Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊവിഡ് കവിതയുടെ വരികൾ തന്റെ സൃഷ്ടിയാണെങ്കിലും ഗ്രാഫിക്‌സും സംഗീതവും അടക്കമുള്ള കാര്യങ്ങൾ നിർവഹിക്കുന്നത് മറ്റുള്ളവരാണ്; അതിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുക്കുകയും ഇതുപോലെയുള്ള സംഭവങ്ങൾ ആവർത്തിക്കരുതെന്ന് ബന്ധപ്പെട്ടവർക്ക് നിർദ്ദേശം കൊടുക്കുകയും ചെയ്തിട്ടുണ്ട്; ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത കവിതയിലൂടെ ഇസ്ലാം മതത്തെ അവഹേളിച്ചെന്ന ആരോപണത്തിൽ ക്ഷമാപണവുമായി സോഹൻ റോയ്

കൊവിഡ് കവിതയുടെ വരികൾ തന്റെ സൃഷ്ടിയാണെങ്കിലും ഗ്രാഫിക്‌സും സംഗീതവും അടക്കമുള്ള കാര്യങ്ങൾ നിർവഹിക്കുന്നത് മറ്റുള്ളവരാണ്; അതിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുക്കുകയും ഇതുപോലെയുള്ള സംഭവങ്ങൾ ആവർത്തിക്കരുതെന്ന് ബന്ധപ്പെട്ടവർക്ക് നിർദ്ദേശം കൊടുക്കുകയും ചെയ്തിട്ടുണ്ട്; ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത കവിതയിലൂടെ ഇസ്ലാം മതത്തെ അവഹേളിച്ചെന്ന ആരോപണത്തിൽ ക്ഷമാപണവുമായി സോഹൻ റോയ്

മറുനാടൻ മലയാളി ബ്യൂറോ

ഷാർജ: സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത കവിതയിലൂടെ മതത്തെ അവഹേളിച്ചു എന്ന ആരോപണത്തെ തുടർന്ന് ക്ഷമാപണവുമായി ​ഗൾഫിലെ മലയാളി വ്യവസായി. ഷാർജ ആസ്ഥാനമായുള്ള ഏരീസ് ഗ്രൂപ്പ് ചെയർമാനും സിഇഒയും സിനിമാ സംവിധായകനുമായ സോഹൻ റോയി ആണ് മതവികാരം വ്രണപ്പെട്ടവരോട് ക്ഷമ പറഞ്ഞ് ഫേസ്‌ബുക്ക് ലൈവിൽ എത്തിയത്. പിഴവ് പറ്റിയത് ​ഗ്രാഫിക് ഡിസൈനർക്കാണെന്നും എന്നാൽ, അതിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. സോഹൻ റോയുടെ ഫേസ്‍ബുക്ക് പോസ്റ്റാണ് വിവാദമായത്.

വിഡ്ഢി ജന്മം എന്ന പേരിൽ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത കവിതയുടെ മുഖചിത്രമാണ് വ്യാപക പ്രതിഷേധനത്തിന് ഇടയാക്കിയത്. പള്ളിയിൽ നിന്ന് പുറത്തുവരുന്ന മുസ്ലിം വേഷധാരികളുടെ ചിത്രമാണ് കവിതയ്ക്കായി ഉപയോഗിച്ചത്. മതനേതാവിന് പിന്നിൽ കണ്ണു കെട്ടിയ അനുയായികളെയാണ് ഇതിൽ ചിത്രീകരിച്ചിരുന്നത്. ഇതോടൊപ്പം നിസാമുദ്ദീന്,. കോവിഡ്, നിസാമുദ്ദീൻ കൊറോണ കേസ് തുടങ്ങിയ ഹാഷ്‍ടാഗുകളും പോസ്റ്റ് ചെയ്തിരുന്നു. മതഭാഷിയുടെ നിർദ്ദേശാനുസരണം അണുക്കൾ നാട്ടിൽ പരത്തുന്നുവെന്നും കവിതയിൽ കുറ്റപ്പെടുത്തി.

ഫേസ്‍ബുക്ക് പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ അദ്ദേഹം പോസ്റ്റ് ഡിലീറ്റ് ചെയ്തു. തുടർന്നാണ് ഫേസ്‍ബുക്ക് വീഡിയോയിലൂടെ ക്ഷമാപണം നടത്തിയത്. തന്റെ ഗ്രാഫിക് ഡിസൈനറിന് പറ്റിയ പിഴവാണെന്നും ദുരുദ്ദേശപരമായിരുന്നെല്ലെന്നും അദ്ദേഹം ഫേസ്‌ബുക്ക് വീഡിയോയിൽ പറയുന്നു. സംഭവിച്ചതിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. അറിയാതെ ആരുടെയെങ്കിലും മതവികാരം വ്രണപ്പെടുത്തിയെങ്കിൽ ക്ഷമ ചോദിക്കുന്നു. വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

“കഴിഞ്ഞ രണ്ടര വർഷങ്ങളായി എല്ലാ ദിവസവും അന്നത്തെ വാർത്തകളിൽ വരുന്ന വിവിധ സാമൂഹ്യ വിഷയങ്ങളെ സംബന്ധിച്ച് നാലുവരിയുള്ള കവിതകൾ എഴുതി സമൂഹ മാധ്യമങ്ങളിൽ പങ്ക് വയ്ക്കാറുണ്ട്. അടുത്ത കാലത്ത്, ലോകമെങ്ങുമുള്ള കോവിഡ് വ്യാപനത്തെത്തുടർന്ന് മതപരമായ ചടങ്ങുകളും കൂട്ടായ്മകളും ഗവണ്മെന്റ് നിരോധിച്ചുകൊണ്ടുള്ള നിർദ്ദേശങ്ങൾ വന്നിരുന്നതായി എല്ലാവർക്കും അറിയാം . എന്നാൽ ഈ അവസരത്തിലും കൂട്ടായ്മകൾ സംഘടിപ്പിച്ച് പല സ്ഥലങ്ങളിലും വിവിധ മതവിശ്വാസികൾ ഗവണ്മെന്റ് നിർദ്ദേശങ്ങൾ ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ട സമയത്ത് അതിനെ വിമർശിച്ച് എഴുതിയ ഒരു നാലുവരിക്കവിതയിൽ, വരികളോടൊപ്പം ഉണ്ടായിരുന്ന ഗ്രാഫിക്സ് ചിത്രങ്ങൾ വിവാദമാകാൻ സാധ്യതയുണ്ടെന്ന് ചില മാധ്യമ പ്രവർത്തകർ സൂചിപ്പിക്കുകയും ഉടൻ തന്നെ അവ പിൻവലിക്കുകയും ചെയ്തിരുന്നു .

വരികൾ തന്റെ സൃഷ്ടിയാണെങ്കിലും മറ്റുള്ളവരാണ് ഗ്രാഫിക്‌സും സംഗീതവും അടക്കമുള്ള കാര്യങ്ങൾ നിർവഹിക്കുന്നത്. എങ്കിലും അതിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുക്കുകയും ഒപ്പം ഇതുപോലെയുള്ള സംഭവങ്ങൾ ആവർത്തിക്കരുതെന്ന് ബന്ധപ്പെട്ടവർക്ക് അന്നു തന്നെ നിർദ്ദേശം കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇത് ഏതെങ്കിലും ഒരു സമൂഹത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ ക്ഷമ ചോദിക്കാനും ഈ അവസരം വിനിയോഗിക്കുന്നു ” സോഹൻ റോയ് അറിയിച്ചു.

മതപ്രഭാഷകരെ കുറിച്ച് പറഞ്ഞത് മുസ്ലിംകളെ മാത്രമല്ലെന്നും ഹിന്ദു ക്ഷേത്രങ്ങളിലും ആളുകൾ കൂടിയിരുന്ന പരിപാടികൾ നടന്നതായും അദ്ദേഹം ഒരു മാധ്യമത്തോട് പറഞ്ഞു. ഇന്ത്യൻ സർക്കാർ കൊവിഡിനെതിരായി നടത്തുന്ന പ്രതിരോധ പ്രവർത്തങ്ങളുടെ മുൻനിരയിൽ തന്റെ സ്ഥാപനവുണ്ട്. കൊവിഡ് രോഗികളെ ക്വാറന്റൈൻ ചെയ്യാനായി തന്റെ വീട് വിട്ടുനൽകുകയും ആശുപത്രികൾക്ക് വെന്റിലേറ്ററുകളും മാസ്കുകളും എത്തിക്കുകയും ചെയ്തു. കേരളത്തിൽ ലോക് ഡൗൺ കാലത്ത് നൂറുകണക്കിന് കുടുംബങ്ങൾക്ക് ഭക്ഷണം എത്തിച്ചതായും അദ്ദേഹം ഗൾഫ് ന്യൂസിനോട് പറഞ്ഞു.

പ്രകൃതി ദത്തമോ മനുഷ്യ നിർമ്മിതമോ എന്ന് നോക്കാതെ ദുരന്തങ്ങൾ ഉണ്ടായപ്പോഴൊക്കെ കൃത്യമായ സാമൂഹ്യ സുരക്ഷാ പദ്ധതികൾ ഏരീസ് ഗ്രൂപ്പ്‌ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്. രണ്ടായിരത്തിപ്പതിനഞ്ചിലെ നേപ്പാൾ ദുരന്തത്തെത്തുടർന്ന് വീട് നഷ്ടപ്പെട്ടവർക്കായി ഇരുനൂറിലധികം പാർപ്പിടങ്ങൾ നിർമ്മിക്കാൻ ഗ്രൂപ്പ്‌ മുൻകൈ എടുത്തിരുന്നു. കേരളത്തിൽ വെള്ളപ്പൊക്കദുരന്തം ഉണ്ടായതിനെത്തുടർന്നുണ്ടായ രക്ഷാപ്രവർത്തങ്ങളിലും പുനരധിവാസപദ്ധതികളിലും ഏരീസ് ടീം നടത്തിയ പ്രവർത്തനങ്ങൾ വ്യാപകപ്രശംസ പിടിച്ചു പറ്റിയിരുന്നു.

വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ ഏകദേശം അൻപതോളം വീടുകളും ഏരീസ് ഗ്രൂപ്പ്‌ നിർമ്മിച്ചു നൽകിയിട്ടുണ്ട്. ഇൻഡിവുഡ് ബില്ല്യണേഴ്സ് ക്ലബ്ബിന്റെ സ്ഥാപക ചെയർമാൻ എന്ന നിലയിൽ സ്വയം മുൻകയ്യെടുത്ത് നടപ്പാക്കുന്ന ഇത്തരം പദ്ധതികൾ, മറ്റ് ബില്യനേഴ്‌സിനും ഇതുപോലെയുള്ള സാമൂഹിക സുരക്ഷാ പദ്ധതികളിൽ സജീവമായി പങ്കെടുക്കാനുള്ള ഒരു പ്രേരണ നൽകുമെന്നതാണ് അദ്ദേഹത്തിന്റെ കാഴ്‌ച്ചപ്പാട്.

മതവിദ്വേഷം പരത്തുന്ന സോഷ്യൽ മീഡിയാ പോസ്റ്റുകളുടെ പേരിൽ സമീപകാലത്ത് നിരവധി ഇന്ത്യക്കാർക്ക് യുഎഇയിൽ നടപടികൾ നേരിടേണ്ടി വന്നിരുന്നു. ജോലി നഷ്ടമായതിന് പുറമെ ചിലരെ തുടർനടപടികൾക്കായി അധികൃതർക്ക് കൈമാറുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP