Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സതാംപ്ടൺ മലയാളിയുടെ ജീവൻ കവർന്നെടുത്തുകൊവിഡ് 19 വീണ്ടും; ഇന്നലെ രാത്രി വിട വാങ്ങിയത് എറണാകുളം സ്വദേശി സെബി ദേവസി; വിദഗ്ധ ചികിത്സയ്ക്കിടെ സംഭവിച്ച കാർഡിയാക് അറസ്റ്റ് മരണകാരണമായെന്ന് നിഗമനം; സെബിയുടെ വിയോഗ വാർത്തയിൽ ഞെട്ടി ബ്രിട്ടണിലെ മലയാളി സമൂഹം

സതാംപ്ടൺ മലയാളിയുടെ ജീവൻ കവർന്നെടുത്തുകൊവിഡ് 19 വീണ്ടും; ഇന്നലെ രാത്രി വിട വാങ്ങിയത് എറണാകുളം സ്വദേശി സെബി ദേവസി; വിദഗ്ധ ചികിത്സയ്ക്കിടെ സംഭവിച്ച കാർഡിയാക് അറസ്റ്റ് മരണകാരണമായെന്ന് നിഗമനം; സെബിയുടെ വിയോഗ വാർത്തയിൽ ഞെട്ടി ബ്രിട്ടണിലെ മലയാളി സമൂഹം

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: കൊവിഡ് 19 മൂലം മരണത്തിനു കീഴടങ്ങിയ മലയാളികൾക്കിടയിലേക്ക് ഒരാൾ കൂടി. ഇന്നലെ രാത്രി സതാംപ്ടൺ ജനറൽ ഹോസ്പിറ്റലിൽ വച്ച് എറണാകുളം സ്വദേശി സെബി ദേവസിയാണ് കൊവിഡ് 19 ബാധിച്ച് മരണത്തിനു കീഴടങ്ങിയത്. 49 വയസ് മാത്രം പ്രായമുണ്ടായിരുന്ന സെബി ഇന്നലെ രാത്രി 11 മണിയോടെ ആണ് മരിച്ചതെന്നാണ് ലഭ്യമായ വിവരം. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനിടെ കാർഡിയാക് അറസ്റ്റ് സംഭവിച്ചതാണ് മരണ കാരണമായതെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. അതേസമയം, എന്തുകൊണ്ട് അങ്ങനെ സംഭവിച്ചുവെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

ഇന്നലെ ആണ് സെബി ദേവസിയെ സതാംപ്ടൺ ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. രണ്ടു ദിവസം മുമ്പ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരുന്നു നൽകി വീട്ടിലേക്ക് തന്നെ പറഞ്ഞയക്കുകയായിരുന്നു. എന്നാൽ ആരോഗ്യത്തിൽ വലിയ മാറ്റം ഒന്നും ഉണ്ടാവാതിരിക്കുകയും അസുഖം വീണ്ടും കൂടിയപ്പോഴുമാണ് ഇന്നലെ വീണ്ടും ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. വിശദമായ പരിശോധനകൾക്കും ചികിത്സയ്ക്കുമായി മറ്റ് ആശുപത്രിയിൽ നിന്നും നിരവധി സർജന്മാർ എത്തുകയും രാത്രി പത്തു മണിയോടെ ചികിത്സ ആരംഭിക്കുകയും ചെയ്തു. ചികിത്സയ്ക്കിടയിൽ സെബിക്ക് കാർഡിയാക് അറസ്റ്റ് സംഭവിച്ചതാണ് മരണകാരണം. എന്നാൽ കാർഡിയാക് അറസ്റ്റ് സംഭവിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

അതേസമയം, സെബിയുടെ വിയോഗ വാർത്തയുടെ ഞെട്ടലിലാണ് സതാംപ്ടൺ മലയാളികളും സുഹൃത്തുക്കളും. 2005ലാണ് സെബി ദേവസി യുകെയിലേക്ക് എത്തുന്നത്. ആദ്യം ഡെവനിലായിരുന്നു താമസം. 12 വർഷം മുമ്പാണ് ഇപ്പോൾ താമസിക്കുന്ന റോംസിയിലേക്ക് എത്തിയത്. കുടുംബ സമേതമായിരുന്നു റോംസിയിൽ താമസിച്ചിരുന്നത്. സ്റ്റാഫ് നഴ്സായ ഷൈന ജോസഫ് ആണ് ഭാര്യ. ദമ്പതികൾക്ക് 12 വയസുള്ള ഒരു മകനുണ്ട്. ഡയാൻ എന്നാണ് പേര്. എറണാകുളം കുറുമാശ്ശേരി സ്വദേശിയായ സെബി ദേവസി മൂഞ്ഞേലി വീട്ടിൽ ആനി ദേവസിയുടെയും പരേതനായ ദേവസി മൂഞ്ഞേലിയുടെയും മകനാണ്. അയർലന്റിൽ താമസിക്കുന്ന ജോഷി ദേവസി, കാനഡയിലുള്ള സിജോ ദേവസി എന്നിവർ സഹോദരങ്ങളാണ്. അമ്മ ആനി സിജോയ്ക്കൊപ്പം കാനഡയിലാണ്.

കൊവിഡ് 9 ബാധിച്ച് യുകെയിൽ മരണത്തിനു കീഴടങ്ങുന്ന എട്ടാമത്തെ മലയാളിയാണ് സെബി ദേവസി എന്നാണ് വ്യക്തമാകുന്നത്. ബർമിങാമിലെ മലയാളി ഡോക്ടറായിരുന്ന പെരിന്തൽമണ്ണ സ്വദേശി ഡോ. ഹംസയാണ് മരണത്തിനു കീഴടങ്ങുന്ന ആദ്യ മലയാളി. അതിനു ശേഷമാണ് ഒരു ദിവസം തന്നെ മൂന്നു മരണങ്ങൾ യുകെ മലയാളികളെ തേടിയെത്തിയത്. റെഡ് ഹിൽ മലയാളി സിന്റോ ജോർജും ലണ്ടനിൽ മകളെ കാണാൻ എത്തിയ കൊല്ലം സ്വദേശിനിയും റിട്ടയേർഡ് അദ്ധ്യാപികയുമായ ഇന്ദിരയും വെംബ്ലിയിലെ തൃശൂർ ചാവക്കാട് പുതിയകത്തു വീട്ടിൽ ഇഖ്ബാലുമാണ് ഒരേദിവസം മരണത്തിനു കീഴടങ്ങിയത്.

ഡെർബി മലയാളി സിബി മാണിയുടെ മരണമാണ് പിന്നീട് യുകെ മലയാളികൾക്ക് ആഘാതമായി എത്തിയത്. പിന്നാലെ ബർമിങാമിലെ സീനിയർ ജിപി ആയിരുന്ന ഡോ. അമറുദീനും കഴിഞ്ഞ ദിവസം പ്രസ്റ്റണിലെ ഡോക്ടറായിരുന്ന കോഴഞ്ചേരി സ്വദേശിയായ ഡോക്ടർ ജെ സി ഫിലിപ്പുമാണ് മരണത്തിനു കീഴടങ്ങിയത്.

അതേസമയം, നിരവധി മലയാളികൾ കൊറോണ ബാധിതരായി ബ്രിട്ടനിലെ വിവിധ ആശുപത്രികളിലും വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് വിവരം. മാത്രമല്ല, രോഗത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് മടങ്ങിവന്നവരും നിരവധി പേരുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP