Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മരിച്ച പ്രിയപ്പെട്ടവനെ കാണാൻ കാത്തിരുന്നത് 39 ദിവസം; യാത്രാവിലക്ക് മറികടന്ന് അമേരിക്കയിൽ നിന്നെത്തി 28 ദിവസത്തെ ക്വാറന്റൈനും പൂർത്തിയാക്കി സുബയും മക്കളും സാജന് അന്ത്യ ചുംബനം നൽകി യാത്രയാക്കി

മരിച്ച പ്രിയപ്പെട്ടവനെ കാണാൻ കാത്തിരുന്നത് 39 ദിവസം; യാത്രാവിലക്ക് മറികടന്ന് അമേരിക്കയിൽ നിന്നെത്തി 28 ദിവസത്തെ ക്വാറന്റൈനും പൂർത്തിയാക്കി സുബയും മക്കളും സാജന് അന്ത്യ ചുംബനം നൽകി യാത്രയാക്കി

മറുനാടൻ മലയാളി ബ്യൂറോ

ചെങ്ങന്നൂർ: മരിച്ച പ്രിയപ്പെട്ടവനെ ഒരു നോക്ക് കാണാൻ ഈ അമ്മയും മക്കളും പിടഞ്ഞ മനസ്സുമായി കാത്തിരുന്നത് 39 ദിവസം. തൊട്ടടുത്ത് ഉണ്ടായിട്ടും ഒന്ന് എത്തി നോക്കാൻ പോലും ആവാതെ ഉള്ളു നീറ്റിയാണ് ആ അമ്മയും മക്കളും 28 ദിവസത്തെ ക്വാറന്റൈൻ ജീവിതവും താണ്ടിയത്. അമേരിക്കയിൽ നിന്നും വിവിധ കടമ്പകൾ കടന്ന് നാട്ടിലെത്തി ക്വാറന്റൈനും പൂർത്തിയാക്കിയാണ് നാട്ടിൽ മരിച്ച അമേരിക്കൻ മലയാളിയായ ഭർത്താവിനെ ഭാര്യയും മക്കളും അവസാനമായി കണ്ടത്.കല്ലിശ്ശേരി കല്ലുപാലത്തിങ്കൽ സാജന്റെ (61)

പ്രിയപ്പെട്ടവനെ അവസാനമായിക്കണ്ട് അന്ത്യചുബനം നൽകി യാത്രയാക്കിയപ്പോഴും മകനെത്താനായില്ലല്ലോ എന്ന വിഷമം ബാക്കിയായി. നാട്ടിൽ മരിച്ച അമേരിക്കൻ മലയാളിയായ കല്ലിശ്ശേരി കല്ലുപാലത്തിങ്കൽ സാജന്റെ (61) ശവസംസ്‌കാരമാണ് കൊറോണയെ തുടർന്നുള്ള തടസ്സങ്ങൾ കാരണം വൈകിയത്. 25 വർഷമായി അമേരിക്കയിലെ ഫ്്‌ലോറിഡയിൽ സ്ഥിരതാമസക്കാരാണ് ഹോട്ടൽ ബിസിനസ്സുകാരനായ സാജനും ഭാര്യ സുബ മക്കളായ ജിതിൻ, നേഹ, നവീന എന്നിവർ.

ആസ്തമ രോഗത്തിന്റെ ചികിത്സയ്ക്ക് കഴിഞ്ഞ സെപ്റ്റംബറിലാണ് സാജൻ നാട്ടിലെത്തിയത്. മാർച്ച് 14-ന് ചിങ്ങവനത്ത് വെച്ച് സാജൻ മരിച്ചു. വിവരമറിഞ്ഞെങ്കിലും അമേരിക്കയിലുള്ള കുടുംബത്തിന് നാട്ടിലെത്തുക ഒട്ടും എളുപ്പമായിരുന്നില്ല. കൊറോണ വ്യാപനം തീവ്രമായ അമേരിക്കയിൽ വിദേശയാത്ര വിലക്കിയതാണ് കാരണം. ഒരുപാട് കടമ്പകൾ കടന്നാണ് അമ്മയും മക്കളും ഒടുവിൽ നാട്ടിൽ എത്തിയത്.

സാജന്റെ മരണസർട്ടിഫിക്കറ്റ് നാട്ടിൽനിന്ന് ഇന്ത്യൻ എംബസി വഴി ഹാജരാക്കേണ്ടിവന്നു യാത്രാ അനുമതിക്കായി. ഒടുവിൽ അഞ്ചുദിവസം കഴിഞ്ഞ് 19-ന് ഇവർക്ക് വിസയും യാത്രാനുമതിയും ലഭിച്ചു. പക്ഷേ, അമേരിക്കൻ സൈന്യത്തിൽ ക്യാപ്റ്റനായ മൂത്ത മകൻ ജിതിന് അവധിപോലും ലഭിച്ചിട്ടില്ല. സുബയ്ക്കും രണ്ട് പെൺമക്കൾക്കും കടമ്പകൾ ഏറെ കടന്നതിനുശേഷമാണ് 23-ന് വെളുപ്പിനെ പൊലീസ് അകമ്പടിയോടെ കല്ലിശ്ശേരി കല്ലുപാലത്തിങ്കൽ വീട്ടിലെത്തിയത്.

ആരോഗ്യ വകുപ്പ് നിർദേശിച്ച 28 ദിവസം ഏകാന്തവാസവും കഴിഞ്ഞ് ചൊവ്വാഴ്ചയാണ് ഇവർ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന സാജന്റെ ചേതനയറ്റ ശരീരം ഒരുനോക്കു കണ്ടത്. രാവിലെ എട്ടരയോടെ വീട്ടിലെത്തിച്ച മൃതദേഹം അൽപ്പനേരം പൊതുദർശനത്തിന് വെച്ചു. ആളുകൾ കൂട്ടംകൂടാതെ നോക്കാൻ പ്രത്യേക ഏർപ്പാടുകൾ ചെയ്തിരുന്നു. സാനിറ്റൈസറും ഹാൻഡ്വാഷും വീടിനോട് ചേർന്ന് ഒരുക്കി.

നിയന്ത്രണങ്ങൾ പാലിക്കുന്നത് ഉറപ്പുവരുത്താൻ ആരോഗ്യവകുപ്പ് അധികൃതരും പൊലീസും എത്തിയിരുന്നു. പന്ത്രണ്ടരയോടെ മൃതദേഹം കല്ലിശ്ശേരി സെയ്ന്റ് മേരീസ് ക്നാനായ പള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചു. ചടങ്ങിനെത്താൻ സാധിക്കാത്ത മകനുവേണ്ടി പ്രത്യേക പ്രാർത്ഥനയും നടന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP