Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തദ്ദേശസീറ്റ് കൂടുതൽ വേണം; വിമതന്മാരും കാണരുതെന്ന് വീരൻ; എല്ലാം സമ്മതിച്ച് മുഖ്യമന്ത്രിയും ചെന്നിത്തലയും; ഏപ്രിലിൽ രാജ്യസഭാ സീറ്റും നൽകും; ജെഡിയുവിനെ അനുനയിപ്പിക്കുമ്പോൾ നഷ്ടങ്ങൾ കോൺഗ്രസിന് തന്നെ

തദ്ദേശസീറ്റ് കൂടുതൽ വേണം; വിമതന്മാരും കാണരുതെന്ന് വീരൻ; എല്ലാം സമ്മതിച്ച് മുഖ്യമന്ത്രിയും ചെന്നിത്തലയും; ഏപ്രിലിൽ രാജ്യസഭാ സീറ്റും നൽകും; ജെഡിയുവിനെ അനുനയിപ്പിക്കുമ്പോൾ നഷ്ടങ്ങൾ കോൺഗ്രസിന് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വീരേന്ദ്രകുമാറും ജനതാദൾ യുവിന്റെ രണ്ട് എംഎൽഎമാരും യുഡിഎഫിൽ തന്നെ തുടരും. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വീരേന്ദ്രകുമാർ നടത്തിയ വിലപേശലുകൾ കോൺഗ്രസ് നേതൃത്വം അംഗീകരിച്ചതോടെയാണ് ഇത്. തദ്ദേശ തെരഞ്ഞെടുപ്പിൽ മലബാറിൽ വീരേന്ദ്രകുമാറിന്റെ പാർട്ടിക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കും. അല്ലാത്ത പക്ഷം മാത്രമേ മുന്നണി വിടുന്നതിനെ കുറിച്ച് ചിന്തിക്കൂ എന്നാണ് വീരേന്ദ്രകുമാർ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും നൽകിയിരിക്കുന്ന ഉറപ്പ്. തദ്ദേശ തെരഞ്ഞെടുപ്പിൽ വീരേന്ദ്രകുമാറിന് നൽകേണ്ട സീറ്റുകളിൽ ഉടൻ തീരുമാനം ഉണ്ടാകും. അതിനിടെ മലബാർ മേഖലയിൽ വീരേന്ദ്രകുമാറിന് നൽകുന്ന സീറ്റുകൾ കോൺഗ്രസിന്റെ അക്കൗണ്ടിൽ നിന്ന് വേണമെന്ന് മുസ്ലിം ലീഗും മുന്നണി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

ഇടത് മുന്നണിയിൽ ആയിരിക്കെ 700ഓളം തദ്ദേശ സീറ്റുകളിൽ വീരേന്ദ്രകുമാർ വിഭാഗം മത്സരിച്ചിരുന്നു. എന്നാൽ യുഡിഎഫിൽ എത്തിയപ്പോൾ അത് 350 സീറ്റുകളായി. മലബാറിലെ പാർട്ടിയുടെ കരുത്ത് തിരിച്ചറിഞ്ഞ് കൂടുതൽ പേർക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ഒരുക്കണമെന്നാണ് വീരേന്ദ്രകുമാർ പക്ഷത്തിന്റെ ആവശ്യം. രാജ്യസഭാ സീറ്റിനപ്പറും പാർട്ടി മു്ൻതൂക്കം നൽകുന്നത് അതാണെന്നും മുഖ്യമന്ത്രിയോട് വീരേന്ദ്രകുമാർ വിശദീകരിച്ചിരുന്നു. ഇത് തന്നെയാണ് ഇന്ന് നടന്ന ചർച്ചയിൽ രമേശ് ചെന്നിത്തലയോടും വീരേന്ദ്രകുമാർ ഉന്നയിച്ചത്. ഉമ്മൻ ചാണ്ടിയെ പോലെ ചെന്നിത്തലയും അംഗീകരിച്ചു. കെപിസിസി പ്രസിഡന്റ് വി എം സുധീരനുമായി ചർച്ച നടത്തി സീറ്റുകളുടെ എണ്ണത്തിൽ ധാരണയാകും. മുന്നണിയുടെ ജില്ലാ കൺവീനർ സ്ഥാനവും നൽകും. എന്നാൽ കൺവീനർ സ്ഥാനമല്ല, തദ്ദേശ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകളാണ് ആവശ്യമെന്ന് വീരേന്ദ്രകുമാർ വിശദീകരിച്ചു.

അതിനൊപ്പം കഴിഞ്ഞ തവണ നിയമസഭാ മത്സരത്തിന് അനുവദിച്ചത് അഞ്ച് സീറ്റുകളാണ്. ഇതിൽ നേമത്ത് ആരും മത്സരിക്കാൻ തയ്യറാകാത്ത സീറ്റാണ്. മുന്നാം സ്ഥാനത്തേക്കും സ്ഥാനാർത്ഥി പോയി. സമാന സ്വഭാവം തന്നെയാണ് എലത്തൂരും ഉണ്ടായിരുന്നത്. വടകരയിൽ ജനതാദൾ പ്രേംനാഥിനെ പാലം വലിച്ചു. ചിറ്റൂർ സീറ്റ് നൽകിയുമില്ല. ഇതെല്ലാം പാർട്ടിയുടെ അടിത്തറ തകർക്കാൻ പോന്ന തീരുമാനമായിരുന്നു. പ്രേംനാഥിനേയും കൃഷ്ണൻകുട്ടിയും പാർട്ടിയെ വിട്ടുപോയത് ഈ സാഹചര്യത്തിലാണ്. അതുകൊണ്ട് തന്നെ വിജയസാധ്യത കൂടുതൽ ഉള്ള സീറ്റുകൾ നിയമസഭാ മത്സരത്തിന് വേണം. അല്ലെങ്കിൽ ഇടതുപക്ഷത്തെ ജനതാദള്ളുമായി താരതമ്യം ചെയ്യുമ്പോൾ ദുർബ്ബലമാണ് തങ്ങളെന്ന തോന്നൽ ജനങ്ങൾക്കുണ്ടാകുമെന്നും വീരേന്ദ്രകുമാർ വിശദീകരിച്ചു. ഇത്തരം കാര്യങ്ങളിലും പരിഹാരമുണ്ടാകും. ഇതോടൊപ്പം ദേശീയ തലത്തിൽ ജനതാപരിവാറിന്റെ യോജിപ്പ് ഉടൻ ഉണ്ടാകില്ലെന്നതും വീരൻ പക്ഷത്തിന് ആശ്വാസമാണ്.

അത്തരമൊരു ലയനമുണ്ടായാൽ ദേശീയ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കേണ്ടി വരും. അല്ലാത്ത പക്ഷം മുന്നണി വിടില്ലെന്നാണ് ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും വീരേന്ദ്രകുമാർ നൽകുന്ന ഉറപ്പ്. മന്ത്രിയായ കെപി മോഹനനും എംഎൽഎയായ ശ്രേയംസ്‌കുമാറിനും ഈ ഘട്ടത്തിൽ മറിച്ചൊരു നിലപാടില്ല. അതുകൊണ്ട് തന്നെ ഉമ്മൻ ചാണ്ടി സർക്കാരിന് തൽക്കാലത്തേക്ക് ഭീഷണികൾ ഇല്ല. ഇങ്ങനെ വീരേന്ദ്രകുമാറിനായി വിട്ടുവീഴ്ച ചെയ്യുമ്പോൾ നഷ്ടം കോൺഗ്രസിനാകും. സംസ്ഥാന ഭരണത്തെ താങ്ങി നിർത്താനായി കോൺഗ്രസുകാർ മത്സരിച്ച് ജയിക്കുന്ന കോഴിക്കോട് ജില്ലയിലെ സീറ്റുകൾ ജെഡിയുവിന് നൽകേണ്ടി വരും. ഇത് പ്രാദേശീക തലത്തിൽ കോൺഗ്രസിൽ ഭിന്നതയുണ്ടാക്കും. വിമത സ്ഥാനാർത്ഥികളും അവതിരക്കും. ഈ ഭീഷണികളും ജെഡിയു മുന്നിൽ കാണുന്നുണ്ട്. അത്തരം നിലപാടുകൾ ഉണ്ടായാൽ രാഷ്ട്രീയമായ കടുത്ത തീരുമാനങ്ങൾ ഉണ്ടാകുമെന്ന് ചെന്നിത്തലയോടും ഉമ്മൻ ചാണ്ടിയോടും വീരേന്ദ്രകുമാർ വ്യക്തമാക്കിയിട്ടുണ്ട്.

പാർട്ടിയെ വേദനിപ്പിക്കുന്ന പാലക്കാട് ലോക്‌സഭാ സീറ്റിലെ തോൽവിക്ക് പരിഹാരമായി അടുത്ത് ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് ജനതാദൾ (യു)വിന് നൽകാൻ ധാരണയിലെത്തിയതായും സൂചനയുണ്ട്. രാജ്യസഭയിലേക്ക് ഇനി ഒഴിവുകൾ വരുന്നത് അടുത്ത വർഷം ഏപ്രിലിലാണ്. കോൺഗ്രസിന്റെ എ.കെ. ആന്റണി, സിപിഎമ്മിന്റെ കെ.എൻ. ബാലഗോപാൽ, ടി.എൻ. സീമ എന്നിവരുടെ അംഗത്വ കാലാവധിയാണ് പൂർത്തിയാവുന്നത്. ഈ മൂന്ന് സീറ്റിൽ രണ്ടെണ്ണത്തിൽ യു.ഡി.എഫിന് വിജയിക്കാനാവും. എ.കെ. ആന്റണി ഒഴിയുന്ന സീറ്റ് വീണ്ടും അദ്ദേഹത്തിന് തന്നെ നൽകേണ്ടി വരും. സിപിഎമ്മിന് ഒരു സീറ്റിലേ ജയിക്കാനാവൂ. സിപിഎമ്മിൽ നിന്ന് ഒഴിഞ്ഞു കിട്ടുന്ന രണ്ടാമത്തെ സീറ്റ് ജനതാദൾ(യു) വിന് നൽകാമെന്നാണ് വാഗ്ദാനം.

ഈ ഉറപ്പ് കോൺഗ്രസിന്റെ തലപ്പത്തുള്ള മൂന്ന് പേരും ഒന്നിച്ചു നൽകണമെന്ന് പാർട്ടി ആവശ്യപ്പെട്ടിരുന്നു. രാജ്യസഭാ സീറ്റൊഴിവ് വരുന്നത് അടുത്ത ഏപ്രിലിലായതിനാൽ അത് വരെയെങ്കിലും ജനതാദൾ (യു)വിന് യു.ഡി.എഫിൽ തുടരേണ്ടി വരും. അപ്പോഴേക്കും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കും. ആ ഘട്ടത്തിൽ മുന്നണി മാറ്റം പാർട്ടി ആഗ്രഹിച്ചാൽപ്പോലും അസാദ്ധ്യമാവും. ഇതാണ് മുഖ്യമന്ത്രി മനസ്സിൽ കാണുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജന സമയത്ത് തന്നെ, പാലക്കാട് സീറ്റിൽ തോറ്റാൽ രാജ്യസഭാ സീറ്റ് നൽകാമെന്ന് കോൺഗ്രസ് ജനതാദളിന് (അന്നത്തെ സോഷ്യലിസ്റ്റ് ജനത ) വാക്കു കൊടുത്തിരുന്നു. ജയസാദ്ധ്യത കുറഞ്ഞ പാലക്കാട് ഏറ്റെടുക്കാൻ മടിച്ചപ്പോഴായിരുന്നു ഈ വാഗ്ദാനം. അത് നേടിയെടുക്കാൻ ഇപ്പോഴത്തെ സമ്മർദ്ദത്തിലൂടെ വീരേന്ദ്രകുമാറിന് കഴിഞ്ഞു എന്നതാണ് വസ്തുത.

ഇതിനൊപ്പം പാലക്കാട് തോൽവിയിൽ യുഡിഎഫ് അന്വേഷണ റിപ്പോർട്ട് പരസ്യപ്പെടുത്തുകയും കുറ്റക്കാർക്കെതിരെ നടപടി എടുക്കുകയും ചെയ്യും. പാലക്കാട് ഡിസിസി പ്രസിഡന്റിന് സ്ഥാന ചലനവും ഉണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP