Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്പ്രിങ്ലർ കമ്പനി സൗജന്യമായിത്തരുന്ന സേവനമാണ്; റ്റാറ്റാ ട്രസ്റ്റ് കാസർഗോഡ് പുതിയ ആശുപത്രി പണിയുന്നതു പോലെ; ഇതുസംബന്ധിച്ച് വ്യക്തമായ കരാറുണ്ട്; നോൺ ഡിസ്‌ക്ലോഷർ എഗ്രിമെന്റുണ്ട്; അടിയന്തിര സാഹചര്യങ്ങൾ കണക്കിലെടുത്തു ഉദ്യോഗസ്ഥൻ ഉത്തമവിശ്വാസത്തോടെ എടുത്ത തീരുമാനമാണ്; ആധാർ അടക്കമുള്ള നടപടികൾ രാജ്യത്തിനുമേൽ അടിച്ചേൽപ്പിച്ച കോൺഗ്രസിനും ബിജെപിക്കും ഡാറ്റയെ കുറിച്ചു പറയാൻ എന്തവകാശം? സ്പ്രിൻക്ലർ വിവാദത്തിൽ ഡോ. തോമസ് ഐസക്ക് എഴുതുന്നു

സ്പ്രിങ്ലർ കമ്പനി സൗജന്യമായിത്തരുന്ന സേവനമാണ്; റ്റാറ്റാ ട്രസ്റ്റ് കാസർഗോഡ് പുതിയ ആശുപത്രി പണിയുന്നതു പോലെ; ഇതുസംബന്ധിച്ച് വ്യക്തമായ കരാറുണ്ട്; നോൺ ഡിസ്‌ക്ലോഷർ എഗ്രിമെന്റുണ്ട്; അടിയന്തിര സാഹചര്യങ്ങൾ കണക്കിലെടുത്തു ഉദ്യോഗസ്ഥൻ ഉത്തമവിശ്വാസത്തോടെ എടുത്ത തീരുമാനമാണ്; ആധാർ അടക്കമുള്ള നടപടികൾ രാജ്യത്തിനുമേൽ അടിച്ചേൽപ്പിച്ച കോൺഗ്രസിനും ബിജെപിക്കും ഡാറ്റയെ കുറിച്ചു പറയാൻ എന്തവകാശം? സ്പ്രിൻക്ലർ വിവാദത്തിൽ ഡോ. തോമസ് ഐസക്ക് എഴുതുന്നു

ഡോ. തോമസ് ഐസക്ക്

കോവിഡ് 19 സംബന്ധിച്ച് ഇതുവരെ നമ്മൾ അഭിമുഖീകരിച്ചതിനേക്കാൾ എത്രയോ വലിയ വെല്ലുവിളി നമ്മൾ മെയ് മാസത്തിൽ നേരിടാൻ പോവുകയാണ് എന്നാണ് എന്റെ അഭിപ്രായം. കേരളത്തിന്റെ സുരക്ഷിതത്വത്തിലേയ്ക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന മുഴുവൻ പ്രവാസി മലയാളികളുടെയും സംരക്ഷണം സർക്കാർ ഒരുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇങ്ങനെ സംരക്ഷണം നൽകേണ്ടവരുടെ എണ്ണം രണ്ടോ, മൂന്നോ ലക്ഷമാകാം. അതോടൊപ്പം 40 ലക്ഷത്തോളം വരുന്ന വൃദ്ധജനങ്ങളെയും ആരോഗ്യ ദുർബലരെയും വീടുകളിൽ നിരീക്ഷണത്തിലാക്കണം. അങ്ങനെയേ നമ്മുടെ സമ്പദ്ഘടനയെ തുറക്കാൻ കഴിയൂ.

ഈ സങ്കീർണ്ണമായ വെല്ലുവിളിക്ക് സംസ്ഥാന സർക്കാർ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. ഇതിന് ബിഗ് ഡാറ്റ അനലിറ്റിക് പോലുള്ള സംവിധാനങ്ങളെയൊക്കെ ഉപയോഗപ്പെടുത്തിയേതീരൂ. ഇന്ന് സ്പ്രിങ്ലർ കമ്പനിയുടെ സഹായം ഇതിനു സ്വീകരിച്ചതിന്റെ പേരിൽ കോലോഹലം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നവർക്ക് നമ്മൾ നേരിടാൻ പോകുന്ന ഭയാനകമായ വെല്ലുവിളിയെക്കുറിച്ച് എന്തെങ്കിലും ധാരണയുണ്ടോയെന്ന് അറിയില്ല. അല്ലാ, അറിഞ്ഞിട്ടും പ്രതിസന്ധി മൂർച്ഛിച്ചാൽ അതിൽ നിന്നും രാഷ്ട്രീയനേട്ടം കൊയ്യാമെന്നുള്ള തെറ്റിദ്ധാരണകളിൽ നിന്നാണോ ഈ കോപ്രായങ്ങളെന്ന് സംശയിക്കണം. ഇതുവരെ ഉയർന്നുവന്ന കാതലായ പ്രശ്‌നങ്ങളോട് ഒരിക്കൽക്കൂടി പ്രതികരിക്കട്ടെ.

1) കൊവിഡ് പ്രതിരോധത്തിന് ബിഗ് ഡാറ്റ അനലിറ്റിക് പോലുള്ള അഭ്യാസങ്ങൾ വേണ്ടതുണ്ടോ?

നമ്മുടെ ഇതുവരെയുള്ള നേട്ടത്തിന് അടിസ്ഥാനം നമ്മുടെ തയ്യാറെടുപ്പാണ്. പുതിയ വെല്ലുവിളിക്കു മുമ്പ് നമ്മൾ തയ്യാറെടുത്തിരിക്കണം. ഇതൊന്നും വേണ്ടായെന്നുള്ളവർക്ക് അവരുടെ അഭിപ്രായങ്ങൾ വച്ചുപുലർത്താം. കേരള സർക്കാരിന്റെ ഖണ്ഡിതമായ അഭിപ്രായം മറിച്ചാണ്. അമേരിക്കൻ മിറ്റിഗേഷനും രാജസ്ഥാൻ മാതൃകയുമെല്ലാമാണ് കേരളത്തിന് വേണ്ടതെന്ന് ഉപദേശിച്ചവരിൽ നിന്ന് ഇതിനപ്പുറം പ്രതീക്ഷിക്കാനാവില്ല.

2) ഇതിന് സ്പ്രിങ്ലർ കമ്പനി വേണോ? നമ്മുടെ നാട്ടിൽ തന്നെ കമ്പനികളില്ലേ?

അങ്ങനെ അഭിപ്രായം ഉള്ളവരുണ്ടാകാം. എന്നാൽ ഇപ്പോൾ ഡബ്ല്യു.എച്ച്.ഒ.യുടെ കൊവിഡ് ഡാറ്റ വിശകലനം ചെയ്യുന്നതിന് ഉത്തരവാദപ്പെട്ട മലയാളിയുടെ നേതൃത്വത്തിലുള്ള കമ്പനിയുടെ സാങ്കേതിക സഹായം സ്വീകരിക്കുന്നതാകും കൂടുതൽ ഫലപ്രദമെന്ന നിഗമനത്തിലാണ് കേരളത്തിലെ ഐറ്റി ഡിപ്പാർട്ട്‌മെന്റ് എത്തിയത്. വേറെ ആരേക്കാളും ഇത് തീരുമാനമെടുക്കാൻ ചുമതലപ്പെട്ടവർ ഇവർ തന്നെ.

3) ഈ ഇടപാടിൽ അഴിമതിക്ക് സാധ്യതയുണ്ടോ?

സ്പ്രിങ്ലർ കമ്പനി സൗജന്യമായിത്തരുന്ന സേവനമാണ്. റ്റാറ്റാ ട്രസ്റ്റ് കാസർഗോഡ് പുതിയ ആശുപത്രി പണിയുന്നതുപോലെ.

4) ഡാറ്റാ സുരക്ഷിതത്വം എങ്ങനെ ഉറപ്പുവരുത്തും? സ്വകാര്യത എങ്ങനെ?

ഇതുസംബന്ധിച്ച് വ്യക്തമായ കരാറുണ്ട്. നോൺ ഡിസ്‌ക്ലോഷർ എഗ്രിമെന്റുണ്ട്. ഡാറ്റാ സൂക്ഷിക്കുന്നത് സി-ഡിറ്റിന്റെ ക്ലൗഡ് അക്കൗണ്ടിലായിരിക്കും. സി - ഡിറ്റ് ക്ലൗഡ് അക്കൗണ്ടിൽ തന്നെ ആയിരിക്കും ഡാറ്റ വിശകലനം ചെയ്യുന്നതിനുള്ള സോഫ്റ്റുവെയറുകൾ പ്രവർത്തിക്കുന്നതും ഡാഷ് ബോർഡും പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ സ്പ്രിങ്ലറുമായി ഡാറ്റ ഷെയർ ചെയ്യുന്ന യാതൊരു പ്രശ്‌നവും ഉദിക്കുന്നില്ല.

5) ഇനിയുള്ള ഒരു പ്രശ്‌നം നടപടി ക്രമങ്ങൾ പാലിച്ചിട്ടില്ലായെന്നാണ്.

ഇന്നത്തെ അടിയന്തിര സാഹചര്യങ്ങൾ കണക്കിലെടുത്തുകൊണ്ട് ഇതുവരെ തുടർന്നുവന്ന ചർച്ചകളുടെ തുടർച്ചയായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഉത്തമവിശ്വാസത്തോടെ എടുത്ത ശരിയായ തീരുമാനമാണ്. ഔപചാരികമായ നടപടിക്രമങ്ങളിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ ബന്ധപ്പെട്ട വകുപ്പുകൾക്ക് അത് പരിശോധിച്ച് റാറ്റിഫൈ ചെയ്യാവുന്നതേയുള്ളൂ. ഇതുപോലെ എത്ര പല തീരുമാനങ്ങളും പിന്നീട് റാറ്റിഫൈ ചെയ്ത എത്രയോ അനുഭവങ്ങളുണ്ട്.

എന്നാൽ ചില മിടുക്കന്മാരുണ്ട്. തങ്ങൾക്ക് നടപടിക്രമം മാത്രമേ പ്രശ്‌നമുള്ളൂ, ഇത്തരം ചെക്‌സ് ആൻഡ് ബാലൻസ് എല്ലാം നമ്മൾ പാലിക്കണം എന്നൊക്കെ നിഷ്പക്ഷത നടിച്ചു പറയും. പക്ഷെ, നടപടി ക്രമങ്ങളിൽപ്പിടിച്ചു ഈ പ്രതിസന്ധി ഘട്ടത്തിൽ നടക്കുന്ന ഭോഷ്‌കും അസംബന്ധവുമായ പ്രതിപക്ഷ പൊറാട്ടു നാടകത്തെക്കുറിച്ചൊന്നും മിണ്ടാതിരിക്കുകയും ചെയ്യും.

6) വ്യക്തിയുടെ സ്വകാര്യതയുടെ അവകാശത്തെക്കുറിച്ച് സിപിഎം സ്വീകരിച്ചുവരുന്ന നിലപാടിന് വിരുദ്ധമല്ലേ ഈ നടപടികൾ?

ഏതായാലും ആധാർ അടക്കമുള്ള നടപടികൾ രാജ്യത്തിനുമേൽ അടിച്ചേൽപ്പിച്ച കോൺഗ്രസിനും ബിജെപിക്കും ഇതിനെക്കുറിച്ചൊക്കെ പറയാൻ എന്ത് അവകാശം? കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ കൊവിഡ് ഡാറ്റ അടക്കമുള്ള മുഴുവൻ ഡാറ്റയും പ്രൊസസ് ചെയ്യുന്നത് tableau എന്ന അമേരിക്കൻ ഡാറ്റാ മാനേജ്‌മെന്റ് കമ്പനിയാണ്.

മഹാരാഷ്ട്ര സർക്കാരിന്റെ കൊവിഡ് ഡാഷ് ബോർഡ് മൈക്രോസോഫ്ട് ക്ലൗഡ് ആംനസ്റ്റർഡാമിലാണ് ഹോസ്റ്റ് ചെയ്തിട്ടുള്ളത്. പഞ്ചാബ് മറ്റ് അനലിറ്റിക്കുകളൊന്നും ചെയ്യുന്നില്ല. മാപ്പിങ് സോഫ്ടുവെയർ മാത്രമാണ് ഉപയോഗിക്കുന്നത്. അത് സിംഗപ്പൂരിലാണ് ഹോസ്റ്റ് ചെയ്തിട്ടുള്ളത്. എന്നിട്ടാണ് ഈ കേരളത്തിൽ നടത്തുന്ന അഭ്യാസം.

സിപിഎം ആധാറിന് എതിരായിരുന്നു. ഇന്നും അതിന്റെ അപകടം തുറന്നു കാണിക്കുന്നു. പക്ഷെ, ഇന്ത്യാ രാജ്യത്തിനുള്ളിൽ ഒരു സംസ്ഥാനത്താണ് സിപിഎം ഭരിക്കുന്നത്. ആധാർ തിരിച്ചറിയൽ ചട്ടക്കൂട് കേന്ദ്രസർക്കാർ നിർബന്ധമാക്കിയിരിക്കുകയാണ്. കേരളത്തിനും അത് ബാധകമാണ്. പക്ഷെ, ഇങ്ങനെ ഇതെല്ലാം ഉപയോഗപ്പെടുത്തുമ്പോൾ പൗരന്മാരുടെ സ്വകാര്യത ദുരുപയോഗപ്പെടുത്തില്ലെന്ന് സർക്കാർ ഉറപ്പുവരുത്തും. ഇതിനുള്ള നടപടികൾ സർക്കാർ സ്പ്രിങ്ലർ കരാറിൽ എടുത്തിട്ടുണ്ട്. അതല്ല, ഇനി ഏതെങ്കിലും കൂട്ടിച്ചേർക്കാനുണ്ടെങ്കിൽ അത് പറയുക. എന്നാൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ തുരങ്കം വയ്ക്കാനുള്ള പ്രതിപക്ഷ നീക്കത്തെ നേരിടുക തന്നെ ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP