Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഴീക്കോട് ഹൈസ്‌കൂളിൽ ഹയർസെക്കൻഡറി അനുവദിക്കാൻ കെ എം ഷാജി പണം കൈപ്പറ്റിയെന്ന് മൊഴി നൽകിയത് പ്രാദേശിക ലീഗ് നേതാക്കൾ; സ്‌കൂൾ ജനറൽ ബോഡിയിൽ അന്വേഷണം വന്നപ്പോൾ പണം ഷാജിക്ക് നൽകിയെന്ന വിവരം പുറത്തുവന്നു; 35 ലക്ഷം എവിടെ പോയെന്ന് മാനേജ്‌മെന്റ് രേഖകളിലും ഇല്ല; കോഴ ആരോപണത്തിൽ ഷാജിക്കെതിരെ കേസെടുത്ത വിജിലൻസ് എഫ്ഐആർ സമർപ്പിച്ചു; ഷാജിക്കെതിരെ കേസെടുത്തത് നിലനിൽക്കില്ലെന്ന ആദ്യ നിയമോപദേശം മാറ്റിയ ശേഷം

അഴീക്കോട് ഹൈസ്‌കൂളിൽ ഹയർസെക്കൻഡറി അനുവദിക്കാൻ കെ എം ഷാജി പണം കൈപ്പറ്റിയെന്ന് മൊഴി നൽകിയത് പ്രാദേശിക ലീഗ് നേതാക്കൾ; സ്‌കൂൾ ജനറൽ ബോഡിയിൽ അന്വേഷണം വന്നപ്പോൾ പണം ഷാജിക്ക് നൽകിയെന്ന വിവരം പുറത്തുവന്നു; 35 ലക്ഷം എവിടെ പോയെന്ന് മാനേജ്‌മെന്റ് രേഖകളിലും ഇല്ല;  കോഴ ആരോപണത്തിൽ ഷാജിക്കെതിരെ കേസെടുത്ത വിജിലൻസ് എഫ്ഐആർ സമർപ്പിച്ചു; ഷാജിക്കെതിരെ കേസെടുത്തത് നിലനിൽക്കില്ലെന്ന ആദ്യ നിയമോപദേശം മാറ്റിയ ശേഷം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: അഴിക്കോട് എജുക്കേഷൻ സൊസൈറ്റി ഭരണം നടത്തുന്ന ഹൈസ്‌ക്കൂളിൽ ഹയർ സെക്കണ്ടറി അനുവദിക്കാൻ വേണ്ടി സ്ഥലം എംഎൽഎ കെ എം ഷാജി കൈക്കൂലി വാങ്ങിയെന്ന് വിജിലൻസ് എഫ്‌ഐആർ. ശനിയാഴ്ച 11.30ന് തലശ്ശേരി വിജിലൻസ് കോടതിയിലാണ് എഫ്ഐആർ സമർപ്പിച്ചത്. കണ്ണൂർ വിജിലൻസ് ഡിവൈഎസ്‌പി മധുസൂദനനാണ് അന്വേഷണച്ചുമതല. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരാതിയിൽ പ്രാഥമിക പരിശോധന നടത്തിയത്.

ഡയറക്ടർ ബോർഡ് യോഗത്തിലുണ്ടായ അഭിപ്രായം, അതോടൊപ്പം കൊടുമൺ പത്മനാഭന്റെ മൊഴി മുൻ മുസ്ലിം ലീഗ് പ്രവർത്തകനായിരുന്ന നൗഷാദ് പൂതപ്പാറയുടെ പരാതി എന്നിവയും പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലവിൽ ഷാജി മാത്രമാണ് കേസിലെ പ്രതി. അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്. ഇന്നലെ വൈകിട്ടോടെയാണ് ഇത് സംബന്ധിച്ച ഉത്തരവ് കണ്ണൂർ വിജിലൻസ് ഓഫീസിലേക്ക് എത്തിയത്. ഇതേ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങൾ കണ്ണൂർ വിജിലൻസ് ഓഫീസ് ഇന്നലെ തന്നെ പൂർത്തിയാക്കി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെക്കുറിച്ച് ആരോപണം ഉന്നയിച്ച് മണിക്കൂറുകൾക്കകമാണ് നടപടി. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പത്മനാഭൻ നൽകിയ പരാതിയിൽ പ്രാഥമികാന്വേഷണം നടത്തിയ വിജിലൻസ് ഡയറക്ടർ കേസെടുക്കാൻ കഴിഞ്ഞ നവംബറിൽ സർക്കാർ അനുമതി തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ഉത്തരവായത്. കേസെടുക്കാൻ സ്പീക്കർ മാർച്ച് 13ന് അനുമതി നൽകിയിരുന്നു.

അഴിമതി ആരോപിച്ച് 2017 ജനുവരി 19നാണ് സർക്കാറിന് പരാതി ലഭിച്ചത്. കണ്ണൂരിലെ അഴീക്കോട് ഹൈസ്‌കൂളിൽ ഹയർസെക്കൻഡറി ആരംഭിക്കുന്നതിന് 2013-14ൽ സ്‌കൂൾ മാനേജർ മുസ്ലിംലീഗ് ശാഖാകമ്മിറ്റിയെ സമീപിച്ചതായി പരാതിയിൽ പറയുന്നു. കോഴ്‌സ് അനുവദിച്ചാൽ ഒരു അദ്ധ്യാപക തസ്തികക്ക് വാങ്ങുന്ന പണം കമ്മിറ്റി ഓഫിസ് കെട്ടിടം നിർമ്മാണത്തിന് നേതാക്കൾ ആവശ്യപ്പെട്ടുവത്രെ. 2014ൽ കോഴ്‌സ് അനുവദിച്ചു. എന്നാൽ, പണം നൽകേണ്ടെന്ന് ഷാജി സ്‌കൂൾ മാനേജ്മന്റെിനോട് പറഞ്ഞു. തുടർന്ന് ലീഗ് പ്രാദേശിക നേതൃത്വം പണം വാങ്ങുന്നതിൽനിന്ന് പിന്തിരിഞ്ഞു.

പ്ലസ് ടു അനുവദിച്ചതിന് ചെലവഴിച്ച തുകയെക്കുറിച്ച് 2017ൽ സ്‌കൂൾ ജനറൽ ബോഡിയിൽ അന്വേഷണം വന്നപ്പോഴാണ് 25 ലക്ഷം സ്‌കൂൾ മാനേജ്മന്റെ് ഷാജിക്ക് നൽകിയെന്ന വിവരം പുറത്തറിയുന്നത്. ഷാജിക്കെതിരെ മുസ്‌ലിംലീഗ് നേതൃത്വം സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകിയിരുന്നെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു. ഷാജി പണം കൈപ്പറ്റിയെന്ന ചില ലീഗ് പ്രാദേശിക നേതാക്കളുടെ മൊഴിയും വിജിലൻസ് എടുത്തിരുന്നു. അഴീക്കോട് എജുക്കേഷൻ സൊസൈറ്റിയാണ് സ്‌കൂൾ ഭരണം നടത്തുന്നത്. 35 ലക്ഷത്തോളം രൂപ എവിടെപ്പോയെന്ന് രേഖകളിൽ പറയുന്നില്ലെന്ന് വിജിലൻസ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം അഴിമതി നിരോധന നിയമപ്രകാരം കെഎം ഷാജി എംഎൽഎക്കെതിരായ പരാതി നിലനിൽക്കില്ലെന്ന് വിജിലൻസ് അഡീഷണൽ അഡൈ്വസർ ആദ്യം അറിയിച്ചിട്ടും സർക്കാർ സമ്മർദ്ദം കേസിൽ ഉണ്ടായെന്നാണ് പുറത്തുവരുന്ന വാർത്ത. ഷാജിക്കെതിരെ വിജിലൻസ് കേസെടുത്തത് വിജിലൻസ് ലീഗൽ അഡൈ്വസർ നൽകിയ ആദ്യനിയമോപദേശം തള്ളിക്കൊണ്ടാണ് എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. വിജിലൻസ് അഡീഷണൽ ലീഗൽ അഡൈ്വസർ ഒ.ശശിയാണ് അഴിമതി നിരോധന നിയമപ്രകാരം കെഎം ഷാജി എംഎൽഎക്കെതിരായ പരാതി നിലനിൽക്കില്ലെന്ന് ആദ്യം നിയമോപദേശം നൽകിയത്.

കേട്ടുകേൾവിക്കൾ മാത്രം അടിസ്ഥാനമാക്കിയാണ് ഷാജിക്കെതിരെയുള്ള പരാതിയെന്നും കേസുകൾ രജിസ്റ്റർ ചെയ്യാനാവശ്യമായ തെളിവുകളൊന്നും തന്നെ കിട്ടിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അഡീഷണൽ ലീഗൽ അഡൈ്വസർ ഷാജിക്കെതിരെ കേസ് എടുക്കേണ്ടെന്ന നിലപാട് സ്വീകരിച്ചത്. എന്നാൽ ഇതിനു ശേഷം ഷാജിക്കെതിരായ വീണ്ടുമൊരു നിയമോപദേശം ലീഗൽ അഡൈ്വസറിൽ നിന്നും വന്നു. ഈ നിയമോപദേശം സഹിതമാണ് കേസുമായി ബന്ധപ്പെട്ട ഫയൽ നിയമവകുപ്പിൽ നിന്നും സ്പീക്കറുടെ ഓഫീസിലെത്തിയത്.

മുസ്ലിംലീഗ് എംഎൽഎ കെഎം ഷാജിക്കെതിരെ 25 ലക്ഷം രൂപ കൈപ്പറ്റിയെന്ന കേസിലാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. 2017 ൽ വിജിലൻസിന് കിട്ടിയ പരാതിയിലാണ് അന്വേഷണം. 2013-14 കാലത്ത് കണ്ണൂർ അഴീക്കോട് സ്‌കൂളിൽ ഹയർസെക്കൻഡറി ബാച്ച് അനുവദിക്കാൻ സ്‌കൂൾ മനേജ്‌മെന്റിൽ നിന്ന് കെഎം ഷാജി 25 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പരാതി. മുസ്ലിംലീഗാ പുതപ്പാറ ശാഖാ കമ്മിറ്റി ലീഗ് സംസ്ഥാന ഘടകത്തിന് നൽകിയ പരാതിയടക്കം വച്ച് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഎം പ്രാദേശികിനേതാവുമായ കെ പത്മനാഭനാണ് 2017ൽ വിജിലൻസിന് പരാതി നൽകിയത്.

ഈ പരാതിയിൽ വിജിലൻസ് കണ്ണൂർ ഘടകം പ്രാഥമികാന്വേഷണം നടത്തി. തുടരന്വേഷണം നടത്തേണ്ടതിനാൽ സ്പീക്കറുടെയും സർക്കാരിന്റേയും അനുമതിക്ക് ഫയൽ അയച്ചു. ഷാജിക്കെതിരെ അന്വേഷണം നടത്താൻ കഴിഞ്ഞ മാസം 13-ന് സ്പീക്കർ അനുമതി നൽകിയിരുന്നു. അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കാൻ ഇന്നലെ മുഖ്യമന്ത്രി വിജിലൻസ് ഡയറക്ടർക്ക് ഉത്തരവ് നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് പാർട്ടി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു എന്ന് കെഎം ഷാജിയുടെ ആരോപണത്തെ മുഖ്യമന്ത്രി നേരത്തെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ഇതോടെ മുഖ്യമന്ത്രിക്കെതിരെ ലീഗ് നേതാക്കളൊന്നാകെ രംഗത്ത് വന്നു. പിന്നാലെയാണ് ഷാജിക്കെതിരെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. സ്പ്രിഗ്‌ളർ ഇടപാടിന് പിന്നാലെ കൊറോണക്കാലത്തെ മറ്റൊരു രാഷ്ട്രീയവിവാദമായി കെഎം ഷാജി വിഷയം മാറിക്കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP