Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ട്രാക്ടറിനെയും കമ്പ്യൂട്ടറിനെയും മാത്രല്ല സോപ്പിട്ട് കൈ കഴുകുന്നതിനേയും കമ്മ്യൂണിസ്റ്റുകൾ എതിർത്തിരുന്നു! ഹാൻഡ് വാഷിങ് ഒരു സാമ്രാജ്യത്വ - നിയോ ലിബറൽ അജണ്ടയത്രേ! അത് കുത്തക സോപ്പുകമ്പനികൾക്ക് ലാഭം ഉണ്ടാക്കാനുള്ള പദ്ധതി; ആരോപണവുമായി പാഠം സുധീഷും എം എൻ വിജയനും അടക്കമുള്ള ബുദ്ധിജീവികൾ; പരിഷത്തിനെ ചാരസംഘടനയാക്കുന്നതിലൂടെ ഐസക്കിനെ വെട്ടി പിണറായിയെ നിലം പരിശാക്കാൻ വിഎസും; കോവിഡ് കാലത്ത് കേരളം മറന്നുപോയ ഒരു ഈ'സോപ്പ്'കഥയിങ്ങനെ

ട്രാക്ടറിനെയും കമ്പ്യൂട്ടറിനെയും മാത്രല്ല സോപ്പിട്ട് കൈ കഴുകുന്നതിനേയും കമ്മ്യൂണിസ്റ്റുകൾ എതിർത്തിരുന്നു! ഹാൻഡ് വാഷിങ് ഒരു സാമ്രാജ്യത്വ - നിയോ ലിബറൽ അജണ്ടയത്രേ! അത് കുത്തക സോപ്പുകമ്പനികൾക്ക് ലാഭം ഉണ്ടാക്കാനുള്ള പദ്ധതി; ആരോപണവുമായി പാഠം സുധീഷും എം എൻ വിജയനും അടക്കമുള്ള ബുദ്ധിജീവികൾ; പരിഷത്തിനെ ചാരസംഘടനയാക്കുന്നതിലൂടെ ഐസക്കിനെ വെട്ടി പിണറായിയെ നിലം പരിശാക്കാൻ വിഎസും; കോവിഡ് കാലത്ത് കേരളം മറന്നുപോയ ഒരു ഈ'സോപ്പ്'കഥയിങ്ങനെ

എം മാധവദാസ്

തിരുവനന്തപുരം: ട്രാക്ടറും, കൊയ്ത്തുയന്ത്രവും, കല്ലൂവെട്ട് യന്ത്രവും തൊട്ട് കമ്പ്യൂട്ടർവരെയുള്ളതിനെ എതിർത്തതിന്റെപേരിൽ എറെ പഴികേട്ടവരാണ് കേരളത്തിലെ കമ്യൂണിസ്റ്റുകാർ. പഴയ കമ്പ്യൂട്ടർ സമരമൊക്കെ തെറ്റായിപോയിരുന്നെന്ന് സിപിഎം പിന്നീട് സ്വയം വിമർശനത്തിന്റെ ഭാഗാമായി സമ്മതിച്ചതാണ്. ശാസ്ത്ര സാങ്കേതിക വിദ്യയിലെ ഓരോ പുരോഗതിയെയും അന്ധമായി എതിർക്കുന്ന ഒരുഭാഗത്തായിരുന്നു എക്കാലത്തും കേരളത്തിലെ ഒരു വിഭാഗം കമ്യൂണിസ്റ്റുകൾ നിലകൊണ്ടത്. ഇപ്പോഴും വാകസിൻ എടുത്തിട്ടില്ല എന്നു പറയുന്ന എം പി പോലും ശാസ്ത്രബോധത്തിലെ ചാമ്പ്യന്മാർ എന്ന് നടിക്കുന്ന സിപിഎമ്മിൽ വരെയുണ്ട്.

ട്രാക്ടറിനെയും ട്രില്ലറിനെയും കമ്പ്യൂട്ടറിനെയും ഒക്കെ എതിർത്തിന് ഒരു വലിയ വിഭാഗത്തിന് ജോലി നഷ്ടമാവും എന്ന കാരണത്തിന്റെ പേരിലെങ്കിലും പറഞ്ഞ് പിടിച്ചു നിൽക്കാം. പക്ഷേ കേരളത്തെ ഇന്ന് കൊറോണയിൽനിന്ന് രക്ഷിച്ച സോപ്പുപയോഗിച്ച് കൈ കഴുകന്നതിനെ ഒരു വിഭാഗം തീവ്ര കമ്യുണിസ്ററുകൾ എതിർത്തുവെന്നും ഇത് സാമ്രാജ്വത്വ ശക്തികളുടെയും കുത്തകകളുടെയുും ഗൂഢാലോചന ആയിരുന്നെന്നും പ്രചരിപ്പിച്ചിരുന്നുവെന്നും ഓർത്താൽ ഇന്ന് നടുങ്ങിപ്പോകും. പാഠം സുധീഷിന്റെയും എം എൻ വിജയന്റെയും നേതൃത്വത്തിലുള്ള ഒരു സംഘം നടത്തിയ ഈ പ്രചാരണത്തിന് സിപിഎമ്മിൽ വി എസ് അച്യുതാനന്ദന്റെ പിന്തുണയും ഉണ്ടായിരുന്നു. സോപ്പു ഉപേയോഗിച്ച് കൈ കെഴുകൽ കാമ്പയിന് നേതൃത്വം കൊടുത്ത ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ചാര സംഘടനയാക്കാനുള്ള പ്രവർത്തനങ്ങളുടെ തുടക്കവും അവിടെ നിന്നായിരുന്നു.

സോപ്പും ഒരു സാമ്രാജ്യത്വ അജണ്ട

ലോകാരോഗ്യ സംഘടന 1999ൽ നടപ്പാക്കിയ ഒരു ആഗോള വ്യാപകമായ കാമ്പയിനായിരുന്നു സോപ്പ് ഉപയോഗിച്ച് കൈഴുകൽ. നോക്കുക, കൊറോണക്ക് എത്രയോ വർഷങ്ങൾ മുമ്പായിരുന്നു അത്. കൈകൾ നന്നായി വൃത്തിയാക്കിയാൽ നിരവധി വൈറസ് രോഗങ്ങൾ ഒറ്റയടിക്ക് ഇല്ലാതാക്കാം എന്നായിരുന്നു ആ കാമ്പയിനിന്റെ ലക്ഷ്യം. ആഫ്രിക്കയിലും ഇന്ത്യയിലും അടക്കം ലക്ഷക്കണക്കിന് കുട്ടികൾ മരിക്കുന്ന ഒരു പാട് രോഗങ്ങൾ തടയാമെന്നായിരുന്നു ഇതിന്റെ ലക്ഷ്യം. അതിന്റെ ഭാഗമായി ന്യുഡൽഹിയിൽ കൈ കഴുകുന്നതിനെ കുറിച്ച് പ്രമുഖർ പങ്കെടുത്ത സെമിനാറും നടന്നു. ഇതോടെ ലൈഫ് ബോയ് അടക്കമുള്ള സോപ്പുകൾ ഉണ്ടാക്കുന്ന യൂണി ലിവർ കമ്പനി ഈ പദ്ധതിയുമായി സഹകരിക്കാമെന്ന് പറഞ്ഞു. ബിൽ ഗേറ്റ്സ് ഫൗണ്ടേഷൻ, ഗ്രീൻ പീസ് ഫൗണ്ടേഷൻ എന്നിവയൊക്കെ കാമ്പയിനിന്റെ ഭാഗമായി സഹായിക്കാമെന്നും പറഞ്ഞു. ഇന്ത്യയുടെ മാത്രമല്ല വികസ്വര രാജ്യങ്ങളിലെ ഓരോ മുക്കിലും മൂലയിലും വരെ സോപ്പ് ഉപയോഗിച്ച് കൈ കെഴുകുന്ന ശീലം എത്തിക്കയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ലോകബാങ്കിന്റെയും ലോകത്തിലെ പ്രമുഖരായ സെലിബ്രിറ്റികളുടെ സഹായവും ഈ പദ്ധതിക്ക് ഉണ്ടായിര്ുന്നു.

ഒന്ന് ചിന്തിച്ചുനോക്കുക. അന്ന് ഈ കാമ്പയിൻ വിജയിച്ചിരുന്നുവെങ്കിൽ ലോകത്തിന് കൊറോണയെ ഫലപ്രദമായി നിയന്ത്രിക്കാൻ കഴിയുമായിരുന്നു. അഭ്യസ്ഥ ൃവിദ്യരായ കേരളീയർ പോലും എങ്ങനെ കൈ കഴുകണമെന്ന് പഠിച്ചത് ഈ കോവിഡ് കാലത്താണ്. വെറും ഒന്ന് നനച്ചുപോകുന്നതിന് പകരം ഉള്ളംകൈയും പുറംകൈയും ചേർത്ത് തിരുമ്മിയും വിരലുകൾക്കിടയിൽ വൃത്തിയാക്കിയുമുള്ള 20 സെക്കൻഡ് സമയം എടുത്തുകൊണ്ടുള്ള, കോവിഡ് കാലത്തെ കൈ കഴുകൽ തന്നെയാണ് രണ്ട് ദശാബ്ദം മുമ്പ് ലോകാരോഗ്യ സംഘടന പരിചയപ്പെടുത്തിയത്. ഇതിന്റെ ലൈവ് ഡെമോ ആയിരുന്നു ന്യൂഡൽഹിയിൽ നടന്നത്.

കേരളത്തിൽ ശാസ്ത്രസാഹത്യ പരിഷത്ത് സോപ്പ് ഉപയോഗിച്ച് കൈ കഴുകൽ ആ സമയത്തുതന്നെ ഒരു കാമ്പയിനായി ഏറ്റെടുത്തു. അപ്പോഴേക്കാണ് തീവ്ര ഇടതുബുദ്ധി ജീവികൾ 'നിയോലിബറൽ' പ്രശ്നങ്ങൾ ഉന്നയിച്ച് ആ കാമ്പയിനെ തന്നെ കലക്കിക്കളഞ്ഞത്. യൂണിലിവറും ഹിന്ദുസ്ഥാൻ ലിവറും പോലത്തെ കുത്തക ബൂർഷ്വാ കമ്പനികളെ പ്രോൽസാഹിപ്പിക്കാൻ നടത്തുന്ന പരിപാടിയാണ് ഇതെന്നും, പരിഷത്തിന് ഇതിന് കോടികളുടെ ഫണ്ട് കിട്ടുന്നുണ്ട് എന്നുമായിരുന്നു പാഠം സുധീഷിനെപ്പോലുള്ളവർ ആരോപിച്ചത്. കേരളത്തിൽ ഏറ്റവും കൂടുതൽ ആദരിക്കപ്പെടുന്ന ബുദ്ധിജീവികളിൽ ഒരാളായ എം എൻ വിജയനും ഈ വാദത്തെ പിന്തുണച്ചു. നമ്മൾ ഇത്രയും കാലം സോപ്പ് ഉപയോഗിച്ചാണോ, കൈ കഴുകിയത്, എന്നിട്ട് വല്ല കുഴപ്പവും ഉണ്ടായോ ഈ രീതിയിലാണ് വരട്ടുവാദങ്ങൾ നീങ്ങിയത്. പിണറായി വിരുദ്ധത ശകതമായിരുന്ന ആ കാലത്ത് ഈ പ്രത്യയശാസ്ത്ര വാദങ്ങൾ ഉന്നയിക്കുന്നവർ ഒക്കെ വി എസ് പക്ഷക്കാരും ആയി ചിത്രീകരിക്കപ്പെട്ടു. അങ്ങനെ സോപ്പിട്ട് കൈ കഴുകണമെന്ന് വാദിക്കുന്നവർ ഫലത്തിൽ സാമ്രാജ്യത്വവാദികളും അഞ്ചാപത്തികളുമൊക്കെയായി മാറി.

സത്യത്തിൽ ഈ കാര്യങ്ങൾക്കൊന്നും പരിഷത്തിന് നയാ പൈസ ഫണ്ട് കിട്ടിയിരുന്നില്ല. മാത്രമല്ല സ്വന്തമായി സോപ്പുകൾ ഉൽപ്പാദിപ്പിച്ച് അതായിരുന്നു, പരിഷത്ത് പ്രചരിപ്പിച്ചിരുന്നത്. പക്ഷേ ആരോപണം കടുത്തതോടെ കേരളത്തിലെ ഏറ്റവും വലിയ ജനകീയ പ്രസ്ഥാനത്തിന്റെ അമരക്കാരും പിറകോട്ടടിച്ചു. സോപ്പ് ഉപയോഗിച്ച് കൈ കഴുകൽ കാമ്പയിൽ അങ്ങനെ അലിഞ്ഞ് ഇല്ലാതാവുകയും ചെയ്തു. എന്നാൽ ഗൂഢാലോചനാ സിദ്ധാന്തക്കാർക്ക് ഇതൊരു ടെസ്റ്റ് ഡോസ് ആയിരുന്നു. ആരെയും സ്വാമ്രാജ്യത്വ ഏജന്റും ചാരനും ആക്കി അപമാനിക്കനുള്ള നീക്കങ്ങൾ അവിടെ നടന്നു. ഇതിനൊക്കെ പരോക്ഷ രാഷ്ട്രീയ പിന്തുണ കൊടുത്തുമാകട്ടെ വി എസ് അച്യുതാനന്ദനും ആയിരുന്നു. പിണറായി വിജയനെ തകർക്കാനുള്ള പ്രത്യയശാസ്ത്ര മറയായിരുന്നു വിഎസിന് ഈ ചാര രാഷ്ട്രീയം. പക്ഷേ അതിന് കേരള വലിയ വിലയാണ് കൊടുക്കേണ്ടി വന്നത്.

പരിഷത്ത് എന്ന ചാരസംഘടന

പ്രശ്നങ്ങൾ അവിടെ കൊണ്ട് തീർന്നില്ല. ജനകീയ ശാസ്ത്ര പ്രസ്ഥാനമായ പരിഷത്തിനെ ചാരസംഘടനയാക്കി മാറ്റാനാണ് പിന്നീട് തീവ്ര ഇടതന്മാർ ശ്രമിച്ചത്. നല്ലൊരു ഭാഗം അംഗങ്ങളും ഇടതുപക്ഷാനുഭാവികളായതു കൊണ്ട് ആരംഭകാലം മുതൽക്കെ തന്നെ പരിഷത്ത് ഒരു ഇടതു പക്ഷ പോഷക സംഘടനയായി ആരോപിക്കപ്പെട്ടിട്ടുണ്ട്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഐ.ആർ.ടി.സി പങ്കാളിയായ പി.എൽ.ഡി.പി പദ്ധതിക്ക് നെതർലന്റ് സർക്കാർ നൽകിയ പണം വിദേശ ഫണ്ട് ആണെന്ന് പാഠം മാസിക ആരോപിക്കുകയുണ്ടായി. കേരളത്തിലെ പ്രമുഖ ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ് (സിഡിഎസ്)ആണ് പി.എൽ.ഡി.പി പദ്ധതിക്ക് കെ.ആർ.പി.എൽ.എൽ.ഡി പരിപാടിയിലുൾപ്പെടുത്തി ധനസഹായം അനുവദിച്ചിരുന്നത്. ഇത് ചാര പ്രവർത്തനം ആണെന്നണ പ്രൊഫസർ എസ് സുധീഷും പാഠം മാസികയും ആരോപിച്ചത്. ഇത് പരിഷത്തിന്റെ പ്രവർത്തനങ്ങളെ ഒട്ടൊന്നുമ്മല്ല പിറകോട്ട് അടിപ്പിച്ചത്.

തുടർന്നങ്ങോട്ട് ചാരപ്പണിയുടെയും സാമ്രാജ്വത്വ ദാസ്യവേലയുടെയും ആരോപണ വർഷങ്ങളായിരുന്നു. കൊട്ടിഘോഷിക്കപ്പെട്ട ജനകീയ ആസൂത്രണം പോലും സാമ്രാജ്വത്വ അജണ്ടയായി. ജനകീയാസൂത്രണം ലോകബാങ്ക് അജണ്ടയാണെന്നായിരുന്നു എം. എൻ.വിജയനും അദ്ദേഹം എഡിറ്റ് ചെയ്ത 'പാഠം' മാസികയും പറഞ്ഞുകൊണ്ടിരുന്നത്. പഞ്ചായത്തുകളുടെ വിഭവ ഭൂപട നിർമ്മാണം വഴി സിപിഎം കേരളത്തെ വിദേശരാജ്യങ്ങൾക്ക് അടിയറവെക്കുകയാണെന്നായിരുന്നു വിജയന്മാഷിന്റെ ലേഖനങ്ങളിലെ പ്രധാനവാദം. 'ടെക്നോക്രാറ്റിക് ഇമ്പീരിയലിസം' എന്നൊക്കെയാണ് അദ്ദേഹം വിഭവ ഭൂപടമുണ്ടാക്കിയതിനെ തിയറൈസ് ചെയ്തത്!

കേരളത്തിലെ അധികാര വികേന്ദ്രീകരണപ്രക്രിയയെക്കുറിച്ചു പഠിക്കാനെത്തിയ മോണ്ട്ക്ലെയർ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായിരുന്ന റിച്ചാർഡ് ഫ്രാങ്കിയുടെ വെബ്സൈറ്റിനകത്ത് ഏതോ രേഖയിലെ അവലംബത്തിൽ യു.എസ്. എയിഡിന്റെ ലിങ്ക് ഉണ്ടെന്നും അതിന്റെ അർത്ഥം അയാൾ ലോകബാങ്കിന്റെയും സിഐഎയുടെയും ചാരനാണെന്നും ഇവർ പ്രചരിപ്പിച്ചു. റിച്ചാർഡ് ഫ്രാങ്കിയുമായി ചേർന്ന് പുസ്തകമെഴുതിയ ഡോ. തോമസ് ഐസക്കിനെ അതുവഴി സാമ്രാജ്യത്വചാരനായി മുദ്രകുത്തിയതും ഇതേ എം.എൻ. വിജയൻ തന്നെയായിരുന്നു. ഇത് വിഎസും ഏറ്റുപിടിച്ചതോടെ സിപിഎമ്മിനകത്തും വൻ വിവാദമായി. തുടർന്ന് നാലാംലോക വിവാദം കുത്തിപ്പൊക്കി എം പി പരമേശ്വരനെയും, ഡോ ബി ഇഖബാലിനെയും, ജോയ് ഇളമണിനെയും സിപിഎമ്മിൽനിന്ന് പുറത്താക്കി. അന്ന് പ്രൊഫസർ എസ് സുധീഷ് പറഞ്ഞത് ഇങ്ങനെയാണ്- 'പാഠം മാസിക പുറത്തുകൊണ്ടുവന്ന സത്യങ്ങൾ ഒന്നൊന്നായി പാർട്ടി അംഗീകരിക്കുകയാണിപ്പോൾ. പരിഷത്തിന്റെ പ്രമുഖരായ മൂന്ന് നേതാക്കളാണ് ഇപ്പോൾ പുറത്തായത്. ഇനി തോമസ് ഐസക്കും സി.പി. നാരായണനും പാർട്ടിക്കുള്ളിൽ കടിച്ചുതൂങ്ങുന്നത് ലജ്ജാകരമാണ്.സിഐഎ ഏജന്റ് റിച്ചാർഡ് ഫ്രാങ്കിയും തോമസ് ഐസക്കും രൂപം നല്കിയ അമേരിക്കൻ സാമ്രാജ്യത്വപദ്ധതികൾക്ക് വേണ്ടിയാണ് ഡോ.ഇക്‌ബാലും ജോയി ഇളമണും പ്രവർത്തിച്ചത്. പാർട്ടിവിരുദ്ധപ്രവർത്തനം നടത്തുന്നതിന് തോമസ് ഐസക്കിന്റെ ബിനാമിയാണ് ഡോ. ജോയി ഇളമൺ.- 'സുധീഷ് ആരോപിച്ചു.

ശാസ്ത്ര സാഹിത്യ പരിഷത്ത് വിദേശ ചാര സംഘടനയാണ് എന്ന് പാഠം മാസിക എഴുതിയതിനേത്തുടർന്ന് പരിഷത്ത് നൽകിയ മാന നഷ്ടക്കേസ് കോടതി തള്ളുകയുണ്ടായി. അതേത്തുടർന്ന് നടത്തിയ വാർത്ത സമ്മേളനത്തിലാണ് വിജയൻ മാഷ് മരണമടഞ്ഞത്. ഇതോടെ സമൂഹത്തിൽ വില്ലൻ ചിത്രമാണ് പരിഷത്തിന് കിട്ടയത്. കോടതിയാകട്ടെ കേസിന്റെ മെറിറ്റിലേക്ക് കടക്കാതെ അഭിപ്രായ സ്വാതന്ത്ര്യം എന്ന വിശാലമായ വകുപ്പിൽ പെടുത്തിയാണ് കേസ് തള്ളിയത്. പക്ഷേ പരിഷത്തിന്റെ ഈ പിറകോട്ടടി കേരളത്തിന്റെ ശാസ്ത്രബോധത്തെ തന്നെയാണ് ബാധിച്ചത്.

കേരളത്തെ രക്ഷിച്ചത് കൈ കഴുകൽ

സത്യത്തിൽ ഇപ്പോൾ കോവിഡിൽ കേരളം പിടിച്ചു നിൽക്കാൻ കാരണം കൈ കഴുകുന്ന ശീലം ഉള്ളതുകൊണ്ടാണെന്ന് വിദേശ മാധ്യമങ്ങൾ വിലയിരുത്തിയിട്ടുണ്ട്്. കത്തിയും മുള്ളും ഉപയോഗിക്കുന്നതിനാൽ വിദേശികൾക്ക് കൈ കഴുകേണ്ടി വരുന്നില്ല. ഒപ്പം ചുംബിച്ചും കെട്ടിപ്പിടിച്ചും സംബോധനചെയ്യുന്ന അവരുടെ ശീലവും വൈറസ് പടരുന്നതിന് ഇടയാക്കിയെന്ന് ഇറ്റലിയിൽനിന്നുള്ള പഠനങ്ങൾ പറയുന്നു.

ഈ ദുഷ്പ്രചാരണം എല്ലാം ഉണ്ടായിട്ടും കൈ കഴുകൽ പരിപാടി ലോകത്തിൽ മുന്നേറുക തന്നെയാണ് ചെയ്തത്. കൈകഴുകൽ ശീലം പ്രചരിപ്പിക്കുന്നതിലേയ്ക്കായി വിവിധ അന്താരാഷ്ട്ര സംഘടനകൾ എല്ലാ വർഷവും ഒക്ടോബർ 15 നു ആചരിക്കുന്ന ദിനമാണ് ലോക കൈകഴുകൽ ദിനം. 2008 ൽ ആണ് ഇതിന്റെ ആരംഭം. 2008 ൽ സച്ചിൻ ടെണ്ടുൽക്കർ നേതൃത്വം കൊടുത്ത ഇന്ത്യയിലെ പ്രചാരണ പരിപാടികളിൽ 100 മില്യൺ സ്‌കൂൾ കുട്ടികൾ പങ്കെടുത്തു. വെള്ളം, സോപ്പ്, കൈകൾ എന്നിവ ചേർന്ന ചിത്രമാണ് ഈ സംരംഭത്തിന്റെ ചിഹ്നം.

വയറിളക്കം, ന്യൂമോണിയ എന്നിവയാണ് ശിശു മരണങ്ങൾക്കുള്ള പ്രധാന കാരണം. ഈ രോഗങ്ങൾ മൂലം പ്രതിവർഷം മൂന്നര മില്യൺ ശിശു മരണങ്ങൾ ഉണ്ടാകുന്നു എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. ഭക്ഷണം കഴിക്കുന്നതിനു മുൻപും ,കക്കൂസിൽ പോയതിനു ശേഷവും, വെള്ളവും സോപ്പും ഉപയോഗിച്ച് നല്ലപോലെ കൈ കഴുകുന്ന ശീലം കൊണ്ട് മാത്രം, പ്രതിരോധ കുത്തി വെയ്‌പ്പ് കൊണ്ടും മറ്റു വൈദ്യ ഇടപെടലും കൊണ്ട് രക്ഷിക്കുന്നതിലും കൂടുതൽ കുട്ടികളെ രക്ഷപ്പെടുത്താം. അതോടൊപ്പം 50 % ശിശുമരണങ്ങളും ഇല്ലാതാക്കാം എന്നാണു ഗവേഷണങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്.

വൃത്തി ഉള്ള കൈകൾ ജീവൻ രക്ഷിക്കുന്നു എന്നതായിരുന്ന സന്ദേശം. ഭക്ഷണ പാനീയങ്ങളിൽ തൊടുന്നതിനു മുൻപും കക്കൂസിൽ പോയശേഷവും കൈകൾ കഴുകിയിരിക്കണം. കൈ നല്ലത് പോലെ നനച്ചതിനു ശേഷം സോപ്പ് പത കൊണ്ട് 20 സെക്കന്ടെങ്കിലും പതപ്പിക്കുക. അതിനു ശേഷം ഒഴുക്ക് വെള്ളത്തിൽ കൈ കഴുകുക എന്നാണ് ശാസ്ത്രീയ രീതി.

ശാസ്ത്രീയമായി കൈ കഴുകന്നത് എങ്ങനെ?

്ആദ്യം ഉള്ളം കൈയിൽ കുറച്ച് വെള്ളം എടുത്ത് സോപ്പ് ഉപയോഗിച്ച് പതപ്പിക്കുക.
പുറം കൈ രണ്ടു മാറി മാറി തേക്കുക.
പുറം കൈകൾ തടവിക്കഴിയുമ്പോൾ കൈ വിരലുകൾക്കിടയിൽ തേക്കുക.
ശേഷം തള്ള വിരലുകൾ തേക്കുക.
നഖങ്ങൾ തമ്മിൽ ഉരയ്ക്കുക.
വിരലുകളുടെ പുറകു വശം നന്നായി തേക്കുക.
കൈക്കുഴ ഉരയ്ക്കുക.
നന്നായി വെള്ളം ഒഴിച്ച് സോപ്പു പതയും കൈയും കഴുകി തുടക്കുക.

ഫലപ്രദമായി കൈകഴുകുന്ന രീതിയാണ് മേലെ കൊടുത്തിരിക്കുന്നത്. ദിവസവും ഭക്ഷണം കഴിച്ചതിന് ശേഷം അല്ലെങ്കിൽ രോഗി പരിചരണത്തിന് ശേഷവും കൈ കഴുകിയെന്ന് വരുത്തിത്തീർക്കാതെ ഇത്തരത്തിൽ നന്നായി തന്നെ കൈ കഴുകാൻ ശ്രദ്ധിക്കുക. നമ്മുടെ ആരോഗ്യമാണ് എല്ലാത്തിനേക്കാളും മുഖ്യം.സോപ്പ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വച്ചാൽ അണു നാശിനി അടങ്ങിയ സോപ്പാണ് ഉപയോഗിക്കേണ്ടത്. ഹോട്ടലുകളിലും മറ്റും പലരും ഉപയോഗിച്ച് തഴഞ്ഞ സോപ്പായിരിക്കും ഇരിക്കുന്നത്. ഇത് എത്രത്തോളം ഫലം ചെയ്യുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. കാരണം എല്ലാവരുടെയും കൈ കഴുകുന്നതിലൂടെ ഒരുപാട് അണുക്കൾ അതിൽ അടിഞ്ഞു കൂടാൻ സാധ്യത കൂടുതലാണ്.

കൈ കഴുകുമ്പോൾ എത്ര വട്ടം കൈ കഴുകണം എന്ന് സംശയം ഉണ്ടാകും. എത്ര വട്ടം കൈ കഴുകണം എന്നല്ല എങ്ങനെ കൈ കഴുകി എന്നതാണ് പ്രധാനം. മേൽപ്പറഞ്ഞ വഴികളിൽ കൂടി കൈ കഴുകാൻ പരമാവധി ശ്രദ്ധിക്കുക.എത്ര വട്ടം കൈ കഴുകണം എന്നതിനേക്കാൾ ഉപരിയായി ഏതൊക്കെ അവസരങ്ങളിലാണ് കൈ കഴുകേണ്ടത് എന്നാണ് തീരുമാനിക്കേണ്ടത്. ടോയ്‌ലറ്റിൽ കയറിയാലും സോപ്പ് ഉപയോഗിച്ച് കഴുകണം, രോഗികളുമായി സമ്പർക്കം ഉണ്ടാകുമ്പോഴും കൈ കഴുകണം, പുറത്ത് പോയി വരുമ്പോഴും കൈ കഴുകേണ്ടത് അത്യാവശ്യമാണ

ഏറ്റവും കൂടുതൽ അണുക്കൾ ഉള്ള ഇടങ്ങളാണ് കമ്പ്യൂട്ടർ കീ ബോർഡും മൊബൈൽ ഫോണും. ആരോഗ്യ വിദഗ്ദർ നടത്തിയ പഠനത്തിൽ പറയുന്നത് ടോയ്‌ലറ്റ് സീറ്റിലുള്ളതിനേക്കാൾ 18 മടങ്ങ് രോഗാണുക്കൾ മൊബൈലുകളിൽ ഉണ്ടാകുമെന്നാണ്. മൗസ്, പേന, പണം തുടങ്ങിയവയിലും ഇത്തരത്തിൽ അണുക്കൾ ധാരാളം പറ്റിപ്പിടിച്ചുണ്ടാകുംഓഫീസിനകത്താണെങ്കിലും പുറത്താണെങ്കിലും അല്ലെങ്കിൽ യാത്രയ്ക്കിടയിലാണെങ്കിലും കൈ വൃത്തിയാക്കാതെ സ്‌നാക്‌സോ മറ്റോ വാങ്ങിക്കഴിക്കുമ്പോൾ ഒരുപറ്റം അണുക്കളും നമ്മളറിയാതെ ശരീരത്തിൽ കടക്കുന്നുണ്ടെന്ന് ഓർക്കുക. കൂടാതെ ഹോട്ടലുകളിൽ റിസപ്ഷനിൽ വെച്ചിട്ടുള്ള ജീരകം കൈയിട്ട് കഴിക്കുന്നവരും ഒന്ന് ശ്രദ്ധിക്കുന്നതും നല്ലതാണ്. പലരും ഇത്തരത്തിൽ കൈയിട്ട് കഴിച്ചതിലൂടെ ഒരുപാട് രോഗാണുക്കൾ അതിൽ അടങ്ങിയിരിക്കാൻ സാധ്യത കൂടുതലാണ്.

അതായത് ഇന്നും ലോകത്തിലെ ഏറ്റവും നല്ല രോഗ പ്രതിരോധ ശീലമായാണ് സോപ്പ് ഉപയോഗിച്ച് കൈ കഴുകൽ. പക്ഷേ അതിന് സാമ്രാജത്വ അജണ്ടയും കുത്തകളുടെ ലാഭത്തിനായുള്ള തട്ടിപ്പുമൊക്കെയായി കണ്ട കേരളത്തിലെ 'ബുദ്ധിജീവികൾ' എന്തൊരു ദുരന്തമായിരുന്നെന്നും ഈ ഘട്ടത്തിൽ ഓർക്കണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP