Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീടിന് സമീപം വിശാലമായ കളിക്കളം; ബാഡ്മിന്റൺ കളിക്കാൻ എത്തിയിരുന്നത് ഇരുപത്തഞ്ചോളം പേർ; കളി കഴിഞ്ഞാൽ സൽക്കാരവും ആഘോഷവും; ഷാഡോ പൊലീസ് എത്തുമ്പോൾ കളത്തിൽ ഉണ്ടായിരുന്നത് ആറു പേർ; പാർട്ടിയുടെ കരുത്തിൽ പൊലീസിന് നേരെ തട്ടിക്കയറൽ; സിപിഐ പത്തനംതിട്ട ലോക്കൽ സെക്രട്ടറി ലോക് ഡൗൺ ലംഘിച്ചത് കൈയോടെ പൊക്കി കൂടത്തായി ഹീറോ; പാർട്ടി സമ്മർദ്ദം അതിജീവിച്ച് വീണ്ടും കെജി സൈമൺ; അടച്ചിടലിൽ 'സഖാവ്' പെടുമ്പോൾ

വീടിന് സമീപം വിശാലമായ കളിക്കളം; ബാഡ്മിന്റൺ കളിക്കാൻ എത്തിയിരുന്നത് ഇരുപത്തഞ്ചോളം പേർ; കളി കഴിഞ്ഞാൽ സൽക്കാരവും ആഘോഷവും; ഷാഡോ പൊലീസ് എത്തുമ്പോൾ കളത്തിൽ ഉണ്ടായിരുന്നത് ആറു പേർ; പാർട്ടിയുടെ കരുത്തിൽ പൊലീസിന് നേരെ തട്ടിക്കയറൽ; സിപിഐ പത്തനംതിട്ട ലോക്കൽ സെക്രട്ടറി ലോക് ഡൗൺ ലംഘിച്ചത് കൈയോടെ പൊക്കി കൂടത്തായി ഹീറോ; പാർട്ടി സമ്മർദ്ദം അതിജീവിച്ച് വീണ്ടും കെജി സൈമൺ; അടച്ചിടലിൽ 'സഖാവ്' പെടുമ്പോൾ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച്, കേരള സർക്കാർ പൊന്നു പോലെ നോക്കി വരുന്ന ലോക്ഡൗൺ അട്ടിമറിക്കാൻ സിപിഐ ലോക്കൽ കമ്മറ്റി സെക്രട്ടറിയുടെയും കൂട്ടരുടെയും ശ്രമം. ലോക്കൽ പൊലീസിന്റെ മൗനാനുവാദത്തോടെ ഇരുപത്തഞ്ചോളം പേരെ പങ്കെടുപ്പിച്ച് ലോക്ഡൗൺ കാലയളവിലും ഒരു മുടക്കവുമില്ലാതെ ബാഡ്മിന്റൺ കളി നടത്തിയായിരുന്നു സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ ലോക്കൽ സെക്രട്ടറി ലോക്ഡൗൺ ലംഘനം നടത്തിയത്.

പത്തനംതിട്ട ടൗണിൽ നിന്ന് കഷ്ടിച്ച് ഒന്നര കിലോമീറ്റർ അകലെ അഴൂരിലായിരുന്നു കളിക്കളം. സിപിഐ ടൗൺ ലോക്കൽ സെക്രട്ടറി അഴൂർ സ്വദേശി സുമേഷ് ബാബുവിന്റെ(കുമാർ അഴൂർ) നേതൃത്വത്തിലായിരുന്നു രാജ്യം ലോക്ഡൗണിൽ കിടക്കുമ്പോൾ ഷട്ടിൽ ബാഡ്മിന്റൺ കളിച്ചുള്ള ആഘോഷം. ഇയാളുടെ ഭാര്യ ശുഭ കുമാർ പത്തനംതിട്ട നഗരസഭയിലെ സിപിഐയുടെ കൗൺസിലർ ആണ്. ഒരാഴ്ച മുൻപാണ് പാർട്ടി നേതാവിന്റെ നേതൃത്വത്തിൽ നടക്കുന്ന നിയമലംഘനം സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവി കെജി സൈമണിന് രഹസ്യ സന്ദേശം ലഭിക്കുന്നത്.

ലോക്കൽ പൊലീസിലെ ഉന്നതർ സുമേഷ് ബാബുവിന്റെ അടുത്തയാൾക്കാർ ആയതിനാൽ അവിടെ പരാതി പറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്നും വിവരം അവർ അറിഞ്ഞാൽ ചോർത്തിക്കൊടുക്കുമെന്നുമുള്ള സൂചനയും പരാതിക്കാർ നൽകിയിരുന്നു. ഇതേ തുടർന്ന് ഷാഡോ പൊലീസിനെ എസ്‌പി നിയോഗിച്ചു. മൂന്നു ദിവസമായി കളിക്കളത്തിന് ചുറ്റും ഷാഡോ പൊലീസിന്റെ നിരീക്ഷണം ഉണ്ടായിരുന്നു. വൈകിട്ട് ആറു മുതൽ രാത്രി 10 വരെ നിരവധി പേർ ഇവിടെ ബാഡ്മിന്റൺ കളിക്കാൻ എത്തുന്നത് ശ്രദ്ധയിൽപ്പെട്ടു.

പല സമയത്തായി ഇരുപത്തഞ്ചോളം പേരാണ് കളിക്കാൻ എത്തിയിരുന്നത്. കളിയുടെ ലഹരി വർധിപ്പിക്കാനുള്ള സൽക്കാരവും ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. സുമേഷിന്റെ വീടിനോട് ചേർന്നാണ് ബാഡ്മിന്റൺ മൈതാനം തയാറാക്കിയിരുന്നത്. പ്രായപരിധി അനുസരിച്ച് പല ഷിഫ്ടുകളായിട്ടാണ് ഇവിടെ കളി നടന്നിരുന്നത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ഷാഡോ പൊലീസ് സംഘം ഇവിടെ എത്തിയത്. ആറു പേരാണ് ഈ സമയം ഇവിടെ ഉണ്ടായിരുന്നത്. മുഖ്യസംഘാടകൻ സുമേഷ് ബാബു വെളിയിൽ റോഡിൽ നിൽക്കുകയായിരുന്നു.

പൊലീസ് സംഘം കളത്തിൽ എത്തിയതിന് പിന്നാലെ സുമേഷ് പാഞ്ഞെത്തി. തുടർന്ന് ഷാഡോ പൊലീസ് സംഘത്തിന് നേരെ ഇയാൾ തട്ടിക്കയറി. എസ്ഐ അടക്കമുള്ളവരെ അസഭ്യം പറഞ്ഞു. കൈയേറ്റം ചെയ്യാനും ശ്രമിച്ചുവത്രേ. തന്റെ പറമ്പിൽ കയറിയത് ആരോട് ചോദിച്ചിട്ടാണെന്നായിരുന്നു ചോദ്യം. ഇതിനിടെ ഷാഡോ പൊലീസ് അറിയിച്ചതിൻ പ്രകാരം ലോക്കൽ പൊലീസ് സ്ഥലത്ത് വന്നു. സുമേഷ് അടക്കം ആറു പേരെ കസ്റ്റഡിയിൽ എടുത്തു. സ്ഥലത്തുണ്ടായിരുന്ന അഞ്ചു ബൈക്കുകളും കസ്റ്റഡിയിൽ എടുത്തു. സിപിഐ ലോക്കൽ സെക്രട്ടറി ലോക്ഡൗൺ ലംഘനത്തിന് പിടിയിലായി എന്നറിഞ്ഞതോടെ ഉന്നത കേസെടുക്കാതിരിക്കാനുള്ള സമ്മർദവുമായി ഭരണപ്പാർട്ടി നേതാക്കൾ രംഗത്തിറങ്ങി.

എസ്‌പി നേരിട്ട് ഇടപെട്ടതാണെന്നും അദ്ദേഹത്തോട് ചോദിക്കാനും പറഞ്ഞ് ലോക്കൽ പൊലീസ് കൈകഴുകി. സുമേഷിന്റെ വിശ്വസ്തനായ ലോക്കൽ പൊലീസിലെ ഉന്നതനും നിസഹായനായിരുന്നു. വിവരമറിഞ്ഞ് സ്റ്റേഷനിലേക്ക് മാധ്യമപ്രവർത്തകരും വിളിച്ചതോടെ ആറു പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. സുമേഷ് ബാബുവിന് പുറമേ സൗരവ് (26), അനന്ദു (26), ജിനു സുബ്രഹ്മണ്യൻ (38), അഭിലാഷ്, അഖിൽ കുമാർ എന്നിവരാണ് അറസ്റ്റിലായത്. പൊലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തിയ കേസിൽ നിന്ന് സുമേഷിനെ ഒഴിവാക്കിയിട്ടുണ്ട്.

ലോക് ഡൗൺ കാലത്ത് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി സിപിഐ പത്തനംതിട്ട ടൗണിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലോക്കൽ സെക്രട്ടറിയുടെ ഇന്നലത്തെ പ്രവർത്തനത്തോടെ അതെല്ലാം വൃഥാവിലായി. നേരത്തേ ആർഎസ്എസ് പ്രവർത്തകനായിരുന്ന സുമേഷ് സിപിഐയിൽ എത്തിയിട്ട് അധിക നാളായിട്ടില്ല. പെട്ടെന്ന് തന്നെ ലോക്കൽ സെക്രട്ടറിയാകാനും കഴിഞ്ഞു. പാർട്ടിയിലെ മറ്റു പ്രവർത്തകർക്ക് ഇത് അത്ര കണ്ട് ഇഷ്ടമായിരുന്നുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP