Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലാബിൽ പോസിറ്റീവായി കണ്ടവരുടെ ഫലം പോലും റാപ്പിഡ് ടെസ്റ്റിൽ നെഗറ്റീവ്; ചൈനീസ് റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ആളെ കളിപ്പിക്കുന്നതെന്ന പരാതിയുമായി സംസ്ഥാനങ്ങൾ; രണ്ടുദിവസത്തേക്ക് പരിശോധന നിർത്തി വയ്ക്കാൻ നിർദ്ദേശിച്ച് ഐസിഎംആർ; പരിശോധനയിൽ 5.4 ശതമാനം ഫലം മാത്രം കണ്ട ചൈനീസ് കിറ്റുകൾ എന്തുചെയ്യണമെന്ന് അറിയില്ലെന്ന് രാജസ്ഥാൻ സർക്കാർ; കോവിഡിന്റെ രണ്ടാംതരംഗം മെയ് അവസാനമോ ജൂൺ ആദ്യമോ വന്നേക്കുമെന്ന് കണക്കുകൂട്ടൽ; ലോക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് പടിപടിയായി

ലാബിൽ പോസിറ്റീവായി കണ്ടവരുടെ ഫലം പോലും റാപ്പിഡ് ടെസ്റ്റിൽ നെഗറ്റീവ്; ചൈനീസ് റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ആളെ കളിപ്പിക്കുന്നതെന്ന പരാതിയുമായി സംസ്ഥാനങ്ങൾ; രണ്ടുദിവസത്തേക്ക് പരിശോധന നിർത്തി വയ്ക്കാൻ നിർദ്ദേശിച്ച് ഐസിഎംആർ; പരിശോധനയിൽ 5.4 ശതമാനം ഫലം മാത്രം കണ്ട ചൈനീസ് കിറ്റുകൾ എന്തുചെയ്യണമെന്ന് അറിയില്ലെന്ന് രാജസ്ഥാൻ സർക്കാർ; കോവിഡിന്റെ രണ്ടാംതരംഗം മെയ് അവസാനമോ ജൂൺ ആദ്യമോ വന്നേക്കുമെന്ന് കണക്കുകൂട്ടൽ; ലോക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് പടിപടിയായി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രണ്ടുദിവസത്തേക്ക് റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഉപയോഗിക്കരുതെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു. ടെസ്റ്റിന്റെ കാര്യക്ഷമതയെ കുറിച്ച് പരാതികൾ ഉയർന്നതോടെയാണ് ഐസിഎംആറിന്റെ നിർദ്ദേശം വന്നത്. കിറ്റുകൾ ഐസിഎംആർ വിദഗ്ദ്ധർ വിശദമായി പരിശോധിക്കും. അതിന് ശേഷമാകും പരിശോധനകൾ തുടരണമോയെന്ന് തീരുമാനിക്കുക.

കോവിഡ് 19 വൈറസ് വ്യാപന സാധ്യത തിരിച്ചറിയുന്നതിനാണ് റാപ്പിഡ് ടെസ്റ്റ് ഉപയോഗിക്കുന്നത്. റാപ്പിഡ് ടെസ്റ്റ് നിർത്തിവച്ചുവെന്ന് രാജസ്ഥാൻ ആരോഗ്യമന്ത്രി രഘു ശർമ അറിയിച്ചു. ടെസ്റ്റിന് കാര്യക്ഷമത കുറവായതിനെ തുടർന്നാണ് ഈ തീരുമാനം. പരിശോധനഫലങ്ങൾ 90 ശതമാനമാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ 5.4 ശതമാനമാണ് ലഭിച്ചത്. അതുകൊണ്ടാണ് റാപ്പിഡ് ടെസ്റ്റ് താത്ക്കാലികമായി നിർത്തി വച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

ടെസ്റ്റ് ഇനി തുടരണോ എന്ന കാര്യത്തിൽ ഐസിഎംആറിന്റെ മാർഗനിദേശം തേടുമെന്നും അദേഹം വ്യക്തമാക്കി. റാപ്പിഡ് ടെസ്റ്റ് എന്നത് കോവിഡ് പരിഹരിക്കാനുള്ള അവസാന മാർഗമല്ല, ഇതിനായി പിസിആർ ടെസ്റ്റ് നിർബന്ധമാണെന്നും രഘു ശർമ പറഞ്ഞു.ചൈനീസ് നിർമ്മിത റാപ്പിഡ് കിറ്റുകൾ ഉപയോഗിച്ചുള്ള കൊറോണ പരിശോധനയാണ് രാജസ്ഥാൻ സർക്കാർ നിർത്തിവച്ചത്.

റാപ്പിഡ് ടെസ്റ്റുകളിലെ പരിശോധനാ ഫലം 90 ശതമാനവും ശരിയാവുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. റാപ്പിഡ് ടെസ്റ്റിൽ പോസ്റ്റിവ് ആവുന്നവരെ വീണ്ടും ലാബ് പരിശോധനയ്ക്കു വിധേയമാക്കുക ആണ് പതിവ്. നെഗറ്റിവ് ആവുന്നവരെ നിരീക്ഷണത്തിൽ വയ്ക്കുകയും ചെയ്യും. എന്നാൽ ചൈനീസ് കിറ്റുകളിൽ 5.4 ശതമാനം ഫലം മാത്രമാണ് ശരിയായത്. ചൈനയിൽ നിന്നു വരുത്തിയ കിറ്റുകൾ എന്തു ചെയ്യണമെന്ന് അറിയില്ല. ഇക്കാര്യത്തിൽ ഐസിഎംആറിന് എഴുതിയിട്ടുണ്ട്. ലാബ് ടെസ്റ്റിൽ പോസിറ്റിവ് ആയി കണ്ടവരുടെ പോലും ഫലം റാപ്പിഡ് ടെസ്റ്റിൽ നെഗറ്റിവ് കാണിക്കുന്നതായി ആരോഗ്യമന്ത്രി പറഞ്ഞു.

ആരോഗ്യ വിദഗ്ധരുടെ ശുപാർശ കണക്കിലെടുത്താണ് റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ ഉപയോഗം നിർത്തിവച്ചത്. ഐസിഎംആറിന്റെ നിർദ്ദേശം അനുസരിച്ച് തുടർ നടപടി സ്വീകരിക്കും. അനുമതി ലഭിച്ചാൽ കിറ്റുകൾ തിരിച്ചയയ്ക്കുമെന്ന് അധികൃതർ പറഞ്ഞു.കൊവിഡ് 19 പരിശോധനയ്ക്ക് എത്തിച്ച റാപിഡ് പരിശോധനാ കിറ്റുകൾക്ക് നിലവാരമില്ലെന്ന് ആദ്യം പരാതിപ്പെട്ടത് പശ്ചിമ ബംഗാളായിരുന്നു. ഇതിനു പിന്നാലെയാണ് പരാതിയുമായി രാജസ്ഥാൻ സർക്കാരും രംഗത്തെത്തിയത്.വെള്ളിയാഴ്ചയാണ് ചൈനയിൽ നിന്ന് കേന്ദ്രസർക്കാർ ആറര ലക്ഷം കൊവിഡ് 19 പരിശോധനാ കിറ്റുകൾ എത്തിച്ചത്. വളരെ നേരത്തെ തന്നെ ഓർഡർ നൽകിയതാണെങ്കിലും ആഗോള തലത്തിൽ ഉയർന്ന ഡിമാൻഡ് മൂലം ചൈനീസ് കമ്പനികൾ ഏറെ വൈകിയാണ് ഇന്ത്യയ്ക്ക് കിറ്റുകൾ കൈമാറിയത്. അഞ്ചര ലക്ഷം ധ്രുതപരിശോധനാ കിറ്റുകളും ഒരു ലക്ഷം പിസിആർ പരിശോധനാ കിറ്റുകളുമാണ് എത്തിയത്. ഈ കിറ്റുകളാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്തത്. ഇതിൽ 10000 കിറ്റുകളാണ് രാജസ്ഥാനു ലഭിച്ചത്. ഇതിനു പുറമെ ചൈനയിൽ നിന്ന് രാജസ്ഥാൻ സർക്കാർ സ്വന്തം നിലയ്ക്കും ഒരു ലക്ഷം കിറ്റുകൾ വാങ്ങിയിരുന്നു. അതേസമയം രോഗ നിർണയത്തിനല്ല റാപ്പിഡ്‌ടെസ്റ്റ് കിറ്റുകൾ ഉപയോഗിക്കുന്നതെന്ന് ഐസിഎംആർ നേരത്തെ വ്യക്തമാക്കിയിരുന്നു.

മെയ് 3 ന് ശേഷം എന്ത്?

അതേസമയം, 24 മണിക്കൂറിനിടെ, 49 പേർ കൂടി മരിച്ചതോടെ രാജ്യത്തെ മരണസംഖ്യ 592 ലെത്തി. സ്ഥിരീകരിച്ച കേസുകൾ 18,658. മെയ് മൂന്നിന് ശേഷം ലോക് ഡൗൺ പടിപടിയായി നീക്കാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നതെങ്കിലും കോവിഡിന്റെ രണ്ടാംതരംഗം മെയ് അവസാനമോ ജൂൺ ആദ്യമോ വന്നേക്കുമെന്നാണ് കേന്ദ്രസർക്കാർ കണക്കുകൂട്ടുന്നത്. അതുകൊണ്ട് തന്നെ ഹോട്ട് സ്‌പോട്ടുകൾ കണക്കാക്കി മേഖലകളാക്കി തിരിച്ചുവേണം ഇളവുകൾ നൽകാനെന്നാണ് ആലോചന. ഇത് പോസിറ്റീവ് കേസുകളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും. സെപ്റ്റംബർ വരെയെങ്കിലും നിയന്ത്രണങ്ങൾ തുടരേണ്ടി വരും.

ഹോട്ട്‌സ്‌പോട്ടുകളിൽ ലോക്ക്ഡൗൺ മെയ്‌ പതിനഞ്ച് വരെ തുടർന്നേക്കുമെന്നാണ് കേന്ദ്രസർക്കാർ അനൗദ്യോഗികമായി നൽകുന്ന സൂചന. രോഗ വ്യാപനം തടയാനായ മേഖലകളിൽ മെയ് മൂന്നിന് ശേഷം ബസ് സർവ്വീസ് അനുവദിക്കുന്ന കാര്യം പരിഗണിക്കും.രോഗബാധ കൂടുതൽ കാണുന്ന ഡൽഹി, മുംബൈ ഉൾപ്പടെയുള്ള മെട്രോ നഗരങ്ങളിലും മറ്റ് മേഖലകളിലും നിയന്ത്രണങ്ങൾ മെയ്‌ പതിനഞ്ചു വരെയെങ്കിലും തുടർന്നേക്കും. മറ്റു മേഖലകളിൽ ഘട്ടംഘട്ടമായി സേവനങ്ങൾ ഉറപ്പാക്കും.ട്രെയിൻ, വിമാന സർവീസുകൾ മെയ് 3-ന് ശേഷം തുടങ്ങില്ലെന്ന് തന്നെയാണ് പുറത്തുവരുന്ന വിവരം. ട്രെയിനുകളും വിമാനസർവീസുകളും മെയ് 15-ന് ശേഷം വീണ്ടും തുടങ്ങാനുള്ള ശുപാർശയാണ് മന്ത്രിമാരുടെ സമിതിക്ക് മുന്നിലുള്ളത്. സ്‌കൂളുകളും കോളേജുകളും തുറക്കുന്നത് ജൂൺ ഒന്നിന് ശേഷമേ ആലോചിക്കൂ.

ജില്ലകൾക്കുള്ളിലും നഗരങ്ങൾക്കുള്ളിലും ബസ് സർവീസുകൾ മെയ് 3-ന് ശേഷം അനുവദിക്കാൻ സാധ്യതയുണ്ട്. മാസ്‌കുകൾ നിർബന്ധമാക്കും. ലോക്ക് ഡൗണിന് ശേഷവും രോഗബാധ അവസാനിക്കുന്നത് വരെയും, ഇനി തിരികെ വരില്ലെന്ന് ഉറപ്പാക്കുന്നത് വരെയും മാസ്‌കുകൾ നിർബന്ധമാക്കാനാണ് തീരുമാനം.വിവാഹങ്ങൾക്കും ആഘോഷങ്ങൾക്കും ചടങ്ങുകൾക്കുമുള്ള നിയന്ത്രണം തത്ക്കാലം പിൻവലിക്കില്ല. കൂടുതൽ വ്യവസായശാലകളും കടകളും തുറക്കാൻ മെയ് 3-ന് ശേഷം അനുമതി നല്കും എന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP