Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിവരസമ്പദ്ഘടനയുടെ ഈ യുഗത്തിൽ കേരളത്തിൽ സ്വാതന്ത്ര്യം, ജനാധിപത്യം, സ്വാശ്രയത്വം, പരമാധികാരം എന്നീ മൂല്യങ്ങൾ എങ്ങനെ സംരക്ഷിക്കാനാവുമെന്ന ചോദ്യമുയർത്തി ജനയു​ഗം; സ്പ്രിങ്ക്‌ളർ ഡാറ്റാ വിവാദത്തിൽ സിപിഐയും പിണറായി വിജയനെ പ്രതിക്കൂട്ടിൽ നിർത്തുമെന്ന സൂചനയുമായി പാർട്ടി പത്രത്തിന്റെ മുഖപ്രസം​ഗം

വിവരസമ്പദ്ഘടനയുടെ ഈ യുഗത്തിൽ കേരളത്തിൽ സ്വാതന്ത്ര്യം, ജനാധിപത്യം, സ്വാശ്രയത്വം, പരമാധികാരം എന്നീ മൂല്യങ്ങൾ എങ്ങനെ സംരക്ഷിക്കാനാവുമെന്ന ചോദ്യമുയർത്തി ജനയു​ഗം; സ്പ്രിങ്ക്‌ളർ ഡാറ്റാ വിവാദത്തിൽ സിപിഐയും പിണറായി വിജയനെ പ്രതിക്കൂട്ടിൽ നിർത്തുമെന്ന സൂചനയുമായി പാർട്ടി പത്രത്തിന്റെ മുഖപ്രസം​ഗം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സ്പ്രിങ്കളർ കരാറുമായി ബന്ധപ്പെട്ട് ഇടത് മുന്നണിയിൽ കലാപക്കൊടി ഉയർത്തി സിപിഐ. സ്പ്രിങ്ക്‌ളർ ഡാറ്റാ വിവാദത്തിൽ പരോക്ഷ വിമർശനമുയർത്തി സിപിഐ മുഖപത്രം തന്നെ രം​ഗത്തെത്തിയതോടെ ഇരിടവേളക്ക് ശേഷം വീണ്ടും സിപിഐ-സിപിഎം പോരിന് വഴിയൊരുങ്ങുകയാണ്. ജനയുഗം എഡിറ്റോറിയലിലാണ് സ്പ്രിങ്ക്‌ളർ ഡാറ്റാ വിവാദത്തിൽ പരോക്ഷ വിമർശനമുയർത്തിയിരിക്കുന്നത്. വിവര സ്വകാര്യതയും വിവര സുരക്ഷിതത്വവും എന്ന തലക്കെട്ടിലാണ് പാർട്ടി പത്രത്തിലെ മുഖപ്രസംഗം.

വിവര സമാഹരണം രാഷ്ട്രീയ ഗതിവിഗതികളെ നിയന്ത്രിക്കുന്നതിൽ ഏറെ നിർണായകമാണെന്ന് ഇന്ന് എല്ലാവരും തിരിച്ചറിയുന്നുണ്ടെന്നും, അവ കൈവശമില്ലാത്തവർ രാഷ്ട്രീയ ഭൂപടത്തിൽ നിന്നും മായ്ക്കപ്പെടുമെന്നതും അനിഷേധ്യ യാഥാർത്ഥ്യമായിരിക്കുന്നുവെന്നും ജനയുഗം. ഇന്ത്യയിൽ 'ആധാർ' എന്നറിയപ്പെടുന്ന 'യുണിക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യയുഐഡിഎഐ' വ്യാപകമായ എതിർപ്പ് വിളിച്ചുവരുത്തിയത് ജനങ്ങളെ സംബന്ധിക്കുന്ന വിവരസമാഹരണം സുരക്ഷിതമായിരിക്കുമോ, അത് ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്കകൊണ്ടാണ്. വിവര സ്വകാര്യതയും വിവരസുരക്ഷിതത്വവും അതുകൊണ്ടുതന്നെ വ്യക്തികളുടെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെ തന്നെയും സ്വാതന്ത്ര്യം, സുരക്ഷിതത്വം, പരമാധികാരം എന്നിവയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു,വിവര സമ്പദ്ഘടനയിൽ ആധിപത്യം പുലർത്തുന്ന മൂലധനശക്തികൾ പ്രധാനമായും ലക്ഷ്യംവയ്ക്കുന്നത് ഇന്ത്യയടക്കം വികസ്വര, അവികസിത രാഷ്ട്രങ്ങളിൽ നിന്നുള്ള വിവര സമാഹരണമാണെന്നും ജനയുഗം മുഖപ്രസംഗം പറയുന്നു.

സ്പ്രിങ്ക്‌ളർ ഇടപാട് മന്ത്രിസഭാ യോഗം ചർച്ച ചെയ്യാതെ ഉദ്യോഗസ്ഥ തലത്തിൽ എടുത്ത തീരുമാനമായതിനാൽ തൽക്കാലം പ്രതികരിക്കേണ്ടെന്നായിരുന്നു സിപിഐ നിലപാട്. വിവാദത്തിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് നിയമമന്ത്രി എകെ ബാലൻ രംഗത്തെത്തിയിരുന്നു. സിപിഐഎം കേന്ദ്രനേതൃത്വവും ഇക്കാര്യത്തിൽ സർക്കാരിനെ പിന്തുണച്ചിരുന്നു.

ജനയുഗം മുഖപ്രസംഗം ഇങ്ങനെ..

വിവര സ്വകാര്യതയും വിവര സുരക്ഷിതത്വവും

വിവര സമ്പദ്ഘടനയുടെ ഈ യുഗത്തിൽ ഡിജിറ്റൽ ആവാസ വ്യവസ്ഥ, വിവര അഥവ ഡാറ്റാ സ്വകാര്യത, സമാഹൃത വിവരങ്ങളുടെ സുരക്ഷിതത്വം എന്നിവ അതീവ പ്രാധാന്യമർഹിക്കുന്നു. സ്വർണം തുടങ്ങിയ അമൂല്യ ലോഹങ്ങൾ, പെട്രോളിയം ഉല്പന്നംപോലുള്ള തന്ത്രപ്രധാന പ്രകൃതി വിഭവങ്ങൾ എന്നിവയുടെ സ്ഥാനത്ത് സമാഹൃതവിവരം ഡിജിറ്റൽ ‍യുഗത്തിൽ ‍സമ്പദ്ഘടനയുടെയും സാമ്പത്തിക വ്യവഹാരങ്ങളുടെയും അടിത്തറയായി മാറിക്കഴിഞ്ഞിരിക്കുന്നു. സമ്പത്ത് ഉല്പാദനത്തിന്റെയും മൂലധന കേന്ദ്രീകരണത്തിന്റെയും ചൂതാട്ട സമാനമായ ലാഭഗണനയുടെയും നിർണായക ഘടകമായിരിക്കുന്നു സമാഹൃത വിവരം.

അതുകൊണ്ടുതന്നെ ശേഖരിക്കപ്പെടുന്ന വിവരങ്ങളുടെ സ്വകാര്യത അതിന്റെ സുരക്ഷിതത്വം എന്നിവ ഡിജിറ്റൽ, വിവര, വിനിമയ സാങ്കേതിക വിദ്യകളുടെ ലോകത്ത് അതീവ പ്രാധാന്യം കെെവരിക്കുന്നു. വിവര ലഭ്യതയും അതിന്റെ വിനിയോഗവും ആയിരിക്കും സമ്പത്തിന്റെ നിയന്ത്രണം ആരുടെ പക്കലെന്നു നിർണയിക്കുക. ഡാറ്റാ ഇക്കോണമിയുടെ ക്ലാസിക് മാതൃകകളാണ് ആമസോൺ, ഗൂഗിൾ, ഫേ­സ്ബുക്ക് തുടങ്ങിയ ആ­ഗോള കമ്പനികൾ. അ­വർ സമാഹരിച്ച വിവരങ്ങളുടെ മുകളിലാണ് ആ കമ്പനികൾ അവരുടെ വ്യവസായ‑വാണിജ്യ സാമ്രാജ്യങ്ങൾ കെ­ട്ടിപ്പടുത്തിരിക്കുന്നത്. ഡാറ്റ അത്തരം ക­മ്പനികൾ സാമ്പത്തി­ക, രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ദുരുപയോഗം ചെയ്തതു സംബന്ധിച്ച വൻ വിവാദങ്ങൾ സമകാലിക ചരിത്രത്തിന്റെ ഭാഗമാണ്. വിവര സമാഹരണം രാഷ്ട്രീയ ഗതിവിഗതികളെ നിയന്ത്രിക്കുന്നതിൽ ഏറെ നിർണായകമാണെന്ന് ഇന്ന് എല്ലാവരും തിരിച്ചറിയുന്നു. അവ കെെവശമില്ലാത്തവർ രാഷ്ട്രീയ ഭൂപടത്തിൽ നിന്നും മായ്ക്കപ്പെടുമെന്നതും അനിഷേധ്യ യാഥാർത്ഥ്യമായിരിക്കുന്നു. ഇന്ത്യയിൽ ‘ആധാർ’ എന്നറിയപ്പെടുന്ന ‘യുണിക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ‑യുഐഡിഎഐ’ വ്യാപകമായ എതിർപ്പ് വിളിച്ചുവരുത്തിയത് ജനങ്ങളെ സംബന്ധിക്കുന്ന വിവരസമാഹരണം സുരക്ഷിതമായിരിക്കുമോ, അത് ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്കകൊണ്ടാണ്. വിവര സ്വകാര്യതയും വിവരസുരക്ഷിതത്വവും അതുകൊണ്ടുതന്നെ വ്യക്തികളുടെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെ തന്നെയും സ്വാതന്ത്ര്യം, സുരക്ഷിതത്വം, പരമാധികാരം എന്നിവയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.

വ്യക്തികളെ സംബന്ധിക്കുന്ന വിവരം ബോധപൂർവമോ അല്ലാതെയോ ചോർത്തപ്പെടുന്നത് അത് സമാഹരിക്കുന്ന ഗവണ്മെന്റ് അല്ലെങ്കിൽ സ്ഥാപനത്തെയും ഏതൊരു വ്യക്തിയെ സംബന്ധിച്ചതാണോ ആ വിവരം അയാളെയും പ്രതികൂലമായി ബാധിക്കാവുന്നതാണ്. അത് ഡാറ്റാ സമാഹരണം നടത്തുന്ന സ്ഥാപനത്തിനും അതിൽ ഉൾപ്പെട്ട വ്യക്തിക്കും കടുത്ത സാമ്പത്തിക നഷ്ടങ്ങളടക്കം ഗണ്യമായ ചേതത്തിനു കാരണമായേക്കാം. ഡാറ്റാ ചോരണം, അനധികൃത പങ്കുവയ്ക്കൽ, ദുരുപയോഗം എന്നിവ സംബന്ധിച്ച വാർത്തകൾ പതിവായിട്ടും ഡാറ്റാ സ്വകാര്യത, സുരക്ഷിതത്വം എന്നിവ അർഹിക്കുന്ന പ്രാധാന്യത്തോടെ ഇനിയും കണക്കിലെടുക്കപ്പെട്ടിട്ടില്ല. ഡാറ്റാ സ്വകാര്യത എന്നാൽ ലഭ്യമായ വിവരങ്ങൾ നിയമപരമായി ആർക്കൊക്കെ എന്തിനുവേണ്ടി ലഭ്യമാകും എന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഡാറ്റാ സുരക്ഷിതത്വമാകട്ടെ ആര് എവിടെ സമാഹൃത വിവരങ്ങൾ സൂക്ഷിക്കുന്നുവെന്നതും അതിന്റെ നിയന്ത്രണം സംബന്ധിച്ച പ്രക്രിയയെ അഥവ നിയമവ്യവസ്ഥയെ സംബന്ധിച്ച കാര്യങ്ങളാണ്. ഡാറ്റ സ്വകാര്യതയ്ക്കും സുരക്ഷിതത്വത്തിനും സ്വതന്ത്രമായ നിലനില്പ് ഇല്ല. അവ പരസ്പരപൂരകങ്ങളാണ്. സ്വകാര്യത കൂടാതെ സുരക്ഷിതത്വമോ സുരക്ഷിതത്വം കൂടാതെ സ്വകാര്യതയ്ക്കോ നിലനില്പില്ല. വിവര സമ്പദ്ഘടനയുടെ അഥവാ ഡാറ്റാ ഇക്കോണമിയുടെ ആരോഗ്യപരവും ക്രിയാത്മകവുമായ വളർച്ചയ്ക്ക് ഡാറ്റാ സുരക്ഷിതത്വവും സ്വകാര്യതയും നിയമപരമായി ഉറപ്പുവരുത്തേണ്ടതുണ്ട്. വികസിത യൂറോപ്യൻ രാജ്യങ്ങളടക്കം പാശ്ചാത്യലോകത്ത് വിവരസുരക്ഷിതത്വം, സ്വകാര്യത എന്നിവ സംബന്ധിച്ച് ഒട്ടേറെ നിയമനിർമ്മാണങ്ങൾ ഇതിനകം നടന്നിട്ടുണ്ട്. എന്നാൽ അവയിലേറെയും വിവര സമ്പദ്ഘടനയിൽ ആധിപത്യം ഉറപ്പിച്ചുകഴിഞ്ഞ മൂലധന ശക്തികൾക്ക് ഏറെ അനുകൂലമാണെന്ന വിമർശനം നിലനിൽക്കുന്നു. വിവര സമ്പദ്ഘടനയിൽ ആധിപത്യം പുലർത്തുന്ന മൂലധനശക്തികൾ പ്രധാനമായും ലക്ഷ്യംവയ്ക്കുന്നത് ഇന്ത്യയടക്കം വികസ്വര, അവികസിത രാഷ്ട്രങ്ങളിൽ നിന്നുള്ള വിവര സമാഹരണമാണ്.

വിവര സമ്പദ്ഘടനയുടെ ഏറ്റവും വലിയ വിപണി ഇന്നും ഇനി വരാനിരിക്കുന്ന ദശകങ്ങളിലും ഈ രാജ്യങ്ങളായിരിക്കും. ഈ കാലഘട്ടത്തിൽ മനുഷ്യന്റെ ഭൗതികവും ആത്മീയവുമായ സമസ്ത ആശയങ്ങളെയും ആവശ്യങ്ങളെയും രൂപപ്പെടുത്തുന്നതിൽ വിവരസാങ്കേതിക വിദ്യ നിർണായക പങ്കാണ് ഇന്നും തുടർന്നും നിർവഹിക്കുക. വിവരശേഖരങ്ങളുടെ ബലത്തിൽ പ്രവർത്തിക്കുന്ന മൂലധന താല്പര്യങ്ങൾക്ക് ആ പ്രക്രിയയിൽ അഭൂതപൂർവമായ പങ്കാളിത്തമാണ് കെെവന്നിരിക്കുന്നത്. സ്വാഭാവികമായും തങ്ങളുടെ ലാഭാർത്തിക്ക് അനുയോജ്യമായ രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കുന്നതിലും അവർക്ക് നിർണായക പങ്കാണുള്ളത്. വിവരസ്വകാര്യതയും സുരക്ഷിതത്വവും സജീവ ചർച്ചാവിഷയമാകുന്ന കേരളത്തിൽ നമ്മുടെ സ്വാതന്ത്ര്യം, ജനാധിപത്യം, സ്വാശ്രയത്വം, പരമാധികാരം എന്നീ മൂല്യങ്ങൾ വിവരസമ്പദ്ഘടനയുടെ ഈ യുഗത്തിൽ എങ്ങനെ സംരക്ഷിക്കാനാവുമെന്നത് സജീവ പരിഗണന അർഹിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP