Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കണക്കിൽ പെടുത്തിയില്ലെങ്കിലും ആയിരങ്ങളെ വിഷം കുത്തി കൊന്ന് ഒന്നാം സ്ഥാനം നിലനിർത്തി ചൈന; 251 പേർക്ക് വധശിക്ഷ ഉറപ്പാക്കി ഇറാനും 184 പേരുടെ ജീവനെടുത്ത് സൗദിയും രണ്ടും മൂന്നും സ്ഥാനത്തേക്ക്; 22 പേരെ തൂക്കിലേറ്റി അരബ്-ആഫ്രിക്കൻ രാജ്യങ്ങൾക്കൊപ്പം അമേരിക്കയും; ഒരാളെ പോലും തൂക്കി കൊല്ലാതെ ഇന്ത്യ; പോയ വർഷം കഴുമരമേറിയവരുടെ കഥ

കണക്കിൽ പെടുത്തിയില്ലെങ്കിലും ആയിരങ്ങളെ വിഷം കുത്തി കൊന്ന് ഒന്നാം സ്ഥാനം നിലനിർത്തി ചൈന; 251 പേർക്ക് വധശിക്ഷ ഉറപ്പാക്കി ഇറാനും 184 പേരുടെ ജീവനെടുത്ത് സൗദിയും രണ്ടും മൂന്നും സ്ഥാനത്തേക്ക്; 22 പേരെ തൂക്കിലേറ്റി അരബ്-ആഫ്രിക്കൻ രാജ്യങ്ങൾക്കൊപ്പം അമേരിക്കയും; ഒരാളെ പോലും തൂക്കി കൊല്ലാതെ ഇന്ത്യ; പോയ വർഷം കഴുമരമേറിയവരുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വധശിക്ഷക്കെതിരെ ലോകമെമ്പാടുനിന്നും എതിർപ്പുകൾ ഉയരുമ്പോഴും പല രാജ്യങ്ങളിലും അത് ഇന്നും നിർവിഘ്നം തുടരുകയാണ്. കഴിഞ്ഞ വർഷം ഏറ്റവുമധികം പേർക്ക് മരണം വിധിച്ചത് ചൈനയിൽ ആയിരുന്നു എന്ന് മനുഷ്യാവകാശങ്ങൾക്കായി പോരാടുന്ന അന്താരാഷ്ട്ര സംഘടനയായ ആംനെസ്റ്റി ഇന്റർനാഷണൽ പറയുന്നു. കൃത്യമായ കണക്ക് പുറത്ത് വന്നിട്ടില്ലെങ്കിലും ആയിരങ്ങളെയാണ് കഴിഞ്ഞ വർഷം ചൈന വധിച്ചത് എന്നാണ് ആംനസ്റ്റി ഇന്റർനാഷണൽ പറയുന്നത്.ഇതിൽ രണ്ടാംസ്ഥാനം 251 പേർക്ക് തൂക്കുകയർ ഉറപ്പാക്കിയ ഇറാനാണ്.

വധശിക്ഷക്കെതിരെ ധാരാളം വ്യക്തികളും സംഘടനകളും രംഗത്ത് വന്ന കഴിഞ്ഞ വർഷം തൊട്ടു മുൻപത്തെ വർഷത്തേക്കാൾ 5% കുറവ് വധശിക്ഷകളാണ് നടപ്പാക്കിയത്. കഴിഞ്ഞ 10 വർഷങ്ങളിൽ ഏറ്റവും കുറവ് വധശിക്ഷകൾ. പക്ഷെ, അതിൽ ചൈനയിലെ, സംശയിക്കപ്പെടുന്ന ആയിരങ്ങളുടെ മരണം ഉൾപ്പെടുന്നില്ല. കാരണം ചൈന അതെല്ലാം രഹസ്യമായി വച്ചിരിക്കുകയാണ്. ഇറാനിൽ തൂക്കിക്കൊന്ന 251 പേരിൽ രണ്ടുപേർ 18 വയസ്സിൽ താഴെയുള്ളവരായിരുന്നു എന്നും ആംനസ്റ്റി പറയുന്നു.

ഇക്കാര്യത്തിൽ മൂന്നാം സ്ഥാനത്തുള്ള സൗദി അറേബ്യയിൽ 184 പേരെയാണ് വധിച്ചത്. 2018 ന് ശേഷം നടപ്പാക്കിയ വധശിക്ഷകളുടെ കാര്യത്തിൽ ക്രമമായ വർദ്ധനവാണ് സൗദി അറേബ്യയിൽ കാണിക്കുന്നത്. മൊത്തം 20 രാജ്യങ്ങളാണ് കഴിഞ്ഞ വർഷം വധ ശിക്ഷ നടപ്പാക്കിയത്. ഒരു വധ ശിക്ഷപോലും കഴിഞ്ഞവർഷം നടപ്പാക്കാത്ത രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യ. ഈ വർഷം നിർഭയാ കേസിലെ നാല് പ്രതികളെ ഇന്ത്യ തൂക്കി കൊന്നിട്ടുമുണ്ട്.

ചൈനയിൽ മയക്ക് മരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്കും അക്രമസ്വഭാവമില്ലാത്ത കുറ്റങ്ങൾക്കും ആയിരങ്ങളെ വിഷം കുത്തിവച്ച് കൊന്നതായി സംഘടന ആരോപിക്കുന്നു. മരണശിക്ഷക്ക് വിധേയരാക്കുന്നവരുടെ എണ്ണം ചൈനയിൽ ഔദ്യോഗിക രഹസ്യമാണ്. അത്ര അക്രമസ്വഭാവമില്ലാത്ത, വളരെ ഗുരുതരമായ കുറ്റങ്ങളുടെ പട്ടികയിൽ വരാത്ത ചില കുറ്റങ്ങൾക്ക് കൂടി ചൈനയിൽ വധ ശിക്ഷ നൽകാം. ഏറ്റവും പുതിയ ട്രെൻഡും, ചെറിയ എണ്ണം കുറ്റങ്ങൾക്കായി വധശിക്ഷ ചുരുക്കുമെന്ന ഔദ്യോഗിക വാദവുമെല്ലാം വിലയിരുത്തിയാണ് ആംനസ്റ്റി ഇന്റർനാഷണൽ ചൈനയിൽ കണക്കിൽ എത്തിച്ചേർന്നിട്ടുള്ളത്.

251 വധശിക്ഷകൾ നടപ്പാക്കിയ ഇറാനിൽ പക്ഷെ 2018 ലേതിനേക്കാൾ ഇക്കാര്യത്തിൽ കുറവ് വന്നിട്ടുണ്ട്. ഇതിൽ ചുരുങ്ങിയത് 13 എണ്ണമെങ്കിലും നടപ്പാക്കിയത് പരസ്യമായായിരുന്നു എന്നും ആംനസ്റ്റി പറയുന്നു. ഇറാനിലെ കുറ്റവിചാരണയുടെ സുതാര്യതയേയും നിഷ്പക്ഷതയേയും ആംനസ്റ്റി ചോദ്യം ചെയ്യുന്നുണ്ട്.

ഇറാൻ, സൗദി അറേബ്യ, ബഹറിൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ പ്രതികളെന്ന് സംശയിക്കപ്പെടുന്നവരുടെ കൈയിൽ നിന്നും മൂന്നാംമുറകൾ ഉപയോഗിച്ച് വാങ്ങിക്കുന്ന കുറ്റസമ്മത മൊഴി തെളിവായി സ്വീകരിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ വധ ശിക്ഷവരെ വിധിക്കുന്നതായും ആംനസ്റ്റി ഇന്റർനാഷണൽ ആരോപിക്കുന്നുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് ഇറാനിലെ17 വയസ്സുള്ള മെഹ്ദി സൊഹ്രാബിഫർ, അമീൻ സെദാധട്ട് എന്നിവരെ തൂക്കിക്കൊന്ന സംഭവമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. 15 വയസ്സിൽ താഴെ ഉള്ളപ്പോൾ മാത്രമാണ് അവർ അറസ്റ്റ് ചെയ്യപ്പെട്ടതും, തീർത്തും അന്യായമായ വിചാരണ എന്ന് ആംനസ്റ്റി ഇന്റർനാഷണൽ പറയുന്ന വിചാരണക്ക് വിധേയരായതും.

തൊട്ടടുത്തുള്ള ഇറാഖിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വധശിക്ഷക്ക് വിധേയരാക്കിയവരുടെ എണ്ണം ഇരട്ടിയായെന്നും റിപ്പോർട്ടിൽ പറയുന്നു. 2018 ൽ 52 പേരെ വധശിക്ഷക്ക് വിധേയരാക്കിയപ്പോൾ 100 പേരെയാണ് 2019 ൽ വധശിക്ഷക്ക് വിധേയരാക്കിയത്. സൗദിയിൽ 2018 ൽ 149 പേരെയാണ് കൊന്നതെങ്കിൽ 2019 ൽ അത് 184 ആയി ഉയർന്നു. ഇതുവരെയുള്ള കണക്കുകളിൽ, പ്രതിവർഷ വധശിക്ഷകളുടെ കണക്കിൽ ഏറ്റവും ഉയർന്ന സംഖ്യയാണിത്. ഷിയാകൾക്കെതിരെ രാഷ്ട്രീയ ആയുധമാക്കി വധശിക്ഷ ഉപയോഗിക്കുന്ന പ്രവണത ഉയർന്ന് വന്നിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.35 പാക്കിസ്ഥാനികളും 20 യമൻ സ്വദേശികളും വധിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഏപ്രിൽ 23 ന് തീവ്രവാദ ബന്ധം ആരോപിച്ച് 37 പേരെ ഒരുമിച്ച് തൂക്കിക്കൊന്നതാണ് വധശിക്ഷകളുടെ എണ്ണം ഇത്രയധികം വർദ്ധിക്കാൻ കാരണമായത്.

പ്രധാനപ്പെട്ട പാശ്ചാത്യ രാജ്യങ്ങളിൽ വധശിക്ഷ നിലനിൽക്കുന്ന ഏക രാജ്യമായ അമേരിക്കയിൽ 22 പേരാണ് ശിക്ഷിക്കപ്പെട്ട് മരണമടഞ്ഞത്. അമേരിക്കയിലെ 21 സംസ്ഥാനങ്ങളിൽ വധശിക്ഷ നിരോധിച്ചിട്ടുണ്ട്. ഒമ്പത് പേരെ വധിച്ച ടെക്സാസാണ് ഇക്കാര്യത്തിൽ മുന്നിട്ട് നിൽക്കുന്നത്. അലബാമ, ജോർജിയ, ടെന്നീസീ തുടങ്ങിയ സംസ്ഥാനങ്ങളിൽ മൂന്നു വീതവിം ഫ്ലോറിഡയിൽ രണ്ടും മിസ്സോറിയിലും സൗത്ത് ഡക്കോട്ടയിലും ഒന്നു വീതവും വധശിക്ഷ നടപ്പാക്കി. ഇതുവരെ അമേരിക്കയിൽ ഏകദേശം 2581 പേരാണ് വധശിക്ഷ കാത്തുകിടക്കുന്നത്. അവരിൽ 728 പേർ വധശിക്ഷക്ക് താത്കാലികമായി നിരോധനം ഏർപ്പെടുത്തിയ കാലിഫോർണീയയിൽ ആണ്.

ബെലാറസാണ് വധശിക്ഷ നടപ്പാക്കിയ അവസാനത്തെ രാഷ്ട്രം. ഔദ്യോഗിക കണക്കുകൾ പുറത്ത് വിട്ടിട്ടില്ലെങ്കിലും ചുരുങ്ങിയത് രണ്ട് പേരെങ്കിലും 2019 ൽ ഇവിടെ വധശിക്ഷക്ക് വിധിക്കപ്പെട്ടു എന്നാണ് കരുതുന്നത്. ഇക്കാര്യത്തിൽ ബെലാറസ് സൂക്ഷിക്കുന്ന രഹസ്യ സ്വഭാവത്തേയും ആംനസ്റ്റി ഇന്റർനാഷണൽ വിമർശിക്കുന്നുണ്ട്.

നിർഭയ കേസിലെ നാല് പ്രതികൾക്ക് കഴിഞ്ഞ വർഷം വധശിക്ഷ ഉറപ്പായെങ്കിലും ഇന്ത്യ അത് നടപ്പാക്കിയത് 2020 ലാണ്. അതിനാൽ 2019 ൽ വധശിക്ഷ നടപ്പാക്കാത്ത രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യക്ക് സ്ഥാനം. ജപ്പാനിൽ മൂന്നുപേരാണ് കഴിഞ്ഞ വർഷം വധിക്കപ്പെട്ടത്. ഈജിത്, സൊമാലിയ, സൗത്ത് സുഡാൻ, യമൻ, സിംഗപ്പൂർ, ബഹറിൻ, ബംഗ്ലാദേശ്, ബോത്സ്വാന, സുഡാൻ, ഉത്തര കൊറിയ, സിറിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളാണ് കഴിഞ്ഞ വർഷം വധശിക്ഷ നടപ്പാക്കിയ മറ്റ് രാജ്യങ്ങൾ. 106 രാജ്യങ്ങളിൽ വധശിക്ഷക്ക് നിരോധനമുള്ളപ്പോൾ മറ്റ് 36 രാജ്യങ്ങളിൽ വധശിക്ഷ നിലവിലുണ്ടെങ്കിലും പ്രായോഗികമായി അത് നടപ്പിലാക്കുന്നില്ല.

2018 ൽ 632 പേരെ വധിച്ച പാക്കിസ്ഥാനിൽ 2019 ൽ വെറും 14 പേരെമാത്രമാണ് വധിച്ചത്. അതുപോലെ 2010 ന് ശേഷം ഇതാദ്യമായി അഫ്ഗാനിസ്ഥാനിൽ ഒരാൾ പോലും തൂക്കുമരത്തിലേറാതിരുന്നതും 2019 ൽ ആയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP