Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡിനെ അതിജീവിച്ച സുരക്ഷിത നാട് എന്ന കീർത്തി നമുക്ക് വല്ലാതെ ഗുണം ചെയ്യും; ഇനി പാശ്ചാത്യ രാജ്യങ്ങളിലെ അതി സമ്പന്നർ വിശ്രമകാല ജീവിതത്തിനു കേരളം തിരഞ്ഞെടുക്കാനുള്ള സാധ്യത കൂടുതലാണ്; നിലവിൽ തന്നെ പല വിദേശ ബാങ്കുകളും അവയുടെ ബാക്ക് ഓഫീസുകൾ കൊച്ചിയിൽ ആരംഭിച്ചിരിക്കുന്നു; പോസ്റ്റ് കോവിഡ് കേരളം - സാധ്യതകളുടെ കലവറ: ഡോ.സിൻസൻ ജോസഫ് എഴുതുന്നു

കോവിഡിനെ അതിജീവിച്ച സുരക്ഷിത നാട് എന്ന കീർത്തി നമുക്ക് വല്ലാതെ ഗുണം ചെയ്യും; ഇനി പാശ്ചാത്യ രാജ്യങ്ങളിലെ അതി സമ്പന്നർ വിശ്രമകാല ജീവിതത്തിനു കേരളം തിരഞ്ഞെടുക്കാനുള്ള സാധ്യത കൂടുതലാണ്; നിലവിൽ തന്നെ പല വിദേശ ബാങ്കുകളും അവയുടെ ബാക്ക് ഓഫീസുകൾ കൊച്ചിയിൽ ആരംഭിച്ചിരിക്കുന്നു; പോസ്റ്റ് കോവിഡ് കേരളം - സാധ്യതകളുടെ കലവറ: ഡോ.സിൻസൻ ജോസഫ് എഴുതുന്നു

ഡോ:സിൻസൻ ജോസഫ്

പോസ്റ്റ് കോവിഡ് കേരളം - സാധ്യതകളുടെ കലവറ

കോവിഡ് 19 നു ശേഷം ലോകത്തു വരാൻ പോകുന്ന മാറ്റങ്ങൾ അനുസരിച്ചു നമ്മൾ തയ്യാറെടുക്കേണ്ട സമയമാണ് ഇനിയുള്ളത്.

പഠന അവധിയിൽ പരീക്ഷകൾക്ക് കുട്ടികൾ തയ്യാറെടുക്കുന്ന പോലെ അവശേഷിക്കുന്ന ലോക്ക്ഡൗൺ കാലത്തെ, വരാനിരിക്കുന്ന ജീവിതപരീക്ഷകൾക്ക് തയ്യാറാകാൻ വേണ്ടി നമുക്ക് വിനിയോഗിക്കാം. ഈ ജീവിത പരീക്ഷയിൽ നമുക്ക് വ്യത്യസ്തങ്ങളായ ചോദ്യപേപ്പറുകൾ ആണ് ലഭിക്കുക- അതിനാൽ ആഗോളതലത്തിൽ പോലും ഒരു കോപ്പി അടിക്ക് സാധ്യത ഒട്ടില്ല താനും. അതിനാൽ തന്നെ മറ്റുമാതൃകകൾ ഇല്ലാതെ നമ്മൾ തന്നെ സ്വയം മാതൃകകൾ ഉണ്ടാക്കേണ്ടിയിരിക്കുന്നു. അപ്പോൾ നാം വിശദമായി പരിശോധിക്കേണ്ടത് നമ്മുടെ കൈയിൽ എന്ത് ലഭ്യമാണ്, മാറിവരുന്ന ലോകത്തിന് എന്തൊക്കെ ആവശ്യങ്ങൾ ഉണ്ടാകുന്നു, അതിനാവശ്യമായ വസ്തുക്കളും സേവനങ്ങളും ( products & services ) നല്കാൻ നമ്മൾ എത്രത്തോളം പര്യാപ്തരാകുന്നു, ഇതെല്ലാമാണ്.

എന്തെല്ലാമാണ് കേരളത്തിന്റെ കൈമുതൽ?

1. ആഗോള പരിചയം പ്രത്യേകിച്ച് വിവിധ സംരംഭക മേഖലകളിൽ.

2. പ്രായോഗിക രീതിയിൽ ടെക്നോളജി കൈകാര്യം ചെയ്യാൻ ആഗോള തലത്തിൽ പരിശീലനം നേടിയ വിദഗ്ദ്ധർ.

3. തിരിച്ചുവരുന്ന പരിചയ സമ്പന്നരായ പ്രവാസികൾ.

4. പ്രളയം & കൊറോണ തുടങ്ങിയ മഹാമാരികളെ ഫലപ്രദമായി നേരിട്ട അനുഭവ സമ്പത്തു് ( hands on experience)

5. സാഹചര്യങ്ങൾക്ക് അനുസരിച്ചു പെരുമാറാനുള്ള അസാമാന്യശേഷി കൈവരിച്ച ജനത.
6. ഭാഷകളെ സ്വായത്തമാക്കാനുള്ള അനിതരസാധാരണമായ കഴിവുള്ള ജനത.

7. സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് ചിന്താഗതിയുള്ള സംരംഭകർ & മുതലാളിമാർ ( enterpreuners & capitalists). മനസ്സിൽ കരുണ വറ്റാത്ത വലിയൊരു വിഭാഗം.

8. ഒരു ഒറ്റ നഗരം പോലെ വ്യാപിച്ചുകിടക്കുന്ന ഏക സംസ്ഥാനം.

9. സ്ത്രീ വിദ്യാഭ്യാസവും സ്ത്രീ ശാക്തീകരണവും മുൻനിരയിൽ.

10. നേതൃത്വപാടവമുള്ള ഭരണകർത്താക്കളും ക്രിയാത്മകമായ പ്രതിപക്ഷവും. ( പരിമിതികൾ ഉണ്ട് എന്നാലും )

11. സുശക്തമായ ത്രിതല പഞ്ചായത്ത് സംവിധാനം.

12. ഇനിയും നഷ്ടപ്പെടാത്ത പച്ചപ്പും കായലും പ്രകൃതി ഭംഗിയും.

13. പ്രായോഗികമായ പരിശീലനങ്ങൾ ലഭിച്ചിട്ടില്ലെങ്കിൽ കൂടി, പൊതുഇടപെടലിന് സജ്ജരായ സാമൂഹ്യ പ്രതിബദ്ധതയുള്ള പൊതുജനം.

14. സാങ്കേതിക പരിജ്ഞാനം ഉടനടി സായത്തമാക്കാൻ കഴിവുള്ള ജനത.

15. ആഗോള കണക്ടിവിറ്റി. നാലോളം അന്തർദേശിയ വിമാനത്താവളങ്ങൾ കേവലം അറുനൂറ് കിലോമീറ്ററിനുള്ളിൽ.

16. കുടിയേറി പാർക്കുന്ന മിക്കരാജ്യങ്ങളിലും ഭരണകർത്താക്കളിലും സമൂഹത്തിലും സ്വാധീനവും അധികാരവും ഉള്ളവർ അടങ്ങിയ സമൂഹം.

17. കേരളത്തിന്റെ ബ്രാൻഡ് അംബാസിഡർമാരായി വിവിധരാജ്യങ്ങളിൽ ജോലി ചെയ്യുന്ന വൈദഗ്ധ്യമുള്ള ഡോക്ടർമാരും നഴ്സുമാരും.

18. ആയുർവേദത്തിന്റെ ഈറ്റില്ലം ഒപ്പം ഹോമിയോപ്പതിയുടെ പേരുകേട്ട പോറ്റില്ലവും നമ്മുടെ കേരളം തന്നെ.

ഇതിനർത്ഥം നാം എല്ലാം തികഞ്ഞ ഒരു പുരോഗമന സമൂഹമാണെന്ന് എന്നല്ല. തന്നെയുമല്ല നമ്മുടെ പലവിധ കഴിവുകൾ യഥാർത്ഥ രീതിയിൽ പ്രയോഗിക്കാതെ വരുന്നത് തന്നെ നമുക്ക് വലിയൊരു തിരിച്ചടിയാണ്. ചുരുക്കത്തിൽ നമ്മുടെ ചില അസാമാന്യ കഴിവുകൾ തന്നെയാണ് കഴിവുകേടായി മാറുന്നതും.ഒരു ജനസമൂഹമെന്ന നിലയിൽ നാം സ്വായത്തമാക്കിയിട്ടുള്ള കഴിവുകളെ യഥാവിധി വിനിയോഗിക്കുമ്പോഴാണ് നാം പുരോഗതി കൈവരിക്കുന്നത്. ആ വെല്ലുവിളിയാണ് നാം നേരിടേണ്ടത്. അതിനു നാം സജ്ജരായാൽ പോസ്റ്റ് കോവിഡ് ലോകത്തെ അവസരങ്ങൾ നമുക്കായി വാതായനങ്ങൾ വിശാലമായി തുറന്നിടുക തന്നെ ചെയ്യും.

നമുക്ക് മുൻപിൽ തുറക്കപ്പെടുന്നത്

ഇനി ഏതൊക്കെ മേഖലകളാണ് നമ്മുക്ക് മുൻപിൽ തുറക്കപ്പെടുന്നത് അഥവാ നാം തേടി കണ്ടെത്തേണ്ടത് എന്ന് പരിശോധിക്കാം.

കേരളത്തിന്റെ മാന്ത്രികചെപ്പുകൾ-(incredible keralam)

1. ആരോഗ്യം
2. ടൂറിസം
3. ടെക്നോളജി
4. ഓർഗാനിക് കൃഷി
5. ഉന്നത വിദ്യാഭ്യാസം
6. ഐടി ഹബ് / ബാക്ക് ഓഫീസുകൾ
7. ഔഷധ നിർമ്മാണം
8. റിട്ടയർമെന്റ് / നഴ്‌സിങ് ഹോമുകൾ
9. സാഹസിക വിനോദ കേന്ദ്രങ്ങൾ
10. കായിക പരിശീലനം

ആരോഗ്യം

നിപ്പ , കോവിഡ് 19 തുടങ്ങിയ മഹാമാരികളെ പിടിച്ചുകെട്ടി കേരളം ഇന്ന് ആരോഗ്യ രംഗത്തെ 'കേരള മോഡൽ ' എന്ന ലോകമാതൃക തന്നെ സൃഷ്ടിച്ചിരിക്കുന്നു. കാൻസർ , അവയവങ്ങൾ മാറ്റിവെക്കൽ, ജീൻ തെറാപ്പി തുടങ്ങിയ മേഖലയിൽ ഇനി കേരളത്തിന് ബഹുദൂരം മുന്നോട്ട് പോകാൻ സാധിക്കും. കേരള ജനതയുടെ രോഗപ്രതിരോധ ശേഷി വർധിക്കാൻ അടിസ്ഥാനകാരണമായ ആയുർവേദ ജീവിതശൈലി നാം നല്ല രീതിയിൽ പ്രചാരത്തിൽ കൊണ്ടുവരേണ്ടിയിരിക്കുന്നു. കേവലം തിരുമ്മും സുഖചികിത്സയുമല്ലാതെ, ആയുർവർദത്തിലെ ഫലപ്രാപ്തിയുള്ള രോഗചികിത്സയും നാം പരിപോഷിപ്പിക്കണം. കൂടാതെ കേരളത്തിലെ ഹോമിയോപ്പതി വൈദ്യശാസ്ത്രം ഇന്ന് ലോകശ്രദ്ധ ആകർഷിക്കുന്നു. ഐവിഎഫ്നുപോലും ബദൽ ആകുന്ന രീതിയിൽ വളരെ ചെലവുകുറഞ്ഞ ഹോമിയോപ്പതി മരുന്ന് ചികിത്സ ഇന്ന് ആയിരങ്ങൾക്ക് വന്ധ്യതയിൽ നിന്നും മോചനം നേടാൻ സഹായിക്കുന്നു.

ഹോമിയോപ്പതിയിലെ കാൻസറിനുള്ള പാലിയേറ്റീവ് ചികിത്സ ഇന്ന് പതിനായിരങ്ങളുടെ ജീവിതത്തിനു നിറം പകരുന്നു. 'സങ്കരചികിത്സ' എന്ന തെറ്റായ ധാരണ മാറ്റി , ആധുനിക വൈദ്യശാസ്ത്രം, ആയുർവ്വേദം, ഹോമിയോപ്പതി, യോഗ, യുനാനി തുടങ്ങിയ ചികിത്സാ രീതികളെ സമന്വയിപ്പിച്ചുകൊണ്ട് ഹോളിസ്റ്റിക് അഥവാ 'സമന്വയ ചികിത്സാ രീതിക്ക്' തുടക്കം കുറിക്കാൻ നമുക്ക് കഴിഞ്ഞാൽ അത് ആരോഗ്യ രംഗത്ത് അതി വിപ്ലവമായ മാറ്റങ്ങൾക്ക് കാരണമാകും, ഒപ്പം കേരളത്തിന് വലിയൊരളവിൽ വിദേശനാണ്യ ശേഖരം ഉണ്ടാക്കാനും ഇത് ഇട നൽകും. ലോക ആരോഗ്യരംഗത്തെ മാതൃക ആകുന്നതോടൊപ്പം മറ്റുരാജ്യങ്ങളിൽ ഇത്തരം ഹോളിസ്റ്റിക് ചികിത്സാ കേന്ദ്രങ്ങൾ തുടങ്ങാൻ നമ്മുടെ വിദഗ്ദ്ധരെ പറഞ്ഞയക്കാൻ കഴിയും. അതായത് നഴ്സിങ് കൂടാതെ ആയുർവേദം, ഹോമിയോപ്പതി, യോഗ, യുനാനി തുടങ്ങിയ മേഖലകളിലെ സേവനങ്ങളിൽ നിന്നും വലിയൊരു വരുമാനം 'ഫോറിൻ റെമിറ്റൻസ് ' ആയി കേരളത്തിലേക്ക് എത്തിക്കാൻ സാധിക്കും.

റിട്ടയർമെന്റ്/ നഴ്സിങ് ഹോമുകൾ

ആരോഗ്യരംഗത്തു നാം കാണിച്ച മുന്നേറ്റം ഇന്ന് ലോകത്തിന്റെ ശ്രദ്ധയാകർഷിച്ച സ്ഥിതിക്ക് ഇനി പാശ്ചാത്യ രാജ്യങ്ങളിലെ അതി സമ്പന്നർ അവരുടെ വിശ്രമകാല ജീവിതത്തിനു കേരളം തിരഞ്ഞെടുക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഏതായാലും അമേരിക്ക, ജർമ്മനി, ഇറ്റലി , ബ്രിട്ടൻ എന്നിവിടങ്ങളിൽ ജീവിക്കുന്ന ആ രാജ്യങ്ങളിൽ പൗരത്വം നേടിയ പ്രായം ചെന്ന മലയാളികൾ പോലും കൂട്ടത്തോടെ ആദ്യം കിട്ടുന്ന വിമാനത്തിൽ കേരളത്തിലേക്ക് പറക്കാൻ തയ്യാറെടുക്കുന്നു. അവർക്ക് ആവശ്യമായ 'സീനിയർ സിറ്റിസൺസ് ഹോമുകൾ' ഒരുക്കാൻ നാം തയ്യാറാവുക. കേരളത്തിൽ ഇനി 300-500% വരെ വളർച്ച ഉണ്ടാകാൻ പോകുന്ന ഒരുമേഖലയാണ് റിട്ടയർമെന്റ് ഹോമുകൾ. പക്ഷേ അവ അന്തർദേശിയ തലത്തിലുള്ള നിലവാരം പുലർത്തുന്നവ ആയിരിക്കണം എന്ന് മാത്രം. ഇത് കേരളത്തിലെ നഴ്‌സിങ് മേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾക്കും വേതന വർദ്ധനവിനും ഇടയാക്കും.

ടൂറിസം

ലോകമാസകലം ഉള്ള യാത്രകളും വിനോദസഞ്ചാരവും വലിയ മാറ്റത്തിന് വിധേയമാകും. Green, Economic & Responsible ടൂറിസം ആകും ഇനി വരാൻ പോകുന്നത്. അനാവശ്യമായി വെറുതെ പൈസ ചെലവാക്കുന്നതിനു പകരം, ഉത്തരവാദിത്തബോധത്തോടെ ചെലവ് കുറഞ്ഞ,പ്രകൃതിയെ വല്ലാതെ ദ്രോഹിക്കാത്ത ഇടങ്ങൾ ആവും ശ്രദ്ധ നേടുക. കൂടുതൽ ഫാമിലി ടൂറിസ്റ്റുകൾ ഉയർന്നു വരും. അങ്ങനെ നോക്കുമ്പോൾ കേരളം ഒരു ഉദാത്ത ഇടമായി ഉയർന്നുവരാൻ സാധ്യത ഉണ്ട്, പക്ഷേ നാം അതിനായി കഠിന പരിശ്രമം നടത്തണം എന്ന് മാത്രം. ' ടൂറിസ്ററ് ഈസ് ദി കിങ് ' എന്ന മനോഭാവം കൂടി വേണമെന്ന് അർത്ഥം.

ടെക്നോളജി/ ഐടി/ ബാക്ക് ഓഫീസ്

പോസ്റ്റ് കോവിഡ് കാലം ഏറ്റവും കൂടുതൽ ഉറ്റു നോക്കുന്ന വലിയ മേഖലയാണിത്. നിർമ്മിത ബുദ്ധി, ബ്ലോക്ക് ചെയിൻ, ഡാറ്റാ സയൻസ് , 3ഡി പ്രിന്റിങ് തുടങ്ങിയ മേഖലകളിൽ കണ്ണടച്ച് തുറക്കുമ്പോളേക്കും വലിയ മാറ്റങ്ങൾ വന്നിരിക്കും. മലയാളികൾക്ക് ധൈര്യ സമേതം കൈവെക്കാവുന്ന, വലിയ തൊഴിൽ സാദ്ധ്യതകൾ തുറക്കാൻ പോകുന്ന മേഖലകളാണിവ. ചുരുങ്ങിയത് എട്ടാം ക്ലാസ്സിലെ പാഠപുസ്തകത്തിൽ മുതൽ ഇവ നാം ഉൾപ്പെടുത്തണം.
നിലവിൽ തന്നെ പല വിദേശ ബാങ്കുകളും അവയുടെ ബാക്ക് ഓഫീസുകൾ കൊച്ചിയിൽ ആരംഭിച്ചിരിക്കുന്നു. UAE യിലെ RAK BANK ഒരു ഉദാഹരണം മാത്രം. ബിസിനസ്സ് മാനേജ്മന്റ് വലിയ അളവിൽ ഔട്ട് സോഴ്സ് ചെയ്യപ്പെടും, അതും ചിലവുകുറഞ്ഞ ടെക്കികൾ ഉള്ള സ്ഥലങ്ങളിലേക്ക്. നാം ചെന്നൈയും ഹൈദെരാബാദും മനിലയുമായി മത്സരിക്കേണ്ടി വരും എന്ന്മാത്രം.

കൃഷി

പരമ്പരാഗത കൃഷി രീതികൾക്ക് ഇനിയുള്ള കാലം ബുദ്ധിമുട്ടേറിയതാകും. അതിനാൽ കുറഞ്ഞ സ്ഥലത്തു യന്ത്രവൽകൃത രീതിയിൽ കൂടുതൽ വിളയും വിലയും ലഭിക്കുന്ന മാതൃകകൾക്ക് മാത്രമേ പിടിച്ചു നില്ക്കാൻ കഴിയു. അതിനാൽ ഓർഗാനിക് , മെഡിസിൻ ഹെർബ് , സ്‌പൈസസ് തുടങ്ങിവയവ കേന്ദ്രീകരിക്കുന്നതായിരിക്കും കേരളത്തിന് അനുയോജ്യമാവുക. നേരെ മറിച്ചു ആഫ്രിക്കൻ രാജ്യങ്ങളിൽ വൻതോതിൽ ഭൂമി പാട്ടത്തിനെടുത്തു എല്ലാത്തരം വിളകളും നമ്മുക്ക് ഉല്പാദിപ്പിക്കാൻ കഴിയും. കൃഷിയിലുള്ള നമ്മുടെ ശ്രദ്ധ, അങ്ങ് ആഫ്രിക്കയിലേക്ക് ദിശ മാറ്റണമെന്ന് മാത്രം. കേരളത്തിലെ ഉയർന്ന ജനസാന്ദ്രത, ഭൂമിയുടെ വർദ്ധിച്ച വില, കൃഷി ഭൂമിയുടെ ലഭ്യതക്കുറവ് മുതലായ ഘടകങ്ങൾ കപ്പയും വാഴയും ചേനയും ചേമ്പും വൻതോതിൽ കൃഷി ചെയ്യണമെങ്കിൽ നാം വേറെ സ്ഥലങ്ങൾ തേടേണ്ടി വരും എന്ന് സാരം.

ഉന്നത വിദ്യാഭ്യാസം

സ്വാശ്രയ മേഖല ഇന്ന് കേരളത്തിൽ വലിയ പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. ധാരാളം എൻജിനീയറിങ് കോളേജുകൾ കുട്ടികൾ ഇല്ലാതെ മാറാല പിടിച്ചു കിടക്കുന്നു. എന്നാൽ ഉന്നത വിദ്യാഭ്യാസത്തിനാവശ്യമായ ഭൗതിക സാഹചര്യങ്ങൾ നാം നേടിയിരിക്കുന്നു എന്നതാണ് ഞാൻ ഇതിൽ നിന്നും മനസിലാക്കുന്നത്. എന്നാൽ കാലാനുസൃതമായ, തൊഴിൽ ലഭിക്കാൻ സാധ്യതയുള്ള കോഴ്‌സുകൾ വിഭാവനം ചെയ്യാൻ നാം പരാജയപ്പെട്ടുപോയി. എന്നാൽ പോസ്റ്റ് കോവിഡ് കാലം അതിനൊരു അനന്ത സാധ്യതയാണ് തുറന്ന് തരാൻ പോകുന്നത്. നിർമ്മിത ബുദ്ധി, റോബോട്ടിക്‌സ് , ബ്ലോക്ക് ചെയിൻ, 3ഉ പ്രിന്റിങ് , മെഷിൻ ലേർണിങ് , ഡാറ്റാ സയൻസ് ...അങ്ങനെ നീളുന്നു ആ പട്ടിക. അതിനാൽ യുദ്ധകാല അടിസ്ഥാനത്തിൽ ഗവൺമെന്റ് തന്നെ മുൻകൈ എടുത്ത് ഇത്തരം മേഖലകളിലെ വിദഗ്ദ്ധരെ കണ്ടെത്തി ( ധാരാളം മലയാളി വിദഗ്ദ്ധർ പുറം രാജ്യങ്ങളിൽ ഉണ്ട് ) അവരെ കൊണ്ട് അനുയോജ്യമായ കോഴ്‌സുകൾ വിഭാവനം ചെയ്ത് പറ്റുമെങ്കിൽ ഈ ജൂണിൽ തന്നെ ഇത്തരം ക്ലാസുകൾ ആരംഭിക്കാൻ ശ്രമിക്കുക. ലാഭകരമല്ലാത്ത, പ്രകൃതി രമണീയമായ സ്ഥലങ്ങളിൽ ഉള്ള കോളേജുകളെ റിട്ടയർമെന്റ് ഹോമുകൾ ആക്കി മാറ്റുകയും ചെയ്യാം.

ഔഷധ നിർമ്മാണം

കൊറോണ കാലത്തെ ക്ലോറോക്വിൻ ഡിമാൻഡ് നാം എല്ലാം കണ്ടതാണ്. ആധുനിക വൈദ്യശാസ്ത്ര മേഖലയിലെ മരുന്ന് നിർമ്മാണങ്ങൾക്കൊപ്പം 3ഡി പ്രിന്റിങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ 'ഹ്യൂമൻ ഓർഗൻ മാനുഫാക്ച്ചറിങ് 'കൂടി നമ്മുക്ക് തുടങ്ങാവുന്നതേ ഉള്ളൂ. അത് വലിയ തോതിലുള്ള വിദേശ നിക്ഷേപത്തിനും വൻതോതിലുള്ള തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും ഇട നൽകും. കൂടാതെ ആയുർവേദ , ഹോമിയോപ്പതി ഔഷധങ്ങൾക്ക് ഭാവിയിൽ വരാൻ പോകുന്ന വർദ്ധിച്ച ആവശ്യം കണക്കിലെടുത്തു ആ മേഖലകളിലേക്കും ശ്രദ്ധ ചെലുത്തേണ്ടതാണ്. യോഗ ഇന്ത്യയുടെസംഭാവനയാണെങ്കിലും യോഗ മാറ്റുകൾ ഉത്പാദനം നടത്തി ലാഭം കൊയ്തത് ചൈനയാണെന്ന് ഓർക്കുന്നത് നല്ലതായിരിക്കും. 'കേസ് ജയിച്ചാൽ മാത്രം പോരാ, പറമ്പ് കൈവശപ്പെടുത്തുക കൂടി ചെയ്യണമെന്നർത്ഥം.'

സാഹസിക വിനോദ കേന്ദ്രങ്ങളും കായികരിശീലനവും

സാഹസിക വിനോദങ്ങൾ അതും പ്രകൃതിയുമായി മല്ലിടുന്നവ എന്നും മനുഷ്യനെ പ്രചോദിപ്പിക്കുന്നവയാണ്. ആരോഗ്യ പരിപാലനത്തിന്റെ ഭാഗമായാണ് സാഹസിക വിനോദത്തെ പാശ്ചാത്യർ കാണുന്നത്. കേരളത്തിൽ അത്തരം ധാരാളം ഇടങ്ങൾ ഉണ്ടെകിലും അവയൊന്നും വേണ്ട രീതിയിൽ മാർക്കറ്റ് ചെയ്യാൻ നമ്മുക്ക് സാധിച്ചിട്ടില്ല. വ്യക്തിഗത ഫിറ്റ്നസ് , രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കൽ തുടങ്ങിയവ ഇനി ലോകത്തിന്റെ സവിശേഷ ശ്രദ്ധ ആകര്ഷിക്കുമെന്നതിൽ സംശയം ഇല്ല. അതിനാൽ ഇടുക്കി, വയനാട്, പത്തനംതിട്ട, കണ്ണൂർ തുടങ്ങിയ ജില്ലകളിലെ സാഹസിക വിനോദത്തിന് അനുയോജ്യമായ ഇടങ്ങളെ കണ്ടെത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിക്കൊണ്ടു വന്നാൽ നാം വിചാരിക്കാത്ത അളവിൽ വിദേശ നാണ്യം നേടിത്തരാൻ അവയ്ക്ക് കഴിയും, അതും പ്രകൃതിയുടെ സ്വാഭാവികത നിലനിർത്തി ഇക്കോ ടൂറിസം വഴി. തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കലും, പ്രകൃതി സംരക്ഷണവും അതോടൊപ്പം വൻ വരുമാന മാർഗവും. ഒരുവെടിക്ക് ഒന്നല്ല, മൂന്ന് പക്ഷി എന്ന കണക്കിൽ!

ഇടുക്കി, വയനാട്, കണ്ണൂർ തുടങ്ങിയ ജില്ലകളിലെ ചില സ്ഥലങ്ങൾ കായിക പരിശീലനത്തിന് ഉതകും വിധം കുറഞ്ഞ ചെലവിൽ രൂപമാറ്റം കൊണ്ടുവരാൻ കഴിയും.അവയും ആഭ്യന്തര കായിക പരിശീലനത്തിനുള്ള വേദികളാക്കാൻ കഴിയും. കാലക്രമേണ അവയും വിദേശ കായിക രംഗത്തിന്റെ ശ്രദ്ധ ആകർഷിക്കുകയും ചെയ്യും.

മേല്പറഞ്ഞവ കൂടാതെ മറ്റുപല മേഖലകളും അനന്ത സാധ്യതകളുടെ വാതായനങ്ങൾ തുറക്കുന്നവയാണ്. എന്നാൽ ൃ വിശദമായി പ്രതിപാദിച്ച ഈ പത്തു മേഖലകളും അനിതര സാധാരണമായ അനന്ത സാധ്യതകളാണ് നമ്മുക്ക് മുന്നിൽ തുറന്നിടുന്നത്. ടെക്നോളജി ഇത്രയും വർധിച്ച ഈ കാലഘട്ടത്തിൽ ഇത്തരം സാധ്യതകളെ ആര് ആദ്യം പ്രയോജനപ്പെടുത്തുന്നുവോ , അവരായിരിക്കും , അതെ അവർ മാത്രമായിരിക്കും വിജയം വരിക്കുന്നത്. അതിനാൽ നമുക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്ന ഈ 'അന്തർദേശിയ ശ്രദ്ധയെന്ന' ഈ മൂലധനം മറ്റു മേഖലകളിലേക്ക് അടിയന്തരമായി തിരിച്ചുവിട്ട്, 'പ്രതികൂല സാഹചര്യങ്ങളെ അവസരങ്ങളാക്കി മാറ്റുന്നവൻ മലയാളി' എന്ന നിർവചനം ഒരു അംഗീകാരമായി നമ്മുടെ കഴുത്തിൽ ഒരു ഹാരമായി പതിക്കട്ടെ. ഒപ്പം 'കേരളം ' എന്ന ദൈവത്തിന്റെ സ്വന്തം നാട് - വൻ മൂല്യമുള്ള ഒരു 'അന്തർദേശീയ ബ്രാൻഡ് 'ആയി മാറട്ടെ.

കേരളമെന്ന പേര് കേട്ടാൽ നമ്മുടെ ഞെരമ്പുകളിൽ ചോര തിളക്കുന്നതിനോടൊപ്പം ഓരോ മലയാളിക്കും അന്തസ്സായി അഭിമാനത്തോടെ തല ഉയർത്തി ജീവിക്കുവാനുള്ള അവസരം കൂടി പ്രദാനം ചെയ്യട്ടെ. ' ഈ കേരളം ഞങ്ങൾക്ക് വേണം, ഈ കേരളത്തെ ഞങ്ങൾക്ക് തരണം, ഈ കേരളത്തെ ഞങ്ങൾ ഇങ്ങ് എടുക്കുവാ ' എന്ന് അന്താരാഷ്ട്ര സമൂഹത്തെ കൊണ്ട് പറയിപ്പിക്കുവാൻ ഓരോ മലയാളിയും കച്ച മുറുക്കി അരങ്ങത്തേക്ക് കേറി വരിക. സംശയമില്ല , നാം വിജയിക്കുക തന്നെ ചെയ്യും, തീർച്ച

( ലേഖകൻ രണ്ട് പതിറ്റാണ്ടായി മെഡിക്കൽ പ്രൊഫഷണലായ ലേഖകൻ ദുബായ് ലേക് ഷോർ മെഡിക്കൽ സെന്റർ മെഡിക്കൽ ഡയറക്ടർ ആണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക് ചെയിൻ, ഡാറ്റ സയൻസ് എന്നിവയിൽ വിദഗ്ധനാണ്. അമേരിക്കയിലെ ക്‌ളീവ്‌ലാൻഡിലടക്കം നിരവധി അന്താരാഷ്ട്ര വേദികളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP