീയ അന്തരീക്ഷത്തിൽ മാധ്യമ സിൻഡിക്കേറ്റിന്റെതായ കാറും കോളും വന്നു നിറയുമ്പോൾ മാധ്യമ സിൻഡിക്കേറ്റ് എന്ന പിണറായിയുടെ ആരോപണം സത്യം തന്നെ എന്ന് മറുനാടനോട് തുറന്നു സമ്മതിക്കുകയാണ് അഡ്വ.എ.ജയശങ്കർ. മാധ്യമങ്ങളിലെ ഒരു വലിയ വിഭാഗം സിൻഡിക്കേറ്റുപോലെ പിണറായിക്ക് എതിരായി നിന്നു. എല്ലാം വിഎസിന് വേണ്ടിയായിരുന്നു. സിപിഎം വിഭാഗീയതയിൽ പക്ഷം പിടിച്ച് വാർത്തകൾ വിഎസിന് വേണ്ടി സൃഷ്ടിക്കപ്പെട്ടു. അന്നത്തെ പാർട്ടി സെക്രട്ടറിയായ പിണറായിയുടെ ധാർഷ്ട്യവും ധിക്കാരവുമാണ് മീഡിയ സിൻഡിക്കേറ്റിനു വഴിതെളിച്ചത്. മീഡിയ സിൻഡിക്കേറ്റ് സത്യമായിരുന്നു-ജയശങ്കർ പറയുന്നു.

വി എസ് കടന്നുപോയത് ഒരു പാട് പരിണാമങ്ങളിലൂടെ

വി എസ്-പിണറായി പോര് കത്തി നിൽക്കുമ്പോൾ വി എസ്.അച്യുതാനന്ദനു വലിയ തോതിൽ മാധ്യമ പിന്തുണ കിട്ടി അത് സത്യമാണ്. മാധ്യമങ്ങൾക്ക് വലിയ താത്പര്യമുള്ള നേതാവായിരുന്നില്ല വി എസ്. വലിയ പരിണാമങ്ങളിലൂടെ കടന്നു പോയ നേതാവാണ്. മാധ്യമങ്ങൾ അവജ്ഞയോടെ മാറ്റി നിർത്തിയ നേതാവായിരുന്നു വി എസ്. ആ കാലത്ത് സിപിഎമ്മിൽ ജനകീയ നേതാവായി ഇഎംഎസുണ്ടായിരുന്നു. നായനാരുണ്ടായിരുന്നു. നായനാർ വലിയ ജനകീയനായിരുന്നു. നായനാരായിരുന്നു അന്നത്തെ ക്ലൗഡ് പുള്ളർ. പ്രസംഗിച്ചാൽ ഒരയ്യായിരം ആള് കൂടും. 2004ലാണ് നായനാർ മരിക്കുന്നത്. 1996ലാണ് വി എസ് മാരാരിക്കുളത്ത് തോൽക്കുന്നത്. അതിനു ശേഷമാണ് സ്വന്തം സർക്കാരിന്റെ പോരായ്മ ചൂണ്ടിക്കാണിക്കാനും വിമർശിക്കാനും വി എസ് തയ്യാറായത്. 2001ലേ തിരഞ്ഞെടുപ്പ് വിഎസിന്റെ നേതൃത്വത്തിൽ തന്നെ നേരിടുന്നു. അന്നും വി എസ് തോറ്റുപോകുന്നു. പ്രതിപക്ഷ നേതാവായിട്ടു കൂടി വിഎസിന് അന്ന് വലിയ ഗ്ലാമർ ഒന്നുമില്ല. അന്ന് പ്രതിപക്ഷ നേതാവിന്റെ റോൾ കയ്യാളിയിരുന്നത് കരുണാകരനായിരുന്നു. ആ സമയത്ത് കരുണാകരനും ആന്റണിയും സമരസപ്പെട്ടു. 2004-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കെ.മുരളീധരൻ മത്സരിക്കുകയൊക്കെ ചെയ്യുന്നത് ഇങ്ങനെയാണ്. പിന്നീട് കെ.മുരളീധരനെ മന്ത്രിയാക്കി. പത്മയ്ക്ക് മത്സരിക്കാൻ സീറ്റ് കിട്ടി. പത്മജ മത്സരിച്ചു. ഈ രാഷ്ട്രീയ പ്രശ്‌നങ്ങൾക്കിടയിലാണ് നായനാർ മരിക്കുന്നത്. ഈ സമയത്താണ് വിഎസിന്റെ ഇമേജ് ബിൽഡ് അപ്പ് ചെയ്യുന്നത്. ഇതിനു പിന്നിൽ എന്തായാലും ഒരു ഗൂഡ സംഘം തന്നെയുണ്ടായിരുന്നു. കെ.എം.ഷാജഹാനോക്കെ ഇതിൽ ഒരു പ്രധാന റോളുണ്ട്.

മീഡിയയുടെ ആളായി വി എസ് മാറുന്നു

പ്രതിപക്ഷ നേതാവിന്റെ ഉത്തരവാദിത്തം അന്നൊക്കെ നിയമസഭയിലായിരുന്നു. തൊടുപുഴയ്ക്ക് അടുത്ത് പൂമാല എന്ന സ്ഥലത്ത് ദാരിദ്യം സഹിക്കാൻ കഴിയാതെ ആളുകൾ വൃക്ക വിറ്റ സംഭവമുണ്ടായിരുന്നു. വി എസ് അവിടെപ്പോകുന്നു. പി.സി.ജോർജ് ആയിരുന്നു വിഎസിന്റെ പൈലറ്റ്. പിസി ആദ്യം സ്ഥലം സന്ദർശിക്കുന്നു. വി എസ് പിന്നീട് പോകുന്നു. തൊടുപുഴ പത്ര സമ്മേളനം നടത്തി വി എസ് ആഞ്ഞടിക്കുന്നു. വലിയ മീഡിയാ അറ്റൻഷൻ കിട്ടുന്നു. അതുപോലെ തന്നെ മാണി ഗ്രൂപ്പുകാർ മതികെട്ടാൻ ചോല കയ്യേറുന്നു. വി എസ് പ്രായവും അനാരോഗ്യവും വകവയ്ക്കാതെ മതികെട്ടാനിൽ പോകുന്നു. അങ്ങിനെ വലിയ മീഡിയാ കവറേജ് കിട്ടുന്നു. ഇങ്ങിനെയാണ് മീഡിയയുടെ ആളായി വി എസ് മാറുന്നത്. എല്ലാ ജനകീയ വിഷയങ്ങളിലും വി എസ് ഇടപെടുന്നു. വി എസ് എന്ത് പറയുന്നു എന്ന് പറയാൻ ആളുകൾ ചോദിക്കാൻ തുടങ്ങിയിരുന്നു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി വന്നെങ്കിലും അങ്ങനെ ശോഭിക്കാൻ ഉമ്മൻ ചാണ്ടിക്ക് കഴിയുന്നില്ല. 2004 പാർലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ 19 സീറ്റിൽ യുഡിഎഫ് തോൽക്കുകയും ഒരു സീറ്റിൽ പി.സി.തോമസ് ജയിക്കുകയും ഒക്കെ ചെയ്യുന്ന സമയമാണിത്. വി എം.സുധീരനും രമേശ് ചെന്നിത്തലയും തോറ്റ തിരഞ്ഞെടുപ്പാണിത്. ഈ കാലത്താണ് കരുണാകരൻ കലാപക്കൊടിയുയർത്തുന്നത്.

കോൺഗ്രസിൽ കലാപക്കൊടിയുയർത്തി കരുണാകരൻ ഡിഐസി രൂപീകരിക്കുന്നു. ബാലകൃഷ്ണപിള്ളയും ടി.എം.ജേക്കബും കോൺഗ്രസ് ലീഡർഷിപ്പിന്നെതിരെ വാളെടുക്കുന്നു. കുഞ്ഞാലിക്കുട്ടിയുടെ ബലത്തിലാണ് ഉമ്മൻ ചാണ്ടി മന്ത്രിസഭയുണ്ടാക്കിയത്. ഈ സമയത്താണ് ഐസ്‌ക്രീം പാർലർ കേസ് വരുന്നത്. കുഞ്ഞാലിക്കുട്ടി പരാജിതനായി രാജി വയ്ക്കുന്നു. കെ.പി.വിശ്വനാഥനെതിരെ ആരോപണമുണ്ടാകുന്നു. വിശ്വനാഥൻ രാജി വയ്ക്കുന്നു. രാഷ്ട്രീയ അന്തരീക്ഷംമ അതായത് കോൺഗ്രസ് അന്തരീക്ഷം ആകെ കുളമാകുന്നു. ഈ ഘട്ടത്തിലാണ് സുനാമിയുണ്ടാകുന്നത്. സിപിഎമ്മിൽ വിഎസാണ് രക്ഷകൻ എന്ന രീതിയിൽ ഒരു ഓളമുണ്ടാകുന്നതും ഇതേ സമയത്താണ്. സിപിഎമ്മിൽ വി എസ്-പിണറായി എന്ന പോരാട്ടം തുടങ്ങിയ സമയം കൂടിയാണിത്. സിപിഎമ്മിന്റെ മലപ്പുറം സമ്മേളനം നടക്കുന്നത് 2005ലാണ്. ചാനലുകളിൽ ഈ പോര് ഉഷാറാണ്. മാധ്യമ പ്രവർത്തകരിൽ അധികം പേരും വിഎസിനെ പിന്തുണയ്ക്കുന്നവരാണ്. വിഎസിന് വലിയ പരിവേഷമാണ്. വരുന്നത് വിഎസിന് അനുകൂലമായ വാർത്തകളും. തോറ്റ ആൾക്കാണ് പ്രാധാന്യം. ജയിച്ച ആൾക്കല്ല. വിഎസിനെ നായകനായിട്ടും പിണറായിയെ വില്ലനായിട്ടും അഴിമതിക്കാരനായിട്ടും ചിത്രീകരിക്കുകയാണ്.

വി എസ് പൊങ്ങുന്നത് അനുസരിച്ച് പിണറായി താഴുന്നു

അന്ന് ലാവ്‌ലിൻ കേസ് വന്നിട്ടില്ല. ഫാരിസ് അബൂബക്കറും വന്നിട്ടില്ല. വി എസ് പൊങ്ങുന്നത് അനുസരിച്ച് പിണറായി താഴുന്നു. അന്ന് ഹൈക്കോടതിയിലെ മധ്യതിരുവിതാംകൂറുകാരനായ ജഡ്ജി എന്നെ വിളിപ്പിച്ചു. പ്യൂണിനെ പറഞ്ഞു വിട്ടു. അന്ന് പഴയ ഹൈക്കോടതിയാണ്. ജഡ്ജി എനിക്ക് വ്യക്തിപരമായി അടുപ്പമുള്ള ആളാണ്. കോടതി കാര്യം ആയിരിക്കും എന്നാണ് ഞാൻ കരുതിയത്. ജഡ്ജി എന്റെ നേർക്ക് തട്ടിക്കയറി. ഞാൻ സിപിഐക്കാരനാണ് ജഡ്ജിക്കറിയാം. മലപ്പുറം സമ്മേളനത്തിൽ പല ചർച്ചയിലും ജഡ്ജി എന്നെ കണ്ടിട്ടുമുണ്ട്. ജഡ്ജി എന്നോടു തട്ടിക്കയറുകയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസ് പാർട്ടിയും തമ്മിൽ എന്താണ് വ്യത്യാസം. ഈ .... പിണറായി വിജയനെ ആണല്ലോ സിപിഎമ്മിൽ ഇവർ ജയിപ്പിച്ചത്. ഈ നാട് നശിക്കും. ജഡ്ജി അമർഷം എന്നോടു രേഖപ്പെടുത്തിയതാണ്. കോൺഫിഡൻഷ്യൽ ആയുള്ള ഒരു ജഡ്ജിയുടെ സംസാരമാണിത്. മാധ്യമ സൃഷ്ടി ആ രീതിയിൽ ഉള്ളതാണ്. വി എസ് ഒരു പുണ്യപുരുഷനും എല്ലാ അഴിമതിക്കും അതീതനായിട്ടുള്ള, നാട്ടിൻപുറത്ത് കാണുന്ന ഒരു കമ്യൂണിസ്റ്റുകാരനായ വ്യക്തി. പിണറായി വിജയൻ ഇതിനു നേർ വിപരീതമായിട്ടുള്ള മഹാ അഴിമതിക്കാരനും എന്തും ചെയ്യാൻ മടിക്കാത്തവനുമായ ഒരു ഖലൻ. ഈ രീതിയിലുള്ള ഒരു ഇമേജ് ആ സമയത്ത് തന്നെ വന്നു കഴിഞ്ഞു.

വന്നത് കരുണാകരൻ- വിജയൻ- അച്ചുതണ്ട്

മാധ്യമങ്ങളുടെയും ബഹുജനങ്ങളുടെയും പിന്തുണ തോറ്റ വിഎസിനാണ്. ജയിച്ച വിജയനല്ല. അതുകഴിഞ്ഞ് ജനുവരിയിൽ ഹോസങ്കടിയിൽ നിന്നും പിണറായി വിജയൻ ജനകീയ യാത്ര കേരള മാർച്ച് ആരംഭിച്ചു. മലപ്പുറത്ത്, മലപ്പുറം സമ്മേളനത്തിൽ പിണറായി വിജയന് മേൽക്കൈ ലഭിച്ചതോടെ കരുണാകരൻ വിഭാഗത്തിനു മനസിലായി ഇനി പിണറായി വിജയനാണ് പാർട്ടിയുടെ നേതാവെന്ന്. ശരിക്ക് തൃശൂരിൽ വെച്ചല്ല മലപ്പുറത്ത് വച്ചാണ് കോൺഗ്രസ് പിളരുന്നത്. വിജയനുമായുള്ള ധാരണയുടെ പുറത്താണ് കരുണാകരൻ ഗ്രൂപ്പുകാർ കോൺഗ്രസ് പിളർത്തുന്നത്. സോണിയ ഗാന്ധിയെ മദാമ്മ എന്ന് വിളിക്കുന്നത് ഈ ഘട്ടത്തിലാണ്. ബുദ്ധിമാനായ ടി.എം. ജേക്കബ് വരെ കോൺഗ്രസിൽ ചേർന്നത് ഏതൊക്കെ മനസിലാക്കിക്കൊണ്ടാണ്. വിജയൻ-കരുണാകരൻ അച്ചുതണ്ട് രൂപപ്പെടുന്നു. . കെ.മുരളീധരൻ അന്ന് ഒരു കാൽനട ജാഥ നടത്തിയിരുന്നു. അതിനു ശേഷമാണ് പിണറായിയുടെ കേരള മാർച്ച് നടക്കുന്നത്. അപ്പോഴാണ് ലാവലിൻ കേസ് വരുന്നതും.

ഇ.പി.ജയരാജനൊക്കെ നേതൃത്വം നൽകിയാണ് ഉമ്മൻ ചാണ്ടിക്ക് എതിരെ നിയമസഭയിൽ അവിശ്വാസം കൊണ്ട് വന്നു. കോൺഗ്രസ് ശക്തമായ പ്രത്യാക്രമണമാണ് അന്ന് നടത്തിയത്. ലാവ്‌ലിൻ പിടിച്ചാണ് കോൺഗ്രസ് പ്രത്യാക്രമണം നടത്തിയത്. ആര്യാടൻ മുഹമ്മദ് എല്ലാം ലാവ്ലിൻ കേസ് കത്തിച്ചു. പിണറായി വിജയന് മത്സരിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുന്നു. കരുണാകരന്റെ ഡിഐസിയുമായി ഒരു സഖ്യവും പാടില്ലെന്ന് തിരുവനന്തപുരത്ത് വെച്ച് പ്രകാശ് കാരാട്ട് പ്രഖ്യാപിക്കുന്നു. ഇതോടെ പിണറായി വിജയന്റെ കഥ കഴിയുകയാണ് ആ സമയത്ത്. പിന്നൊന്ന് പിണറായി വിജയന് മത്സരിക്കാൻ കഴിയാത്ത സാഹചര്യവും വന്നു. കേരള യാത്രയിൽ പിണറായി കേരള മുഖ്യന്റെ രീതിയിലാണ് യാത്ര നടത്തിയത്. രാവിലെ പൗരമുഖ്യന്മാരോടു ഒത്ത് ചായ കഴിക്കുന്നു, ഉച്ചയ്ക്ക് മാധ്യമപ്രവർത്തകർക്കൊപ്പം ഊണ് കഴിക്കുന്നു. എല്ലാം ഇമേജ് ബിൽഡിംഗിന്റെ ഭാഗം. തൃശൂര് എത്തിയാൽ ബ്രേക്ക് ഫാസ്റ്റ് കല്യാൺ സിൽക്കിന്റെ ഉടമകൾക്കൊപ്പമാകും. ജോയ് ആലുക്കാസ്, പ്രിൻസ് ജൂവലറിയുടെ ആളുകൾക്കൊപ്പം. ഇങ്ങനെയുള്ള ഗിമ്മിക്കുകൾ പലതും പിണറായി നടത്തുന്നുണ്ട്. ഭാവി മുഖ്യമന്ത്രി എന്ന രീതിയിലാണ് പിണറായി കേരള മാർച്ചിൽ പരാതികൾ സ്വീകരിച്ചിരുന്നത്. ഇതൊന്നും ഫലവത്താകുന്നില്ല. യതോ ധർമ്മ സ്തതോ ജയഃ എന്ന രീതിയിൽ മറുഭാഗത്ത് വി എസ് നിൽക്കുന്നതുകൊണ്ടാണ് കാരണം. ഈ ഘട്ടത്തിലാണ് പിണറായി എനിക്ക് 50 ലക്ഷം രൂപ മാനനഷ്ടം നൽകാൻ പറഞ്ഞു നോട്ടീസ് അയക്കുന്നത്. പിണറായിയുടെ എണ്ണപ്പെട്ട വിരോധി എന്ന രീതിയിലേക്ക് ഞാൻ ഉയരുകയാണ്.

ഫാരിസ് ദീപിക സ്വന്തമാക്കുന്നു

രാഷ്ട്രീയ അന്തരീക്ഷം മനസിലാക്കിയാണ് ഫാരീസ് അബൂബക്കർ ദീപിക പത്രം കൈക്കലാക്കുന്നത്. ഫാരീസ് പണം കൊണ്ടുപോയി ദീപികയിൽ മുടക്കുകയാണ്, മെത്രാനെ മാറ്റി ഇതിന്റെ പ്രധാന ആളായി ഫാരിസ് മാറുന്നു. മാധ്യമ പ്രവർത്തകരെ മുഴുവൻ പിരിച്ചു വിടുന്നു. കേരള ചരിത്രത്തിൽ കേട്ടുകേൾവി പോലും ഇല്ലാത്ത സംഭവമാണ് ഇത്. ദീപിക പത്രം അതിന്റെ ചരിത്രവും പാരമ്പര്യം മുഴുവൻ മാറ്റി എട്ടു പേജ് എട്ടു കോളം വി എസ് അച്യുതാനന്ദനെ തെറി പറയാൻ തുടങ്ങുന്നു. ഒരു കത്തോലിക്കാ പത്രം എന്നത് മാറി പിണറായി വിജയന്റെ ജിഹ്വയായി ദീപിക മാറുകയാണ്. പിണറായി വിജയനെ സ്തുതിക്കാൻ അതിലുപരി വിഎസിനെ ദുഷിക്കാനുള്ള പത്രമായി ദീപിക. ദേശാഭിമാനിയിൽ നൽകാൻ കഴിയാത്ത വാർത്ത ദീപിക കൊടുക്കും. ദീപിക ആഴ്ചയിൽ മൂന്നു ദിവസം വെച്ച് ഒന്നാമത്തെ പേജിൽ എഡിറ്റോറിയൽ എഴുതും. ഈ മൂന്നും വിഎസിനെ തെറി പറഞ്ഞുള്ള എഡിറ്റോറിയൽ ആകും. മനോരമ പത്രമൊക്കെ വർഷത്തിൽ ഒന്നോ രണ്ടോ ദിവസം മാത്രമേ എഡിറ്റോറിയൽ എഴുതൂ. മാതൃഭൂമിയും അങ്ങനെ തന്നെ. പത്രാധിപന്മാർ പേര് വെച്ച് എഴുതുന്ന എഡിറ്റോറിയൽ ആയിരിക്കും ഇത്. ദീപികയിലെ എല്ലാം വിശകലനങ്ങളും വിഎസിനെ തെറിപറഞ്ഞാവും. ദീപിക വായിക്കുന്നത് ചില കന്യാസ്ത്രീകളും ഭാഗ്യഹീനരായ അച്ഛന്മാരും മാത്രമാണ് എന്നോർക്കണം. വിഭാഗീയത കത്തുമ്പോൾ മാതൃഭൂമി വിഎസിന് അനുകൂലമായി. മനോരമ പിണറായിക്കും. വിജയൻ മിന്നൽ പിണറായി എന്നൊക്കെയുള്ള വാർത്തകൾ അപ്പോഴാണ് മനോരമ നൽകുന്നത്.

മനോരമ അനുകൂലവും മാതൃഭൂമി എതിരും

മനോരമ പിണറായിക്ക് അനുകൂലമായപ്പോൾ മാതൃഭൂമി എതിരായി. 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിഎസിന് സീറ്റ് നിഷേധിക്കപ്പെട്ടു. അപ്പോഴാണ് മാധ്യമ സിൻഡിക്കേറ്റ് ആളിക്കത്തിയത്. അപ്പോൾ ഞങ്ങളെ പോലുള്ള ആളുകൾ എല്ലാ വേദികളിലും എല്ലാ ചാനലിലും പോയി വിജയനെ വെല്ലുവിളിച്ചു. എതിർപ്പുകൾ ശക്തമായപ്പോൾ പോളിറ്റ് ബ്യൂറോ എടുത്ത തീരുമാനം മാറ്റി വിഎസിന് സീറ്റ് നൽകി. വി എസ് തിരിച്ചു വരുന്നു. വലിയ ഭൂരിപക്ഷത്തോടെ ജയിക്കുന്നു. അതിനു ശേഷമാണ് പിണറായി വിജയൻ മാധ്യമ സിൻഡിക്കേറ്റ് എംബഡഡ് ജെർണലിസം എന്നൊക്കെ പറഞ്ഞു രംഗത്ത് വരുന്നത്. ഇതാണ് മാധ്യമ സിൻഡിക്കേറ്റിന്റെ ചരിത്രം. വിഎസിനെ സപ്പോർട്ട് ചെയ്യുന്ന ഒരു വലിയ വിഭാഗം മാധ്യമങ്ങൾ കേരളത്തിലുണ്ടായിരുന്നു. മാതൃഭൂമിയും ഇന്ത്യാവിഷൻ അടക്കമുള്ള വിഷ്വൽ മീഡിയകളും പിന്തുണച്ചത് വിഎസിനെയായിരുന്നു.

വീരേന്ദ്രകുമാറിനോട് തീർത്താൽ തീരാത്ത വിരോധം പിണറായിക്ക് വന്നത് ഈ നിലപാടിന്റെ പേരിലാണ്. 2009-ലേ പാർല്‌മെന്റ്‌റ് തിരഞ്ഞെടുപ്പിൽ വീരന് സീറ്റ് നിഷേധിക്കപ്പെട്ടതും ജനതാദൾ യുഡിഎഫിലേക്ക് പോകുന്നതും ഇതിന്റെ പേരിൽ തന്നെ. വയനാട് സീറ്റാണ് വീരന് നൽകാമെന്നു പറഞ്ഞത്. അത് വിജയിക്കാൻ പ്രയാസമായ സീറ്റാണ്. കോഴിക്കോട് ജയിക്കുന്ന സീറ്റും വയനാട് ജയിക്കാത്ത സീറ്റുമായിരുന്നു. കോഴിക്കോട് സീറ്റ് സിപിഎം ഏറ്റെടുത്തു. ഇതെല്ലാം മാധ്യമ സിൻഡിക്കേറ്റിന്റെ ബാക്കിയാണ്. മഞ്ഞളാംകുഴി അലിയെ പുറത്താക്കിയത് വിഎസിന്റെ കൂടെ നിന്നതുകൊണ്ടാണ്. ആർഎസ്‌പിയുമായുള്ള ബന്ധം മോശമാകുന്നതും ഇതേ കാരണങ്ങളാലാണ്. പിണറായിയുടെ ധാർഷ്ട്യംവും ധിക്കാരവുമാണ് മീഡിയ സിൻഡിക്കേറ്റിനു വഴിതെളിച്ചത്-ജയശങ്കർ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP