Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സീറ്റില്ലാത്ത ട്രക്കുകളിൽ മാടുകളെ പോലെ വിദേശ തൊഴിലാളികളെ അട്ടിയടുക്കിയുള്ള യാത്രകൾ; ഡോർമിറ്ററികളിൽ ഒരുമുറിയിൽ തിങ്ങി ഞെരുങ്ങി കഴിയുന്നത് 18 ഓളം പേർ; ശ്വാസം മുട്ടുന്ന അന്തരീക്ഷത്തിൽ കോവിഡ് വന്നാലും എങ്ങനെ സാമൂഹിക അകലം പാലിക്കാൻ? കൊറോണയുടെ സെക്കൻഡ് വേവിൽ സിംഗപ്പൂരിന്റെ പരിഭ്രാന്തി കൂട്ടി കേസുകളുടെ എണ്ണമേറുന്നു; കോവിഡിനെ കുറച്ചുകണ്ടതിന്റെ ദുരന്തം ഭയന്ന് അധികാരികളും വേവലാതിയോടെ ഇന്ത്യാക്കാരടക്കമുള്ള തൊഴിലാളികളും

സീറ്റില്ലാത്ത ട്രക്കുകളിൽ മാടുകളെ പോലെ വിദേശ തൊഴിലാളികളെ അട്ടിയടുക്കിയുള്ള യാത്രകൾ; ഡോർമിറ്ററികളിൽ ഒരുമുറിയിൽ തിങ്ങി ഞെരുങ്ങി കഴിയുന്നത് 18 ഓളം പേർ; ശ്വാസം മുട്ടുന്ന അന്തരീക്ഷത്തിൽ കോവിഡ് വന്നാലും എങ്ങനെ സാമൂഹിക അകലം പാലിക്കാൻ? കൊറോണയുടെ സെക്കൻഡ് വേവിൽ സിംഗപ്പൂരിന്റെ പരിഭ്രാന്തി കൂട്ടി കേസുകളുടെ എണ്ണമേറുന്നു; കോവിഡിനെ കുറച്ചുകണ്ടതിന്റെ ദുരന്തം ഭയന്ന് അധികാരികളും വേവലാതിയോടെ ഇന്ത്യാക്കാരടക്കമുള്ള തൊഴിലാളികളും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: 'Singapore contained Coronavirus. Could other countries learn from its approach?'മാർച്ച് ആദ്യം 'ഫോർച്യൂണിൽ' സിംഗപ്പൂരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രശംസിച്ച് വന്ന ലേഖനമാണിത്. 96 കേസുകളാണ് അന്നുണ്ടായിരുന്നത്. മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. രോഗമുക്തരാകുന്നവരുടെ എണ്ണം രോഗബാധയുള്ളവരേക്കാൾ കൂടി വരുന്ന സാഹചര്യം.

വിവിധ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ എല്ലാം ഒരു കാര്യം ശരിവച്ചു. പലഘടകങ്ങളാണ് സിംഗപ്പൂരിന്റെ വിജയത്തിന് കാരണം. ഉന്നത നിലവാരമുള്ള ആരോഗ്യ സംവിധാനം. വൈറസിനെ ട്രേസ് ചെയ്യാനും സാമൂഹിക അകലം പാലിക്കാനുമുള്ള നടപടികൾ, സർക്കാരിനെ അനുസരിക്കുന്ന താരതമ്യേന ചെറുജനസംഖ്യയും. ഇതൊക്കെ സിംഗപ്പൂരിന്റെ മേന്മയായി എല്ലാവരും എഴുതിപ്പിടിപ്പിച്ചു. എന്നാൽ, കേരളത്തിൽ കോവിഡിന്റെ രണ്ടാം വരവിൽ ആകെ നമ്മൾ ഒന്നുലഞ്ഞത് പോലെ സെക്കൻഡ് വേവ് സിംഗപ്പൂരിനെ അലോസരപ്പെടുത്തുന്നു എന്നാണ് ഒടുവിലത്തെ വാർത്തകൾ. രോഗപ്രതിരോധ പോരാട്ടത്തിന്റെ ഭാഗമായി തിങ്കളാഴ്ച വൈകിട്ട് 8 മണിക്ക് വാതിൽ പടിമേലോ, ജനാലയ്ക്കലോ നിന്ന് കൈയടിച്ച് ഐക്യത്തിനായി സർക്കാർ ആഹ്വാനം ചെയ്തത് തന്നെ കാര്യങ്ങളുടെ ഗൗരവം സൂചിപ്പിക്കുന്നു.

വേൾഡോമീറ്ററിന്റെ തിങ്കളാഴ്ചത്തെ കണക്ക് പ്രകാരം 1426 കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്തിരിക്കുന്നു. 11 മരണങ്ങൾ. ആകെ പോസിറ്റീവ് കേസുകൾ 8,014 ഉം. ഒരു പക്ഷേ യൂറോപ്പുമായോ, അമേരിക്കയുമായോ താരതമ്യം ചെയ്യുമ്പോൾ ആശ്വസിക്കാം. അധികം കേസുകളില്ല.

കാര്യങ്ങൾ മോശമായത് എപ്പോൾ?

മാർച്ച് മധ്യം വരെ സിംഗപ്പൂരിലെ പ്രതിരോധ സംവിധാനം ഫലം കണ്ടു. എന്നാൽ, ലോകമെമ്പാടും സ്ഥിതിഗതികൾ വഷളായതോടെ, തങ്ങളുടെ പൗരന്മാർ മടങ്ങിവരാൻ മിക്ക രാജ്യങ്ങളും ആവശ്യപ്പെട്ടു. സിംഗപ്പൂരിനെ പോലെ വേണ്ടത്ര കോവിഡിനെതിരെ പ്രതിരോധ നടപടികൾ സ്വീകരിക്കാത്ത രാജ്യങ്ങളിൽ നിന്ന് ആയിരങ്ങൾ മടങ്ങിയെത്തി. ഇക്കൂട്ടത്തിൽ, 5000 ലേറെ പേർ വൈറസിനെയും കൊണ്ടാണ് വന്നത്. മടങ്ങിവന്നവരെ രണ്ടാഴ്ച വീടുകളിൽ അടച്ചിരുത്തിയെങ്കിലും, അവിടെ നേരത്തെയുണ്ടായിരുന്ന വീട്ടുകാരെ ക്വാറന്റൈൻ ചെയ്തില്ല. ലക്ഷണങ്ങൾ കാട്ടാത്തിടത്തോളം സാധാരണ ജീവിതം നയിക്കാൻ അനുവദിച്ചു. ഇതൊക്കെ കാര്യങ്ങൾ മോശമാക്കിയെന്ന് വേണം കരുതാൻ.

മാർച്ച് മധ്യത്തോടെ ഒരുദിവസം 12 കേസുകൾ വരെ റിപ്പോർട്ട് ചെയ്യാൻ തുടങ്ങി. കേരളത്തിലേത് പോലെ തന്നെ പുറത്തുനിന്നവരായിരുന്നു രോഗവാഹകരിൽ ഭൂരിപക്ഷവും. എന്നാൽ, ഇതാദ്യമായി ആഭ്യന്തര കേസുകൾ എല്ലാം എളുപ്പത്തിൽ കണ്ടുപിടിക്കാൻ കഴിയാത്ത സാഹചര്യവും വന്നുചേർന്നു. കോവിഡിനെ കുറിച്ച് കൂടുതൽ അറിവുകൾ വന്നതോടെ ലക്ഷണങ്ങൾ ഇല്ലാതെയും വൈറസ് വ്യാപിക്കാമെന്ന് വന്നു. രോഗം ഭേദമായവർക്ക് വീണ്ടും വരില്ലെന്ന ധാരണ തെറ്റാണെന്നും മനസ്സിലായി. ഇങ്ങനെ പുതിയ വിവരങ്ങൾ വന്നതോടെ രാജ്യം കൂടുതൽ ജാഗ്രതയിലായി.

തെറ്റിദ്ധാരണകൾ മാറിയപ്പോൾ പുതിയ പ്രശ്‌നങ്ങൾ

ആഭ്യന്തരമായി വൈറസ് വ്യാപിക്കുന്നത് തടയണമെന്ന ധാരണ ഇല്ലാതിരുന്നതാണ് ഒരുപ്രശ്‌നം. കോവിഡ് ക്ലസ്റ്ററുകൾ രാജ്യത്തിനകത്തു രൂപപ്പെടുന്നതു കണ്ടെത്താൻ ശ്രമിക്കാത്തതും വിനയായി. അകലം പാലിക്കലും ലോക്ഡൗണും ഗൗരവകരമല്ലാതിരുന്നതിനാൽ വൈറസ് അനേകരിലേക്കു ദിവസങ്ങൾക്കകം പടർന്നു. നിലവിൽ കോവിഡ് ക്ലസ്റ്ററുകളിൽ ഭൂരിഭാഗവും ഇന്ത്യക്കാരുൾപ്പെടെ വിദേശ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന കേന്ദ്രങ്ങളാണ്. ഈ ക്ലസറ്ററുകളെ കുറിച്ച് ഭരണാധികാരികൾ ശ്രദ്ധിച്ചില്ല. 3 ലക്ഷത്തോളം വിദേശ തൊഴിലാളികൾ സിംഗപ്പൂരിലുണ്ട്. ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഏറെയും. നഗരപ്രാന്തത്തിലുള്ള കെട്ടിടങ്ങളിലാണ് ഇവർ തിങ്ങിപ്പാർക്കുന്നത്.

കോവിഡിന്റെ തുടക്കത്തിൽ ഈ ഡോർമറ്ററികളിൽ വ്യാപക പരിശോധന നടന്നെങ്കിലും അതിനു തുടർച്ചയുണ്ടായില്ല. കുടിയേറ്റ തൊഴിലാളികളിൽ പരിശോധിക്കപ്പെടാതെ പോയവരും നിരവധി.. വിദേശ തൊഴിലാളികലെ സിംഗപ്പൂർ വളരെ മോശമായി ആണ് കൈകാര്യംചെയ്യുന്നതെന്ന പരാതികൾ നേരത്തെയുണ്ട്. സീറ്റുകളില്ലാത്ത നിരപ്പായ ട്രക്കുകളിലാണ് വിദേശ ജീവനക്കാരെ കൊണ്ടുപോകുന്നത്. തിരക്കേറിയ ഡോർമറ്ററികളിൽ, ഒരു മുറിയിൽ 18 പേർ വരെ തിങ്ങി ഞെരുങ്ങി കഴിയുന്നു. 500 ലേറെ കേസുകൾ ഈ ഡോർമിറ്ററികളിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. നിയമപ്രകാരം തന്നെ വിദേശ തൊഴിലാളികൾ ഡോർമിറ്ററികളിലാണ് താമസിക്കേണ്ടത്. സാമൂഹിക അകലം ഇവിടെ പാലിക്കുക എന്നുപറഞ്ഞാൽ അസാധ്യം എന്നുതന്നെ പറയാം. ഇപ്പോൾ കാര്യങ്ങൾ കൈവിട്ടുപോകുമെന്നായപ്പോൾ വിദേശ തൊഴിലാളികളെ ഹോട്ടലുകളിലേക്കു മറ്റും മാറ്റുന്നുണ്ട്.

വൈറസ് ഇത്രവേഗം പടരുമെന്ന് അറിയാമായിരുന്നുവെങ്കിൽ കരുതലുകൾ എടുക്കാമായിരുന്നുവെന്നാണ് അധികൃതർ പറയുന്നത്. അതായത് വൈറസിനെ കുറച്ചുകണ്ടുവെന്നു തന്നെ അർഥം. ഇന്ത്യ വളരെ നേരത്തെ ലോക് ഡൗൺ പ്രഖ്യാപിച്ചതിന്റെ ഫലങ്ങൾ ഇപ്പോൾ ആരോഗ്യമന്ത്രാലയം നിരത്തുന്നുണ്ട്. ലോക് ഡൗണിന് മുമ്പ് കൊറോണ വൈറസിന്റെ ഇരട്ടിപ്പ് നിരക്ക് 7.5 ദിവസമായിരുന്നത് 3.4 ദിവസമായി ഇപ്പോൾ കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അവകാശപ്പെട്ടു. കേസുകളുടെ എണ്ണം ഇന്ത്യയോളം ഇല്ലെങ്കിലും സിംഗപ്പൂർ ലോക് ഡൗൺ പ്രഖ്യാപിക്കാൻ വൈകിയതിന്റെ പ്രത്യാഘാതങ്ങളാണ് അനുഭവിക്കുന്നതെന്ന് വ്യക്തമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP