Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കള്ളവാറ്റുകാരെ പിടിക്കാൻ എക്സൈസ് ഡ്രോൺ പറത്തിയത് പ്രതിദിനം 500രൂപയും ചെലവും നൽകി; ആകാശ നിരീക്ഷണത്തിൽ കണ്ടെത്താനായത് പൊട്ടിയ കലവും കാലി കന്നാസുകളും; ഡ്രോൺ ഉടമകൾ പണം കൂടുതൽ ആവശ്യപ്പെട്ടതോടെ പണി പാളി; കൊല്ലം എക്‌സൈസിന്റെ കീഴിലുള്ള നാലു റേഞ്ചുകളിലും ഇനി ഡ്രോൺ നിരീക്ഷണമില്ല

കള്ളവാറ്റുകാരെ പിടിക്കാൻ എക്സൈസ് ഡ്രോൺ പറത്തിയത് പ്രതിദിനം 500രൂപയും ചെലവും നൽകി; ആകാശ നിരീക്ഷണത്തിൽ കണ്ടെത്താനായത് പൊട്ടിയ കലവും കാലി കന്നാസുകളും; ഡ്രോൺ ഉടമകൾ പണം കൂടുതൽ ആവശ്യപ്പെട്ടതോടെ പണി പാളി; കൊല്ലം എക്‌സൈസിന്റെ കീഴിലുള്ള നാലു റേഞ്ചുകളിലും ഇനി ഡ്രോൺ നിരീക്ഷണമില്ല

ആർ പീയൂഷ്

കൊല്ലം: വ്യാജ വാറ്റ് തടയാൻ ഡ്രോൺ നിരീക്ഷണം നടത്തിയ എക്‌സൈസിന്കിട്ടിയത് എട്ടിന്റെ പണി. വ്യാജ വാറ്റ് കണ്ടെത്തിയില്ല എന്ന് മാത്രമല്ല ഡ്രോൺ പറത്താൻ പണം കൂടി ചോദിച്ചതോടെ തൽക്കാലം നിരീക്ഷണ പറക്കൽ നിർത്തി വച്ചു. കൊല്ലം എക്‌സൈസിന്റെ കീഴിലുള്ള നാലു റേഞ്ചുകളിലായിരുന്നു ആകാശ നിരീക്ഷണം നടത്തി വന്നത്. വാറ്റുപകരണങ്ങൾ കണ്ടെത്തിയിരുന്നെങ്കിലും വ്യാജ വാറ്റ് കണ്ടെത്താൻ സാധിച്ചില്ല. അതിനാൽ അമിത ചെലവ് നടത്തിയുള്ള പരിശോധന വേണ്ടെന്നു വയ്ക്കുകയായിരുന്നു.

പറഞ്ഞതിലും കൂടുതൽ പണം നൽകണമെന്ന് ഡ്രോൺ ഉടമകൾ ആവശ്യപ്പെട്ടതോടെയാണ് വ്യാജ വാറ്റ് കണ്ടെത്താനുള്ള ആകാശ നിരീക്ഷണം നിർത്തിയതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പൊലീസിനു സൗജന്യമായി ചെയ്തു കൊടുത്ത സേവനത്തിന് പ്രതിഫലം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണു ഡ്രോൺ നിരീക്ഷണം നിർത്താൻ എക്‌സൈസ് തീരുമാനിച്ചത്. വ്യാജ വാറ്റു കേന്ദ്രങ്ങൾ കണ്ടെത്താനാണു കഴിഞ്ഞ 14 മുതൽ ജില്ലയിൽ ഡ്രോൺ നിരീക്ഷണം തുടങ്ങിയത്.

ലോക്ഡൗൺ ലംഘിക്കുന്നവരെ കണ്ടെത്താൻ പൊലീസായിരുന്നു ഡ്രോണുകളുടെ സഹായം ആദ്യം തേടിയത്. ഓൾ കേരള ഡ്രോൺ ഓപറേറ്റേഴ്‌സ് അസോസിയേഷനുമായി സഹകരിച്ചായിരുന്നു ഇത്. ഇതേ മാതൃകയിലാണു വ്യാജവാറ്റ് കണ്ടെത്താനായി
ഇവരുടെ സഹായം എക്‌സൈസ് തേടിയത്. ഡ്രോൺ ഓപറേറ്റർക്കു പ്രതിദിനം 500 രൂപയും മറ്റ് ചെലവുകളും നൽകിയിരുന്നതായി എക്‌സൈസ് അധികൃതർ പറയുന്നു. എന്നാൽ പ്രതിദിനം 2000 രൂപ നൽകിയാലേ ഡ്രോൺ പറത്താനാകൂ എന്ന നിലപാട് ഡ്രോൺ ഉടമകളെടുത്തു. ഇതോടെ നാലു റേഞ്ചുകളിൽ മാത്രം നടത്തിയ പദ്ധതി എക്‌സൈസ് അവസാനിപ്പിച്ചു. നാലു ദിവസത്തോളം നടത്തിയ നിരീക്ഷണത്തിൽ കിട്ടിയതാകട്ടെ വാറ്റുകാർ ഉപേക്ഷിച്ചു പോയ പൊട്ടിയ കലവും കുറച്ചു കന്നാസുകളും മാത്രം.

അതേ സമയം ജില്ലയിൽ വ്യാജ വാറ്റ് സജീവമാണ്. എക്‌സൈസ് പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ്. നിരവധി വ്യാജവാറ്റുകാരെ ഇതിനോടകം തന്നെ വലയിലാക്കി. ലോക്ഡൗൺ ഒരുമാസം തികയുമ്പോഴേക്കും കൊല്ലം ജില്ല സംസ്ഥാനത്തു മറ്റൊരു റെക്കോർഡ് തീർത്തു- സംസ്ഥാനത്ത് കോഴിക്കോട് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോട പിടിച്ചെടുത്ത ജില്ല എന്ന ബഹുമതിയാണ് ജില്ലക്ക് ലഭിച്ചിരുന്നത്. കോഴിക്കോട് ഇതുവരെ 12000 ലീറ്ററോളം കോട പിടിച്ചെടുത്തെങ്കിൽ കൊല്ലം ജില്ല തൊട്ടു പിന്നിലുണ്ട്. 10000 ലീറ്ററിലധികം കോടയാണ് ഇതുവരെ ജില്ലയിൽ പിടിച്ചെടുത്തത്. വ്യാജ വിദേശമദ്യം, ചാരായം തുടങ്ങിയവ വേറെ. ബാറുകളും മറ്റു മദ്യശാലകളും അടച്ചതോടെ ജില്ലയിൽ വ്യാജവാറ്റ് വ്യാപകമായെന്നാണ് എക്‌സൈസ് വകുപ്പിന്റെ കണക്ക്. വീടുകൾക്കു പുറമെ ഒറ്റപ്പെട്ട തുരുത്തുകൾ, വനമേഖലകൾ, നദീതീരങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണു വാറ്റ്.

ആളൊഴിഞ്ഞ തുരുത്തുകളിൽ വ്യാജവാറ്റ് വ്യാപകമാണെന്നു കഴിഞ്ഞ ദിവസങ്ങളിൽ എക്‌സൈസ് നടത്തിയ ഡ്രോൺ പരിശോധനയിൽ കണ്ടെത്തി. വാറ്റാനുള്ള ഏർപ്പാടുകൾ ചെയ്ത ശേഷം വാറ്റുകാർ സ്ഥലം വിടും. എക്‌സൈസോ പൊലീസോ എത്തിയാൽ വാറ്റുകാരെ കിട്ടില്ല. വീടുകൾ കേന്ദ്രീകരിച്ചു വാറ്റുന്ന അനവധി സംഭവങ്ങളുണ്ടായി. വാറ്റിയെടുക്കുന്ന മദ്യം കഴിക്കാൻ കൂട്ടുകാർ ഒറ്റയ്ക്കും കൂട്ടായും വീടുകളിലേക്കു വരുന്നതു ശ്രദ്ധയിൽപ്പെടുന്ന അയൽക്കാരാണ് എക്‌സൈസിനു വിവരം കൈമാറുന്നത്.

ശാസ്ത്രീയമായ അറിവില്ലാതെയാണു മിക്കയിടത്തും വാറ്റ് അരങ്ങേറുന്നതെന്ന് എക്‌സൈസ് പറയുന്നു. വാറ്റി കിട്ടുന്നത് ഈഥൈൽ ആൽക്കഹോളാണ്. ഇതിൽ വീര്യം കൂട്ടാൻ മറ്റു പല രാസവസ്തുക്കളും ചേർക്കുന്നു. 5 ലീറ്റർ മദ്യത്തിൽ പ്രത്യേക രാസവസ്തു ചേർത്താൽ 10 ലീറ്ററാക്കാം. സർജിക്കൽ സ്പിരിറ്റ് ചേർത്ത സംഭവവുമുണ്ട്. ജില്ലയുടെ കിഴക്കൻ മേഖലകളായ പുനലൂർ, പത്തനാപുരം, കൊട്ടാരക്കര, എഴുകോൺ തുടങ്ങിയ പ്രദേശങ്ങളിൽ വാറ്റുകേന്ദ്രങ്ങൾ വ്യാപകമാണ്. വാറ്റുകേന്ദ്രത്തിന്റെ 50 മീറ്റർ ദൂരെ എത്തിയാൽ തന്നെ രൂക്ഷഗന്ധം മൂക്കിലടിച്ചു കയറുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP