Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചൈനയിൽനിന്നുള്ള നിക്ഷേപക സ്ഥാപനങ്ങളിൽ പലതും പ്രവർത്തിക്കുന്നത് ഹോങ്‌ കോങ് ആസ്ഥാനമായി; കേമാൻ ഐലൻഡിലെ മിക്ക കമ്പനികൾക്കും ഫണ്ട് ലഭിക്കുന്നത് ചൈനയിൽനിന്നും; ചൈനീസ് നിക്ഷേപകർ ഹബ്ബായി ഉപയോഗിക്കുന്നത് സിങ്കപ്പൂരും അയർലൻഡും ലക്സംബർഗും;ചൈനയെ പൂട്ടാനുള്ള ഇന്ത്യൻ വിദേശനിക്ഷേപ നയത്തിലെ മാറ്റം ബാധിക്കുക കൂടുതൽ രാജ്യങ്ങളെ

ചൈനയിൽനിന്നുള്ള നിക്ഷേപക സ്ഥാപനങ്ങളിൽ പലതും പ്രവർത്തിക്കുന്നത് ഹോങ്‌ കോങ് ആസ്ഥാനമായി; കേമാൻ ഐലൻഡിലെ മിക്ക കമ്പനികൾക്കും ഫണ്ട് ലഭിക്കുന്നത് ചൈനയിൽനിന്നും; ചൈനീസ് നിക്ഷേപകർ ഹബ്ബായി ഉപയോഗിക്കുന്നത് സിങ്കപ്പൂരും അയർലൻഡും ലക്സംബർഗും;ചൈനയെ പൂട്ടാനുള്ള ഇന്ത്യൻ വിദേശനിക്ഷേപ നയത്തിലെ മാറ്റം ബാധിക്കുക കൂടുതൽ രാജ്യങ്ങളെ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: വിദേശ നിക്ഷേപ നയത്തിൽ മാറ്റം വരുത്തിയതോടെ രാജ്യത്തെ വിദേശ നിക്ഷേപങ്ങളിൽ കൂടുതൽ നിരീക്ഷണവുമായി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). ചൈനയിൽ നിന്നും ഹോങ്‌ കോങ്ങിൽനിന്നുമുള്ള വിദേശനിക്ഷേപക സ്ഥാപനങ്ങൾ മറ്റുചില രാജ്യങ്ങൾ വഴി ഇന്ത്യയിൽ നിക്ഷേപം നടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സെബിയുടെ പുതിയ നീക്കം. ചൈനയ്ക്കുപിന്നാലെ സിങ്കപ്പൂർ, കേമാൻ ഐലൻഡ്, അയർലൻഡ്, ലക്സംബർഗ് എന്നിവിടങ്ങളിൽനിന്ന് ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപങ്ങളും ഇനിമുതൽ സെബിയുടെ കർശന നീരീക്ഷണത്തിലായിരിക്കും.

ഏതാനും വർഷങ്ങളായി ചൈനയിൽനിന്നുള്ള നിക്ഷേപകസ്ഥാപനങ്ങളിൽ ചിലത് ഹോങ്‌ കോങ് ആസ്ഥാനമായാണ് പ്രവർത്തിച്ചുവരുന്നത്. വിവിധ രാജ്യങ്ങളിലെ വിപണികളിൽ സാന്നിധ്യമുറപ്പിക്കുന്നതിന് ചൈനീസ് നിക്ഷേപകർ സ്വീകരിച്ചിരിക്കുന്ന തന്ത്രങ്ങളിലൊന്നാണിത്. ഹോങ്‌ കോങ്ങിൽനിന്ന് കേമാൻ ഐലൻഡ് വഴിയാണ് ഈ നിക്ഷേപങ്ങളുടെ പ്രധാന ഒഴുക്ക്. കേമാൻ ഐലൻഡിലെ മിക്ക കമ്പനികൾക്കും ഫണ്ട് ലഭിക്കുന്നത് ചൈനയിൽനിന്നാണെന്ന് വിലയിരുത്തുന്നുണ്ട്.

2017 അവസാനംവരെയുള്ള കണക്കുകളനുസരിച്ച് കേമാൻ ഐലൻഡിൽനിന്നുള്ള നിക്ഷേപകസ്ഥാപനങ്ങളിൽ 50 ശതമാനവും ഹോങ്‌ കോങ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതായാണ് കണക്ക്അ. ഹോങ്‌ കോങ്ങിൽനിന്നുള്ള 90 ശതമാനം വിദേശനിക്ഷേപക സ്ഥാപനങ്ങളും നേരിട്ട് ഇന്ത്യയിൽ നിക്ഷേപം നടത്താറില്ല. ഇവർ കേമാൻ ഐലൻഡ് വഴിയും മറ്റുമാണ് നിക്ഷേപിക്കാറ്‌.

കേമാൻ ഐലൻഡ് പോലെതന്നെ ഹോങ്‌ കോങ്ങിൽനിന്നും ചൈനയിൽനിന്നുമുള്ള നിക്ഷേപകർ ഹബ്ബായി ഉപയോഗിക്കുന്ന രാജ്യങ്ങളാണ് സിങ്കപ്പൂരും അയർലൻഡും ലക്സംബർഗും. ഈ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിൽ ഒട്ടേറെ വിദേശനിക്ഷേപക സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ ചൈനയിൽനിന്നുള്ള 16 വിദേശനിക്ഷേപക സ്ഥാപനങ്ങൾ മാത്രമാണ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതേസമയം, കേമാൻ ഐലൻഡിൽനിന്ന് 323 എണ്ണവും സിങ്കപ്പൂരിൽനിന്ന് 428 എണ്ണവും അയർലൻഡിൽനിന്ന് 611 എണ്ണവും ലക്സംബർഗിൽനിന്ന് 1155 എണ്ണവും രജിസ്റ്റർചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇവിടെനിന്നുള്ള നിക്ഷേപങ്ങൾകൂടി നിരീക്ഷിക്കാൻ സെബി നിർബന്ധിതമാകുന്നത്.

അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ ഇന്ത്യയിൽ വിദേശ നിക്ഷേപം നടത്തുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി തേടണമെന്ന് ശനിയാഴ്ച ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് ആണ് ഇതു സംബന്ധിച്ച വിജ്ഞാപനമിറക്കിയത്.ഇന്ത്യയിലെ യൂണികോൺ ക്ലബിലുള്ള 30 കമ്പനികളിൽ 18 ഉം ചൈനീസ് നിക്ഷേപമുള്ള കമ്പനികളാണ്. അതിനാൽ പുതിയ നീക്കം ചൈനീസ് നിക്ഷേപകർക്ക് തിരിച്ചടിയാകും.

കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ കമ്പനികൾ നേരിടുന്ന സാമ്പത്തിക പിരിമുറുക്കം മുതലെടുത്ത് ഓഹരികൾ ചുളുവിലയ്ക്ക് വാങ്ങിക്കൂട്ടാനുള്ള ചൈനീസ് തന്ത്രങ്ങൾക്കാണ് കേന്ദ്രസർക്കാർ പൂട്ടിട്ടത്. ചൈന ഉൾപ്പെടെ എല്ലാ അയൽ രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകരും ഇന്ത്യയിൽ നേരിട്ടോ (എഫ്.ഡി.ഐ) അല്ലാതെയോ നിക്ഷേപിക്കാൻ ഇനി കേന്ദ്രസർക്കാരിന്റെ മുൻകൂർ അനുമതി തേടണം. നേരത്തേ ബംഗ്‌ളാദേശിനും പാക്കിസ്ഥാനും മാത്രമായിരുന്നു വിലക്ക്. മുംബൈ ആസ്ഥാനമായുള്ള മുൻനിര ഭവന വായ്പാ കമ്പനിയായ എച്ച്.ഡി.എഫ്.സിയിലെ ഓഹരി പങ്കാളിത്തം ചൈനീസ് കേന്ദ്രബാങ്കായ പീപ്പിൾസ് ബാങ്ക് ഒഫ് ചൈന 1.01 ശതമാനമായി ഉയർത്തിയ പശ്ചാത്തലത്തിലാണ് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം എഫ്.ഡി.ഐ നയം തിരുത്തിയത്

പത്തു ശതമാനമോ അതിലധികമോ ഓഹരികളിൽ നിക്ഷേപിക്കുമ്പോഴാണ് പുതിയ ചട്ടം ബാധകം. അതിനാൽ, എച്ച്.ഡി.എഫ്.സിയുടെ ഓഹരികൾ ചൈനീസ് ബാങ്ക് വാങ്ങിയതിൽ പ്രശ്നമില്ല.പ്രതിരോധം, ടെലികോം, ഫാർമസ്യൂട്ടിക്കൽസ്, ആണവോർജ്ജം, ബഹിരാകാശം തുടങ്ങി 17 മേഖലകളിൽ നിക്ഷേപം നടത്താൻ ഏത് രാജ്യത്തു നിന്നുള്ളവരും കേന്ദ്രസർക്കാരിന്റെ മുൻകൂർ അനുമതി തേടണം. നിക്ഷേപം രണ്ട് തരംഓട്ടോമാറ്റിക്, സർക്കാർ അംഗീകൃതം എന്നിങ്ങനെ ഇന്ത്യയിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് (എഫ്.ഡി.ഐ) രണ്ടു വഴികളുണ്ട്. ഓട്ടോമാറ്റിക് റൂട്ടിലൂടെയാണ് അയൽരാജ്യങ്ങൾ നിക്ഷേപം നടത്തിയിരുന്നത്. പ്രത്യേകിച്ച് ചൈന.എഫ്.ഡി.ഐ നയം തിരുത്തിയത് സ്റ്റാർട്ടപ്പുകളെ സാരമായി ബാധിക്കും. ഇന്ത്യയിലെ 30 യൂണികോൺ സ്റ്റാർട്ടപ്പുകളിൽ 18ലും ചൈനീസ് നിക്ഷേപമുണ്ട്. ഇത് ഏകദേശം 400 കോടി ഡോളർ (31,000 കോടി രൂപ) വരും

ബംഗ്ലാദേശ്, ചൈന, പാക്കിസ്ഥാൻ, ഭൂട്ടാൻ, നേപ്പാൾ, മ്യാന്മർ എന്നീ രാജ്യങ്ങളാണ് ഇന്ത്യയുമായി അതിർത്തി പങ്കിടുന്നത്.നേരത്തെ, പാക്കിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള വിദേള നിക്ഷേപങ്ങൾക്കും സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
പുതിയ നയം അനുസരിച്ച് അയൽ രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപങ്ങളിലൂടെ ഇന്ത്യൻ കമ്പനികളുടെ ഉടമസ്ഥാവകാശം കൈമാറുന്നതിനും സർക്കാർ അനുമതി ആവശ്യമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP