Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

500 ആളുകൾക്ക് ശരാശരി ഒരു ടോയ്‌ലറ്റ്; രണ്ട് ചതുരശ്ര കിലോമീറ്റർ മാത്രം സ്ഥലത്ത് താമസിക്കുന്നത് 10 ലക്ഷം പേർ; പരമാവധി 250 ചതുരശ്ര അടിയിലുള്ള വീട്ടിൽ തിങ്ങിക്കഴിയുന്നത് പത്തിലധികം ആളുകൾ; കൊവിഡ് മരണം വിതച്ചെത്തുമ്പോൾ ധാരാവിയിലെ മലയാളികളും പ്രാണഭയത്തിൽ

500 ആളുകൾക്ക് ശരാശരി ഒരു ടോയ്‌ലറ്റ്; രണ്ട് ചതുരശ്ര കിലോമീറ്റർ മാത്രം സ്ഥലത്ത് താമസിക്കുന്നത് 10 ലക്ഷം പേർ; പരമാവധി 250 ചതുരശ്ര അടിയിലുള്ള വീട്ടിൽ തിങ്ങിക്കഴിയുന്നത് പത്തിലധികം ആളുകൾ; കൊവിഡ് മരണം വിതച്ചെത്തുമ്പോൾ ധാരാവിയിലെ മലയാളികളും പ്രാണഭയത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവിയിൽ കൊവിഡ് പടർന്ന് പിടിക്കുമ്പോൾ ഭീതിയോടെ കഴിയുകയാണ് ഇവിടുത്തെ മലയാളി സമൂഹം. അടച്ചിട്ട മുറികളിൽ കഴിഞ്ഞ ഒരു മാസത്തോളമായി കഴിയുന്ന ഇവർക്ക് സോഷ്യൽ ഡിസ്റ്റൻസിം​ഗ് പോലും നടക്കാത്ത സ്വപ്നങ്ങളിൽ ഒന്നാണ്. ധാരാവിയിൽ കച്ചവടത്തിനായി എത്തിയവരും കുടുംബ സമേതം താമസിക്കുന്നവരുമായ നൂറു കണക്കിന് മലയാളികളാണ് ദുരവസ്ഥയിൽ കുടുങ്ങി കിടക്കുന്നത്. തങ്ങളെ രക്ഷിക്കണമെന്ന അപേക്ഷയുമായി ഇവരെല്ലാം പങ്കു വയ്ക്കുന്ന വീഡിയോ സന്ദേശങ്ങൾ ഇപ്പോൾ ഒരു വാർത്തയേ അല്ലാതായി മാറിയിരിക്കുകയാണ്. ഇരുനൂറോ ഇരുനൂറ്റി അമ്പതോ ചതുരശ്ര അടിയിലിലുള്ള വീടുകളിൽ പത്തും പന്ത്രണ്ടും പേർ തിങ്ങി പാർക്കുമ്പോൾ പുറത്ത് പോകുവാൻ പോലും കഴിയാത്ത ദുരവസ്ഥയെ പഴിച്ചാണ് പലരും വേവലാതിപ്പെടുന്നത്.

കോവിഡ് 19 സമൂഹ വ്യാപന ഘട്ടത്തിലേക്ക് കടന്നതോടെ മരണ ഭീതിയിൽ പിടിച്ചിരിക്കുന്ന മലയാളികളാണ് രക്ഷിക്കണമെന്ന അപേക്ഷയുമായി വീഡിയോകൾ പങ്കു വച്ചിരിക്കുന്നത്. നഗരത്തിലെ സാമൂഹിക പ്രവർത്തകരും മലയാളി സംഘടനകളും സമയോചിതമായി ഇടപെട്ട് ഇവരെയെല്ലാം താൽക്കാലിമായി പുനരധിവസിപ്പിക്കുവാനുള്ള നടപടികൾക്ക് നേതൃത്വം നൽകണമെന്ന ആവശ്യവും ഇതോടെ ശക്തമായിരിക്കയാണ്.

കൊറോണ വൈറസ് കേസുകളുടെ എണ്ണത്തിലുള്ള ദൈനംദിന വർദ്ധനവിൽ ആശങ്കയോടെ കഴിയുകയാണ് ചേരി നിവാസികളും. വൈകിയാണെങ്കിലും രോഗത്തിന്റെ ഗൗരവം മനസിലായതോടെ എന്ത് ചെയ്യണമെന്നറിയാതെ പരിഭ്രാന്തിയിലാണ് പലരും.ശുദ്ധ ജല ക്ഷാമമുള്ള ധാരാവിയിൽ പൊതു കക്കൂസുകൾക്ക് പോലും പങ്കിടുന്നത് നൂറിലധികം പേരാണ്. ഇത്തരം അവസ്ഥയിൽ സാമൂഹിക അകലം പാലിക്കുന്നത് കർശനമാക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് ആരോഗ്യ പ്രവർത്തകരും പൊലീസും.

നിനച്ചിരിക്കാതെ വന്ന ലോക്ക് ഡൗണും കോവിഡ് വ്യാപനവുമാണ് ഇവരെ വീട്ടുതടങ്കലിലാക്കിയിരിക്കുന്നത്. എങ്ങിനെയെങ്കിലും ജന്മനാട്ടിൽ തിരിച്ചെത്തിയാൽ മതിയെന്നാണ് ഇവരെല്ലാം കേഴുന്നത്. അന്നന്നത്തെ അന്നം തേടി ജീവിതം നയിച്ചിരുന്നവർ പണിയില്ലാതെ അടച്ചിട്ട മുറികളിൽ കഴിയുവാൻ തുടങ്ങിയിട്ട് ഒരു മാസത്തോളമായി. ധാരാവിയായിരുന്നു ഇവരുടെയെല്ലാം ലോകം. ചെറുകിട കച്ചവടങ്ങൾ ചെയ്തും ദിവസക്കൂലിക്ക് പണിയെടുത്തും ജീവിച്ചിരുന്നവരാണ് പലരും. പ്രദേശത്തെ താമസക്കാരെ വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കാതെയും അവശ്യവസ്തുക്കൾ വീടുകളിലെത്തിച്ചുമാണ് പ്രതിരോധ പ്രവർത്തനങ്ങൾ കോർപ്പറേഷൻ നടപ്പിലാക്കിയിരിക്കുന്നത്. ധാരാവിയിൽ കനത്ത സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.

രാജ്യത്ത് ഏറ്റവും കൂടുതൽ കൊറോണ വ്യാപനം റിപ്പോർട്ട് ചെയ്തിരിക്കുന്ന നഗരമാണ് മുംബൈ. കൊറോണ വൈറസ് കേസുകളുടെ എണ്ണം 3000 കടക്കുമ്പോൾ ഏറ്റവും കൂടുതൽ കൊറോണ ബാധിച്ച സംസ്ഥാനമായ മഹാരാഷ്ട്ര തന്നെയാണ് വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏറ്റവും പുറകിൽ നിൽക്കുന്നതെന്നതാണ് ഏറെ പരിതാപകരം. അധികാരികൾ ന്യായീകരണങ്ങൾ നൽകി കൈ കഴുകുമ്പോഴും രാജ്യത്തെ സാമ്പത്തിക തലസ്ഥാനം കരുതലിന്റെ മുഖാവരണം പോലുമില്ലാതെ വലയുകയാണ്.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരികളിലൊന്ന് ഇന്ത്യയിലെ മുംബൈ നഗരപ്രാന്തത്തിലുള്ള ധാരാവിയാണ്. രണ്ട് ചതുരശ്ര കിലോമീറ്റർ മാത്രം സ്ഥലം. താമസിക്കുന്നത് 10 ലക്ഷം പേർ. ഈ ജനസാന്ദ്രത തന്നെയാണ് ഇന്ന് ധാരാവിയുടെ ഭയവും. ധാരാവിയിലെ പത്ത് ലക്ഷം പേരിൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനത്ത് നിന്നുള്ളവരുമുണ്ട്. ഇവരിൽ കോറോണാ വൈറസ് ബാധിതരാരെങ്കിലും ധാരാവി വിട്ട് പോയെന്ന് പോലും അറിയാൻ കഴിയില്ലെന്നത് ഏറെ ഭയം സൃഷ്ടിക്കുന്നു. 500 ആളുകൾക്ക് ശരാശരി 1 ടോയ്‌ലറ്റ് എന്നാണ് ഇവിടുത്തെ അവസ്ഥ.

1884 ൽ ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിലാണ് ധാരാവി ഒരു ചേരിയായി രൂപപ്പെടുന്നത്. കൊളോണിയൽ സർക്കാർ ഫാക്ടറികളിലെ തൊഴിലാളികളും മുംബൈയിലേക്ക് എത്തപ്പെടുന്ന ഗ്രാമീണ ഇന്ത്യക്കാരെയും ആദ്യം സ്വാഗതം ചെയ്തത് മുംബൈ നഗരത്തിന്റെ പ്രാന്തപ്രദേശമായ ധാരാവിയാണ്. പതിനെട്ടാം നൂറ്റാണ്ടിൽ പ്രധാനമായും കണ്ടൽ ചതുപ്പുനിലമുള്ള ഒരു ദ്വീപായിരുന്നു ധാരാവി. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ കോളി മത്സ്യത്തൊഴിലാളികൾ വസിച്ചിരുന്ന ഒരു ഗ്രാമമായിരുന്നു ഇത്. അന്ന് ധാരാവിയെ കോളിവട ഗ്രാമം എന്നാണ് അറിയപ്പെട്ടിരുന്നത്.

1950 മുതൽ ധാരാവി പുനർവികസന പദ്ധതികളുമായി ഒരോ സർക്കാറും മുന്നിട്ടിറങ്ങിയെങ്കിലും എല്ലാപദ്ധതികളും ഇന്നും കടലാസിൽ മാത്രമായൊതുങ്ങുന്നു. തുണിത്തരങ്ങൾ, മൺപാത്ര ഉൽ‌പന്നങ്ങൾ എന്നിവ ധാരാവിക്കുള്ളിൽ നിർമ്മിക്കപ്പെടുന്നു. ഇന്ന് ധാരാവിയുടെ മൊത്തം വാർഷിക വിറ്റുവരവ് ഒരു ബില്യൺ യുഎസ് ഡോളറായി കണക്കാക്കപ്പെടുന്നു.1896-ൽ പ്ലേഗ് ഉൾപ്പെടെ നിരവധി പകർച്ചവ്യാധികളും മറ്റ് ദുരന്തങ്ങളും ധാരാവിക്ക് സഹിക്കേണ്ടിവന്നിട്ടുണ്ട്. പ്ലേഗ് മുംബൈയിലെ ജനസംഖ്യയുടെ പകുതിയിലധികം പേരെയാണ് ഇല്ലാതാക്കിയത്. ധാരാവിയിലെ ശുചിത്വം മെച്ചപ്പെടുത്തുകയെന്ന വ്യാജേന ഇന്ത്യൻ സർക്കാർ വലിയ തുക കടം വാങ്ങിയിട്ടുണ്ടെങ്കിലും ഇവയൊന്നും ഒരു വികസനവും ധാരാവിയിൽ കൊണ്ടുവന്നില്ല.

ഡിസൻററി പകർച്ചവ്യാധികൾ വർഷങ്ങളായി ഇവിടെ സാധാരണമാണ്. ടൈഫോയ്ഡ്, കോളറ, കുഷ്ഠം, അമീബിയാസിസ്, പോളിയോ എന്നീ രോഗികളുടെ എണ്ണത്തിലും ധാരാവി മുന്നിലാണ്. 1986-ൽ കോളറ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അന്നും ഏറെ ജീവൻ നഷ്ടമായി. ഒരു ദിവസം ധാരാവിയിൽ നിന്നുള്ള 4,000 ത്തിലധികം ടൈഫോയ്ഡ് കേസുകൾ ഡോക്ടർമാർ പരിശോധിക്കുന്നുണ്ടെന്നാണ് കണക്ക്. ഇത് ധാരാവിയുടെ ആരോഗ്യത്തിന്റെ നിജസ്ഥിതിയെ കാണിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP