Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

54 ജീവനക്കാർക്ക് ഒറ്റയടിക്ക് പിരിച്ചുവിടൽ നോട്ടീസ്; കോവിഡ് ദുരിത കാലത്ത് ദർശന ടി വി മാനേജ്മെന്റിന്റെ ക്രൂരത; സമസ്ത ലീഗ് നേതാക്കൾ നേതൃത്വം നൽകുന്ന കമ്പനിയുടെ ചെയർമാൻ ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങൾ; വിയർപ്പ് ഉണങ്ങും മുമ്പ് കൂലി കൊടുക്കണമെന്ന് പറഞ്ഞ പ്രവാചകന്റെ അനുയായികളെന്ന് മേനി നടിക്കുന്നവരാണ് ശമ്പള കുടിശ്ശിക പോലും നൽകാതെ പിരിച്ചുവിടുന്നതെന്ന് തൊഴിലാളികളും

54 ജീവനക്കാർക്ക് ഒറ്റയടിക്ക് പിരിച്ചുവിടൽ നോട്ടീസ്; കോവിഡ് ദുരിത കാലത്ത് ദർശന ടി വി മാനേജ്മെന്റിന്റെ ക്രൂരത; സമസ്ത ലീഗ് നേതാക്കൾ നേതൃത്വം നൽകുന്ന കമ്പനിയുടെ ചെയർമാൻ ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങൾ; വിയർപ്പ് ഉണങ്ങും മുമ്പ് കൂലി കൊടുക്കണമെന്ന് പറഞ്ഞ പ്രവാചകന്റെ അനുയായികളെന്ന് മേനി നടിക്കുന്നവരാണ് ശമ്പള കുടിശ്ശിക പോലും നൽകാതെ പിരിച്ചുവിടുന്നതെന്ന് തൊഴിലാളികളും

കെ വി നിരഞ്ജൻ

കോഴിക്കോട്: 54 ജീവനക്കാർക്ക് ഒറ്റയടിക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകി കോവിഡ് 19 ന്റെ ദുരിത കാലത്ത് ദർശന ടി വി മാനേജ്മെന്റിന്റെ ക്രൂരത. വിയർപ്പ് ഉണങ്ങും മുമ്പ് കൂലി കൊടുക്കണമെന്ന് പറഞ്ഞ പ്രവാചകന്റെ അനുയായികളെന്ന് മേനി നടിക്കുന്നവരാണ് ശമ്പള കുടിശ്ശിക പോലും കിട്ടാതെ പ്രയാസപ്പെടുന്ന ജീവനക്കാർക്ക് ഒറ്റയടിക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകിയതെന്ന് ആരോപിച്ച് തൊഴിലാളി യൂണിയനുകളും രംഗത്ത് എത്തിയിട്ടുണ്ട്.

സമസ്ത - ലീഗ് നേതാക്കൾ നേതൃത്വം നൽകുന്ന സത്യധാര കമ്യുണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടേതാണ് ദർശന ടി വി. സാദിഖലി ശിഹാബ് തങ്ങളാണ് ഈ കമ്പനിയുടെ ചെയർമാൻ. ഇന്നലെയാണ് ജീവനക്കാർക്ക് നോട്ടീസ് ലഭിച്ചത്. ഇ-മെയിൽ വഴിയായിരുന്നു നോട്ടീസ് നൽകിയത്. 'കമ്പനി നൽകുന്ന ടെർമിനേഷൻ നോട്ടീസിന്റെ പകർപ്പ് ഈ മെയിലിന്റെ അനുബന്ധമായിചേർത്തിട്ടുള്ളത് താങ്കൾ ശ്രദ്ധിക്കുമല്ലോ. ആയതിന്റെ ഒറിജിനലും മറ്റ് ആനുകൂല്യവും കൈപ്പറ്റുന്നതിന് വേണ്ടി ഏപ്രിൽ 20 ന് രാവിലെ 11 മണിക്കും വൈകുന്നേരം 4 മണിക്കും ഇടയിൽ താങ്കൾ നേരിട്ട് ഓഫീസിൽ എത്തിച്ചേരേണ്ടതും അന്നേ ദിവസം തന്നെ താങ്കളുടെ കൈവശമുള്ളതും കമ്പനിയുമായി ബന്ധപ്പെട്ടതുമായ മുഴുവൻ രേഖകളും വസ്തുക്കളും ഐഡി കാർഡും മറ്റും കമ്പനി ഓഫീസിൽ തിരിച്ചേൽപിക്കേണ്ടതുമാണ് 'എന്നാണ് സത്യധാര കമ്മ്യൂണിക്കേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അഡ്വ.മുഹമ്മദ്ത്വയ്യിബ്ഹുദവി അയച്ച മെയിലിലുണ്ടായിരുന്ന വിവരം. ഇത് ദർശന ടിവിയിലെ മുഴുവൻ സ്റ്റാഫിനും അയച്ചിട്ടുണ്ട്. നേരത്തെ സിദ്ദിഖ് ഫൈസി വാളക്കുളം എന്നയാളായിരുന്നു കമ്പനി സിഇഒ . കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ മാറ്റി ആ പോസ്റ്റിൽ അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവിയെ പ്രതിഷ്ഠിച്ചത്. വിവിധ വകുപ്പ് മേധാവികളെ മാത്രമാണ് ഈ സ്ഥാനമാറ്റം അറിയിച്ചത്. അതുകൊണ്ട് തന്നെ നോട്ടീസ് കിട്ടിയപോൾ മാത്രമാണ് പല ജീവനക്കാരും സി ഇ ഒ മാറിയ വിവരം പോലും അറിഞ്ഞത്.

മുഹമ്മദ് ത്വയ്യിബ് ഹുദവി സമസ്തയുടെ വക്കീലും ലീഗൽ സെൽ കൺവീനറുമാണ്. പിരിച്ചു വിടൽ നടപടി എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇദ്ദേഹത്തെ സി ഇ ഒ ആയി നിയമിച്ചത്. കോഴിക്കോട്ടെ സ്ഥാപനത്തിന്റെ ഗേറ്റ് പൂട്ടി കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. ആരെയും അകത്തേക്ക് കയറ്റി വിടുന്നില്ല. സ്ഥാപന നടത്തിപ്പിനായി വിവിധ കേന്ദ്രങ്ങളിൽ നിന്ന് ധാരാളം ഫണ്ട് സമാഹരിച്ചിരുനെങ്കിലും മാനേജ്മെന്റ് കെടുകാര്യസ്ഥത കൊണ്ട് അതെല്ലാം പാഴായി. സ്ഥാപന മേധാവികളുടെ ധൂർത്താണ് പ്രതിസന്ധിക്ക് കാരണമെന്ന് ജീവനക്കാർ വ്യക്തമാക്കുന്നു. സ്ഥാപനത്തിന്റെ ആസ്തികൾ വിൽപ്പന നടത്താനുള്ള നീക്കമാണ് മാനേജ്മെന്റ് നടത്തുന്നത്. പിരിച്ചുവിടൽ നോട്ടീസിലും ഇതിന്റെ സൂചനയുണ്ട്. കമ്പനിയുടെ ബ്രോഡ് കാസ്റ്റിങ് ആൻഡ് സോഷ്യൽ മീഡിയ വിഭാഗം മറ്റേതെങ്കിലും സ്ഥാപനത്തിന് കൈ മറ്റുന്ന കാര്യം ആലോചിക്കുന്നുണ്ടെന്ന് പിരിച്ചുവിടൽ നോട്ടീസിൽ പറയുന്നു. ജീവനക്കാരെ മുഴുവൻ ഒറ്റയടിക്ക് പുറത്താക്കി ആസ്തികൾ മുഴുവൻ മറച്ചു വിൽക്കാനാണ് നീക്കം. ആനുകൂല്യങ്ങൾ നൽകുമെന്ന് പറയുമ്പോഴും അതിൽ വ്യക്തതയില്ല.

ജീവനക്കാർക്ക് ലഭിക്കേണ്ട ശമ്പള കുടിശ്ശികയെപ്പറ്റിയോ പി എഫ് ആനുകൂല്യത്തെ പറ്റിയോ നോട്ടീസിൽ വ്യക്തമാക്കുന്നില്ല. ജീവനക്കാരിൽ നിന്നും പിരിച്ചെടുത്ത പി എഫ് വിഹിതം സർക്കാറിലേക്ക് അടച്ചിട്ടുണ്ടോ എന്ന കാര്യത്തിലും വ്യക്തതയില്ലെന്ന് കേരള പത്രപ്രവർത്തക യൂണിയൻ നേതാക്കൾ പറയുന്നു.

ദർശന ടിവിയിലെ 54 ജീവനക്കാർക്ക് ഒറ്റയടിക്ക് പിരിച്ചു വിടൽ നോട്ടീസ് നൽകിയ മാനേജ്മെന്റ് നടപടി ക്രൂരതയാണെന്നും ഇക്കാര്യത്തിൽ സർക്കാർ അടിയന്തിരമായും ഇടപെടണമെന്നും കേരള പത്രപ്രവർത്തക യൂണിയൻ കോഴിക്കോട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. കമ്പനിയുടെ ആസ്തികൾ മറ്റാർക്കോ മറിച്ചു വിൽക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് തിടുക്കത്തിലുള്ള ഈ കൂട്ട പിരിച്ചുവിടൽ. നടപടി പിൻവലിക്കാനും ജീവനക്കാർക്കുള്ള ശമ്പള കുടിശ്ശിക കൊടുത്തു തീർക്കാനും മാനേജ്മെന്റ് തയ്യാറാവണം. സർക്കാർ ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെടണമെന്നും പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് എം ഫിറോസ് ഖാനും സെക്രട്ടറി പി എസ് രാകേഷും ആവശ്യപ്പെട്ടു. കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ നിർദ്ദേശങ്ങൾ മുഴുവൻ കാറ്റിൽ പറത്തിയുള്ള ദർശന ടി വി മാനേജ്മെന്റിന്റെ ക്രൂരമായ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP