Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സർക്കാർ ഓഫീസുകൾ തുറക്കുക 21ന്; ജില്ലകൾക്ക് പുറത്തുള്ളവർ ജോലിക്ക് വന്നില്ലെങ്കിലും കുഴപ്പമില്ല; 35 ശതമാനം ജീവനക്കാരുമായി ഓഫീസ് തുറക്കുമ്പോൾ ഗസറ്റഡ് ഓഫീസർമാർ എന്നും ജോലിക്ക് വന്നേ മതിയാകൂ; ജില്ലാ അതിർത്തിയും തുറക്കില്ല; പൂർണ്ണ ഇളവുകൾ ലഭിക്കുക നാളെ അർദ്ധ രാത്രിക്ക് ശേഷം മാത്രം; കോഴിക്കോടും മലപ്പുറത്തും കണ്ണൂരും കാസർകോടും അടച്ചിടൽ തുടരും; ഇടുക്കിയിലും കോട്ടയത്തും ഇനി ഭാഗീക സാധാരണ ജീവിതവും; കൊറോണയിലെ ലോക് ഡൗൺ ഇളവുകൾ സാമൂഹിക അകലം ഉറപ്പാക്കി മാത്രം

സർക്കാർ ഓഫീസുകൾ തുറക്കുക 21ന്; ജില്ലകൾക്ക് പുറത്തുള്ളവർ ജോലിക്ക് വന്നില്ലെങ്കിലും കുഴപ്പമില്ല; 35 ശതമാനം ജീവനക്കാരുമായി ഓഫീസ് തുറക്കുമ്പോൾ ഗസറ്റഡ് ഓഫീസർമാർ എന്നും ജോലിക്ക് വന്നേ മതിയാകൂ; ജില്ലാ അതിർത്തിയും തുറക്കില്ല; പൂർണ്ണ ഇളവുകൾ ലഭിക്കുക നാളെ അർദ്ധ രാത്രിക്ക് ശേഷം മാത്രം; കോഴിക്കോടും മലപ്പുറത്തും കണ്ണൂരും കാസർകോടും അടച്ചിടൽ തുടരും; ഇടുക്കിയിലും കോട്ടയത്തും ഇനി ഭാഗീക സാധാരണ ജീവിതവും; കൊറോണയിലെ ലോക് ഡൗൺ ഇളവുകൾ സാമൂഹിക അകലം ഉറപ്പാക്കി മാത്രം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡിൽ പൊരുതി നേടിയ പ്രതിരോധ കരുത്തിൽ കേരളം 21 മുതൽ പുതിയ ചുവടു വയ്‌പ്പിന്. കൊറോണയെ പിടിച്ചു നിർത്തിയെന്ന ആത്മവിശ്വാസത്തിലാണ് കേരളം ലോക് ഡൗൺ ഇളവുകളിലേക്ക് പോകുന്നത്. കേന്ദ്ര സർക്കാർ കർശനമായ ലോക് ഡൗൺ തുടരണമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത് 20 വരെയാണ്. അതായത് നാളെ വരെ കർശനമായ ലോക് ഡൗൺ തുടരും. 21ന് ഇളവുകളും. ഇതിന്റെ ഭാഗമായി ലോക്ഡൗണിൽ സംസ്ഥാനത്തുടനീളം അടഞ്ഞുകിടക്കുന്ന സർക്കാർ ഓഫീസുകൾ 21 മുതൽ മൂന്നിലൊന്നു ജീവനക്കാരുമായി പ്രവർത്തനം തുടരും. ഉന്നതോദ്യോഗസ്ഥരെല്ലാം ഹാജരാകണം. ശനിയാഴ്ച അവധിയായിരിക്കും. അതായത് സാധാരണ നിലയിലേക്ക് സർക്കാർ സംവിധാനം മാറുകയാണ്. എന്നാൽ കോവിഡിലെ റെഡ് സോണിൽ പെട്ട കണ്ണൂർ, കാസർകോട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ നിയന്ത്രണങ്ങൾ കർശനമായി തുടരും.

ലോക്ക്ഡൗൺ കാലത്ത് ബസുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗതം അനുവദിക്കില്ല. കഴിഞ്ഞദിവസം പുറത്തിറക്കിയ ലോക്ഡൗൺ മാർഗനിർദ്ദേശങ്ങളുടെ ഉത്തരവിലെ 13.3 ഖണ്ഡിക സർക്കാർ ഭേദഗതിവരുത്തി. ഇതോടെ ലോക്ക്ഡൗണിനിടെ യാതൊരുവിധ പൊതുഗതാഗതവും അനുവദിക്കില്ലെന്ന് ഉറപ്പായി. ഇത് കേന്ദ്ര സർക്കാർ മാനദണ്ഡത്തിന് എതിരായതു കൊണ്ടാണ് തിരുത്തി. എന്നാൽ, ജില്ലാ കളക്ടറുടെ പ്രത്യേക അധികാരമുപയോഗിച്ച് ഏറ്റെടുക്കുന്ന ബസുകളും വ്യവസായ-വാണിജ്യ സ്ഥാപനങ്ങളുടെ ഭാഗികമായി പ്രവർത്തനത്തിന് ജീവനക്കാരെയും തൊഴിലാളികളെയും എത്തിക്കാനുള്ള വാഹനങ്ങളും മാത്രം കർശനനിയന്ത്രണങ്ങളോടെ ഓടിക്കാൻ അനുമതി നൽകുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. കോറോണയിൽ കേരളം വലിയ മുന്നേറ്റം ഉണ്ടാക്കിയിട്ടുണ്ട്. രോഗികളുടെ എണ്ണത്തെ പിടിച്ചു നിർത്തി. സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്നും ഉറപ്പാക്കിയിട്ടുണ്ട്. ഈ ആത്മവിശ്വാസത്തിലാണ് സംസ്ഥാനം പതിയെ സാധാരണ ജീവിതത്തിലേക്ക് കാൽ വയ്ക്കുന്നത്.

നിയന്ത്രണങ്ങളിൽ ഇളവ് വരുമ്പോഴും അനാവശ്യ യാത്രകൾ അനുവദിക്കില്ല. ജോലിക്കും മറ്റ് അടിയന്ത്ര ആവശ്യങ്ങൾക്കുമുള്ള യാത്ര മാത്രമേ അനുവദിക്കൂ. അവശ്യസേവനവിഭാഗങ്ങളിലെ ഓഫീസുകൾക്ക് ഒരു നിയന്ത്രണവും ഉണ്ടായിരിക്കില്ല. എല്ലാ സഹകരണസ്ഥാപനങ്ങളും 33 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കും. പഞ്ചായത്ത്, വില്ലേജ് ഓഫീസുകളിൽ 35 ശതമാനം ജീവനക്കാരെ അനുവദിക്കണം. റെഡ് സോണിലും സർക്കാർ ഓഫീസുകൾ തുറക്കും. കണ്ണൂർ, കാസർകോട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ യാത്രയ്ക്ക് കടുത്ത നിയന്ത്രണങ്ങളുണ്ടെങ്കിലും എല്ലാ സർക്കാർ ഓഫീസുകളും തുറക്കാനാണ് ഉത്തരവ്. ഇതിൽ പ്രായോഗിക തടസ്സങ്ങളുണ്ട്. എങ്കിലും ആ ജില്ലകളിലും പഞ്ചായത്ത്, വില്ലേജ് ഓഫീസുകൾ ഉൾപ്പെടെ അടിസ്ഥാനസേവനം നൽകുന്ന ഓഫീസുകൾ പ്രവർത്തിപ്പിക്കാനാണ് തീരുമാനം.

ജില്ലവിട്ട് യാത്രചെയ്യാൻ വിലക്കുള്ളതിനാൽ മറ്റു ജില്ലകളിൽ താമസിക്കുന്നവർക്ക് ജോലിക്കു ഹാജരാകാൻ ബുദ്ധിമുട്ടുണ്ട്. അതിനാൽ, അതത് ജില്ലകളിലെ ജീവനക്കാർ മാത്രം ജോലിക്ക് എത്തിയാൽ മതി. ഹാജരാകാനാവാത്തവരോട് കടുംപിടിത്തമുണ്ടാകില്ല. ആരോഗ്യം, പൊലീസ്, ഹോംഗാർഡ്, സിവിൽ ഡിഫൻസ്, അഗ്‌നിരക്ഷാസേന, ദുരന്തനിവാരണം, ജയിലുകൾ, അളവുതൂക്കപരിശോധന, മുനിസിപ്പൽ, പഞ്ചായത്ത് സർവീസ് എന്നിവ നിയന്ത്രണങ്ങളില്ലാതെ പ്രവർത്തിക്കും. മറ്റ് ഓഫീസുകളിലെ ക്ലാസ് ഒന്ന്, രണ്ട് ഓഫീസർമാരെല്ലാം ഹാജരാകണം. പൊതുജന സേവനങ്ങളൊന്നും മുടങ്ങരുത്. ജില്ലാ ഭരണകൂടവും ട്രഷറിയും ഫീൽഡ് കണക്കെടുപ്പുവിഭാഗവും നിയന്ത്രിത എണ്ണം ജീവനക്കാരുമായി പ്രവർത്തിക്കും.

വനംവകുപ്പ് ഓഫീസുകൾ, മൃഗശാല, നഴ്സറികൾ, വന്യജീവി, കാട്ടുതീ അണയ്ക്കൽ, തോട്ടങ്ങൾ നനയ്ക്കാനുള്ളവർ, പട്രോളിങ്, ഗതാഗതം എന്നിവയും പ്രവർത്തിക്കും. റെഡ് സോൺ അല്ലാത്ത ജില്ലകളിൽ നിർമ്മാണസാമഗ്രികൾ വിൽക്കുന്ന കടകൾക്കും ഇലക്ട്രിക്കൽ സാധനങ്ങളുടെ വിൽപ്പനയും അനുവദിക്കും. ഇളവുള്ള ജില്ലകളിൽ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് അറ്റകുറ്റപ്പണി നടത്തുന്ന കടകൾക്കും പ്രവർത്തിക്കാം. ചരക്കുഗതാഗതം പൂർണമായും പുനരാരംഭിക്കും. ട്രക്കുകൾക്കും മറ്റു ചരക്കുവാഹനങ്ങൾക്കും രണ്ട് ഡ്രൈവർമാർക്കും ഒരു സഹായിക്കും അനുമതി. ചരക്കിറക്കിയശേഷം വണ്ടി കാലിയായി മടങ്ങാം. ഹൈവേകളിൽ വർക്ഷോപ്പുകൾക്കും ധാബകൾക്കും പ്രവർത്തനാനുമതി .

അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഇളവുകൾ വരുന്നതോടെ രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴുവരെ പ്രവർത്തിക്കാം. റെസ്റ്റോറന്റുകളും വൈകീട്ട് ഏഴുവരെ തുറക്കും. വ്യവസായസ്ഥാപനങ്ങൾക്ക് നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാം. മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങളുടെ ഇളവുകൾ പിൻവലിക്കും. ചുവപ്പുമേഖലയായി കണക്കാക്കിയിട്ടുള്ള കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലൊഴികെ ബാങ്കുകൾ വൈകീട്ടുവരെ പ്രവർത്തിക്കാൻ സംസ്ഥാനതല ബാങ്കേഴ്സ് സമിതി തീരുമാനിച്ചു. ചുവപ്പുമേഖലയിൽ രാവിലെ 10 മുതൽ രണ്ടുമണിവരെയായിരിക്കും പ്രവർത്തനം. മറ്റെല്ലാ ജില്ലകളിലും സാധാരണ പ്രവർത്തനസമയം ബാധകമാകും.

ജില്ലാ അതിർത്തികൾ തുറക്കില്ല

ലോക്ക്ഡൗണിൽ ഇളവു നൽകിയാലും ജില്ലവിട്ടുള്ള യാത്ര അനുവദിക്കില്ലെന്ന് ഡി.ജി.പി. ലോക്നാഥ് ബെഹ്റ ആവശ്യപ്പെട്ടു. ജനങ്ങൾ സ്വയം നിയന്ത്രിച്ച് അനാവശ്യകാര്യങ്ങൾക്ക് പുറത്തിറങ്ങാതിരിക്കാൻ ഇനിയും ശ്രദ്ധിക്കണം. അവശ്യ യാത്രകൾക്ക് മാത്രമേ ഒരു ജില്ലയിൽനിന്ന് മറ്റൊരു ജില്ലയിലേയ്ക്കുള്ള യാത്ര അനുവദിക്കൂ. മറ്റുള്ളവർക്ക് ജില്ലയ്ക്കുള്ളിൽ മാത്രമേ യാത്ര അനുവദിക്കൂ. വാഹനങ്ങൾ നിരത്തിലിറക്കുന്നതിന് ഒറ്റയക്ക, ഇരട്ടയക്ക നിയന്ത്രണം വരുന്നതോടെ 40 ശതമാനം വണ്ടികൾ കുറയുമെന്നാണ് കരുതുന്നത്. പരമാവധി മൂന്നു പേർ ഒരു കാറിൽ പോകാം. അവശ്യ യാത്രകൾക്കാണ് ഇത്തരത്തിൽ വാഹനങ്ങൾ പുറത്തിറക്കാൻ അനുവദിക്കുക.

സെൽഫ് ഡിക്ലറേഷൻ ഉണ്ടാകുന്നതാണ് നല്ലത്. എന്നാൽ നിർബന്ധമാക്കുന്നില്ല. സംസ്ഥാനാന്തര യാത്രയിൽ സെൽഫ് ഡിക്ലറേഷൻ വേണം. ഓഫീസുകളിൽ പോകുന്നവർക്ക് ഓഫീസിലെ തിരിച്ചറിയൽ കാർഡ് കാണിച്ചാൽ മതിയാവുമെന്നും അദ്ദേഹം പറഞ്ഞു.

യൂണിവേഴ്സിറ്റി പരീക്ഷകൾ മെയ്‌ 11 മുതൽ

മാറ്റിവെച്ച യൂണിവേഴ്സിറ്റി പരീക്ഷകൾ മെയ്‌ 11 മുതൽ ആരംഭിക്കും. പരീക്ഷകൾ ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കണം. ആരോഗ്യമന്ത്രാലയം നിഷ്‌കർഷിക്കുന്ന സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കണം. കഴിഞ്ഞ പരീക്ഷകളുടെ മൂല്യനിർണയം ഏപ്രിൽ 20 മുതൽ അദ്ധ്യാപകർ വീട്ടിലിരുന്ന് നടത്തും

കോട്ടയത്തും ഇടുക്കിയിലും ചെറു കടകൾക്കും തുറക്കാം

ഗ്രീൻ സോണിലായ കോട്ടയം, ഇടുക്കി ജില്ലകൾ ചൊവ്വാഴ്ച മുതൽ സജീവമാകും. കോട്ടയം ജില്ലയിൽ ചൊവ്വാഴ്ച മുതൽ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കും. സർക്കാർ ഓഫിസുകളും പൂർണ തോതിൽ പ്രവർത്തിക്കും. ജില്ലയ്ക്കുള്ളിൽ യാത്രയ്ക്ക് പാസ് വേണ്ട. സത്യവാങ്മൂലവും വേണ്ട. സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണങ്ങളോടെ ജില്ലയിൽ യാത്ര ചെയ്യാം.

ഹോട്‌സ്‌പോട്ടായി പ്രഖ്യാപിച്ച ജില്ലകളിൽ നിന്ന് എത്തുന്നവർ 14 ദിവസം ക്വാറന്റീനിൽ കഴിയണം. അയൽ ജില്ലകളിൽ നിന്ന് കോട്ടയത്ത് എത്തുന്നവർ താമസിച്ചു ജോലി ചെയ്യേണ്ടി വരും. ജില്ലയ്ക്കകത്തെ പൊലീസ് പരിശോധന കുറയ്ക്കും. അതേ സമയം ജില്ലാ അതിർത്തികളിൽ പരിശോധന കർശനമാക്കും. പുറത്തിറങ്ങുന്നവർ മാസ്‌ക് ധരിക്കണം. ഇളവുകൾ പരീക്ഷണാടിസ്ഥാനത്തിലാണെന്നും ജനങ്ങൾ കൂട്ടമായി പുറത്തിറങ്ങിയാൽ ഇവ വെട്ടിച്ചുരുക്കുന്നതും ആലോചിക്കുമെന്നു കലക്ടർ പി.കെ. സുധീർ ബാബു പറഞ്ഞു.

ഇടുക്കി ജില്ലയിലും എല്ലാ വ്യാപാരസ്ഥാപനങ്ങളും പ്രവർത്തിക്കും. ഓട്ടോ, ടാക്സി ഓടാം. വാഹനങ്ങളിൽ മാസ്‌കും സാനിറ്റൈസറും കൈ കഴുകാനുള്ള സൗകര്യവും ഉണ്ടായിരിക്കണം. സംസ്ഥാന അതിർത്തിയിലെ 28 വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാൽ കർശന നിയന്ത്രണങ്ങൾ തുടരും.

വ്യവസായ സ്ഥാപനങ്ങളും നാളെ മുതൽ

വ്യവസായ സ്ഥാപനങ്ങൾക്ക് നാളെ മുതൽ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാൻ അനുമതി. വ്യവസായ സ്ഥാപനങ്ങളിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ വ്യവസായ വകുപ്പ് പുറത്തിറക്കി. സ്ഥാപനങ്ങളുടെ പരിസരവും വാഹനങ്ങളും ഉപകരണങ്ങളും അണുവിമുക്തമാക്കണം. തൊഴിലാളികൾക്ക് സ്ഥാപനങ്ങളിലേക്ക് സാമൂഹിക അകലം പാലിച്ച് എത്താൻ പ്രത്യേക വാഹന സംവിധാനം ഏർപ്പെടുത്തണം.

സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കാനും പുറത്തുപോകാനും വാതിൽ ക്രമീകരിക്കണം. വാതിലുകളിൽ തെർമൽ സ്‌കാനിങ്ങിനുള്ള സംവിധാനം നിർബന്ധമായും ഒരുക്കണം. സാമൂഹിക അകലം പാലിക്കണം. തൊഴിലാളികൾ മാസ്‌കുകളും ആവശ്യമെങ്കിൽ കയ്യുറകളും ധരിക്കണം. കൃത്യമായ ഇടവേളകളിൽ കൈകൾ സോപ്പുപയോഗിച്ച് കഴുകണം.

കോവിഡ് രോഗം ഉൾപ്പെടുന്ന ആരോഗ്യ ഇൻഷുറൻസ് തൊഴിലാളികൾക്ക് ഏർപ്പെടുത്തണം. ജോലിക്കിടയിലെ ഷിഫ്റ്റുകൾ തമ്മിൽ ഒരു മണിക്കൂർ ഇടവേള വേണം. തൊഴിലിടത്ത് പത്തിലധികം പേർ ഒത്തുചേരുന്നത് ഒഴിവാക്കണം. തൊഴിലാളികൾക്കിടയിലെ സീറ്റുകൾ തമ്മിൽ കുറഞ്ഞത് ആറടി അകലമുണ്ടായിരിക്കണം. ലിഫ്റ്റുകളിൽ ഒരു സമയം നാലിൽ കൂടുതൽ പേരെ പ്രവേശിപ്പിക്കരുത്. പുറത്തു നിന്നുള്ളവരെ അത്യാവശ്യത്തിനല്ലാതെ സ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കരുത്.

പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതും പൊതുസ്ഥലങ്ങളിൽ തുപ്പുന്നതും കർശനമായി നിരോധിക്കണം. കോവിഡ് ചികിത്സ ലഭ്യമായ സമീപത്തെ ആശുപത്രികളുടെ വിവരം സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കണം. സ്ഥാപനത്തിന്റെ പ്രവർത്തനം സിസിടിവി നിരീക്ഷണത്തിലായിരിക്കണം. വ്യവസായ സ്ഥാപനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിച്ച് കലക്ടർമാർ ഉറപ്പുവരുത്തണം. മാനദണ്ഡങ്ങൾ പാലിക്കാതിരുന്നാൽ അത്തരം സ്ഥാപനങ്ങൾക്കുള്ള ഇളവുകൾ പിൻവലിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP