Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആസ്ഥാന കവി എന്ന പരിഹാസം കാലു നക്കിയും സ്തുതി പാടിയും മാത്രം സ്ഥാനമാനങ്ങൾ നേടാൻ കഴിയാവുന്ന ഒരു രാഷ്ട്രീയ സംസ്‌കാരത്തിൽ അറിയാതെ പെട്ടുപോയ ഒരാളുടെ മനോഭാവം: 'യുവകേസരികൾക്ക്' ഒപ്പം കൂടി ഇപ്പോൾ താങ്കൾ ഉയർത്തുന്ന വിവാദങ്ങളിൽ വിശ്വസിക്കാൻ തൽക്കാലം മനസില്ല: സ്പ്രിങ്ലർ വിവാദത്തിൽ കെ.എസ്.ശബരീനാഥന് മറുപടിയുമായി ബെന്യാമിൻ വീണ്ടും

ആസ്ഥാന കവി എന്ന പരിഹാസം കാലു നക്കിയും സ്തുതി പാടിയും മാത്രം സ്ഥാനമാനങ്ങൾ നേടാൻ കഴിയാവുന്ന ഒരു രാഷ്ട്രീയ സംസ്‌കാരത്തിൽ അറിയാതെ പെട്ടുപോയ ഒരാളുടെ മനോഭാവം: 'യുവകേസരികൾക്ക്' ഒപ്പം കൂടി ഇപ്പോൾ താങ്കൾ ഉയർത്തുന്ന വിവാദങ്ങളിൽ വിശ്വസിക്കാൻ തൽക്കാലം മനസില്ല: സ്പ്രിങ്ലർ വിവാദത്തിൽ കെ.എസ്.ശബരീനാഥന് മറുപടിയുമായി ബെന്യാമിൻ വീണ്ടും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സ്പ്രിങ്ലർ വിവാദത്തിൽ എഴുത്തുകാരൻ ബെന്യാമിനും കെ.എസ്.ശബരീനാഥൻ എംഎൽഎയും തമ്മിലുള്ള വാക് പോര് തുടരുന്നു. കോൺഗ്രസിന്റെയും ഇന്ത്യയുടേയും ഭാവി ഈ കൊഞ്ഞാണന്മാരുടെ കയ്യിൽ ഭദ്രമാണല്ലോ എന്നോർക്കുമ്പോഴാണ് ഒരു ഇത്...വി.ടി.ബൽറാം, ശബരീനാഥൻ, ഷാഫി പറമ്പിൽ, ടി.സിദ്ദിഖ് എന്നിവരുടെ ഫേസ്‌ബുക്ക് പോസ്റ്റുകളെ പരിഹസിച്ച് ബെന്യാമിൻ ഒരുകുറിപ്പിട്ടിരുന്നു. മുഖ്യമന്ത്രി പതിവ് വാർത്താസമ്മേളനം നിർത്തിയെന്ന വാർത്തയെയാണ് മറ്റുള്ളവരെ പോലെ ശബരീനാഥനും ട്രോളിയത്. നാളെ വൈകുന്നേരം ആറ് മണി മുതൽ കട മുടക്കം എന്നായിരുന്നു ശബരീനാഥന്റെ പോസ്റ്റ്. അയ്യോ അപ്പ നാളെ ആറ് മണി തള്ള് ഇല്ലേ ? ഇങ്ങനൊന്നും ഒരാളോടും ചെയ്യരുത് ന്റെ ഷാജി എന്നായിരുന്നു ബൽറാമിന്റെ കുറിപ്പ്. ഇങ്ങനെയൊക്കെ ചെയ്യാവോ നാളേം തമ്മിൽ കാണേണ്ടേ? എന്ന് ഷാഫി പറമ്പിൽ. അറിഞ്ഞില്ലേ..ആറ് മണി തള്ള് നിർത്തിയത്രെ എന്നാലും എന്റെ ഷാജി എ്്ന്ന് ടി.സിദ്ദിഖും. ഇതിനുള്ള മറുപടിയായിരുന്നു ബെന്യാമിന്റെ പരിഹാസം.

ബെന്യാമിനെ വെറുതെ വിടാൻ ശബരീനാഥൻ തയ്യാറായില്ല. 'കൊഞ്ഞാണന്മാർ' എന്ന് ഞങ്ങളെ വിളിച്ചതുപോലെ ഭരണപക്ഷത്തെ നിങ്ങൾ അഭിസംബോധന ചെയ്യണം എന്ന് ഞാൻ ഒരിക്കലും പറയില്ല, കാരണം അത് എന്റെ സംസ്‌കാരമല്ല എന്നായിരുന്നു ശബരിയുടെ മറുപടി.

പോസ്റ്റ് ഇങ്ങനെ:

കേരളത്തിലെ ചില ബുദ്ധിജീവികളും സാംസ്‌കാരിക പ്രവർത്തകരും കഴിഞ്ഞ ദിവസങ്ങളിൽ ഞാനടക്കമുള്ള UDF പ്രവർത്തകരെ ആക്രമിക്കുകയാണ്. മുഖ്യമന്ത്രി പത്രസമ്മേളനം നിർത്തിയെതിനെ നമ്മൾ ട്രോൾ ചെയ്തതും പിന്നെ sprinkler വിവാദവുമാണ് അവർ നമുക്കെതിരെ നിരത്തുന്നത്. വിമർശിച്ചതിൽ എനിക്ക് വിഷമം ഇല്ല, അത് ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണ്. എന്തായാലും കോവിഡ് കാലം കഴിഞ്ഞു MC റോഡിൽ കുളനട ജംക്ഷനെത്തുമ്പോൾ കൃത്യമായി എന്നത്തേയും പോലെ ഒരു ഫോൺ വിളി അങ്ങോട്ട് വരും.

അതവിടെ നിൽക്കട്ടെ, നിങ്ങൾ രാവിലെ പത്രം കണ്ടുകാണുമല്ലോ.Sprinklr കരാർ ഒപ്പിടുന്നതിനു ഒരാഴ്ച മുൻപുതന്നെ ജനങ്ങളുടെ രേഖകൾ സർക്കാർ Sprinklr കമ്പനിക്ക് കൊടുത്തു. എന്നുവച്ചാൽ, ഒരു ഉടമ്പടിയും ഇല്ലാതെ പാവപ്പെട്ടവരുടെ ആരോഗ്യം രഹസ്യങ്ങൾ വിൽപ്പനചരക്കായി മാറി. സാമാന്യതകളില്ലാത്ത ഒരു അഴിമതിയിലേക്കാണ് ഈ കേസ് മാറുന്നത്. യുഡിഎഫുകാർ മുഖ്യമന്ത്രിയെ ട്രോളിയെതിനേക്കാളും ഗൗരവമുള്ള വിഷയമാണ് ഇത്. മരുഭൂമിയിൽ കിടന്നു ആടുജീവിതം നയിക്കുന്ന ലക്ഷക്കണക്കിന് നജീബുമാരുടെയും കുടുംബാംഗങ്ങളുടെയും രേഖകളാണ് അവരുടെ അനുവാദമില്ലാതെ കൈമാറ്റം ചെയ്യപ്പെടുന്നത്. ഒരു വലിയ മനുഷ്യാവകാശ ലംഘനമാണ് നിങ്ങളുടെ മുന്നിൽ ഇപ്പോൾ നടക്കുന്നത്.

അതുകൊണ്ടു നിങ്ങൾ ഈ വിഷയത്തിൽ ഒന്ന് പ്രതികരിക്കണം. 'കൊഞ്ഞാണന്മാർ' എന്ന് ഞങ്ങളെ വിളിച്ചതുപോലെ ഭരണപക്ഷത്തെ നിങ്ങൾ അഭിസംബോധന ചെയ്യണം എന്ന് ഞാൻ ഒരിക്കലും പറയില്ല, കാരണം അത് എന്റെ സംസ്‌കാരമല്ല.പക്ഷേ ഈ തട്ടിപ്പിനെതിരെ ഈ സമയത്തു ഒന്നും നിങ്ങൾ പ്രതികരിച്ചില്ലെങ്കിൽ, ചരിത്രം നിങ്ങൾക്ക് ചാർത്താൻ പോകുന്നത് 'ആസ്ഥാനകവി' എന്ന പേരായിരിക്കും. ജനാധിപത്യ കാലത്ത് ചിലരെ വാഴ്‌ത്താൻ വേണ്ടി സെലെക്ടിവായി പേന ചലിപ്പിക്കുന്ന ആസ്ഥാനകവി എന്ന പട്ടം ആർക്കും ഭൂഷണമല്ല.

ഏതായാലും അവിടം കൊണ്ടും തീർന്നില്ല കാര്യങ്ങൾ. ശബരീനാഥിന് വീണ്ടും മറുപടിയുമായി ബെന്യാമിൻ എത്തി.

പുതിയ പോസ്റ്റ് ഇങ്ങനെ:

KS ശബരീനാഥൻ MLA വായിച്ചറിയുവാൻ കേരളത്തിലെ ഒരു പൗരൻ എഴുതുന്നത്:

താങ്കൾ എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് ഇപ്പോഴാണ് കണ്ടത്. നന്ദി. കുളനടയിൽ വന്ന് ഇനിയും ഒന്നിച്ച് ചായ കുടിക്കും എന്ന് ഉറപ്പു തന്നതിനു. വിമർശനങ്ങൾ വ്യക്തിബന്ധങ്ങളെ ബാധിക്കാനുള്ളതല്ലല്ലോ. അതുകൊണ്ട് ചില കാര്യങ്ങൾ താങ്കൾക്ക് മറുപടി ആയി എഴുതാം എന്നു കരുതുന്നു.

1. മുഖ്യമന്ത്രിയുടെ ദിനംതോറുമുള്ള പത്രസമ്മേളനം ഇടവിട്ട ദിവസങ്ങളിലേക്ക് മാറ്റിയതിനെ പരിഹസിച്ചുകൊണ്ടുള്ള സംഘപരിഹാസത്തിനു എതിരെയാണ് ഞാൻ പോസ്റ്റ് ഇട്ടിട്ടുള്ളത്. രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി ഞങ്ങൾ സാധാരണക്കാർ വൈകുന്നേരങ്ങളിൽ മുഖ്യമന്ത്രിയെ കേൾക്കാനിരുന്നത് കോവിഡ് വ്യാപനത്തിന്റെ തോതും സുരക്ഷാ മാനദണ്ഡങ്ങളും ജനങ്ങൾക്ക് എത്തിക്കാൻ പോകുന്ന സഹായങ്ങളും എന്തെന്ന് അറിയാൻ ആണ്. പക്ഷേ അതിൽ നിങ്ങൾക്കുള്ള അസഹ്യതയും അസൂയയും കുശുമ്പും ആ പോസ്റ്റിലൂടെ അറിയാതെ വെളിപ്പെട്ടു പോയി ശബരി. അതിലൂടെ നിങ്ങൾ പരിഹസിച്ചത് മുഖ്യമന്ത്രിയെ അല്ല, ഞങ്ങൾ സാധാരണക്കാരെയാണ്. അതിന്റെ ജാള്യത മറയ്ക്കാൻ അതിനെ Sprinkler വിഷയവുമായി കൂട്ടികെട്ടേണ്ടതില്ല. ചക്ക് എന്ന് പറയുമ്പോൾ കൊക്ക് എന്നു പറയുന്ന രാഷ്ട്രീയ മറുപടി ഇങ്ങോട്ട് വേണ്ട.

2. താങ്കൾ ആവശ്യപ്പെട്ടതുപോലെ പത്രങ്ങൾ വായിച്ചു പഠിക്കുക ആയിരുന്നു ഞാൻ. ടിവിയിൽ മുഖം കാണിക്കാൻ ഒരു വകുപ്പും കാണാതെ നെഞ്ചു പുകഞ്ഞിരുന്ന ചിലർ ഉയർത്തിക്കൊണ്ടു വന്ന വിവാദത്തിനു ഐ ടി. സെക്രട്ടറി ശിവശങ്കർ നൽകിയ മറുപടിയിൽ വിശ്വസിക്കാനണ് എനിക്കിപ്പോൾ താത്പര്യം. കാരണം രണ്ട് പ്രളയങ്ങളെയും നിപ്പയെയും ഇപ്പോൾ ഈ മഹാമാരിയെയും അതിജീവിക്കാനും പ്രതിരോധിക്കാനും മുന്നിൽ നിന്ന് തെളിയിച്ചു കാണിച്ച ഒരു സർക്കാർ പറയുന്നത് വിശ്വസിക്കാൻ അനുഭവസ്ഥനായ ആയ ഞാൻ ഇഷ്ടപ്പെടുന്നു. സോളാർ സരിതയെ പാതിരാത്രിയോളം ഊഴം കാത്തിരുന്ന് വിളിച്ച് വികസനം കൊണ്ടുവന്ന 'യുവകേസരികൾക്ക്' ഒപ്പം കൂടി ഇപ്പോൾ താങ്കൾ ഉയർത്തുന്ന വിവാദങ്ങളിൽ വിശ്വസിക്കാൻ തൽക്കാലം മനസില്ല.

3. ഇനി ഇപ്പറയുന്ന sprinkler കമ്പിനി എന്റെ ഡേറ്റ അങ്ങ് ചോർത്തി കൊണ്ടുപോയാലും ഒരു ചുക്കും വരാനില്ലാത്ത ഒരു സാധാരണക്കാരനാണ് ഞാൻ.. പൊതുജനത്തിനോ ലോകത്തിൽ ആർക്കെങ്കിലുമോ അറിയാൻ പാടില്ലാത്ത ഒരു ഡേറ്റയും കള്ളപ്പണവും ഞങ്ങൾ സാധാരണക്കാരുടെ കയ്യിൽ ഇല്ല. വീട്ടിലറിഞ്ഞാൽ പ്രശ്നമാകുന്ന തരം ഫോൺ ഡേറ്റയും ഇല്ല. മടിയിൽ കനമുള്ളവനെ വഴിയിൽ പേടിക്കേണ്ടതുള്ളൂ .

4. ഇപ്പോൾ എന്റെ മുന്നിലുള്ള പ്രശ്‌നം ഡേറ്റ അല്ല, പ്രവാസഭൂമിയിൽ പ്രയാസം അനുഭവിക്കുന്ന ആയിരക്കണക്കിനു നജീബുമാരാണ്. അവരുടെ സുരക്ഷയാണ്, അവരുടെ ആരോഗ്യമാണ്. അവരുടെ തൊഴിൽ ആണ്. അവരുടെ ഭാവിയാണ്. അവരെ തിരിച്ചെത്തിക്കലാണ് അതിനെക്കുറിച്ച് ഓർക്കാനോ പറയാനോ ഉടയാത്ത വെള്ളയുടുപ്പിൽ മാത്രം ജീവിച്ചു ശീലിച്ചിട്ടുള്ള അർബൻ രാഷ്ട്രീയക്കാർക്ക് സമയം കാണില്ല.

5.പിന്നെ ആസ്ഥാനകവി. അതെനിക്ക് നന്നേ പിടിച്ചു. കാരണം കാലു നക്കിയും സ്തുതി പാടിയും മാത്രം സ്ഥാനമാനങ്ങൾ നേടാൻ കഴിയാവുന്ന ഒരു രാഷ്ട്രീയ സംസ്‌കാരത്തിൽ അറിയാതെ പെട്ടുപോയ ഒരാളുടെ മനോഭാവമാണത്. അവിടെ നിൽക്കുന്നവർക്ക് അങ്ങനെ മാത്രമേ തോന്നു. എന്നാൽ ഞാനതിൽ പെടുന്ന ഒരാളല്ല. എനിക്ക് എന്റെ കഴിവിൽ നല്ല ബോധ്യമുണ്ട്. ഇതുവരെ എത്തിയത് എങ്ങനെയാണ് എന്ന ഉറച്ച ബോധ്യം. പ്രശ്‌നാധിഷ്ഠിതമായി വിഷയങ്ങളെ സമീപിക്കാൻ ഉള്ള ആർജ്ജവവും ഉണ്ട്. ഞങ്ങളുടെ ഒക്കെ പ്രിയപ്പെട്ട 'ജി.കെ യുടെ മകന്' അങ്ങനെ ഒരു ബോധ്യം ഉണ്ടാവുന്ന കാലത്ത് ആസ്ഥാനകവി പട്ടം മോഹിക്കൽ അവസാനിച്ചു കൊള്ളും.

അപ്പോൾ ഇനിയും കാണണം. ചായ കുടിക്കണം. നന്ദി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP